Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightMental Healthchevron_rightആത്മഹത്യാ വാർത്തകൾ...

ആത്മഹത്യാ വാർത്തകൾ പങ്കുവെക്കുമ്പോൾ ശ്രദ്ധിക്കുക, അത് മറ്റുള്ളവരുടെ മരണത്തിന് കാരണമായേക്കാം

text_fields
bookmark_border
Mental Health
cancel

"മരം കോച്ചുന്ന ശൈത്യകാലത്തിലും, എന്തിനേയും ജയിക്കാൻ പോന്ന ഒരു വേനൽക്കാലം ഉള്ളിൽ ശോഭിച്ച് കൊണ്ടേയിരിക്കുന്നു" -ആൽബേർ കാമു-

തീക്ഷ്ണമായ പ്രതിസന്ധി ഘട്ടങ്ങളിലും ഉള്ളിൽ അണയാതെ നിൽക്കുന്ന പ്രതീക്ഷയാണ് ജീവിതത്തെ മുന്നോട്ട് പിടിച്ച് നയിക്കുന്ന ചാലക ശക്തി. അസഹ്യമായ മാനസിക സംഘർഷങ്ങളനുഭവിക്കുന്ന മനുഷ്യന് അവനെ കേൾക്കാനുള്ള ഒരു മനസ് വലിയ പ്രതീക്ഷയാണ്. അത് അവന് ഏറെ സമാധാനം നൽകുകയും, ഒരു പക്ഷേ, ആത്മഹത്യയിൽ നിന്ന് പിന്തിരിയാനുള്ള കാരണം ആയിത്തീരുകയും ചെയ്യും. ഈ വർഷത്തെ ആത്മഹത്യാ നിവാരണ ദിനം സെപ്റ്റംബർ 10 നമ്മോട് ഓർമ്മപ്പെടുത്തുന്നത് നമ്മുടെ ജീവിതത്തിലെ ദൈനം ദിന പ്രവർത്തികളിലൂടെ പ്രതീക്ഷയുടെ വെളിച്ചമായിത്തീരാനാണ്.

ആത്മഹത്യയുടെ ഗൗരവം

ലോകത്തിൽ ഓരോ നാൽപ്പത് നിമിഷത്തിലും ഒരാൾ ആത്മഹത്യ ചെയ്യുന്നുണ്ട് എന്നാണ് ലോകാരോഗ്യ സംഘടനയുടെ പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ വർഷത്തിൽ ഒന്നര ലക്ഷത്തിലധികം ആത്മഹത്യ മരണങ്ങൾ വരെ രേഖപ്പെടുത്തുന്നുണ്ട്. പ്രസ്തുത വിഷയത്തിൽ കേരളം ആറാമതാണ്. എന്നാൽ, നഗരങ്ങളുടെ കാര്യത്തിൽ കൊല്ലം രാജ്യത്ത് തന്നെ ഒന്നാം സ്ഥാനത്താണെന്നുള്ളത് ഗൗരവമർഹിക്കുന്നുണ്ട്.

എന്താണ് ആത്മഹത്യയുടെ കാരണം എന്നതിനെക്കുറിച്ച് മനശാസ്ത്രം, മനോരോഗ ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം തുടങ്ങീ പലവിധ അക്കാദമിക ശാഖകളിലായി പഠനങ്ങൾ നടന്നിട്ടുണ്ട്. ഒരു സിദ്ധാന്തത്തിലും ആത്മഹത്യ ജീവിതത്തിലെ കേവലം ഒരു നിമിഷത്തെ താളപ്പിഴ കൊണ്ട് സംഭവിക്കുമെന്ന് പറയുന്നില്ല. മറിച്ച്, ജനിതകവും, വ്യക്തിപരവും, കുടുംബപരവും, സാമൂഹ്യപരവുമായ ഒന്നിലധികം ഘടകങ്ങളുടെ സമ്മിശ്ര പ്രതികരണമാണ് ആത്മഹത്യയിലേക്ക് നയിക്കുന്നത്. അതൊരു പക്ഷേ, കാലങ്ങളായി വ്യക്തിയുടെ ഉള്ളിൽ കണക്കുകൂട്ടി ഉറപ്പിച്ചതിന്റെ അടിസ്ഥാനത്തിലുമാകാം. ഇക്കാലങ്ങളിലെ മുന്നറിയിപ്പുകൾ ശ്രദ്ധയോടെ പരിഗണിക്കേണ്ടതുണ്ട്. ഇതിനു നേർ വിപരീതമായി ജീവിതത്തിലെ ഉത്കണ്ഠ നിറഞ്ഞ സന്ദർഭങ്ങളിൽ മാനസിക സമ്മർദ്ദം താങ്ങാനാവാതെ ജീവിതം അവസാനിപ്പിക്കുന്നതും കണ്ട് വരുന്നു. മാനസികരോഗങ്ങളുടെ ഭാഗമായി ആത്മഹത്യാ ചിന്തകളും പ്രവണതകളും കാണാമെങ്കിലും ആത്മഹത്യ ചെയ്യുന്നവരെല്ലാം മാനസികരോഗികളല്ല.

ഇന്ത്യയിലെ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ 2021 റിപ്പോർട്ടിൽ ആത്മഹത്യയിലേക്ക് നയിക്കുന്ന കാരണങ്ങളിൽ ഏറ്റവും പ്രധാനമായി ചൂണ്ടിക്കാണിക്കുന്നത് കുടുംബ പ്രശ്നങ്ങളാണ്. അതിനു ശേഷം രോഗങ്ങളും, അമിത മദ്യാസക്തി, വിവാഹ പ്രണയസംബന്ധമായ പ്രശ്നങ്ങളുമാണ്. ഇത് കൂടാതെ, മുൻ ആത്മഹത്യ ശ്രമം, സാമൂഹികമായി ഒറ്റപ്പെടൽ, കടുത്ത ഏകാന്തത, പീഡനാനുഭവങ്ങൾ തുടങ്ങിയ കാരണങ്ങളുമുണ്ട്.

സ്ത്രീകൾ, വിദ്യാർത്ഥികൾ, യുവജനങ്ങൾ എന്നിവരാണ് ഇന്ത്യയിൽ ആത്മഹത്യ പ്രവണത പ്രകടിപ്പിക്കുന്നതിൽ ഏറെയും. കഴിഞ്ഞവർഷം

ആത്മഹത്യയെ സംബന്ധിച്ച നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോ റിപ്പോർട്ട്, 2021 അനുസരിച്ച്


ആത്മഹത്യക്കുള്ള കാരണങ്ങൾ

ആത്മഹത്യാ നിരക്ക്

കുടുംബ പ്രശ്നങ്ങൾ

33.2%

രോഗം

18.6%

മയക്കുമരുന്ന്/മദ്യത്തിന്റെ ദുരുപയോഗം

6.4%

വിവാഹവുമായി ബന്ധപ്പെട്ടത്

4.8%

പ്രണയബന്ധത്തിലെ പ്രശ്നങ്ങൾ

4.6%

കടബാധ്യത

3.9%

തൊഴിലില്ലായ്മ

2.2%

പ്രഫഷണൽ/കരിയർ പ്രശ്നം

1.6%

പ്രിയപ്പെട്ടവരുടെ വേർപാട്

1.2%

ദാരിദ്യ്രം

1.1%

സ്വത്ത് തർക്കം

1.1%

പരീക്ഷകളിലെ പരാജയം

1.0%

സാമൂഹിക പ്രശസ്തിയിൽ നിന്നുള്ള പതനം

0.5%

അവിഹിത ബന്ധം

0.4%

വന്ധ്യത

0.2%

കാരണങ്ങൾ രേഖപ്പെടുത്താത്തത്

9.7%

മറ്റ് കാരണങ്ങൾ

9.2%


കോവിഡ് 19 മഹാമാരിയുടെ കാലത്തിൽ വയോജനങ്ങളിലും ആത്മഹത്യ വർദ്ധിക്കുന്നതായി കാണുന്നുണ്ട്.

ആത്മഹത്യാ നിവാരണത്തിന്റെ ആധുനിക മാതൃക

ആത്മഹത്യ ഒട്ടനവധി മനസുകളിലേക്ക് സാംക്രമിക്കുന്ന സാമൂഹ്യപ്രശ്നമാണ്. ആത്മഹത്യാനന്തരം കുടുംബങ്ങളിലും, പരിസരവാസികളിലും, വിദ്യാഭാസ സ്ഥാപനത്തിലും, ജോലിസ്ഥലത്തുമൊക്കെ ഉണങ്ങാത്ത മുറിവായി അത് നിലനിൽക്കുന്നു. ചിലപ്പോൾ മറ്റുള്ളവരിലത് ദീർഘകാലം നീണ്ടു നിൽക്കുന്ന വിഷാദത്തിനും (Prolonged Grief, Depression, Post Traumatic Stress disorder), തുടർ ആത്മഹത്യകൾക്കും വരെ കാരണവും ആകാറുണ്ട്. തത്ഫലമായാണ് ഒരു ജീവൻ നഷ്ടമാകുന്നതിനപ്പുറം ആത്മഹത്യ ഒരു പൊതുജനാരോഗ്യ പ്രശ്നമായി പരിണമിക്കുന്നത്.

നമ്മുടെ രാജ്യത്ത് വർദ്ധിച്ചുവരുന്ന ആത്മഹത്യ 15-39 വയസ്സിനിടയിലുള്ളവരുടേതാണ്. ഇരുട്ടിൽ വഴിയടഞ്ഞ് നിൽക്കുന്നവർക്കൊരു കൈത്താങ്ങായി കൂടെ നിൽക്കേണ്ട ധാർമിക കടമ നമുക്ക് ഓരോരുത്തർക്കും ഉണ്ട്. വ്യത്യസ്ത തലങ്ങളിൽ നിന്ന് കൊണ്ടുള്ള ഇടപെടൽ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടതുണ്ട്. തീർച്ചയായും, മെന്റൽ ഹെൽത്ത് കെയർ ആക്ടിലൂടെ ആത്മഹത്യയെ ഡിക്രിമിനലൈസു ചെയ്തതും, ദേശീയ മാനസിക ആരോഗ്യ പദ്ധതിയുടെ ഭാഗമായി ജില്ലാ തലത്തിൽ പ്രത്യേകം സേവന കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതുൾപ്പടെ പല പദ്ധതികളും പരോക്ഷമായി ആത്മഹത്യാ നിവാരണത്തിനും മാനസികാരോഗ്യത്തെയും പ്രോത്സാഹിപ്പിക്കുന്നതാണെങ്കിലും ഒരു കേന്ദ്രീകൃതമായ ആത്മഹത്യാ നിവാരണ യജ്ഞത്തിന്റെ അഭാവം ലോകാരോഗ്യ സംഘടന എടുത്തു പറയുന്നുണ്ട്.

തികച്ചും വ്യവസ്ഥാപിതവും, ശാസ്ത്രീയവുമായ രീതികൾ പ്രയോഗവത്കരിക്കുന്നതിലൂടെ ആത്മഹത്യയെ തടയാൻ സാധിക്കും. ചിലപ്പോഴെങ്കിലും, ആത്മഹത്യയുടെ കാരണങ്ങൾ (ജനിതകവും, മാനസികവും, സാമൂഹികവും, സാംസ്കാരികവും, പാരിസ്ഥിതികവുമായ തുടങ്ങിയവ) ആത്മഹത്യ നിവാരണത്തിന് പലപ്പോഴും ഒരു വെല്ലുവിളിയായിത്തീരുന്നുണ്ട്. കേവലം ഒരു കാരണത്തെ മാത്രം ലക്ഷ്യം വെച്ച് കൊണ്ട് മാത്രം ആത്മഹത്യക്ക് തടയിടാൻ സാധിക്കില്ലെന്ന് ചുരുക്കം. സർവ്വ തലത്തിലും ഇടപെടുന്ന, വിവിധ സാമൂഹ്യസ്ഥാപനങ്ങളെയും കേന്ദ്രീകരിക്കുന്ന (വിദ്യാഭാസ സ്ഥാപനങ്ങൾ, ആസ്പത്രികൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, പൊലീസ് സ്റ്റേഷനുകൾ, വിവിധ ജോലി സ്ഥലങ്ങൾ etc.) സമഗ്രമായ പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടതുണ്ട്. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ പല രാജ്യങ്ങളിലും വിജയകരമായി നടപ്പാക്കിയ നാഷണൽ സൂയിസൈഡ് പ്രിവൻഷൻ സ്ട്രാറ്റജി ഏറ്റവും നല്ല ഉദാഹരണമാണ്. ഇതിനകം നാല്പ്പതിലധികം രാജ്യങ്ങളിൽ വിജയകരമായി പ്രായോഗത്തിൽ വന്ന പദ്ധതി ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങൾ ഏറ്റെടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

ലോകാരോഗ്യ സംഘടന കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച ലിവ് ലൈഫ് (LIVE LIFE) കേന്ദ്ര സംസ്ഥാന സർക്കാറിന് പ്രായോഗികമായി നടപ്പിലാക്കാൻ പോന്ന നിർദ്ദേശങ്ങളാണ്.

(Credit: WHO, 2021)

ആത്മഹത്യയിലേക്കുള്ള വഴികൾ പരിമിതപ്പെടുത്തൽ

ആത്മഹത്യാ ശ്രമത്തിലേക്ക് സാധ്യമായ എല്ലാ പഴുതുകളും അടക്കുക എന്നത് സാർവ്വത്രികമായതും ഗവേഷണങ്ങളാൽ സ്ഥിതീകരിച്ചതുമായ ഒരു മാർഗമാണ്. ഉഗ്രവിഷലിപ്തമായ കീടനാശിനികളുടെ നിരോധനം, മിതലഭ്യത, തോക്ക് പോലെയുള്ള ആയുധങ്ങളുടെ നിയന്ത്രണം, തുറസായ മട്ടുപ്പാവുകളിൽ തടസം സൃഷ്ഠിക്കുന്ന വേലികളുടെ സ്ഥാപനം തുടങ്ങിയവ ഇതിലുൾപ്പെടുന്ന ചില വഴികൾ ആണ്.

ഇത് ഒരോ പ്രദേശത്തേയും അടിസ്ഥാനപ്പെടുത്തി വ്യത്യാസപ്പെട്ടിരിക്കും. ഭൂരിഭാഗം ആത്മഹത്യകളും സംഭവിക്കുന്നത് ജീവിതത്തിനും മരണത്തിനും ഇടയിലെ കഠിനമായ മാനസിക പിരിമുറുക്കത്തിന്റെ ഘട്ടത്തിലാണ്. ആത്മഹത്യാ മാർഗങ്ങൾ പരിമിതപ്പെടുത്തുന്നത് കൊണ്ട് കടുത്ത മാനസിക സമ്മർദ്ദത്തിന്റെ സമയത്ത് വിനാശകരമായ പ്രവൃത്തികൾ ഇല്ലാതെ തരണം ചെയ്യാൻ സാധിക്കുന്നു.

വാർത്താ മാധ്യമങ്ങളുടെ സ്വാധീനം

ആത്മഹത്യയുടെ കാര്യത്തിൽ വാർത്തകൾ പ്രസിദ്ധപ്പെടുത്തുന്ന രീതികളും, അതിലെ ഉള്ളടക്കവും വായനക്കാരനെ സ്വാധീനിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ ഒരു ആത്മഹത്യയെ തുടർന്നുള്ള വാർത്തകളും ലേഖനങ്ങളും അത് പ്രസിദ്ധപ്പെടുത്തുന്നതിലെ വിശദ വിവരങ്ങളും (ആളുടെ പേര്, ചിത്രം, ആത്മഹത്യ ചെയ്ത രീതി etc.) പ്രാധാന്യത്തോട് കൂടി അവതരിപ്പിക്കുന്നത് വായനക്കാരന് മനോക്ലേശം നൽകാനുള്ള സാധ്യത ഏറെയാണ്. പ്രത്യേകിച്ചും സമൂഹത്തിലെ പ്രസിദ്ധരായ വ്യക്തികളുടെ വാർത്തകൾ.

ആത്മഹത്യകൾക്ക് സാംക്രമിക പ്രവണതയുണ്ടെന്നുള്ളത് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇന്ത്യയിലുൾപ്പടെ പല രാജ്യങ്ങളായി പ്രസ്തുത കാര്യം സംബന്ധിച്ച ഗവേഷണങ്ങളുടെ ഫലം പറയുന്നത് ഇത്തരം വാർത്തകൾ മറ്റൊരു ആത്മഹത്യാ പ്രവണതയിലേക്ക് (Copycat Suicide) നയിക്കുകയും അങ്ങനെ ഇത് കാരണമായി ആത്മഹത്യ പടർന്നു പിടിക്കുന്ന (Suicide Contagion) ഒരു സാമൂഹിക പ്രശ്നമായി വളരാൻ സാഹചര്യമൊരുക്കുകയും ചെയ്യുന്നുണ്ട് എന്നാണ്. ഇതിന്റെ വെളിച്ചത്തിലാണ് ലോകാരോഗ്യസംഘടനയും (WHO), അന്താരാഷ്ട്ര ആത്മഹത്യാ നിവാരണ സംഘവും (IASP) ചേർന്ന് ആത്മഹത്യാ സംബന്ധിയായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിന് നയരേഖ തയ്യാറാക്കിയിട്ടുള്ളത്.

പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയും ഇതിനുള്ള മാർഗ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെങ്കിലും, നിർഭാഗ്യവശാൽ, ഇന്ത്യയിലെ വിരലിലെണ്ണാവുന്ന മാധ്യമങ്ങളെ മാറ്റി നിർത്തിയാൽ മറ്റുള്ളവയൊന്നും പ്രസ്തുത നയരേഖയെ മുഖവിലക്കെടുന്നില്ല. കൃത്യമായ മേൽനോട്ടം ഈ വിഷയത്തിൽ ആവിശ്യമാണ്.

ആധുനിക കാലത്ത് ഭൂരിഭാഗം ജനങ്ങളും സാമൂഹ്യ മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നവരാണ്. ആത്മഹത്യ സംബന്ധിയായ നിരാശയുണർത്തുന്ന കുറിപ്പുകൾ, ദൃശ്യ ശ്രാവ്യ സന്ദേശങ്ങൾ നമുക്ക് ലഭിക്കുമ്പോൾ അത് ഷെയർ ചെയ്യുന്നത് നാമറിയാതെ തന്നെ മറ്റുള്ളവർക്ക് ദുരന്തം വിതക്കാൻ കാരണമായേക്കാം. ഇത്തരം സ്റ്റാറ്റസുകൾ നമ്മുടെ സുഹൃത്തുക്കൾ മുഖേന നമുക്ക് ലഭിക്കുമ്പോൾ അവൻ മാനസിക സമ്മർദ്ദത്തിലും, ജീവിത പ്രതിസന്ധിയിലും തകർന്ന് നിൽക്കുകയാണോ എന്നറിയാനുള്ള പക്വമായ ഇടപെടൽ നടത്താനാണ് ഈ സന്ദർഭം വിനിയോഗിക്കേണ്ടത്.

കൗമാര പ്രായത്തിലെ പരിശീലനങ്ങൾ

വിദ്യാലയങ്ങളിൽ നിലവിലുള്ള പാഠ്യപദ്ധതിയോടൊപ്പം മാനസികാരോഗ്യം പരിപോഷിപ്പിക്കുന്ന വിവിധ വിഷയത്തിൽ പരിശീലനം അനിവാര്യമാണ്. വിശേഷിച്ചും, മിക്ക മാനസിക രോഗങ്ങളുടെയും, ലഹരി ഉപയോഗത്തിന്റേയും ആരംഭം ഈ പ്രായത്തിലാണെന്നിരിക്കെ. കേവലം ആത്മഹത്യാ നിവാരണം മാത്രം ലക്ഷ്യമാക്കാതെ ലൈഫ് സ്കിൽ ട്രയിനിംഗ്, പോസിറ്റീവ് മെന്റൽ ഹെൽത്ത് & വെൽ ബീയിങ്, ആന്റി ബുള്ളിയിങ് പ്രോഗ്രാം തുടങ്ങിയ ഒരു വിദ്യാർഥി ജീവിതത്തിന്റെ വിവിധ മേഖലകളെ സ്പർശിക്കുന്ന വിഷയങ്ങൾ ഇതിൽ ഉൾപ്പെടുത്തേണ്ടതാണ്. ഇത്തരം പരിശീലനങ്ങൾ ഒരേ സമയം ജീവിതത്തിന്റെ വെല്ലുവിളികളെ നേരിടാൻ പ്രാപ്തമാക്കുകയും അക്കാദമികമായി മികച്ച നിലവാരത്തിലെത്താൻ സഹായിക്കുകയും ചെയ്യും.

ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ച ഹെൽപ്പിങ് അഡോളസെൻസ് ത്രൈവ് (Helping Adolescents Thrive) ഇതിലേക്ക് ഉത്തമമായ ഒരു വഴികാട്ടിയാണ്. പരിശീലനങ്ങൾ വിദ്യാർത്ഥികളിലേക്ക് മാത്രമായി ചുരുക്കാതെ, അദ്ധ്യാപകർ, വിദ്യാലയത്തിലെ മറ്റ് ജീവനക്കാർ, മാതാപിതാക്കൾ എന്നിവരേയും സജ്ജമാക്കേണ്ടതുണ്ട്. ഇതിലൂടെ അവർക്ക് മാനസിക സമ്മർദ്ദം അനുഭവിക്കുന്ന കുട്ടിയെ തിരിച്ചറിയാനും, ആത്മഹത്യയെപ്പറ്റി തുറന്ന് സംസാരിക്കാനും, വിദ്യാർത്ഥികളെ ബോധവത്കരിക്കാനും, പ്രഥമ ശുശ്രൂഷ നൽകാനും ആത്മവിശ്വാസം കൈവരിക്കുന്നു.

ഇതിനെല്ലാം പുറമേ വിദ്യാർത്ഥികൾക്ക് അഭിമുഖീകരിക്കാൻ പാകത്തിൽ വെൽ ബീയിംഗ് സെന്ററിന്റെ സേവനവും വിദ്യാലയങ്ങളിൽ ലഭ്യമാക്കേണ്ടതാണ്. മേല്പറഞ്ഞ എല്ലാറ്റിനും ചുക്കാൻ പിടിക്കാൻ പരിശീലനം സിദ്ധിച്ച കൗൺസിലറുടെ സേവനം എല്ലാ സ്കൂളുകളിലും ലഭ്യമാക്കുകയും, കൃത്യമായ മേൽനോട്ടത്തിലൂടെ ഉദ്ദിഷ്ഠ ഫലം ഉറപ്പാക്കുകയും വേണം.

നേരത്തേ തിരിച്ചറിഞ്ഞ് ശുശ്രൂഷിക്കുന്ന ഘട്ടം

ആത്മഹത്യാ നിവാരണത്തിൽ നേരത്തേ തിരിച്ചറിയാൻ കഴിയുക എന്നത് നിർണ്ണായകമാണ്. മാനസികമായ് തളർന്ന് ജീവിതത്തിൽ നിന്ന് നടന്നകലുന്നതിൽ വ്യാപൃതരായവരെ ശരിയായ സമയത്ത് തിരിച്ചറിഞ്ഞ് പരിചരിക്കുകയും ആവർത്തിച്ചുള്ള തുടർ ഇടപെടലുകൾ നടത്തുകയും ചെയ്യുകയെന്നത് ഇക്കാലത്തും ഒരു വെല്ലുവിളിയായി നിലനില്ക്കുന്നു. സമൂഹത്തിൽ നിരന്തരം ജനങ്ങളുമായി ഇടപഴകുന്ന ഡോക്ടേഴ്സ്, നഴ്സസ്, അദ്ധ്യാപകർ, മത പുരോഹിതർ, പൊലീസ്, ആശാ വർക്കേഴ്സ് തുടങ്ങിയവർക്ക് ആത്മഹത്യാ പ്രവണതകൾ നേരത്തേ തിരിച്ചറിയാനും പ്രാഥമിക മാർഗനിർദ്ദേശങ്ങൾ നൽകാനും സാധിക്കുന്ന സൂയിസൈഡ് പ്രിവൻഷൻ ട്രെയിനിങ് (Gatekeeper Training) ലഭ്യമാക്കുകയാണ് ആദ്യപടി.

മുഴുവൻ സർവകലാശാലകളിലും, ജോലിസ്ഥലങ്ങളുമൊക്കെ കേന്ദ്രീകരിച്ച് മേൽപ്പറഞ്ഞ പരിശീലനം നടപ്പിൽ വരുത്തണം എന്നാണ് വിദഗ്ധാഭിപ്രായം. എന്തെന്നാൽ നമ്മൾ സന്തോഷവും ദുഃഖവും പങ്കു വെക്കുന്നത് ഏറ്റവുമടുത്ത സ്നേഹിതരുമായാണ് എന്ന അനുമാനത്തിലാണിത്. അത്യാഹിത വിഭാഗം, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് കൂടുതൽ പേരും ചികിത്സ തേടിയെത്തുന്നത്. അതിനാൽ പ്രസ്തുത കേന്ദ്രങ്ങളിൽ ആത്മഹത്യ പ്രവണതയുള്ള ആളുകളെ തിരിച്ചറിയാനും, ബ്രീഫ് ഇന്റർവെൻഷൻ (Brief Intervention) നൽകാനും, തുടർ ചികിത്സ നടത്താനുമുള്ള സംവിധാനം ലഭ്യമാക്കണം.

ആത്മഹത്യയുടെ കാരണങ്ങളിൽ മാനസികരോഗങ്ങൾ ചെറുതല്ലാത്ത പങ്ക് വഹിക്കുന്നുണ്ട്. വിഷാദരോഗവും, അമിത ലഹരി/മദ്യാസക്തിയും, വ്യക്തിപരമായ വൈജാത്യങ്ങളും (Borderline Personality Disorder) അവയിൽ എണ്ണിപ്പറയേണ്ടതാണ്. ഈ ഒരു പ്രശ്നത്തെ അതിജീവിക്കാൻ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ ചികിത്സ രീതി രോഗിയുടെ സമഗ്രമായ പുരോഗതിയെ (Holistic/Psychosocial Approach) ലക്ഷ്യമാക്കി വിപുലപ്പെടുത്തേണ്ടതുണ്ട്. ഇതിലൂടെ അവർക്ക് മെച്ചപ്പെട്ട സാമൂഹ്യ ജീവിതം ഉറപ്പുവരുത്താനാകും. ഇതിനെല്ലാറ്റിനുമപ്പുറം മാറ്റം വരുത്തേണ്ട അതീവ ഗൗരവമുള്ള ഒരു സംഗതിയാണ് ആത്മഹത്യയോടും, മാനസിക രോഗങ്ങളോടുള്ള പൊതുമനോഭാവം (Stigma/Taboo).

ആത്മഹത്യാ പ്രവണതയുള്ളവരേയും മാനസിക രോഗങ്ങൾക്ക് ചികിത്സ തേടുന്നവരേയും ഭ്രഷ്ട് കലപിച്ച് മാറ്റി നിർത്തുന്നത് ഒരു തരത്തിലും നീതികരിക്കാവുന്ന ഒന്നല്ല. അവർക്കും മനുഷ്യാവകാശങ്ങൾ ലഭ്യമാകുന്നുണ്ടെന്ന് സമൂഹത്തിലെ അംഗമായ നാമേവരും ഉറപ്പുവരുത്തണം. അത് കൊണ്ട് തന്നെ വ്യത്യസ്ത പ്രോഗ്രാമുകളിലൂടെ പൊതു സമൂഹത്തിനെ ഇതേപ്പറ്റി ബോധവാന്മാരാക്കൽ ഒഴിച്ചു കൂടാനാവാത്ത ഒരു കാര്യമാണ്.

തൻ്റെ ഉള്ളിലുള്ള ആത്മഹത്യാ ചിന്ത വേണ്ടപ്പെട്ടവരോട് തുറന്ന് പറയാൻ കഴിയുന്ന അങ്ങനെ അറിയുമ്പോൾ അതിനെ തനതായ ഗൗരവത്തിലെടുത്ത് വിവേകപൂർണ്ണമായി ഇടപെടലുകൾ നടത്തുന്ന ഒരു സമൂഹമാണ് ആത്മഹത്യാ നിവാരണത്തിന്റെ പ്രത്യാശ. അപ്പോൾ നമ്മൾ പ്രതീക്ഷയുടെ നവ കിരണങ്ങളായി ജ്വലിക്കും.

(ലേഖകരായ മുഹമ്മദ് നൂറുദ്ദീൻ ബംഗളുരു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (NIMHANS) സൈക്യാട്രിക് സോഷ്യൽ വർക്ക് വിഭാഗം ഗവേഷക വിദ്യാർഥിയും അനീഷ് ചെറിയാൻ അസോസിയേറ്റ് പ്രഫസറുമാണ്. )

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mental health
News Summary - Beware those who share suicide news, you may cause death of others
Next Story