പഠിക്കാൻ ബെസ്റ്റ് രാവിലെയോ വൈകീട്ടോ
text_fieldsപ്രതീകാത്മക ചിത്രം
ക്ലോക്കിലെസമയം അനുസരിച്ചല്ല, നമ്മുടെ ആന്തരിക ശരീര താളത്തിന് അനുസരിച്ചാണ് നന്നായി പഠിക്കാൻ കഴിയുന്നതും കഴിയാത്തതുമെന്ന് ആധുനിക ന്യൂറോസയൻസ്
‘രാവിലെ എണീറ്റ് പഠിക്ക്, എന്നാലേ വല്ലതും തലയിൽ കയറൂ’ എന്നത് കാലങ്ങളായി കുട്ടികൾ കേൾക്കുന്ന ഉപദേശമാണ്. ‘അതിരാവിലെയുള്ള ശുദ്ധമായ മനസ്സി’ലേക്ക് എല്ലാം പെട്ടെന്ന് കയറുമെന്ന സിദ്ധാന്തത്തിൽ വാസ്തവമെത്ര? ക്ലോക്കിലെ സമയത്തിന് അനുസരിച്ചല്ല, നമ്മുടെ ആന്തരിക ശരീര താളത്തിന് അനുസരിച്ചാണ് നന്നായി പഠിക്കാൻ കഴിയുന്നതും കഴിയാത്തതും എന്നാണ് ആധുനിക ന്യൂറോസയൻസ് പറയുന്നത്.
ഉറക്കം-ഉണരൽ ചക്രം അനുസരിച്ച് ആളുകളെ മൂന്നായി തരം തിരിക്കാമെന്നും അതിന് അനുസൃതമായിരിക്കും വ്യത്യസ്ത സമയങ്ങളിൽ അവരുടെ പഠനശേഷിയെന്നും ന്യൂറോളജിസ്റ്റ് ഡോ. ശങ്കർ ബാലകൃഷ്ണൻ അഭിപ്രായപ്പെടുന്നു. പ്രഭാത വിഭാഗം, വൈകുന്നേര വിഭാഗം, ഇതിന് ഇടയിലുള്ള വിഭാഗം എന്നിങ്ങനെയാണ് ഈ മൂന്നുതരം.
ഇതിൽ, ‘വൈകുന്നേര വിഭാഗ’ത്തിലുള്ളവർ ദിവസത്തിന്റെ അവസാന നേരങ്ങളിലാണ് കൂടുതൽ മികച്ച പഠന-ഗ്രാഹ്യശേഷി പ്രകടിപ്പിക്കുന്നതെന്നാണ് പഠനങ്ങൾ പറയുന്നത്. വൈകീട്ട് നാലിനും ആറിനും ഇടയിലാണ് ഇത്തരക്കാർ ഏറ്റവും കുടുതൽ ശേഷിയുള്ളതായി കാണുന്നത്. എന്നാൽ, പ്രഭാത വിഭാഗത്തിലുള്ളവരാകട്ടെ, ദിവസത്തിന്റെ ആദ്യ മണിക്കൂറുകളാണ് അവരുടെ മികച്ച സമയം. അവർക്ക് ഏറ്റവും ജാഗ്രതയോടെ പഠിക്കാനിരിക്കാൻ കഴിയുന്ന സമയം രാവിലെ എട്ടു മുതൽ 10 വരെയാണെന്നും ഡോ. ബാലകൃഷ്ണൻ പറയുന്നു. എല്ലാവരേയും ഒരു നിശ്ചിത വിഭാഗത്തിൽ പെടുത്താൻ സാധിക്കില്ലെന്നും ചിലർക്ക് രണ്ട് സമയവും മികവ് പുലർത്താൻ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
ഉറക്കം പ്രധാനം
പഠിക്കുന്ന സമയത്തോളം പ്രധാനംതന്നെയാണ് ഉറക്കത്തിന്റെ ദൈർഘ്യവും. ഏഴു മുതൽ ഒമ്പതു മണിക്കൂർ വരെ ഉറങ്ങാൻ സാധിക്കുന്നവർക്ക് ഓർമശേഷി, റീസണിങ്, ശ്രദ്ധ എന്നിവയിൽ മികവ് പുലർത്താൻ സാധിക്കും. വളരെ കുറച്ച് സമയം മാത്രം ഉറങ്ങുന്നവരുടെ ‘ക്രിട്ടിക്കൽ തിങ്കിങ്’ ശേഷി ദിവസങ്ങൾക്കുള്ളിൽ 17 ശതമാനം വരെ കുറയാമെന്നും ഡോക്ടർ മുന്നറിയിപ്പു നൽകുന്നു. പഠിച്ചശേഷം പെട്ടെന്ന് ഉറങ്ങുന്നത് ഓർമശക്തി കൂട്ടും. പഠിച്ച ഭാഗങ്ങൾ തലച്ചോർ, ഗാഢനിദ്രാ സമയത്ത് സമാഹരിക്കുമെന്നതിനാലാണിത്.
ചുരുക്കത്തിൽ, പഠിക്കാൻ ഏറ്റവും മികച്ച സമയം എന്നൊന്നില്ലെന്നും ഓരോരുത്തരുടെയും ജൈവതാളം കണ്ടെത്തി അത് പരമാവധി ഉപയോഗപ്പെടുത്തുകയും ആണ് വേണ്ടതെന്നും വിദഗ്ധർ ഉപദേശിക്കുന്നു. എന്നാൽ, രാവിലെ പഠിക്കുന്നതിനേക്കാൾ രാത്രിയാണ് മികച്ചതെന്ന് പറഞ്ഞ് ഉച്ചവരെ ഉറങ്ങുന്നവർക്ക് പിന്നെ മികച്ച സമയമല്ല, വെറും സമയം പോലും കിട്ടില്ലെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

