‘കൂട്ടത്തിൽ കൂടാത്തവർ’ ആന്റിസോഷ്യൽ അല്ല
text_fieldsജോലിസ്ഥലത്തിനു പുറത്ത് എവിടെയും ഒപ്പം കാണാത്ത, നിങ്ങളുടെ ആ സുഹൃത്തില്ലേ? ഒപ്പമുള്ളപ്പോൾ അവരെ ഏറ്റവും നല്ല നിലയിൽ പരിഗണിച്ചിട്ടും അവരെന്തേയിങ്ങനെ എന്ന് തോന്നിയിട്ടില്ലേ ? അതല്ലെങ്കിൽ, ആ ‘കൂട്ടത്തിൽ കൂടാത്തവൻ/അവൾ’ നിങ്ങൾ തന്നെയോ ?
ഒരു ടീമിൽ/തൊഴിലിടത്തിൽ ഒരിക്കലും ഒരു പാർട്ടിക്കോ മറ്റോ മുൻകൈ എടുക്കാത്തതും ഗ്രൂപ്പുകളിലൊന്നിലും ഇടപഴകാത്തതുമായ ആളുകളെ ആന്റിസോഷ്യൽ (പലപ്പോഴും ഈ പ്രയോഗം മറ്റൊരു അർഥത്തിലാണ് ഇന്ന് ഉപയോഗിക്കപ്പെടുന്നത്) എന്നു വിളിക്കേണ്ടതില്ലെന്നും ഇതൊരു മോശം കാര്യല്ലെന്നുമാണ് മനഃശാസ്ത്ര വിദഗ്ധർ പറയുന്നത്.
ചിലർ ജോലിസ്ഥലത്തെ സൗഹൃദത്തെ അവിടെത്തന്നെ വെച്ച് തിരിച്ചുപോകുന്നവരുമായിരിക്കും. വ്യക്തിജീവിതം വേറെയുമായിരിക്കും അവർക്ക്. ഇതൊരിക്കലും ആളുകളെ ഒഴിവാക്കലല്ല, അവരുടെ കംഫർട്ടാണ്. സ്വന്തത്തിന്, സ്വയം പരിപാലനത്തിനായി സമയം നൽകുന്നതുമാകാം.
തെറ്റിദ്ധരിക്കപ്പെടാം
‘‘സ്വന്തമായി ഇടം കണ്ടെത്തി ചെലവഴിക്കുന്നത് ഒറ്റപ്പെടലാണെന്ന് ചിലർ സ്വയമേതന്നെ കരുതാറുണ്ട്. എല്ലാവരും പരസ്പരം ആത്മബന്ധം കൊതിക്കുന്നെന്നും സാമൂഹികബന്ധങ്ങൾ ആഗ്രഹിക്കുന്നെന്നുമുള്ള സങ്കൽപത്തിൽനിന്നാണ് ഈ ധാരണ’’ -ഗുഡ്ഗാവ് ഫോർട്ടിസ് ഹോസ്പിറ്റൽ മനഃശാസ്ത്ര വിഭാഗം വിദഗ്ധ ഡോ. കാംന ഛിബ്ബർ പറയുന്നു. അതുകൊണ്ടുതന്നെ ആരെങ്കിലും ഏകാന്തത തെരഞ്ഞെടുത്താൽ, അവർ ഒറ്റപ്പെട്ടവരാണെന്ന് ധാരണ പകരുമെന്നും അവർ വിശദീകരിക്കുന്നു.
ഏകാന്തതയും ഒറ്റപ്പെടലും രണ്ടാണെന്നാണ് മനോരോഗ വിദഗ്ധ ഡോ. ദിവ്യശ്രീ കെ.ആർ അഭിപ്രായപ്പെടുന്നത്.
‘‘ഏകാന്തത എന്നത്, ആസ്വദിക്കാനും വിശ്രമിക്കാനും ചിന്തിക്കാനും ഒറ്റക്കുള്ള സമയം തെരഞ്ഞെടുക്കുന്നതിനെ സൂചിപ്പിക്കുന്നു. എന്നാൽ, ഒറ്റപ്പെടൽ എന്നത്, മറ്റുള്ളവരുമായി ബന്ധം വേണമെന്ന് ആഗ്രഹിക്കുകയും എന്നാൽ, അതുലഭിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ്. ഏകാന്തത അവരെ മനസ്സ് റീചാർജ് ചെയ്യാനും ചിന്തകൾക്ക് കൃത്യതയും സർഗാത്മകതയും വരുത്താനും സഹായിക്കും’’ - ഡോ. ദിവ്യശ്രീ വ്യക്തമാക്കുന്നു. അതുകൊണ്ട്, പാർട്ടിയിൽ പങ്കെടുക്കാതെ വീട്ടിലിരുന്ന് പുസ്തകം വായിക്കുന്ന ആ സുഹൃത്ത് (അല്ലെങ്കിൽ നിങ്ങൾ) നാണക്കാരനോ സൗഹൃദം ഇഷ്ടപ്പെടാത്തയാളോ അല്ല എന്നും അവർ കൂട്ടിച്ചേർക്കുന്നു.
‘കൂടാതെ നിൽക്കുന്ന’ത് എന്തുകൊണ്ട് ?
വലിയ സംഘങ്ങളിൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതു മുതൽ ശാന്തമായ ഇടം കൊതിക്കുന്നതു വരെ, ഇത്തരം വേറിട്ടു നിൽക്കലിന് കാരണമാകുന്നുവെന്ന് വിദഗ്ധർ പറയുന്നു. ചിലർക്കാവട്ടെ, മറ്റുള്ളവരോട് മനസ്സു തുറക്കാൻ ഏറെ സമയം വേണ്ടിവരുന്നതും ഒരു കാരണമാണ്. അതേസമയം, ലജ്ജാലുക്കളും ഇൻട്രോവെർട്ടുകളും പിന്നെ, ആരുമായി കൂട്ടുകൂടണമെന്ന കാര്യത്തിൽ വളരെ ശ്രദ്ധ ചെലുത്തുന്നവരും മനോസമർദം അനുഭവിക്കുന്നവരും ഇങ്ങനെ ഏകാന്തതയെ പുൽകാറുണ്ട്.
അപകടമാകുന്നതെപ്പോൾ?
ഒറ്റക്കായിരിക്കാൻ ആഗ്രഹമില്ലാതെ ഒറ്റപ്പെട്ടു നിൽക്കുന്ന സാഹചര്യമാണെങ്കിൽ അത് അപകടമാണ്. നിങ്ങളുടെ ദുഃഖങ്ങൾ, പ്രതീക്ഷയില്ലായ്മ, ഭയം, ബന്ധങ്ങൾ സൃഷ്ടിക്കാൻ കഴിവില്ലായ്മ എന്നിവയൊക്കെയാകാം അതിന് കാരണം. ഇത് നിങ്ങളുടെ ജോലിയേയും ഇഷ്ടപ്പെട്ട കാര്യങ്ങളേയുമെല്ലാം അവതാളത്തിലാക്കും. അങ്ങനെ, ചുറ്റും ആളുള്ളപ്പോൾതന്നെ ഒറ്റക്കായപോലെ തോന്നും.
ഏകാന്തത ഇഷ്ടപ്പെടുന്നവരാണെങ്കിൽ അതിനുതന്നെ ഒരു അതിര് സൃഷ്ടിക്കേണ്ടതാണെന്നും ഡോ. ദിവ്യശ്രീ നിർദേശിക്കുന്നു. സമ്മർദത്തേക്കാൾ, മനഃശാന്തിയും സന്തോഷവും നൽകുന്ന ഏതെങ്കിലും സാമൂഹികബന്ധം കണ്ടെത്തണമെന്നും അവർ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

