കുട്ടികളെ എങ്ങനെ വളർത്തണം‍‍‍? മാതാപിതാക്കൾ ചിന്തിക്കണം

കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍ നിന്ന് മാറി അണുകുടുംബങ്ങളാണ് നമുക്കുള്ളത്. ഇക്കാരണത്താലും മറ്റു പലകാരണങ്ങളാലും കുട്ടികളുടെ ജീവിതം തടവറയിലായതു പോലെയാണ് ഇപ്പോൾ. സാമൂഹിക ഇടപെടലുകളില്ലാതെയും ജീവകാരുണ്യ ചിന്തകളില്ലാതെയും പ്രായോഗിക ജീവിതപാഠങ്ങള്‍ അറിയാതെയുമാണ് നമ്മുടെ കുട്ടികൾ വളരുന്നത്. സ്വയം ജീവിക്കാനുള്ള അവസ്ഥ അവര്‍ക്ക് അന്യമാകുകയാണ്. മാതാപിതാക്കളുടെ സ്വാര്‍ത്ഥതയും ജോലിത്തിരക്കും ഉയര്‍ന്ന വിദ്യാഭ്യാസ ചെലവുമെല്ലാം കാരണം ഒറ്റക്കുട്ടി മതി എന്ന തീരുമാനത്തിലേക്ക് പല മാതാപിതാക്കളും എത്തിപ്പെടുന്നു. മിക്ക വീടുകളിലും ആരോഗ്യപരമായ അന്തരീക്ഷം ഇല്ല എന്നതാണ് സത്യം. മാതാപിതാക്കള്‍ തമ്മിലുള്ള വഴക്കും അടിയും അസഭ്യവര്‍ഷവും കേട്ടും കണ്ടും ഉണരുകയും ഉറങ്ങുകയും ചെയ്യുന്ന കുട്ടികളില്‍ അരക്ഷിതാവസ്ഥയും എന്തിനോടും പകയും വിദ്വേഷവും ഉടലെടുക്കും. മാനസികമായി അസ്വസ്ഥരാകുന്ന ഇവര്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി ജീവിതം നശിപ്പിച്ചേക്കും. ഇവര്‍ മുതിർന്ന് വിവാഹിതരായാൽ ഉണ്ടാകുന്ന കുടുംബത്തിനും ഈ ദുരിതങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു.

വേണം ലാളനയും പരിഗണനയും 
ജന്മം നല്‍കുന്ന മാതാപിതാക്കള്‍ കുട്ടികളെ എങ്ങനെ വളര്‍ത്തണമെന്നതും അത് അവരുടെ ഭാവിക്ക് എങ്ങനെ ഉതകണമെന്നതും ചിന്തിക്കേണ്ടത് അത്യാവശ്യമാണ്. ഒറ്റ കുട്ടി ഉള്ള വീടാണെങ്കിലും ഒന്നിലേറെ കുട്ടികള്‍ ഉണ്ടെങ്കിലും സ്‌നേഹലാളനകള്‍ നല്‍കുന്നതിലും അവശ്യസാധനങ്ങളും കളിപ്പാട്ടങ്ങളും വാങ്ങി നല്‍കുന്നതിലും തുല്യത പുലര്‍ത്തണം. പഠനകാര്യത്തിലും അതുപോലെ തന്നെ ശ്രദ്ധ വേണം. രണ്ടാമതൊരു കുട്ടി പിറവിയെടുക്കുമ്പോള്‍ മൂത്തകുട്ടിക്ക് അതുവരെ നല്‍കിയ ലാളനയും പരിഗണനയും നഷ്ടമാകുന്നത് മിക്ക വീടുകളിലും കണ്ടു വരുന്നതാണ്. അതുവരെ കിട്ടിയ പരിഗണനകള്‍ ഒരു പ്രഭാതത്തില്‍ നഷ്ടമാകുമ്പോള്‍ ആ കുട്ടിക്ക് മാനസിക വൈഷമ്യങ്ങള്‍ ഉണ്ടാകുന്നു. അത് വളര്‍ന്ന് മാനസിക സമ്മര്‍ദ്ദത്തിലേക്കും വിഷാദരോഗത്തിലേക്കും ലഹരി ഉപയോഗത്തിലേക്കും വഴി തെളിക്കുന്നു.

തുല്യത പുലര്‍ത്തണം
നവജാതശിശുവിനെ സ്‌നേഹത്താല്‍ ഒന്നു തൊടുന്ന മൂത്ത കുട്ടിയെ വഴക്കു പറയുകയും അവന്‍(ള്‍) കുഞ്ഞിനെ ഉപദ്രവിക്കുമെന്നെല്ലാം പറയുന്ന മാതാപിതാക്കള്‍ നമ്മുടെയിടയിലുണ്ട്. ഒറ്റക്കുട്ടിയാണെങ്കിലും രണ്ടു കുട്ടികളാണെങ്കിലും അമിതശ്രദ്ധ, ലാളന, പരിഗണന, സ്നേഹം ഇതെല്ലാം ഒരാളിലേക്കു കേന്ദ്രീകരിക്കുന്നതാണ് പ്രശ്‌നം. എന്തു ചോദിച്ചാലും വാങ്ങിക്കാടുക്കാന്‍ മാതാപിതാക്കള്‍ മത്സരിക്കുന്നു. ശാഠ്യങ്ങള്‍ക്കു വഴങ്ങുന്നു. പിടിവാശി, സ്വാര്‍ത്ഥത എല്ലാം ഒറ്റക്കുട്ടിയുടെ വ്യക്തിത്വത്തെ പ്രശ്ന സങ്കീര്‍ണ്ണമാക്കുമ്പോള്‍ ഒന്നിലേറെ കുട്ടികള്‍ ഉള്ളവരില്‍ മൂത്ത കുട്ടികള്‍ മാനസിക സമ്മര്‍ദ്ദത്തിനും വിഷാദത്തിനും ഇരയാകുന്നു.

ഇളയ കുട്ടികൾ കൂട്ടിലടച്ച കിളികളെ പോലെ വളരുമ്പോൾ ഇക്കൂട്ടര്‍ക്ക് വീട്ടില്‍ കിട്ടുന്ന പരിഗണന പുറംലോകത്തു ലഭിക്കുന്നില്ല. അതോടെ അവര്‍ അരക്ഷിതാവസ്ഥയിലെത്തുകയും മാനസികമായി തകരുകയും ചെയ്യുന്നു. അമിതമായ പരിഗണന കിട്ടി വളരുന്ന കുട്ടി ക്രമേണ സ്വയം പര്യാപ്തത ഇല്ലാത്ത വ്യക്തിത്വത്തിനു ഉടമയായി തീരുന്നു. ഇക്കൂട്ടരുടെ സ്വഭാവം അതിവൈകാരികതയും ഒറ്റപ്പെടലും മനക്കരുത്തില്ലായ്മയും നിറഞ്ഞതാകുന്നു. ക്ഷമിക്കാനും സഹിക്കാനുമുളള കഴിവില്ലായ്മ കാരണം ഇവരെ സമൂഹവും ഒറ്റപ്പെടുത്തുന്നു. കുട്ടികളെ വളര്‍ത്തുമ്പോള്‍ ചില കാര്യങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം. സ്നേഹം കൊടുക്കുന്നതോടൊപ്പം അവരുടെ സ്നേഹം നേടിയെടുക്കണം.

ചങ്ങാതിമാരാകണം
കുട്ടികളുടെ ഏറ്റവും നല്ല ചങ്ങാതിമാരായി മാതാപിതാക്കള്‍ മാറണം. മാനസികമായ പിന്തുണയും സ്നേഹവും നല്‍കി വളര്‍ത്തണം. ചോദിക്കുന്നതെന്തും വാങ്ങിക്കൊടുക്കുന്നതല്ല സ്നേഹം എന്നു മാതാപിതാക്കള്‍ അറിയണം. സ്നേഹം അറിഞ്ഞു വളരുന്ന കുട്ടി മറ്റുളളവരെ സ്നേഹിക്കാനും പഠിക്കും. ടി.വിയുടെ മുന്നിലിരുന്ന് സീരിയല്‍ കാണുകയും ഫേസ്ബുക്കും വാട്‌സാപ്പും നോക്കിയും ചാറ്റ് ചെയ്തും ഒഴിവു സമയം കളയുന്ന മാതാപിതാക്കള്‍ കുട്ടികളുമായി ചങ്ങാത്തത്തില്‍ ഏര്‍പ്പെടുകയും അവരോടൊപ്പം കളിക്കുകയും അവരുടെ കാര്യങ്ങള്‍ കേൾക്കാനും ശ്രദ്ധിക്കണം. കുട്ടികള്‍ ഉറങ്ങും മുമ്പേ അച്ഛന്‍ വീട്ടിലെത്തുകയും അവരുമായി സംവദിക്കാനും ശ്രദ്ധിക്കണം. ഒഴിവു ദിവസങ്ങളില്‍ അവരെ ഔട്ടിങ്ങിനു കൊണ്ടു പോകണം. ചെറിയ വീഴ്ചകളെ നിസാരമായി കാണാന്‍ പഠിപ്പിക്കണം. മക്കളുടെ കാര്യത്തില്‍ അമിത ആകാംക്ഷ നല്ലതല്ല. അങ്ങനെയുള്ള കുട്ടികള്‍ തൊട്ടാവാടികളായി മാറുകയും പ്രതിസന്ധികളില്‍ തളരുകയും ചെയ്യുന്നതായാണ് നിരവധി അനുഭവങ്ങൾ പറയുന്നത്.

ഭയം ചെലുത്തരുത്
കുട്ടികളെ ടെലിവിഷനു മുന്നിലിരുത്തി മറ്റുകാര്യങ്ങളില്‍ മുഴുകുന്ന മാതാപിതാക്കള്‍ കുട്ടികള്‍ മറ്റൊരു മാധ്യമത്തിന് തങ്ങളുടെ മുഴുവന്‍ ശ്രദ്ധയും കൊടുക്കുന്നു എന്ന മോശവശം മറക്കരുത്. കുട്ടികളോട് ധാരാളം സംസാരിക്കുന്നത് ഭാഷാ മികവും ആശയവിനിമയ ശേഷിയും കൂട്ടാന്‍ സഹായകമാകും. തെറ്റുകള്‍ തിരുത്തി മുന്നോട്ടു പോകാന്‍ തുറന്ന ആശയവിനിമയം വഴിയൊരുക്കും. ഒറ്റപ്പെടലില്‍ നിന്ന് അറിവിന്‍റെ ലോകത്തേക്ക് എത്താനും ചിന്തകള്‍ വിശാലമാകാനും പുസ്തക വായന കുട്ടികളെ സഹായിക്കുന്നു. സമൂഹത്തോടിണങ്ങിച്ചേരാന്‍ കുട്ടികളെ പരിശീലിപ്പിക്കണം. മറ്റു കൂട്ടികള്‍ക്ക് ഭക്ഷണവും കളിപ്പാട്ടങ്ങളും  പങ്കു വെക്കാൻ കുട്ടിയെ പ്രേരിപ്പിക്കണം.  നല്ല ജീവകാരുണ്യ പ്രവര്‍ത്തകരായി അവരെ വളര്‍ത്തണം. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പോകുന്നതോടൊപ്പം അനാഥരും വൃദ്ധരും താമസിക്കുന്ന ആലയങ്ങളില്‍ കൊണ്ടുപോയി അവരുടെ വേദനയും വിഷമവും മനസ്സിലാക്കി കൊടുക്കണം. കരുണയോടെ പരിഗണിക്കുന്ന മാതാപിതാക്കളെ കണ്ടുവളരുന്ന കുട്ടികളും അനുതാപമുളളവരായി മാറും. ജാതി, മത, വലിപ്പ, ചെറുപ്പ വ്യത്യാസങ്ങളില്ലാതെ എല്ലാവരോടും ഇടപഴകാന്‍ പഠിപ്പിക്കണം. സ്വാര്‍ഥതയില്ലാത്തവരാക്കിയും ഈശ്വര വിശ്വാസികളാക്കിയും വളര്‍ത്തണം. എന്നാല്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നാം പിന്തുടരുന്നത് നമ്മുടെ കുട്ടികള്‍ക്കും ദോഷകരമായി തീരും എന്നത് മനസ്സിലാക്കണം.

കുട്ടികള്‍ പഠിക്കാത്തതിനും ഭക്ഷണം കഴിക്കാത്തതിനും ഉറങ്ങാത്തതിനുമൊക്കെ ' ഭൂതം വരുന്നു...സാത്താന്‍ (ഷെയ്ത്താന്‍) വരുന്നു.. പൊലീസ് പിടിക്കും...'' എന്നൊക്കെ പേടിപ്പിക്കുന്ന മാതാപിതാക്കള്‍ ഇന്നോടെ ആ പരിപാടി നിര്‍ത്തുക. ഇത് അനാവശ്യമായ ഭയം ഉണ്ടാക്കുകയും അത് ഉപബോധ മനസ്സില്‍ നിലനിന്ന് വ്യക്തി ജീവിതത്തെ ബാധിക്കുകയും ചെയ്യുമെന്ന് ഓര്‍ക്കുക.

ചൊട്ടയിലെ ശീലം ചുടല വരെ
കുട്ടിയെ നിങ്ങള്‍ വിശ്വസിക്കുന്നു എന്നു വരുമ്പാള്‍ അവരുടെ ആത്മവിശ്വാസം വർധിക്കും. എന്തും തുറന്നു പറയാന്‍ നിങ്ങള്‍ ഉണ്ടെന്ന വിശ്വാസം തെറ്റുകളില്‍ നിന്നു അവരെ തിരുത്താന്‍ സഹായിക്കും. വീട്ടിലെ ചെറിയജോലികളും ഉത്തരവാദിത്തങ്ങളും അവര്‍ക്കു നല്‍കുന്നത് ആത്മവിശ്വാസമുണ്ടാക്കും. 'നീ ചെറിയ കുട്ടിയല്ലേ നീയതു ചെയ്യേണ്ട' എന്നു പറഞ്ഞ് പിന്തിരിപ്പിക്കാതിരിക്കുക. ഇളം പ്രായത്തില്‍ തന്നെ രൂപീകൃതമാകുന്ന സ്വഭാവമാകും ജീവിതാവസാനം വരെയും ഒരു വ്യക്തി നിലനിര്‍ത്തുക. 'ചൊട്ടയിലെ ശീലം ചുടല വരെ' എന്നാണല്ലോ...
 

Loading...
COMMENTS