ജീവിതം നശിപ്പിക്കും ഓഫീസിലെ മാനസിക സമ്മർദം!

നദീറ അൻവർ
13:48 PM
28/08/2019

ജോലി സ്ഥലത്തെ മാനസിക സമ്മര്‍ദം കാരണം കേരളത്തില്‍ പൊലീസുകാരുടെ ആത്മഹത്യ വർധിക്കുന്നത് അടുത്തിടെ ഏറെ വാർത്തയായിരുന്നു. മേലുദ്യോഗസ്ഥരുടെ മാനസിക പീഡനവും ജോലി സമ്മർദവും കാരണം ജീവനൊടുക്കുകയാണെന്ന് പലരും ആത്മഹത്യാ കുറിപ്പിൽ കുറിച്ചിരുന്നു. തൊഴിലിടത്തിലെ മാനസിക സമ്മർദം ജീവൻ വരെ നശിപ്പിക്കുന്നതിന് ഉത്തമ ഉദാഹരണ് ഈ സംഭവം.

പത്തിൽ ഒന്‍പത് ഇന്ത്യക്കാരും ജോലിയുമായി ബന്ധപ്പെട്ട മാനസിക സമ്മര്‍ദം അനുഭവിക്കുന്നുവെന്ന് 2018 ലെ സര്‍വേ പറയുന്നു. ജോലി നഷ്ടപ്പെടുമെന്ന ഭയം, ആത്മാര്‍ഥമായി ജോലി ചെയ്താലും മേലുദ്യോഗസ്ഥന്‍റെ ശകാരം, അമിത ജോലി, സമയക്രമവുമായോ സഹപ്രവര്‍ത്തകരുമായോ പൊരുത്തപ്പൊന്‍ കഴിയാതിരിക്കൽ, ജോലി സ്ഥലത്തെ പാര വെയ്പ്, ആശയവിനിമയ സൗകര്യമില്ലാതെ വരിക, കുടുംബത്തോടൊപ്പം ചെലവഴിക്കാൻ സമയം ലഭിക്കാതിരിക്കുക, സാമ്പത്തിക പ്രശ്‌നങ്ങള്‍, സ്ഥാനക്കയറ്റം അടക്കം ജോലിയിൽ അര്‍ഹമായ അംഗീകാരം ലഭിക്കാതിരിക്കുക, ലിംഗ-ജാതി വിവേചനം തുടങ്ങിയവയെല്ലാം തൊഴിലിടത്തിലെ മാനസിക സമ്മര്‍ദ്ദങ്ങള്‍ക്ക് മുഖ്യ കാരണങ്ങളാകുന്നു.

താളംതെറ്റുന്ന കുടുംബ ജീവിതം
ജോലിസ്ഥലത്തെ പ്രശ്‌നങ്ങള്‍ വീട്ടിലെ പെരുമാറ്റത്തെ സാരമായി ബാധിക്കുന്ന അവസ്ഥ ഒഴിവാക്കേണ്ടത് പ്രധാനമാണ്. ദേഷ്യം പങ്കാളിയോടു കാണിക്കുന്നത് പങ്കാളിയിലും കുടുംബാംഗങ്ങളിലും മാനസിക സമ്മര്‍ദമുണ്ടാക്കും. ദാമ്പത്യത്തിലെ സന്തോഷവും സമാധാനവും അത് ഇല്ലാതാക്കും.
വൈകീട്ട് ജോലി കഴിഞ്ഞു വരുന്ന ഭര്‍ത്താവ് തനിക്കും മക്കള്‍ക്കും എന്തെങ്കിലും സമ്മാനവുമായി വരുമെന്നും സ്‌നേഹ സല്ലാപത്തില്‍ ഏർപ്പെടുമെന്നുമെല്ലാം നിനച്ചിരിക്കുന്ന ഭാര്യമാരുണ്ട്. എന്നാല്‍ വന്നു കയറുമ്പോഴേ ദേഷ്യവും ബഹളവുമാകും. കണ്ണില്‍ കാണുന്നതിനെല്ലാം കുറ്റം ആരോപിച്ച്  പ്രശ്‌ന രാത്രിയാക്കുന്ന പങ്കാളിയോട് കടുത്ത ദേഷ്യം തോന്നരുത്.
നിങ്ങളുടെ ഭര്‍ത്താവിന് / ഭാര്യക്ക് ദേഷ്യം നിങ്ങളോടുള്ളല്ല, ജോലി സ്ഥലത്തെ മാനസിക സമ്മര്‍ദ്ദമാണ് വീട്ടില്‍ പ്രകടിപ്പിക്കുന്നതെന്ന് അറിയുക. ഇത് തിരിച്ചറിഞ്ഞ് പരിചരണം നല്‍കി മാനസിക സമ്മര്‍ദ്ദം കുറക്കുകയാണ് വേണ്ടത്. വീട്ടില്‍ വന്നു കയറുമ്പോൾ ഉരുളക്കുപ്പേരി എന്ന കണക്കെ വാക്പ്രയോഗം നടത്തിയാല്‍ പ്രശ്‌നം വഷളാകുകയാണ് ചെയ്യുക.
വീട്ടിലെ പ്രശ്‌നങ്ങള്‍ ജോലിയെയും ബാധിക്കാം. വീട്ടിലെ ഉത്തരവാദിത്തങ്ങള്‍ ജോലിത്തിരക്കുമൂലം മാറ്റി വയ്‌ക്കേണ്ടി വരുന്നതും കുടുംബത്തിലെ ചടങ്ങുകള്‍ക്ക് സ്ഥിരമായി പോകാന്‍ കഴിയാതെ വരുന്നതും ബന്ധങ്ങളില്‍ ഉലച്ചിലുണ്ടാക്കും. ജോലിയും കുടുംബവും ഒരുപോലെ കൊണ്ടു പോകുന്നതില്‍ പുരുഷന്മാരെപ്പോലെതന്നെ മാനസിക സമ്മര്‍ദ്ദം സ്ത്രീകളും അനുഭവിക്കുന്നുണ്ട്. എല്ലാ ഉത്തരവാദിത്തങ്ങള്‍ക്കിടയില്‍ സ്വന്തം ഇഷ്ടങ്ങള്‍ക്ക് സമയം കണ്ടെത്താനോ സ്വന്തം കഴിവുകളെ പൂര്‍ണമായി ഉപയോഗപ്പെടുത്താനോ മിക്കവര്‍ക്കും കഴിയുന്നില്ല.

നിങ്ങൾ പിരിമുറുക്കത്തിലാണോ‍? ഇതാ ലക്ഷണങ്ങൾ
ക്ഷീണം, സ്ഥിരമായി തലവേദന, ഉറക്കകുറവ്, വിശപ്പില്ലായ്മ, വിഷാദം, ഉത്ക്കണ്ഠ, മറവി, ഏകാഗ്രതയില്ലായ്മ, ഉറച്ച തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാതെവരിക, അനാവശ്യ ചിന്തകള്‍, ഉന്മേഷകുറവ്, സ്വയം മതിപ്പില്ലായ്മ, കൃത്യതയില്ലായ്മ, സമയ നിഷ്ടയില്ലായ്മ, തുടര്‍ച്ചയായി അവധിയെടുക്കുക, ജോലികള്‍ പിന്നെയാകട്ടെ എന്നു ചിന്തിക്കുക, നിസാരകാര്യത്തിനു ദേഷ്യപ്പെടുക, അക്രമാസക്തി, പുകവലിയും മദ്യപാനവുമടക്കം ലഹരിയുടെ ഉപയോഗം എന്നിവയും, ഇടക്കിടെ പനി വരുന്നതടക്കം തൊഴിലിടത്തെ മാനസിക സമ്മര്‍ദ ലക്ഷണങ്ങളായി കണക്കാക്കപ്പെടുന്നു.
ഐ.ടി മേഖലയിലേതടക്കം മുഷിഞ്ഞ് ഇരുന്നുള്ള ജോലികള്‍ വേഗത്തിൽ മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്നു.

ഹൃദ്രോഗംവരെ ബാധിക്കാം
മാനസിക സമ്മര്‍ദം ജീവിതത്തില്‍ നേരിടാത്തവരായി ആരുമില്ല. സ്ഥിരമായി ഈ അവസ്ഥ തുടരുന്നത് നന്നല്ല. ഉത്കണ്ഠ, വേവലാതി, ഭയം, നിരാശ, അസൂയ, ഒറ്റപ്പെടല്‍, കുറ്റബോധം, ധൈര്യമില്ലായ്മ എന്നിവ മാനസിക സമ്മർദം നേരിടുന്നവരുടെ സ്വഭാവത്തിലുണ്ടാകും. ചെറിയ പ്രശ്‌നങ്ങളെ പോലും ഭയത്തോടെ സമീപിക്കുക, പെട്ടെന്നു തന്നെ പ്രതീക്ഷ നഷ്ടപ്പെടുക എന്നിവ അവരുടെ വ്യക്തിത്വത്തിലുണ്ടാകും. പ്രതിസന്ധികളെ എങ്ങനെ നേരിടണമെന്നതിന് വീട്ടിലോ പുറത്തോ അവര്‍ക്കു മാതൃകകള്‍ ഉണ്ടാകാത്തതും അതിന് കാരണമാകുന്നു.
മാനസിക സമ്മര്‍ദം നേരിടുന്ന 75% ആളുകളും ചികിത്സ തേടാന്‍ തയാറാകുന്നില്ല. ഇതുകാരണം പല ആളുകളും ആത്മഹത്യയിലേക്ക് എത്തുന്നു. മാനസികസമ്മര്‍ദ്ദത്തെ കുറയ്ക്കാനുള്ള വഴികള്‍ തേടാതിരിക്കുന്നത് ആളുകളില്‍ ഉയര്‍ന്ന രക്ത സമ്മര്‍ദം, ഹൃദ്രോഗങ്ങള്‍, രോഗപ്രതിരോധ ശേഷി കുറയുന്ന അവസ്ഥ എന്നിവയ്ക്കെല്ലാം കാരണമാകുന്നു.

വ്യായാമം പരമ പ്രധാനം
പഴയ തലമുറയില്‍പ്പെട്ട ആളുകള്‍ ശാരീരിക വ്യായാമം ഉണ്ടാകുന്ന ജോലികളാണ് കൂടുതലും ചെയ്തിരുന്നത്. അവരുടെ ഭക്ഷണവും പ്രകൃതിദത്തമായിരുന്നു. ഇന്ന് ഓഫിസുകളില്‍ വിശ്രമമില്ലാതെ ദീർഘ നേരം ഇരുന്ന് ചെയ്യുന്ന ജോലികളാണ് കൂടുതലും. മാനസിക പിരിമുറുക്കം ഉണ്ടാകുമ്പോൾ പരിഹാരത്തിന് വ്യായാമം ഏറെ സഹായിക്കും.
പ്രഭാതത്തില്‍ ഒരു മണിക്കൂറെങ്കിലും നടക്കുക. സൗകര്യമുണ്ടെങ്കില്‍ മുപ്പത് മിനിറ്റ് സമയം നീന്താം. പ്രവൃത്തി ദിനങ്ങളില്‍ സമയക്കുറവ് തോന്നുകയാണെങ്കില്‍ കഴിയുന്നത്ര സമയം ഇതൊക്കെ ശീലിക്കുകയും വാരാന്ത്യത്തിലെ അവധി ദിവസം കൂടുതല്‍ സമയം വ്യായാമത്തിനായി ചെലവഴിക്കാനും ശ്രദ്ധിക്കണം. അവധി ദിവസം നന്നായി റിലാക്‌സ് ചെയ്യുക. നല്ല കാര്യങ്ങള്‍ പറയുന്ന സുഹൃത്തുക്കളോടും ബന്ധുക്കളോടുമൊപ്പം സമയം ചെലവഴിക്കുക, പൂന്തോട്ടം ശ്രദ്ധിക്കുക, വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കുക, മറ്റു വിനോദങ്ങളിൽ ഏർപ്പെടുക.

സ്ഥാപനങ്ങൾ തന്നെ വഴിയുണ്ടാക്കണം
ജീവനക്കാരുടെ മാനസിക സമ്മർദം കുറക്കാനും പരിഹരിക്കാനും തൊഴിൽ സ്ഥാപനങ്ങൾ തന്നെ പരിഹാരവുമായി മുന്നോട്ടു വരേണ്ടിയിരിക്കുന്നു. ജീവനക്കാരില്‍ മാനസികാരോഗ്യം ഉണ്ടാക്കിയെടുക്കാനും ജോലിക്ഷമത ഉയര്‍ത്തി ചിട്ടയായ പ്രവര്‍ത്തനം സാധ്യമാക്കാനും തൊഴില്‍ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കേണ്ടതുണ്ട്.
മേലധികാരികളുമായി എന്നും ആശയവിനിമയം നടത്താന്‍ ജീവനക്കാരും ശ്രദ്ധിക്കണം. അന്നന്നുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ടായി ഫോണിലോ, ഇ-മെയിലിലോ അറിയിക്കുക വഴി നിങ്ങളോടുള്ള മതിപ്പ് കൂടും. പേടിച്ച് അവരുടെ മുന്നില്‍ പോകാതെയും ആശയവിനിമയം നടത്താതിരിക്കുകയും ചെയ്യുന്നത് മതിപ്പ് നഷ്ടപ്പെടുത്താനും ഇടയാക്കും.

സമ്മര്‍ദങ്ങളെ നേരിടാന്‍ കഴിവ് നേടിയാലേ വിജയം കൈവരിക്കാനാകൂ. ജീവിതത്തില്‍ മാനസിക സമ്മര്‍ദ്ദം പൂര്‍ണമായും ഒഴിവാക്കാന്‍ സാധ്യമല്ലെങ്കിലും സമ്മര്‍ദ്ദങ്ങളില്‍ പതറാതെ പിടിച്ചു നില്‍ക്കാനുള്ള കഴിവ് നേടിയെടുക്കുകയാണ് വേണ്ടത്. എത്ര തിരക്കാണെങ്കിലും ദിവസവും പത്തു മിനിറ്റെങ്കിലും മനസ്സിനെ ശാന്തമാകാന്‍ സഹായിക്കുന്ന പരിശീലനം, ധ്യാനം, യോഗ എന്നിവയ്ക്കായി മാറ്റിവെക്കണം. മനസ്സ് ശാന്തമായാല്‍ മാത്രമേ ജോലിയില്‍ പൂര്‍ണമായും ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കൂ. എടുത്തു ചാടി പ്രതികരിക്കാതെ ക്ഷമയോടെ എങ്ങനെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവും എന്നു ചിന്തിക്കുക. മാനസിക സമ്മര്‍ദം നിയന്ത്രിക്കാനാവുന്നില്ല എന്ന് ബോധ്യപ്പെട്ടാൽ സൈക്കോളജിസ്റ്റിന്‍റെ സഹായം തേടേണ്ടതാണ്.

Loading...
COMMENTS