ദാമ്പത്യം തകരാതിരിക്കാന്‍...

Broken-Relation-Ship

സാധാരണ വിവാഹത്തിനു മുമ്പ് വരനും വരൻെറ വീട്ടുകാരും ഭാവി വധുവിൻെറ ഇഷ്ടങ്ങള്‍ വിവാഹം കഴിഞ്ഞും സാധിച്ചു കൊടുക്കാമെന്നു വാഗ്ദാനം ചെയ്യുകയും വിവാഹശേഷം വാക്കു മാറ്റുകയും ചെയ്യാറുണ്ട്. പഠിക്കുന്ന പെണ്‍കുട്ടിയാണെങ്കില്‍ തുടര്‍ന്നു പഠിപ്പിക്കാമെന്നും അവരുടെ അഭിരുചിക്കൊത്ത് ഉയരണമെന്നുമൊക്കെ തട്ടിവിടുന്ന ഭാവി വരന്‍ കല്ല്യാണം കഴിയുമ്പോള്‍ പ്ലേറ്റു മാറ്റും. അതുവരെ അവള്‍ പഠിച്ചതൊക്കെ പാഴാകുകയും ദാമ്പത്യബന്ധത്തിന് ഉലച്ചില്‍ തട്ടുകയും ചെയ്യും. 

ചിലര്‍ വിവാഹശേഷം പെണ്‍കുട്ടിയെ ജോലിക്ക് അയക്കാമെന്നു പറയുകയും പിന്നീട് വാഗ്ദാനലംഘനം നടത്തുകയും ചെയ്യും. താന്‍ വിവാഹം ചെയ്തത് അവളെ ജോലിക്കു വിടാനല്ല വീട്ടുകാര്യം നോക്കി മക്കളെ വളര്‍ത്തി കിടന്നാല്‍ മതി എന്ന് ചില പുരുഷന്മാര്‍ ഇക്കാലത്തും പറയാറുണ്ട്. ഭാര്യയുടെ സാഹിത്യവാസനയും കലാ കായിക കഴിവുകളും അവസരങ്ങള്‍ നിഷേധിച്ച് തച്ചുടക്കുന്നവരുമുണ്ട്. ചിലര്‍  വിവാഹത്തിനു മുമ്പ് തങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചും മറ്റും പങ്കാളിയാകുന്ന വ്യക്തിയെ തെറ്റിദ്ധരിപ്പിക്കുകയും നേരത്തെ പറഞ്ഞു ധരിപ്പിച്ചിരുന്ന വിവരം തെറ്റാണെന്ന് വിവാഹശേഷം പങ്കാളി മനസിലാക്കുകയും ചെയ്യുന്ന അവസ്ഥയും ദാമ്പത്യ ബന്ധത്തെ തകര്‍ക്കും. 

Marriage

വൈക്കം വിജയലക്ഷ്മിയുടെ വിവാഹം
പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിയുടെ വിവാഹം അടുത്തിടെ നടന്നു. മിമിക്രി കലാകാരനും ഇൻറീരിയര്‍ ഡിസൈന്‍ കോണ്‍ട്രാക്റ്ററുമായ അനൂപ് ആണ് വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വിജയലക്ഷ്മിക്ക് വരണമാല്യം ചാര്‍ത്തിയത്. വിജയലക്ഷ്മിയെ ഇഷ്ടപ്പെട്ട് അനൂപാണ് വിവാഹത്തിനു മുന്‍കൈയെടുത്തത്. 

എന്നാല്‍ ഒരു വര്‍ഷം മുമ്പ് വിജയലക്ഷ്മിയുടെ വിവാഹം മറ്റൊരു യുവാവുമായി നിശ്ചയിച്ചിരുന്നു. ഈ വാര്‍ത്ത മലയാളികള്‍ക്ക് സന്തോഷം പകര്‍ന്ന ഒന്നായിരുന്നു. എന്നാല്‍ ആ സന്തോഷം അധികനാള്‍ നീണ്ടു നിന്നില്ല. നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വൈക്കം വിജയലക്ഷ്മി പിന്‍മാറിയ വാര്‍ത്തയാണ് പിന്നീട് കേട്ടത്. തൃശൂര്‍ സ്വദേശി സന്തോഷുമായായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹശേഷം സംഗീത പരിപാടി നടത്താതെ സംഗീത അധ്യാപികയായി ജോലി നോക്കിയാല്‍ മാത്രം മതിയെന്നും വിവാഹശേഷം തൻെറ വീട്ടില്‍ താമസിക്കാമെന്ന് സന്തോഷ് വാക്കു തന്നിരുന്നുവെങ്കിലും സന്തോഷിൻെറ ബന്ധുവീട്ടില്‍ താമസിക്കണമെന്ന് ആവശ്യപ്പെട്ടെന്നുമായിരുന്നു വിജയലക്ഷ്മി പറഞ്ഞത്. 

NO

പങ്കാളിയുടെ ഇഷ്ടങ്ങള്‍ക്കു തടസ്സം നില്‍ക്കുന്നു
ഭാര്യയായി കഴിയുമ്പോള്‍ പല പെണ്‍കുട്ടികളും ഭര്‍ത്താക്കന്മാരുടെ ഇഷ്ടങ്ങള്‍ക്ക് കടിഞ്ഞാണിടാറുണ്ട്. ഒരു വീട്ടിലെ ഗൃഹനാഥന്‍ വിദേശത്താണ്. അങ്ങേര്‍ക്ക് മെലഡി ഗാനങ്ങള്‍ കേള്‍ക്കുന്നതാണ് ഇഷ്ടം. ഭാര്യക്കും മക്കള്‍ക്കുമാണെങ്കില്‍ റോക്കും റാപ്പുമൊക്കെയാണ് ഇഷ്ടം. ഭര്‍ത്താവ് നാട്ടില്‍ വരുമ്പോള്‍ മെലഡി കേള്‍ക്കാതിരിക്കാന്‍ ഭാര്യ അയലത്തെ യുവാവിന് മെലഡി ഗാനങ്ങളുടെ കാസറ്റുകളും സി.ഡി.യുമെല്ലാം എടുത്തുകൊടുത്തു. 

ദാമ്പത്യ ബന്ധത്തില്‍ സ്ത്രീക്കും പുരുഷനും ഒരുപോലെ സ്ഥാനമാണുള്ളതെന്ന് ഓര്‍ക്കുക. പരസ്പരം ഭരിക്കുകയും അവരവരുടെ അഭിരുചികളെയും ഇഷ്ടാനിഷ്ടങ്ങളെയും അവകാശങ്ങളെയും നിഷേധിക്കുന്നതും തൻെറ കൈയിലുള്ളവ അടിച്ചേല്‍പ്പിക്കുന്നതും ദാമ്പത്യബന്ധത്തിൻെറ അടിത്തറ തകര്‍ക്കും. ദാമ്പത്യം ഭൂരിഭാഗം ജനങ്ങളുടെയും ജീവിതത്തിലെ ഒഴിവാക്കാനാകാത്ത ഘടകമാണെങ്കിലും മാറുന്ന ജീവിത സാഹചര്യത്തില്‍ പലതും വേണ്ട വിധം വിജയത്തില്‍ എത്തുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. മാനസികവും ശാരീരികവും സാമ്പത്തികപരവുമായ ഘടകങ്ങള്‍ ദാമ്പത്യം പരാജയപ്പെടാന്‍ കാരണമാണ്. 

Phone-Usage

സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗം
വാട്‌സ്ആപ്പും ഫേസ്ബുക്കും ഉപയോഗിക്കുന്നത് ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരം തടയുന്നതും ഭാര്യ മറ്റു പുരുഷന്മാരുമായി സംസാരിക്കുന്നതിലും ഭര്‍ത്താവ് മറ്റു സ്ത്രീകളുമായി സംസാരിക്കുന്നതിലും അസ്വസ്ഥതയും പ്രശ്‌നങ്ങളുമുണ്ടാക്കുന്നതും കൗണ്‍സിലിങ്ങിനെത്തിയ ചിലര്‍ ദാമ്പത്യത്തെ ഉലച്ച ഘടകങ്ങളായി പറഞ്ഞു.  മാനസികമായും പിന്നീട് എല്ലാ അര്‍ത്ഥത്തിലും ബാധിക്കുന്ന ഈ അകല്‍ച്ച പലരും ആദ്യം ശ്രദ്ധിക്കാറില്ല. പുറമേ സന്തുഷ്ടരെന്നു നാം കരുതുന്ന പലരുടെയും ദാമ്പത്യജീവിതം കയ്പുനീരു കലര്‍ന്നതാണ്. 

മാനസികമായ ഐക്യം കുറഞ്ഞു വരിക, തുറന്ന സംസാരങ്ങള്‍ ഇല്ലാതിരിക്കുക, പങ്കാളികളുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ പരസ്പരം അറിയാതെ പോകുക, സംഭാഷണവും ചര്‍ച്ചകളും വഴക്കിലേക്കു നീങ്ങുക, പരസ്പരം അംഗീകരിക്കാനാവാത്ത അവസ്ഥ, ചെറിയ കാര്യങ്ങള്‍ പോലും വഴക്കിലേക്ക് എത്തുക, പര്സപരം ചര്‍ച്ച ചെയ്യാതെ രണ്ടുപേരും സ്വന്തം ഇഷ്ടത്തിനനുസരിച്ചു തീരുമാനങ്ങളെടുത്തു നടപ്പാക്കുക, ഭര്‍ത്താവിന് ഭാര്യയുടെ കുടുംബത്തെയും ഭാര്യക്ക് ഭര്‍ത്താവിൻെറ കുടുംബത്തെയും അംഗീകരിക്കാന്‍ കഴിയാത്ത അവസ്ഥ, ലൈംഗിക ബന്ധത്തോട് താത്​പര്യം കുറയുക, വ്യക്തിപരമായും കുടുംബപരമായും പരസ്പര സഹകരണം കുറയുക, ഓരോരുത്തര്‍ക്കും ചെലവാക്കിയ പണത്തിൻെറ കണക്കുകള്‍ നിരത്തുക തുടങ്ങിയ സാഹചര്യങ്ങള്‍ ആരുടെയെങ്കിലും ജീവിതത്തില്‍ ഉണ്ടെങ്കില്‍ അവരുടെ ദാമ്പത്യജീവിതവും ഉലച്ചിലിൻെറ വക്കിലാണെന്നു മനസിലാക്കുക. ഇരുമെയ്യും  മനസ്സും ഒന്നാവുമ്പോഴാണ് ദാമ്പത്യം വിജയപ്രദമാവുക. 

Extra-Marital-Affires


    
വേര്‍പിരിയലിനു നിസ്സാര കാര്യങ്ങള്‍...
നിസാര കാര്യങ്ങള്‍ പോലും വേര്‍പിരിയലില്‍ എത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഭാര്യാ ഭര്‍തൃ ബന്ധത്തില്‍ ഈഗോ വില്ലനായി കടന്നുവരാതെ നോക്കണം. രണ്ടുപേരും ജീവിത വിജയത്തിനായി ഒന്നിച്ചു പ്രവര്‍ത്തിക്കുന്നു എന്ന് കരുതുകയാണ് ഇതിനു പരിഹാരം. യാദൃച്ഛികമായി ദാമ്പത്യബന്ധത്തിലേക്കു കടന്നു വരുന്ന മൂന്നാം കക്ഷിയാണ് മറ്റൊരു വില്ലന്‍ (വില്ലത്തി). 

സഹായിയായോ മറ്റോ കടന്നു വരുന്ന ഈ സുഹൃത്തുമായി ഭാര്യക്കോ ഭര്‍ത്താവിനോ ശാരീരിക ബന്ധം വരെ ഉണ്ടായി ദാമ്പത്യം തകര്‍ന്ന എത്രയോ സംഭവങ്ങള്‍ നാം നിത്യവും കേള്‍ക്കുന്നു. ദാമ്പത്യത്തിൻെറ അടിത്തറയാണ് ലൈഗികത. ലൈംഗിക അസംതൃപ്തിയും വിവാഹമോചനങ്ങള്‍ക്ക് കാരണമാണ്. മാനസിക പൊരുത്തമുണ്ടെങ്കിലേ ദാമ്പത്യ ജീവിതത്തില്‍ ആനന്ദകരമായ ലൈഗികബന്ധവും സാധ്യമാകൂ. 

Trust


    
പരസ്പര വിശ്വാസവും ബഹുമാനവും വേണം
ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരം ശരിയായ ആശയവിനിമയവും സഹവര്‍ത്തിത്വവും പുലര്‍ത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ദാമ്പത്യ ബന്ധങ്ങളില്‍ കുടുംബാഗങ്ങളുടെ ഇടപെടല്‍ അനുഭാവ പൂര്‍വ്വം പരിഗണിക്കണം. പരസ്പര വിശ്വാസവും ബഹുമാനവും ഇരുവരുടെയും കഴിവുകളെ പ്രോത്സാഹിപ്പിക്കലും പ്രാവര്‍ത്തികമാക്കാന്‍ പങ്കാളികള്‍ തയാറാകേണ്ടതാണ്. വിവാഹിതരാകുന്നതിനു മുമ്പും ശേഷവും പങ്കാളികള്‍ തുറന്നു പറച്ചില്‍ ശീലമാക്കുക. തൻെറ ശരീരത്തിൻെറ പകുതിയാണ് പങ്കാളി എന്നു വിശ്വസിച്ച് പെരുമാറുകയാണെങ്കില്‍ ദാമ്പത്യബന്ധം സന്തോഷകരവും ആനന്ദകരവുമാക്കാമെന്നതില്‍ സംശയമില്ല. 

തയാറാക്കിയത്: നദീറ അന്‍വര്‍
            MSc. Psychology; PGDGC

Loading...
COMMENTS