സൈക്കോപാത്തുകളെ തിരിച്ചറിയാം

Psychopath

സൈക്കോപാത്തുകൾ Psychopath)
സൈക്കോപാത്തുകൾ -മനോരോഗികളായ ഭീകര കുറ്റവാളികൾ എന്നാണ് ഇവരെ കുറിച്ച് പൊതുവെ സമൂഹം ധരിച്ചിരിക്കുന്നത് -ഇവർ യാഥാർഥ്യത്തിൽ നിന്ന് വളരെ അകലെയാണ് എന്നും ഇവരെ ചികിൽസിച്ചു ഭേദമാക്കുവാൻ സാധിക്കില്ല എന്നും ഒക്കെയുള്ള ധാരണ തെറ്റാണ്.

ഇവരിൽ പലരും കൊടും കുറ്റവാളികൾ പോയിട്ട് , കുറ്റവാളികൾ പോലും ആകണമെന്നില്ല. മിക്ക സൈക്കോപാത്തുകളും തികച്ചും യുക്തി ഭദ്രതയുള്ളവരും ,യാഥാർഥ്യ ബോധമുള്ളവരും, തങ്ങളുടെ പ്രവർത്തികളെ കുറിച്ച് നല്ല ബോധ്യമുള്ളവരുമാണ്. അവർ മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കുന്നില്ല എന്ന് മാത്രം.ഏറ്റവും പുതിയ ഗവേഷണമനുസരിച്ചു മറ്റേത് മനോരോഗവും പോലെ സൈക്കോപാത്തുകളെയും ഒരു പരിധി വരെ ചികിത്​സയിലൂടെ ഭേദമാക്കുവാൻ സാധിക്കും.

നാർസിസ്റ്റുകൾ (Narcissist)
അനിതസാധാരണമായ സ്വാർത്ഥത, സ്വന്തം രൂപത്തെ പറ്റിയും കഴിവുകളെ പറ്റിയും ഉള്ള അതിര് കവിഞ്ഞ ആത്മാവിശ്വാസം സ്വയം അംഗീകരിക്കപ്പെടുവാനും സ്നേഹിക്കപ്പെടാനും ഉള്ള അദമ്യമായ അഭിവാഞ്​ജ ഇവയൊക്കെയാണ് ഈ കൂട്ടരുടെ പ്രത്യേകതകൾ. മറ്റുള്ള ആളുകളുടെ ഏറ്റവും ചെറിയ തെറ്റ് പോലും ക്ഷമിക്കുവാൻ സാധിക്കാത്ത ഇക്കൂട്ടർ സ്വന്തം തെറ്റിനെ പറ്റി ചെറുതായി പോലും ആരെങ്കിലും ചൂണ്ടി കാണിച്ചാൽ അസ്വസ്ഥരാകും. അവർ പ്രതികാരത്തിന് വേണ്ടി കാത്തിരിക്കുകയും ചെയ്യും.

മാക്കിവെലിയനിസം (Machiavellianism)
ഒരു പൂർണ മനോരോഗമായി കാണാക്കപെടുവാൻ സാധിക്കില്ലെങ്കിൽ കൂടി മുകളിൽ പറഞ്ഞ രണ്ടു രോഗങ്ങങ്ങളുടെയും പല പ്രത്യേകതകളും ഇക്കൂട്ടർക്ക് ഉണ്ട്. സ്വന്തം ആവശ്യത്തിന് വേണ്ടി എങ്ങനെയും കാര്യങ്ങൾ വളച്ചൊടിക്കുവാൻ മടിയില്ലാത്തവരാണിവർ. അന്യ​​െൻറ വേദനകളെ കുറിച്ച്​ യാതൊരു കരുതലും ഇക്കൂട്ടർക്ക് ഉണ്ടാവില്ല.

നമ്മുടെ ഇടയിൽ ഇത്തരത്തിലുള്ള ഒരു പാട് പേർ ഉണ്ടാകാം
ഇനി ഒരാൾ ഒരു സൈക്കോപാതിക്ക് മനോ നിലയുള്ളവനാണോ എന്ന്  തിരിച്ചറിയുവാൻ ഉതകുന്ന ടെസ്റ്റ് ലോക പ്രശസ്ത കനേഡിയൻ ക്രിമിനൽ മനഃശാസ്ത്രജ്ഞൻ ഡോ. റോബർട്ട് ഹയർ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

അതിലെ 20 പ്രധാന ഘടകങ്ങൾ :

 • എന്തിനും ഏതിനും നുണ പറയുന്ന മനോരോഗാവസ്ഥ  
 • വളരെ വാചാലരും പുറമോടിക്കാരും 
 • സ്വയം ഏതോ വലിയ ആളാണ് എന്ന് വരുത്തിത്തീർക്കുന്നവർ  
 • എപ്പോഴും എന്തെങ്കിലും ബാഹ്യമായ ഉത്തേജനം വേണ്ടവർ 
 • കൗശലക്കാരും ,ചതിയൻമാരും  
 • ചെയ്ത തെറ്റുകളെ കുറിച്ച് യാതൊരു കുറ്റബോധവും ഇല്ലാത്തവർ 
 • തീർത്തും വൈകാരികമല്ലാതെ പ്രതികരിക്കുന്നവർ  
 • കഠിന ഹൃദയരും സഹാനുഭൂതിയില്ലാത്തവരും  
 • ഇത്തിക്കണ്ണി സ്വഭാവമുള്ളവർ 
 • മനോനിയന്ത്രണം കുറവുള്ളവർ  
 • നിയന്ത്രമില്ലാത്ത ലൈംഗികത  
 • വളരെ ചെറുപ്പത്തിലേ കാണിക്കുന്ന പെരുമാറ്റ വൈകല്യങ്ങൾ 
 • കൃത്യമായ ലക്ഷ്യമില്ലാത്ത ജീവിതം 
 • അനിയന്ത്രിതമായ  എടുത്തുചാട്ടം  
 • ഉത്തരവാദിത്തബോധമില്ലാത്ത  അവസ്ഥ 
 • ഉത്തരവാദിത്തം ഏറ്റെടുക്കുവാൻ മടികാണിക്കുക  
 • പെട്ടന്ന് അവസാനിക്കുന്ന വിവാഹ-പ്രേമ ബന്ധങ്ങൾ  
 • ചെറുപ്രായത്തിലേ കുറ്റകൃത്യ വാസന 
 • പരോളിൽ പോകുമ്പോൾ പോലും കുറ്റകൃത്യങ്ങൾ ചെയ്യുക 
 • പലതരത്തിലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുക  

സൈക്കോപതിക്ക് സ്വഭമുള്ളവർ നമുക്ക് ചുറ്റുമുണ്ട്. അവരെല്ലാം കുറ്റകൃത്യങ്ങളിൽ ചെന്ന് ചാടുന്ന കൊടും കുറ്റവാളികൾ ആവണമെന്നില്ല.
 

Loading...
COMMENTS