പ്രതിരോധിക്കാം മനോരോഗങ്ങളെ

വിഷ്ണു.ജെ
00:56 AM
10/10/2016

ഒക്ടോബര്‍ 10 വിണ്ടുമൊരു മാനസികാരോഗ്യദിനം കൂടി കടന്നുവരിയാണ്. ‘മനസ്സിനും വേണം പ്രഥമ ചികിത്സ’എന്നതാണ് ഈ മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് ലോകാരോഗ്യ സംഘടന ഉയര്‍ത്തുന്ന ആശയം. തിരക്കു പിടിച്ച ആധുനിക ജീവിതത്തില്‍ ശരീരത്തിനു  മാത്രമല്ല മനസ്സിനും  പ്രഥമ ചികിത്സ ആവശ്യമായ സാമൂഹിക സാഹചര്യത്തില്‍ ഈ ആശയത്തിന് ഏറെ പ്രസക്തിയുണ്ട്. നമുക്കിടയില്‍ മുമ്പെങ്ങുമില്ലാത്തവിധം മനോരോഗികളുടെ എണ്ണം അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ മനോരോഗികളോടുളള സമൂഹത്തിന്‍െറ സമീപനത്തില്‍ ഇനിയും മാറ്റം വന്നിട്ടില്ല. പലപ്പോഴും മനോരോഗങ്ങളെ തിരിച്ചറിയുന്നതിലും അതിന് കൃത്യമായ ചികില്‍സ നല്‍കുന്നതിലും നാം പുലര്‍ത്തുന്ന ഉദാസിനത പ്രശ്നങ്ങള്‍ ഗുരുതരമാക്കാറുണ്ട്. സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്ന കേരളത്തിലും മനോരോഗികള്‍ക്ക്  എണ്ണത്തിന് കുറവൊന്നുമില്ല. കേരളത്തിലെ വര്‍ധിച്ച ആത്മഹത്യക്ക് പിന്നിലും മനോരോഗങ്ങളുടെ സാന്നിധ്യം കാണാം. സ്കിസോഫ്രീനിയ, ബൈപോളാര്‍ ഡിസോഡര്‍, ഉത്ക്കണ്ഠ, വിഷാദം തുടങ്ങി നിരവധി തരത്തിലുള്ള മനോരോഗങ്ങള്‍ സമൂഹത്തില്‍ കാണാവുന്നതാണ്.

സ്കിസോഫ്രീനിയ
ഗുരുതരമായ മനോരോഗങ്ങളുടെ പട്ടികയില്‍ വരുന്ന രോഗമാണ് സ്കിസോഫ്രീനിയ അഥവാ ചിത്തഭ്രമം. ഒരാളുടെ ചിന്തകളെയും പ്രവര്‍ത്തികളെയും ഈ രോഗം കീഴ്മേല്‍ മറിക്കുന്നു. രോഗം ബാധിച്ചയാള്‍ യാഥാര്‍ഥ്യമേത് മിഥ്യയേത് എന്ന തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് മാറുന്നു. പലപ്പോഴും ഇത്തരം രോഗികള്‍ സമൂഹത്തില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള പ്രവണത കാണിക്കുന്നു. സാധാരണ സാമൂഹ്യ സാഹചര്യങ്ങളില്‍ പോലും ഇവര്‍ക്ക് ശരിയായി പെരുമാറാന്‍ സാധിക്കുന്നില്ല. രാഗികള്‍ പലപ്പോഴും ഇല്ലാത്ത ദൃശ്യങ്ങള്‍ കണ്ടതായും, ശബ്ദങ്ങള്‍ കേട്ടതായും 
ആവകാശപ്പെടാറുണ്ട്. ഇതിനോടൊപ്പം തന്നെ പലപ്പോഴും ചില കാര്യങ്ങളോട് രോഗിക്ക് അമിതമായ പ്രതിപത്തി ഉടലെടുക്കുന്നു. ഉദാഹരണമായി സ്കിസോഫ്രീനിയ ബാധിച്ച രോഗികള്‍ക്ക് ചിലപ്പോള്‍ മതം, ഭക്തി പോലുള്ള വിഷയങ്ങളില്‍ അമിതമായ താല്‍പര്യം ഉണ്ടാവാം.ജനിതക തകരാറുകളും, തലച്ചോറിയെ രാസവസ്തുക്കളിലുണ്ടാവുന്ന ചില വ്യതിയാനങ്ങളുമാണ് പലപ്പോഴും സ്കിസോഫ്രീനയക്കുള്ള കാരണങ്ങളായി പറയുന്നത്. കൃത്യമായ സമയത്ത് ചികില്‍സിച്ചാല്‍ ഒരു പരിധിവരെ ഈ രോഗം ചികില്‍സിച്ചു മാറ്റാനോ നിയന്ത്രിച്ചു നിര്‍ത്താനോ കഴിയും. ആന്‍റി സൈക്കോട്ടിക് മരുന്നുകര്‍, ഇലക്ട്രാ കണ്‍വല്‍സീവ് തെറാപ്പി, സൈക്കോ തെറാപ്പി തുടങ്ങിയവയാണ് പ്രധാന ചികില്‍സകള്‍.

ബൈപോളാര്‍ ഡിസോഡര്‍
ബൈപോളാര്‍ ഡിസോഡര്‍ അഥവാ ഉന്‍മാദ-വിഷാദ രോഗമെന്ന് അറിയപ്പെടുന്ന ഈ മാനസികപ്രശ്നനം നമ്മുടെ സമുഹത്തില്‍ അത്ര അപൂര്‍വമല്ല. തലച്ചോറിലെ രാസവസ്തുക്കളിലുണ്ടാവുന്ന ഏറ്റക്കുറച്ചിലുകളാണ് ഈ രോഗത്തിന് കാരണം.ഇതുമൂലം ഒരു വ്യക്തിയുടെ സ്വഭാവത്തില്‍ കാര്യമായ പ്രശ്നങ്ങള്‍ ഉണ്ടാവുന്നു. ഉന്‍മാദവും വിഷാദവും മാറിമാറി അനുഭവപ്പെടുന്നു. ഉന്‍മാദത്തിന്‍െറ അവസ്ഥയില്‍ അസാധാരണമായ പെരുമാറ്റ രീതിയാണ് രോഗിക്കുണ്ടാവുക. എല്ലാകാര്യങ്ങളിലും കൂടുതല്‍ ഊര്‍ജസ്വലത കാണിക്കുന്നു. പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കാതെ ഇവര്‍ നടത്തുന്ന പല പ്രവര്‍ത്തികളും ഗുരുതരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഇതിന്‍െറ നേര്‍വിപരീത അവസ്ഥയിലാവും വിഷാദ സമയത്ത് രോഗി. ഒരുകാര്യത്തിലും താല്‍പര്യമില്ലാത്ത അവസ്ഥയിലേക്ക് രോഗി എത്തിച്ചേരുന്നു. ജീവിതത്തോട് ഒരു നെഗറ്റീവ് ചിന്താഗതി ഉടലെടുക്കുന്നു. ആളുകളുമായി സംസാരിക്കുനതിനും വിമുഖത കാണിക്കുന്നു. ചിലപ്പോള്‍ ഇത്തരക്കാരില്‍ ആത്മഹത്യ പ്രവണത വരെ കണ്ടുവരാറുണ്ട്. ആന്‍റി സൈക്കേട്ടിക് മരുന്നുകള്‍, ആന്‍റി ഡിപ്രസെന്‍റുകള്‍, മൂഡ് സ്റ്റെബിലൈസറുകള്‍, സൈക്കോ തെറാപ്പി എന്നിവയാണ് ചികില്‍സക്കായി പ്രധാനമായും ഉപയോഗിക്കുന്നത്്. രോഗത്തിലെ പല ഘട്ടങ്ങളില്‍ വിവിധ തരത്തിലുള്ള ചികിത്സയാണ് നല്‍കുക. 

വിഷാദരോഗം
വളരെ സാധാരണയായി കണ്ടു വരുന്ന ഒരു മാനസിക പ്രശ്നമാണ് വിഷാദരോഗം. ഇന്ന് ക്ഷീണമുള്‍പ്പടെയുള്ള രോഗങ്ങളുമായി ഡോക്ടറെ സമീപിക്കുന്ന പലരുടെയും യഥാര്‍ഥ പ്രശ്നം ഈ രോഗമാണ്. പലപ്പോഴും വിഷാദരോഗത്തിന്‍െറ ലക്ഷണങ്ങള്‍ ശാരീരിക രോഗങ്ങളായി തെറ്റിധരിക്കാറുണ്ട്.  അതുകൊണ്ടുതന്നെ കൃത്യമായ ചികിത്സ ലഭിക്കാന്‍ വൈകുന്നത് സാധാരണമാണ്.വിഷാദരോഗം ബാധിച്ച വ്യക്തികള്‍ പലതരം ലക്ഷണങ്ങളാവും പ്രകടിപ്പിക്കുക. ഇവര്‍ക്ക്  ജിവിതത്തില്‍ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടതായി തോന്നാറുണ്ട്. ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യമില്ലാതാകുന്നു. ഉറക്കം കുറയുക, വിശപ്പ് ഇല്ലാതാകുക, തുക്കം കുറയുക തുടങ്ങിയവയുണ്ടാവുന്നു. അതൊടപ്പം തന്നെ പലതരത്തിലുള്ള ശാരീരിക വേദനകളും ഇത്തരം രോഗികള്‍ക്ക് അനുഭവപ്പെടാറുണ്ട്. ഇവക്കെല്ലാം പുറമെ അപകര്‍ഷതാബോധവും, കുറ്റബോധവും രോഗികളെ വേട്ടയാടും. അപൂര്‍വം രോഗികളില്‍ അമിതമായ വിശപ്പ്, ഉറക്കം എന്നിവ കണ്ടുവരാറുണ്ട്.  രോഗം ഗുരുതരമാവുന്ന പക്ഷം രോഗികള്‍ ആത്മഹത്യയില്‍ അഭയംപ്രാപിക്കാനും സാധ്യതയുണ്ട്്. 
വിഷാദരോഗത്തിനുള്ള മരുന്നുകളായ ആന്‍റി ഡിപ്രസന്‍റുകള്‍,  ഇലക്ട്രാ കണ്‍വല്‍സീവ് തെറാപ്പി, സൈക്കോതെറാപ്പി, കൗണ്‍സലിംഗ് എന്നിവ ചികിത്സയുടെ ഭാഗമായി നിര്‍ദ്ദേശിക്കാറുണ്ട്. ഇതിനെല്ലാം പുറമെ ഫലപ്രദമായ സാമൂഹിക പിന്തുണയും രോഗശമനത്തിന് ആവശ്യാവശ്യമാണ്. 

ഉത്ക്കണ്ഠ (anxiety disorders )
പലതരത്തിലുള്ള ഉത്ക്കണ്ഠകള്‍ നിത്യജീവിതത്തിന്‍്റ ഭാഗമാണ്.ചിലസമയങ്ങളില്‍ നമ്മളെല്ലാവരും ഇത്തരത്തിലുള്ള അവസ്ഥ കളിലൂടെ കടന്നു പോയിട്ടുണ്ടാവാം. എന്നാല്‍ ദീര്‍ഘകാലത്തെക്കു നീണ്ടു നില്‍ക്കുന്ന ഇത്തരം പ്രശ്നങ്ങള്‍ മാനസികരോഗത്തിന്‍റ ഭാഗമാണ്. ഇത്തരക്കാര്‍ക്ക് എല്ലാകാര്യങ്ങളിലും ഉത്ക്കണ്ഠയായിരിക്കും. ദീര്‍ഘകാലത്തേക്കു ഈ അവസഥ അവരില്‍ നിലനില്‍ക്കുന്നു. ദൈനംദിന കാര്യങ്ങളില്‍ പോലും ഇത് ഇവര്‍ക്ക് താളപിഴകള്‍ സൃഷ്ടിക്കുന്നു.ആശങ്കകള്‍ ഒരിക്കലും ഇവര്‍ക്ക് നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല.സമൂഹത്തിലേ പലതിനോടും ഇവര്‍ക്ക് അനിനിയന്ത്രിതമായ ആശങ്കയായിരിക്കും. മറ്റുവ്യക്തികളോട്  നല്ലബന്ധം സ്ഥാപിക്കാന്‍ ഇവര്‍ക്ക് കഴിയാതെ പോകുന്നു. അനിനിയന്ത്രിതമായ ഭയമാണ് രോഗത്തിന്‍െറ ആദ്യലക്ഷണങ്ങള്‍. അതിനുശേഷം ഉറക്കകുറവുള്‍പ്പെടയുളള പ്രശ്നങ്ങള്‍ രോഗിയെ അലട്ടി തുടങ്ങും. ദിവസേന ചെയ്തിരുന്ന കാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ കഴിയാതെ വരികയും ചെയ്യുന്നു. വയറെരിച്ചിലും ദഹനപ്രശ്നങ്ങളും കടുത്ത ക്ഷീണവും രോഗത്തിന്‍റ ലക്ഷണങ്ങളാണ്. മരുന്നുകള്‍ക്ക് പുറമെ കോഗ്നിറ്റിവ് ബിഹേറിയല്‍ തെറാപ്പിയാണ്
ചികില്‍സ രീതി. സമാനപ്രശ്നങ്ങളുള്ളവരുമായി സംവേദിക്കുന്നത് രോഗികള്‍ക്ക് ആശ്വാസമാകുമെന്ന് കണ്ടത്തെിയിട്ടുണ്ട്. ഇത്തരത്തില്‍ ഈ രോഗം ബാധിച്ച ആളുകളുടെ പ്രത്യേക ഗ്രൂപ്പുകളുണ്ടാക്കി അവര്‍ക്ക് സംസാരിക്കാനുള്ള അവസരം ഉണ്ടാക്കുന്നതും ഇപ്പോഴുള്ള ചികില്‍സ രീതിയാണ്.  

ആത്മഹത്യപ്രവണത
ആത്മഹത്യപ്രവണതയും ആത്മഹത്യയും ഇന്നത്തെ സമൂഹത്തില്‍ സൃഷ്ടിക്കുന്ന പ്രശ്നം ചെറുതല്ല.ആത്മഹത്യയെ ശാസ്ത്രീയമായി പലപ്പോഴും നമ്മുക്ക് കാണാന്‍ സാധിക്കുന്നില്ല .വിഷാദം,ബൈപോളാര്‍ പോലുള്ള അസുഖങ്ങള്‍ ഉള്ളവരില്‍  ആത്മഹത്യ പ്രവണത കണ്ടുവരാറുണ്ട്. എനിക്കു ജീവിതം മടുത്തു ഞാന്‍ ഇനി ആത്മഹത്യ ചെയ്യാന്‍ പോവുകയാണ്  എന്നുപറയുന്നവര്‍ മറ്റൊരു സാധ്യത തേടുകയാണ്. അവര്‍ പറയാതെ നമ്മോടു പറയുന്നത് ഞാന്‍ ഗുരുതരമായ പല പ്രശ്നങ്ങളും നേരിടുന്നു എന്നു തന്നെയാണ്. ഇതു മനസ്സിലാക്കി അവരോടപ്പം നില്‍ക്കുകയാണ് വേണ്ടത്.

പരമാവധി അവരെ കുറ്റപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കണം. ആത്മഹത്യക്കായിഅവര്‍ കണ്ടത്തെിയ  ന്യായീകരണങ്ങളെ അന്ധമായി എതിര്‍ക്കരുത്. പകരം അത് പരിഹരിക്കാന്‍ കഴിയുന്നതാണെന്ന് അവരെ ബോധ്യപ്പെടുത്തുക.  ആതമഹത്യ ചെയ്യാനുള്ള വിവിധ വഴികള്‍ അന്വഷിക്കുന്ന ഇവര്‍ കൃത്യമായ സാഹചര്യം ലഭിക്കുമ്പോള്‍ ആത്മഹത്യയിലേക്ക് പോകുന്നു.മാനസികാരോഗ്യ പ്രശ്ങ്ങള്‍ നേരിടുന്നവരില്‍ ഇത് പതിന്‍മടങ്ങ് കൂടുതലായിരിക്കും. ഇവര്‍ക്ക് കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. ശരീരത്തിന് മുറിവേല്‍ക്കുമ്പോള്‍ നാം പെട്ടന്ന് തന്നെ ഫസ്റ്റ് എയ്ഡ് അഥവാ പ്രഥമ ചികിത്സ നല്‍കാറുണ്ട്. പക്ഷേ നമ്മുടെ മനസ്സിന് ഏല്‍ക്കുന്ന വലിയ മുറിവുകള്‍ക്കു പോലും നാം അത് നല്‍കാറില്ല. ഇത് തിരിച്ചറിഞ്ഞു കൊണ്ടു തന്നെയാണ് ലോകാരോഗ്യസംഘടന മനസ്സിനും നല്‍കാം ഫസ്റ്റ് എയ്ഡ് എന്ന മുദ്രാവാക്യവുമായി രംഗത്തത്തെിയിരിക്കുന്നത്. ശാരീരികമായ ആരോഗ്യത്തോടപ്പം മാനസികമായ ആരോഗ്യം കൂടി നിലനിര്‍ത്താന്‍ ഇത് സഹായിക്കും.  

Loading...
COMMENTS