കേരളത്തിന്‍റെ സ്വന്തം ദുബൈ റൈഡർമാർ
text_fieldsകേരള റൈഡേഴ്സി ന്റെയും ഡി.എക്സ്.ബി റൈഡേഴ്സ് ടീം അംഗങ്ങൾ
മലയാളികൾ പൊതുവെ ഫിറ്റ്നസ് ശ്രദ്ധിക്കാത്തവരാണെന്ന് പലരും പറയാറുണ്ട്. മുൻകാലങ്ങളിൽ അത് ഏറെക്കുശറ ശരിയായിരുന്നെങ്കിലും പുതുതലമുറ അങ്ങിനെയല്ല. ഇതിന്‍റെ ഏറ്റവും വലിയ തെളിവാണ് ദുബൈയിലെ രണ്ട് സൈക്ലിങ് കൂട്ടായ്മകൾ, കേരള റൈഡേഴ്സും ഡി.എക്സ്.ബി റൈഡേഴ്സും. ഈ രണ്ട് കൂട്ടായ്മകൾക്കും നേതൃത്വം നൽകുന്നത് മലയാളികളാണെന്ന് മാത്രമല്ല, അംഗങ്ങളിൽ ഭൂരിപക്ഷവും മലയാളികളാണ്. ദുബൈയിലെ മലയാളികളെ മടിയിൽ നിന്ന് ആരോഗ്യ സംരക്ഷണത്തിലേക്ക് ഇറക്കുന്നതിൽ ഈ രണ്ട് കൂട്ടായ്മകൾ നൽകുന്ന സംഭാവനകൾ ചെറുതല്ല.
നൂറുകണക്കിന് അംഗങ്ങൾ കേരള റൈഡേഴ്സിലും ഡി.എക്സ്.ബി റൈഡേഴ്സിലുമുണ്ട്. ഒരേ സമയം രണ്ട് കൂട്ടായ്മകളുടെയും ഭാഗമായവരുമുണ്ട്. ചിട്ടയായ പ്രവർത്തനങ്ങളാണ് ഇവരെ ശ്രദ്ദേയമാക്കുന്നത്. രാത്രി കാലങ്ങളിൽ സൈക്കിളുമായിറങ്ങി ദിവസവും 100 കിലോമീറ്റർ പിന്നിടുന്നവർ ഇവരുടെ കൂടെയുണ്ട്. ചെറിയ കുട്ടികൾ മുതൽ 60 വയസിന് മുകളിലുള്ളവർ വരെ ഒരേ സ്പിരിറ്റോടെ സൈക്കിൾ ചവിട്ടുന്നത് കാണാം. ദുബൈ ഫിറ്റ്നസ് ചലഞ്ചിന്‍റെ ഭാഗമായ ദുബൈ റൈഡിലും ദുബൈ റണ്ണിലുമെല്ലാം ഇവരുടെ സാന്നിധ്യമുണ്ടാകും.
ഓടാനും സൈക്കിൾ ചവിട്ടാനും മാത്രമല്ല, വോളന്‍റിയർമാരായും കേരളത്തിന്‍റെ സ്വന്തം റൈഡർമാർ നിരത്തിലിറങ്ങുന്നു. അഞ്ച് കിലോമീറ്റർ തികച്ച് സൈക്കിൾ ചവിട്ടാൻ കഴിയാത്തവർ ഇവരുടെ കൂടെ ചേരുന്നതോടെ 50, 100 കിലോമീറ്റർ പിന്നിടാൻ കെൽപ്പുള്ളവരായി മാറുന്നു. യു.എ.ഇയിൽ നടക്കുന്ന ഒട്ടുമിക്ക മത്സരങ്ങളിലും കേരള റൈഡർമാരുടെ സാന്നിധ്യം കാണാം. ഗിന്നസ് ബുക്കിൽ ഇടംപിടിച്ചവരും കുറവല്ല. സൈക്കിൾ വാങ്ങാൻ കൈയിൽ പണമില്ലാത്തവർക്ക് തവണ വ്യവസ്ഥയിൽ സൈക്കിളുകൾ ഏർപെടുത്തിക്കൊടുക്കുന്ന സഹായമനസ്കരുമുണ്ട്.
സൈക്ലിങ് കൂട്ടായ്മയാണെങ്കിലും കേവലം സൈക്ലിങിൽ ഒതുങ്ങി നിൽക്കുന്നതല്ല പ്രവർത്തനങ്ങൾ. അയൺമാൻ, മാരത്തൺ ഉൾപെടെയുള്ള ദീർഘ ദൂര മത്സരങ്ങൾ പൂർത്തിയാക്കിയവർ ഇക്കൂട്ടത്തിലുണ്ട്. രാജ്യത്തിന് പുറത്ത് നടക്കുന്ന മാരത്തണുകളിലും ദുബൈയെയും കേരളത്തെയും പ്രതിനിധീകരിച്ച് പങ്കെടുക്കുന്നു. നാട്ടിലെത്തിയും റൈഡിന് നേതൃത്വം നൽകുന്നുണ്ട്. കേരളം മുഴുവൻ സൈക്കിളിൽ ചുറ്റിക്കറങ്ങിയവരും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ചവരും യു.എ.ഇയിലെ ഏഴ് എമിറേറ്റുകളിലും സഞ്ചരിച്ചവരും അതിർത്തികൾ ഭേദിച്ച് ഒമാനിലെത്തിയവരും കുന്നും മലകളും താണ്ടിയവരുമെല്ലാം ഡി.എക്സ്.ബി റൈഡേഴ്സിലും കേരള റൈഡഴേ്സിലുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

