ഈ ശരീരം നമ്മുടേതല്ല

വി.പി. റജീന
14:11 PM
08/03/2018
bauty

സുന്ദരികളും സുന്ദരന്‍മാരും ആയിരിക്കാന്‍ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. ഓരോ നാടിനും ഒരോ സംസ്കാരത്തിനും അനുസരിച്ച് സൗന്ദര്യ സങ്കല്‍പങ്ങളും അതിന്‍െറ ആചാര രീതികളും വ്യത്യസ്തമായിരിക്കും. ഭക്ഷണം പോലെ, വസ്ത്രം പോലെ, ഭാഷ പോലെ ഒക്കെ സൗന്ദര്യവത്​കരണത്തിനും വ്യത്യസ്ത മാര്‍ഗങ്ങള്‍ ആയിരുന്നു മുമ്പത്തെ കാലങ്ങളില്‍ എന്ന് ഇതേക്കുറിച്ച്​ അന്വേഷിക്കുമ്പോള്‍ മനസ്സിലാവും. അതിന് ഉപയോഗിച്ചിരുന്നതാവട്ടെ തദ്ദേശീയമായ ഉല്‍പന്നങ്ങളുമായിരുന്നു. അതൊക്കെ നമ്മുടെ മുറ്റത്തും തൊടികളിലും ഉള്ള ഇലകളിലും വേരുകളിലും വിത്തുകളിലുമൊക്കെ സമൃദ്ധമായി ഒളിഞ്ഞു കിടന്നു. കൺമഷി പോലും വീടുകളില്‍ ഉണ്ടാക്കിയായിര​ുന്നു പണ്ടത്തെ പെണ്ണുങ്ങള്‍ ഉപയോഗിച്ചിരുന്നത്. കേവല ഭംഗിക്കായിരുന്നില്ല. കണ്ണിന്‍െറ ആരോഗ്യം സംരക്ഷിക്കാനുള്ള ചേരുവകളാലും അത് സമൃദ്ധമായിരുന്നു. കൗമാരത്തിലെ മുഖക്കുരുവിനെയും പാടുകളെയും ഒക്കെ നല്ല പച്ചമഞ്ഞളോ കസ്തൂരി മഞ്ഞളോ ഒക്കെ തേച്ചു പിടിപ്പിച്ച് തോല്‍പിച്ചു കളഞ്ഞവര്‍ അവരുടെ അടുത്ത തലമുറക്ക് ആ അറിവു പകര്‍ന്നു കൊടുത്തുവെങ്കിലും വിപണിയില്‍ ഏറ്റവും എളുപ്പത്തില്‍ കിട്ടുന്ന ക്രീമുകള്‍ ഉള്ളപ്പോ അതിനൊന്നും സമയം കളയാന്‍ പിന്നത്തെ തലമുറ മിനക്കെട്ടില്ല. ആരോ നിശ്ചയിച്ച ഒരൊറ്റ അച്ചിലേക്ക് പരിവര്‍ത്തിപ്പിച്ചപ്പോള്‍ സൗന്ദര്യത്തിലെ വൈവിധ്യങ്ങള്‍ വീണുടഞ്ഞു. പിന്നീടങ്ങോട്ട് കമ്പോളമാണ് നമ്മുടെ സൗന്ദര്യബോധത്തെയും അതിനുള്ള മാര്‍ഗങ്ങളെയും തീരുമാനിച്ചത്.  

വെളുക്കാനും മിനുസപ്പെടുത്താനുമുള്ള ക്രീമുകളുടെയും ‘ആരുംകണ്ടാല്‍ ഭ്രമിച്ചുപോവുന്ന’ നിറങ്ങളിലുള്ള ചുണ്ടുകളുടെയും ‘ആരെയും വീഴ്ത്താന്‍ പാക’ത്തിലുള്ള കണ്ണുകളുടെയും മേഹന പരസ്യങ്ങളുമായി കൗമാര ലോകത്തിന്‍െറ സൗന്ദര്യബോധത്തില്‍ കൃത്യമായ ഒരു സവർണത യുവത്വബോധത്തിലേക്ക് കുത്തിവെയ്​ക്കപ്പെട്ടു. അങ്ങനെയാണ് കോസ്മറ്റിക് വ്യവസായത്തിന്‍െറ പുതിയ സാമ്രാജ്യം ഇവിടെ വേരു പിടിക്കുന്നത്. വെളുപ്പാണ് സൗന്ദര്യമെന്ന് അത് തുടരെ തുടരെ പ്രത്യക്ഷമായി പ്രഖ്യാപിച്ചുകൊണ്ടിരുന്നു. സെലിബ്രിറ്റികളെയും കോടീശ്വര പുത്രിമാരെയും ലക്ഷ്യമിട്ടുകൊണ്ടുള്ള വന്‍വിലയുള്ള പ്രത്യേക ഉല്‍പന്നങ്ങളുമായി കോസ്മറ്റിക് ഭീമന്‍മാര്‍ അരങ്ങുവാണു. അതോടൊപ്പം ഇതൊന്നും വാങ്ങാന്‍ ഗതിയില്ലാത്ത സാധാരണക്കാരെയ​ും പാവങ്ങളെയും ലക്ഷ്യമിട്ട്​, അവരുടെ പാങ്ങിനനുസരിച്ചുള്ള ഉല്‍പന്നങ്ങള്‍ വിപണിയില്‍ നിറഞ്ഞു. പക്ഷേ, സൗന്ദര്യവര്‍ധക ഭ്രമത്തില്‍പ്പെട്ടുപോയ ആരും അതി​​െൻറ ഗുണനിലവാരം നോക്കിയില്ല. ചര്‍മത്തിനും കണ്ണിനും ചുണ്ടിനുമൊക്കെ ഇതിന്‍െറ തുടര്‍ച്ചയായ ഉപയോഗം ഉണ്ടാക്കിയേക്കാവുന്ന പ്രശ്നങ്ങള്‍ ആരും ഗൗരവത്തിലുമെടുത്തില്ല.

bauty
സൗന്ദര്യവര്‍ധക വസ്തുക്കളുടെ ഉപയോഗം മൂലം ഉണ്ടാവുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ എത്ര വേണമെങ്കിലും നമുക്ക് മുന്നിലുണ്ട്. പത്തു വര്‍ഷത്തിലധികമായി യു.എസ് ഫൂഡ് ആന്‍റ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന്‍ (എഫ്.ഡി.എ) ഇക്കാര്യത്തല്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നു. അമേരിക്കയിൽപോലും കോസ്മെറ്റിക് ഉല്‍പാദകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങളുമായി ബന്ധപ്പെട്ട് പരാതികള്‍ ഉയര്‍ന്നാല്‍ അത് റിപ്പോർട്ട്​ ചെയ്യാമെന്ന് നിയപരമായി ബാധ്യതകള്‍ ഇല്ല. ഷോപ്പുകളില്‍ ഇവ വിൽപനക്ക് വെക്കുന്നതിന് മുമ്പ് ഇവക്ക് പ്രീ മാര്‍ക്കറ്റ് അനുമതി ലഭിക്കേണ്ടതുമില്ല. എന്നുവെച്ചാല്‍ ഇത് ഉപയോഗിക്കുന്നവരുടെ സുരക്ഷ ഉല്‍പാദകരെ അലട്ടുന്ന തലവേദനയേ അല്ല. കഴിഞ്ഞ ദശകത്തിനിടെ കോസ്മെറ്റിക് ഉല്‍പന്നങ്ങളില്‍ നിന്നും ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ട 5,144 പരാതികള്‍ ആണ് എഫ്.ഡി.എക്ക് ലഭിച്ചതത്രെ. ഷാംപൂവും മേക്അപ് സാധനങ്ങളുമാണത്രെ  മുമ്പത്തേക്കാളും ഏറ്റവും അപകടകരമായി മാറിക്കൊണ്ടിരിക്കുന്നത്. എന്നത്തേതിനേക്കാളും ആരോഗ്യവുമായി ബന്ധപ്പെട്ട പരാതികള്‍ ഉയരുകയാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 2004നും 2016ഉം ഇടയില്‍ കോസ്മെറ്റിക്​സി​​െൻറ ഉപയോഗത്തിലൂടെ 5000ത്തിലേറെ പേര്‍ക്ക് രോഗങ്ങള്‍ ഉണ്ടായി.  കേശ,ചര്‍മ പരിചരണ ഉല്‍പന്നങ്ങളില്‍ നിന്നും പച്ചകുത്തല്‍ പോലുള്ളവയിൽ നിന്നുമാണ്​ ഇതില്‍ ഏറ്റവും കൂടുതല്‍ പ്രശനങ്ങള്‍ ഉണ്ടായത്. 

വമ്പന്‍ വിപണി, നിയന്ത്രണങ്ങള്‍ക്കതീതം
രണ്ടാംലോക യുദ്ധാനന്തരമാണ് കോസ്മെറ്റിക്സ്​ ഇന്‍ഡസ്ട്രിക്ക് പ്രചാരം കിട്ടിത്തുടങ്ങിയത്.  കറുത്ത നിറം മോശമാണ്, നിങ്ങളുടെ ചുണ്ടുകള്‍ ചുവന്നിരിക്കണം, കണ്ണുകള്‍ക്ക് മൂര്‍ച്ചയും ആരെയും ആകര്‍ഷിക്കുന്ന വശ്യതയും വേണം, കണ്‍പുരികങ്ങള്‍ വടിവൊത്തതായിരിക്കണം, കാണുന്നവരെ ഭ്രമിപ്പിക്കും വിധം ചര്‍മം മിനുത്തതും മൃദുലവുമായിരിക്കണം ഇങ്ങനെയുള്ള ‘വാര്‍പ്പുമാതൃക’കള്‍ സൃഷ്ടിച്ച്  പുരോഗമനത്തിന്‍െറയും വിമോചനത്തിന്‍െറയും ലക്ഷണമെന്ന തരത്തില്‍ പിന്നീട് തുടരെ തുടരെ അവതരിപ്പിക്കപ്പെട്ടു. 

ഇത് കൃത്യമായും അധിനിവേശമായിരുന്നു. ആളുകളുടെ ബോധത്തിലേക്കുള്ള അധിനിവേശം. മാസങ്ങളും വര്‍ഷങ്ങളും നീണ്ടു നില്‍ക്കുന്ന, ആയുധങ്ങളും ഡോളറുകളും അധ്വാനവും ചെലവഴിച്ചുകൊണ്ട് വിശ്രമമില്ലാതെ യുദ്ധങ്ങള്‍ നടത്തി ദേശങ്ങള്‍ കീഴടക്കുന്നതിനേക്കാള്‍ വേഗത്തില്‍ ലാഭം കൊയ്യാമെന്നായി. ഊഹിക്കാവുന്നതിനും  അപ്പുറത്തെ വമ്പൻ കച്ചവടമാണ് ഇപ്പോള്‍ ഇൗ മേഖലയില്‍ നടക്കുന്നത്. പ്രതിവര്‍ഷം ബില്യണ്‍ കണക്കിന്  ഡോളറുകള്‍ കോസ്മെറ്റിക്സ്​ ഇന്‍ഡസ്ട്രി വാരിക്കൂട്ടുന്നു. 2017ല്‍ തന്നെ ആഗോള കോസ്മെറ്റിക്സ്​ ഇന്‍ഡസട്രിയുടെ വരുമാനം 265 ബില്യന്‍ ഡോളറില്‍ എത്തിയിരുന്നു.  2001 മാർച്ച് ഏഴിന് മിന്നസോട്ട ഡെയ്​ലി  ഓണ്‍ലൈന്‍ പുറത്തുവിട്ട കണക്കനുസരിച്ച് ഓരോ മിനിട്ടിലും 1282 ലിപ്സ്റ്റിക്കുകളും 2055 ജാര്‍ ചര്‍മ പരിചരണ ക്രീമുകളും വിറ്റുപോവുന്നുണ്ടത്രെ! 2000 വര്‍ഷത്തില്‍ അമേരിക്കയില്‍ 1.3 മില്യണ്‍ ആളുകള്‍ കോസ്മെറ്റിക് സര്‍ജറിക്ക് വിധേയരായിട്ടുണ്ടുപോലും. അമേരിക്കന്‍ സൊസൈറ്റി ഓഫ് പ്ലാസ്​റ്റിക്​ സര്‍ജറി പുറത്തുവിട്ടതാണ് ഈ കണക്ക്. യു.എസില്‍ ജനങ്ങള്‍ വിദ്യാഭ്യാസത്തേക്കാള്‍ കൂടുതല്‍ ധനം ചെലവഴിക്കുന്നത് ചര്‍മ, കേശ പരിചരണത്തിനാണെന്ന് ആല്‍ബര്‍ട്ട് എം. കിംഗ്​മാൻ എന്ന ചർമരോഗ വിദഗ്​ധൻ തന്‍െറ പഠനത്തില്‍ പങ്കുവെക്കുന്നു. 

bauty

പല കമ്പനികളും മൃഗങ്ങളില്‍ ക്ലിനിക്കൽ ട്രയല്‍ നടത്താതെയാണ് കോസ്മെറ്റിക്സ്​ ഉല്‍പന്നങ്ങള്‍ വിപണിയില്‍ ഇറക്കുന്നതത്രെ! ലാഭം മാത്രം അധിഷ്ഠിതമാക്കി ​ലക്കും ലഗാനുമില്ലാത്ത ഉല്‍പാദന, വില്‍പന മേഖലയില്‍ കടുത്ത മേല്‍നോട്ടങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവരണമെന്നാണ് വിദഗ്ധര്‍  ഉന്നയിക്കുന്ന ആവശ്യം. ടെലിവിഷന്‍, സിനിമ എന്നിങ്ങനെയുള്ള മാധ്യമങ്ങളിലൂടെ ആഗോള തലത്തില്‍ ചുവടുകള്‍ ഉറപ്പിച്ച ഈ വമ്പന്‍ വ്യവസായം സൂപ്പര്‍ മാർക്കറ്റ്, ഓണ്‍ലൈന്‍, ബ്യൂട്ടി പാര്‍ലര്‍ ശൃംഖലയിലൂടെ ലേകമാസകലം വിപണികള്‍ കീഴടക്കി. ചാനൽ പ്രോഗ്രാമുകള്‍, ഫാഷന്‍ ഷോകള്‍, സെലിബ്രിറ്റി ഷോകള്‍, മാഗസിനുകള്‍, സൗന്ദര്യ മല്‍സരങ്ങള്‍ തുടങ്ങി അനവധി മാർഗങ്ങളിലൂടെ ഇന്ന് നിമിഷംപ്രതി വികസിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് കോസ്മെറ്റിക്സ്​ സാമ്രാജ്യം. ഫാഷന്‍, ഹോളിവുഡ് തട്ടകങ്ങള്‍ നിര്‍ണയിക്കുന്ന സൗന്ദര്യ മാനദണ്ഡത്തിനനുസരിച്ച് മിക്ക ആളുകളും തങ്ങളുടെ സൗന്ദര്യ അഭിരുചികളും സങ്കല്‍പങ്ങളും മാറ്റിമാറ്റി പരീക്ഷിച്ചുകൊണ്ടിരിക്കുന്നു. 

ഒരു ജനറേഷന്‍ മുമ്പുള്ള മേയ്ക്അപുകള്‍  പോലുമല്ല അടുത്ത തലമറുയില്‍പ്പെട്ടവര്‍ ഉപയോഗിക്കുന്നത്. ഏതാണ്ട് പ്രായത്തി​​െൻറ എല്ലാ വകഭേദങ്ങളിലും പുരുഷന്‍മാരേക്കാള്‍ ഈ ലോകത്താല്‍ സ്വാധീനിക്കപ്പെടുന്നത് സ്ത്രീകള്‍ ആണെന്നതില്‍ തര്‍ക്കമില്ല. അതുകൊണ്ടുതന്നെ ഇതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ഏറെയും പെണ്ണുങ്ങള്‍ തന്നെ അനുഭവിക്കേണ്ടിയും വരുന്നു. ആുധിക രീതിയില്‍ ഉള്ള മേക്കപ്പ്​, സൗന്ദര്യബോധത്തിൽ ഒഴിച്ചുകൂടാനാവാത്തതാണെന്ന തലത്തിലേക്ക് സ്ത്രീകളെ ചിന്തിപ്പിക്കുന്നതില്‍ ഈ മുതലാളിമാര്‍ വിജയിച്ചു. ഏറ്റവും മെച്ചപ്പെട്ട മേക്കപ്പിലൂടെയും അതിനൊത്ത കോസ്റ്റ്യുമുകളിലൂടെയും ചടങ്ങുകളിലും മറ്റും ശ്രദ്ധ കവരാനും അതിലൂടെ സ്വന്തം സ്ഥാനം അടയാളപ്പെടുത്താനും പലരും വെമ്പുന്നു. മേക്കപ്പ്​ ചെയ്ത് പുറത്തേക്കിറങ്ങിയ പലരും അതിന്‍െറ ബലത്തില്‍ കൂടുതല്‍ ആത്മവിശ്വാസമുള്ളവരായി. ആദ്യമൊക്കെ പൊങ്ങച്ചക്കാര്‍ എന്ന് വിളിച്ച് പരിഹസിച്ചിരുന്ന സമൂഹം ഇന്നിപ്പോള്‍ തുറന്ന മനസ്സോടെ അതെല്ലാം സ്വീകരിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

കേരളത്തില്‍തന്നെ ബ്യൂട്ടി പാര്‍ലറുകള്‍ പണ്ടൊക്കെ നഗര കേന്ദ്രിതമായിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് നഗര- ഗ്രാമ വ്യത്യാസമില്ലാതെ വ്യാപകമായിരിക്കുന്നു. ഒപ്പം മുമ്പെങ്ങും കാണാത്തവിധം ജെന്‍റ്സ് ബ്യൂട്ടി സലൂണുകളും അങ്ങാടികളിൽ സ്ഥാനം പിടിച്ചിരിക്കുന്നു. എല്ലായിടത്തും സൗന്ദര്യത്തിന്‍െറ അളവുകോലുകള്‍ ഒന്നുതന്നെ, നിറം കൂടിയവര്‍ക്കും കുറഞ്ഞവര്‍ക്കും ഏറിയും കുറഞ്ഞും അളവില്‍ വെളുക്കുക തന്നെയാണ് വേണ്ടത്. കാശെറിഞ്ഞ് വെളുപ്പിക്കുന്നവരുടെയും ഹെയര്‍ സ്റ്റൈലുകള്‍ തരാതരം പരീക്ഷിക്കുന്നവരുടെയും എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇത് അത്യാവശ്യമാണെന്ന് വരുന്നതോടെ യുവാക്കളുടെയും യുവതികളുടെയും വരുമാനത്തിലെ നല്ലൊരു വിഹിതം ഇതിനായി മാറ്റിവെക്കുന്നു. മധ്യ വര്‍ഗ വിവാഹങ്ങളില്‍ പോലും ഫാഷന്‍ ഡിസൈനര്‍മാരും ബ്യൂട്ടീഷന്‍മാരും കേന്ദ്ര സ്ഥാനം കൈയടക്കിക്കൊണ്ടിരിക്കുകയാണ് ഇന്ന്. ഏറ്റവും കുറഞ്ഞ പാക്കേജുകള്‍ പോലും 35000 മുതല്‍ക്കങ്ങോട്ടാണ് ആരംഭിക്കുന്നത്. രണ്ടോ മൂന്നോ ദിവസത്തേക്ക് വധുവരന്‍മാന്‍ ഇവരുടെ ‘കസ്റ്റഡി’യില്‍ ആയിരിക്കും. ഈ ദിവസങ്ങളിലെ വിവിധ ചടങ്ങുകളില്‍ ഓരോന്നിനും പ്രത്യേകമായ മേക്കപ്പ്​ ആയിരിക്കും. തുടരെയുള്ള ദിവസങ്ങളില്‍ മണിക്കൂറുകളോളം ചര്‍മത്തില്‍ ഇവ കിടന്നാലുണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങള്‍ എത്രത്തോളമായിരിക്കും എന്നത് ആലോചിച്ചുനോക്കുക.  ഇവയുടെയൊക്കെ ഗുണനിലവാരം സംബന്ധിച്ച ഒരു ഉറപ്പും ആര്‍ക്കും നല്‍കാനാവില്ല. 

bauty

ബ്ളീച്ചിങ്, ഫേഷ്യല്‍, ഹെയര്‍ കട്ടിങ്, സ്റ്റൈലിങ്, സ്​ട്രെയ്​റ്റനിങ്​ തുടങ്ങിയവക്ക് ഓരോരുത്തരും ചെലവിടുന്ന തുകയും സമയവും വെച്ചുനോക്കുമ്പോള്‍ അതിനാനുപാതികമായ ഗുണമേന്മ ഇതിലൊക്കെ ഉണ്ടോ എന്നത് ആരുടെയും ആലോചനാ വിഷയമേ അല്ല. വിശ്വസിച്ച് വളരെ സന്തോഷത്തോടെ എടുത്ത് പുരട്ടുന്ന ഈ ഉല്‍പന്നങ്ങള്‍ പല തരത്തിലുള്ള വിഷാംശങ്ങൾ ആണെന്ന വസ്തുത സൗന്ദര്യ സംരക്ഷണത്തിന്‍െറ വെമ്പലില്‍ ആരും ഓര്‍ക്കാതെ പോവുന്നു. പ്രായം മതിക്കാത്ത ചര്‍മം കുറച്ചുകാലത്തേക്ക് കിട്ടുമെങ്കിലും ഇത്തരം ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവരേക്കാള്‍ സ്വാഭാവിക ചര്‍മം എളുപ്പത്തില്‍ നഷ്ടപ്പെടാന്‍ സാധ്യത ഇവ സ്ഥിരമായും കൂടുതല്‍ ആയും ഉപയോഗിക്കുന്നവരില്‍ ആണെന്ന് നിരവധി പഠനങ്ങള്‍ പറയുന്നു. 

ബോട്ടക്സ് എന്ന വിഷം
എപ്പോഴും ചെറുപ്പം തോന്നിക്കുന്നതിനായി വയസ്സു കുറയ്ക്കാനും കാലചക്രം തിരിച്ചു വെക്കാനുമാവില്ലല്ലോ. കാശുണ്ടെങ്കില്‍ വയസ്സും കുറച്ചു നല്‍കും എന്നതാണ് കോസ്മെറ്റിക്സ്​ ഇന്‍ഡസ്ട്രിയുടെ ഏറ്റവും ആകര്‍ഷമായ വാഗ്ദാനം.  ഇതിനായി വ്യാപകമായി ഉപയോഗിച്ചുവരുന്ന രാസവസ്തുവാണ് ‘ബോട്ടക്സ്.’ വയസ്സു തോന്നാതിരിക്കാന്‍ സെലിബ്രിറ്റികളുടെ ഇടയില്‍ ഏറ്റവും പ്രചാരത്തിലുള്ളതാണ് ബോട്ടക്സ് ഇഞ്ചക്ഷന്‍. എന്നാല്‍, ഇത് കുത്തിവെച്ചതിനെ തുടര്‍ന്ന് ഉള്ള സൗന്ദര്യം മാത്രമല്ല, ആരോഗ്യം പോലും അപകടത്തിലായ എത്രയോ പേര്‍ ഉണ്ട്. ‘ബോട്ടുലിന്‍’ എന്ന രാസവസ്തുവാണിത്. പ്രധാനമായും മുഖത്തെ മസിലുകളില്‍ ആണ് ബോട്ടുലിന്‍ പ്രയോഗം. എന്നാല്‍ അതീവ കരുതലോടെ ഉപയോഗിച്ചില്ലെങ്കിൽ അത്യധികം അപകടം വരുത്തിവെക്കുന്ന ഒന്നാണിത്.  കുത്തിവെച്ച ഭാഗത്തു നിന്നും ബോട്ടുലിന്‍ ശരീരത്തിന്‍െറ ഇതര ഭാഗങ്ങളിലേക്ക് വ്യാപിക്കുമെന്ന് 2009 ല്‍ യു.എസ് ഫുഡ് ആന്‍റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇത് മരണം വരെ സംഭവിക്കാനിടയാക്കുമത്രെ. ‘ആസ്തറ്റിക് പ്ളാസ്റ്റിക് സര്‍ജറി’ എന്ന ജേണല്‍ ബോട്ടക്സ് പരീക്ഷിച്ചവരില്‍ 42,405 പേരില്‍ നടത്തിയ പഠനത്തില്‍ മുക്കാല്‍ പങ്ക് ആളുകളും ഇതി​​െൻറ വിപരീത ഫലങ്ങള്‍ക്കിരകളാവേണ്ടി വന്നതായി കണ്ടെത്തി. ത​​െൻറ ഒരു പേഷ്ൻറി​​െൻറ ഇടതു കവിളും വായയുടെ ഭാഗവും തൂങ്ങിപ്പോയതായി ഡോ. കാര്‍ട്സ് പറയുന്നു. 

പെര്‍ഫ്യുമുകളുടെയും സൗന്ദര്യ വര്‍ധക വസ്തുക്കളുടെയും അധികരിച്ച ഉപയോഗം മനുഷ്യശരീരത്തിനു മാത്രമല്ല, ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കും ഇടയാക്കുമെന്ന് വളരെ മുമ്പ് തന്നെ പല പഠനങ്ങളിലൂടെ പുറത്ത് വന്നതാണ്. മൂക്ക് -തൊണ്ട എരിച്ചില്‍, ശ്വസന സംബന്ധമായ പ്രയാസങ്ങള്‍, ഓര്‍മ നഷ്ടം എന്നിവക്ക് വരെ പെര്‍ഫ്യൂമുകള്‍ ഇടയാക്കുമത്രെ. ഷാമ്പൂവില്‍ ഏകദേശം 15 രാസവസ്​തുക്കൾ ആണ്അടങ്ങിയിരിക്കുന്നത്​. സോഡിയം ലോറല്‍ സള്‍ഫേറ്റ്, ഡെട്രാ സോഡിയം, പ്രോപൈലെനെ ഗ്ലൈകോള്‍ എന്നിവ അതില്‍ പ്രമുഖ സ്ഥാനം കൈയടക്കിയിരുന്നു. കണ്ണിനെയാണ്​ ഈ രാസവസ്തുക്കള്‍ കൂടുതലായി ബാധിക്കുക. മുടിയിൽ പ്രയോഗിക്കുന്ന സ്പ്രേയില്‍ 11 ഇനം കെമിക്കലുകള്‍ ഉപയോഗിക്കുന്നു. അലര്‍ജി സംബന്ധമായ അസുഖങ്ങള്‍, കണ്ണ്, മൂക്ക്, തൊണ്ട എന്നിവയെ ബാധിക്കുന്നു. പുറമെ ഹോര്‍മോണ്‍ വ്യതിയാനത്തിനും കോശ ഘടനയിലും മാറ്റമുണ്ടാക്കുന്നു. 26 തരം കെമിക്കലുകള്‍ ആണ് ഐ ഷാഡോയില്‍ അടങ്ങിയിരിക്കുന്നത്. പോളിതൈലിന്‍, ടെറഫ്താലൈറ്റ് തുടങ്ങിയവ  അതില്‍ കടുത്ത പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. കാന്‍സര്‍, വന്ധ്യത, ഹോര്‍മോണ്‍ വ്യതിയാനം തുടങ്ങിയവക്ക് സാധ്യതയേറ്റുന്നു. ലിപ്സ്റ്റിക്കില്‍ അടങ്ങിയവ കെമിക്കലുകള്‍ 31 എണ്ണം. ഇതില്‍ ഏറ്റവും അപകടകാരി പോളിമതൈയ്​ലിൻ ആണ്​. മെതാക്രിലേറ്റ് മറ്റൊന്ന്. അലര്‍ജിക്കും കാന്‍സറിനുമാണ് സാധ്യത. 


bauty
നെയ്ല്‍ പോളിഷില്‍ 33 തരം കെമിക്കലുകള്‍. ‘ഫ്താലേറ്റ്സ്’ ആണ് ഏറ്റവും അപകടകാരി. വന്ധ്യത, ഗര്‍ഭസ്ഥ ശിശുക്കളുടെ വളര്‍ച്ചാ പ്രശ്നം എന്നിവക്കിടയാക്കും. പെര്‍ഫ്യൂമുകളിൽ 250 തരം രാസവസ്തുക്കളുണ്ട്​. ബെന്‍സാല്‍ഡെഹൈഡ് ആണ് ഏറ്റവും അപകടകാരി. വായക്കും തൊണ്ടക്കും കണ്ണിനും അസ്വസ്ഥതയും വൃക്ക സംന്ധമായ അസുഖങ്ങള്‍ക്കും സാധ്യതയേറ്റുന്നു. ഫൗണ്ടേഷനില്‍ 24 ഇനം കെമിക്കലുകള്‍. അലര്‍ജി, പ്രതിരോധ സംവിധാനത്തിനുണ്ടാക്കുന്ന പരിക്കുകള്‍, കാന്‍സര്‍ സാധ്യത. ബോഡി ലോഷനിൽ 32 കെമിക്കലുകള്‍. അസ്വസ്ഥത, ഹോര്‍മോണ്‍ വ്യതിയാനം എന്നിവക്ക് ഇടയാക്കുന്നു. 

കൃത്രിമ രാസവസ്തുക്കള്‍ ഉപയോഗിച്ചുള്ള ശരീര സൗന്ദര്യവല്ത്​കരണം ശരിയോ തെറ്റോ എന്നതിനപ്പുറം ഇത് ഉപഭോക്​താക്കളുടെ ആരോഗ്യത്തെ എത്ര കണ്ട് അപായപ്പെടുത്തുന്നു, ധനത്തെ എത്രത്തോളം അപഹരിക്കുന്നു എന്ന അന്വേഷണങ്ങള്‍ ഇനിയെങ്കിലും നടത്താതിരുന്നുകൂട. സൗന്ദര്യബോധത്തോടുള്ള മനുഷ്യന്‍െറ സഹജ ബോധത്തെ ലാഭം മാത്രം മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കുന്ന കോര്‍പറേറ്റ് കൊള്ളക്കാര്‍ തട്ടിയെടുത്ത വര്‍ത്തമാനത്തില്‍ ഈ വശം അവഗണിക്കുക എന്നത് അത്യപകടകരമായിരിക്കും. 

Loading...
COMMENTS