അത്യാവശ്യ ഘട്ടത്തിൽ മെഡിക്കൽ ഇൻഷുറൻസ് നൽകിയില്ല; ബജാജ് അലയ്ൻസ് കമ്പനിക്ക് 1,09,937 രൂപ പിഴ
text_fieldsകോഴിക്കോട്: മെഡിക്കൽ ഇൻഷുറൻസ് ലഭിച്ചില്ലെന്ന് കാണിച്ച് നൽകിയ പരാതിയിൽ കമ്പനി പിഴ അടക്കാൻ വിധി. മനോലോകം ഗ്രൂപ് പബ്ലിഷിങ് കമ്പനി ഡയറക്ടറായ കോഴിക്കോട് സ്വദേശി ടി.പി. വിജയഭാസ്കർ നൽകിയ പരാതിയിൽ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി 1,09,937 രൂപ നൽകണമെന്നാണ് വിധി. കോഴിക്കോട് കൺസ്യൂമർ കോടതി വിധിക്കെതിരെ ഇൻഷുറൻസ് കമ്പനി നൽകിയ അപ്പീൽ തള്ളി അന്നുമുതലുള്ള പലിശ കൂടി നൽകണമെന്ന് തിരുവനന്തപുരത്തെ കേരള സ്റ്റേറ്റ് കൺസ്യൂമർ റെസ്പ്യൂട്സ് റീഡ്രസ്സൽ കമീഷനാണ് വിധി പുറപ്പെടുവിച്ചത്.
തന്റെ ഭാര്യക്ക് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഓപറേഷനുവേണ്ടി മെഡിക്കൽ ക്ലെയിം കിട്ടാൻ പോളിസി നിബന്ധനപ്രകാരം കമ്പനിയുടെ കോഴിക്കോട്ടെ റീജനൽ ഓഫിസിൽ അറിയിച്ചെങ്കിലും കബളിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി നൽകിയത്. ഓപറേഷൻ കഴിഞ്ഞ ഉടൻ ആശുപത്രിയിൽ അടക്കേണ്ട തുകക്ക് രേഖകൾ നൽകിയാൽ ബിൽ പാസാക്കാം എന്നായിരുന്നത്രെ അറിയിച്ചത്. എന്നാൽ ഓപറേഷനുശേഷം ഫൈബ്രോയ്ഡ് അസുഖം ഉണ്ടെന്ന് പോളിസി ചേരുമ്പോൾ അറിയിച്ചില്ലന്നാണ് കമ്പനി അറിയിച്ചത്. ഇതിനെതിരെ, വാഗ്ദാനം ചെയ്ത കാര്യങ്ങൾ ലംഘിച്ചെന്നും തന്റെ പോളിസി നിലനിൽക്കുന്ന കാലയളവിൽ അർഹതപ്പെട്ട മെഡിക്കൽ ക്ലെയിം അനുവദിച്ചില്ലെന്നും ചൂണ്ടിക്കാട്ടി പരാതി നൽകുകയായിരുന്നു. കൺസ്യൂമർ ഡിസ്പ്യൂട്സ് റീഡ്രസ്സൽ കമീഷൻ ജസ്റ്റിസ് ബി. സുധീന്ദ്രകുമാർ, അംഗങ്ങളായ ഡി. അജിത് കുമാർ, കെ.ആർ. രാധാകൃഷ്ണൻ എന്നിവർ ചേർന്നാണ് വിധി പ്രഖ്യാപിച്ചത്. ടി.പി. വിജയഭാസ്കറിനുവേണ്ടി അഡ്വ. ബി.എ. കൃഷ്ണകുമാർ ഹാജരായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

