You are here
പാമ്പുകടിക്ക് ഇനി കോഴിമുട്ട; മരുന്ന് വികസിപ്പിച്ച് ശ്രീചിത്ര
തിരുവനന്തപുരം: പാമ്പുകടിയേറ്റവർക്ക് ഇനി കോഴിമുട്ടയിൽനിന്ന് വിഷസംഹാരി. ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസാണ് മുട്ടയുടെ മഞ്ഞക്കരുവിൽനിന്ന് പാമ്പുകടിക്ക് പ്രതിവിധി കണ്ടെത്തിയത്. നാഡികളെയും രക്തപ്രവാഹ വ്യവസ്ഥകളെയും ബാധിക്കുന്ന വിഷങ്ങൾക്കാണ് മരുന്ന് വികസിപ്പിച്ചെടുത്തത്. മരുന്ന് അടുത്തവർഷം വിപണിയിലെത്തുമെന്ന് ശ്രീചിത്ര അധികൃതർ അറിയിച്ചു. കോഴിമുട്ടയുടെ മഞ്ഞക്കരുവിൽ വിഷം കുത്തിവെച്ചശേഷം അത് ഉൽപാദിപ്പിക്കുന്ന ആൻറിബോഡി പാമ്പുവിഷത്തിന് ഫലപ്രദമെന്ന് കണ്ടെത്തുകയും തുടർഗവേഷണ ശേഷം നാഡി, രക്തചംക്രമണ വ്യവസ്ഥകളെ ബാധിക്കുന്ന വിഷത്തിനുവേണ്ടി പ്രത്യേകം മരുന്നുകൾ കണ്ടെത്തുകയുമായിരുന്നു. മൃഗങ്ങളിലും എലികളിലും മരുന്ന് ഇതിനകം വിജയകരമായി പരീക്ഷിച്ചു.
മരുന്ന് വികസിപ്പിച്ച് വിപണിയിലിറക്കാൻ ചെന്നൈ ന്യൂ മെഡിക്കോൺ പ്രൈവറ്റ് ലിമിറ്റഡുമായി ധാരണാപത്രവും ഒപ്പിട്ടുകഴിഞ്ഞു. നാഡി, രക്തപ്രവാഹ വ്യവസ്ഥ എന്നിവക്കായി രണ്ടുതരം മരുന്നുകളാണ് പുറത്തിറക്കുക. 70 വർഷത്തിലേറെയായി ഇന്ത്യയടക്കം രാജ്യങ്ങളിൽ പാമ്പുവിഷത്തിന് ഉപയോഗിക്കുന്നത് കുതിരയുടെ രക്തത്തിൽനിന്ന് വേർതിരിച്ചെടുത്ത മരുന്നാണ്. അനിമൽ പ്രോട്ടീൻ ധാരാളമുള്ള ഇൗ മരുന്നിന് വൃക്കയുടെ പ്രവർത്തനം തകരാറിലാക്കുന്നതടക്കമുള്ള ദൂഷ്യഫലമുണ്ട്. കോഴിമുട്ടയിൽനിന്ന് വിഷസംഹാരി ഉൽപാദിപ്പിക്കാൻ ഗവേഷണം തുടങ്ങുന്നത് 1999ലാണ്. മൂർഖൻ, വെള്ളക്കെട്ടൻ, രണ്ടിനം അണലി എന്നിവയാണ് ഇവിടെ സാധാരണയായി കാണപ്പെടുന്ന വിഷപ്പാമ്പുകൾ. ആദ്യ രണ്ടുപാമ്പുകളുടെ വിഷം നാഡി വ്യവസ്ഥകളെ തകരാറിലാക്കുേമ്പാൾ അണലി രക്തപ്രവാഹത്തെയാണ് ബാധിക്കുക. രണ്ടിനും ഇപ്പോൾ ഒരു മരുന്നാണ് നിലവിലുള്ളത്.