ചൈന കൊറോണ വൈറസ്​ ഭീതിയിൽ; മരണം ആറായി

  • ഉദ്യോഗസ്ഥർ വിവരങ്ങൾ മറച്ചുവെക്കരുതെന്ന്​ നേതൃത്വം

21:42 PM
21/01/2020
korona-virus-china

​െബയ്​ജിങ്​: കൊറോണ വിഭാഗത്തി​ൽപ്പെട്ട വൈറസ്​ പടരുന്ന ചൈനയിൽ ഒറ്റ ദിവസംകൊണ്ട്​ മരണ സംഖ്യ ഇരട്ടിയായി. ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന കാര്യം പരിഗണിക്കുന്ന സാഹചര്യത്തിൽ ​വൈറസ്​ ബാധ സംബന്ധിച്ച വിവരങ്ങൾ മറച്ചു പിടിക്കരുതെന്ന്​ ഉദ്യോഗസ്ഥരോട്​ ചൈനീസ്​ ഭരണ നേതൃത്വം നിർദേശിച്ചു. 

രോഗം ബാധിച്ചവരുടെ എണ്ണത്തിലും വർധനയുണ്ടായിട്ടുണ്ട്​. 300 പേർക്കാണ്​ നിലവിൽ രോഗബാധയെന്ന്​ സർക്കാർ അറിയിച്ചു. വൈറസ്​ ബാധ പൊട്ടിപ്പുറപ്പെട്ട, 1.2 കോടി ജനസംഖ്യയുള്ള വുഹാൻ നഗരത്തിൽനിന്നുള്ള യാത്രകൾ നിരീക്ഷിച്ച്​ രോഗം പടരുന്നത്​ തടയാനുള്ള ശ്രമങ്ങളിലാണ്​ സർക്കാർ. 

അന്താരാഷ്​ട്ര തലത്തിൽ ആരോഗ്യ അടയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ലോകാരോഗ്യ സംഘടന ബുധനാഴ്​ച യോഗം ചേരുന്നുണ്ട്​. യോഗത്തിൽ ചൈനീസ്​ പ്രതിനിധികൾ പങ്കെടുക്കുമെന്ന്​ വിദേശകാര്യ വക്താവ്​ ഗെങ്​ ഷുവാങ്​ പറഞ്ഞു.

ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപനമുണ്ടായാൽ ചൈനീസ്​ പുതുവർഷാഘോഷങ്ങളുമായി ബന്ധപ്പെട്ട്​ രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള യാത്രകൾക്ക്​ കടുത്ത നിയന്ത്രണമേർപ്പെടുത്തുന്നതിന്​ അന്താരാഷ്​​്ട്ര തലത്തിൽ ഏകോപിച്ച നടപടികൾ ആവശ്യമായിവരും. നിലവിൽ ഇന്ത്യ യാത്ര മുന്നറിയിപ്പ്​ പ്രഖ്യാപിച്ചിട്ടുണ്ട്​. ചൈനയിൽ നിന്നുള്ള യാത്രക്കാർക്ക്​ വിവിധ രാജ്യങ്ങൾ നിലവിൽ കടുത്ത നിരീക്ഷണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്​. 

തായ്​വാനിലും വൈറസ്​ റിപ്പോർട്ട്​ ചെയ്​തു

തായ്​പെയ്​: തായ്​വാനിൽ കൊറോണ വൈറസ്​ ബാധ അധികൃതർ സ്ഥിരീകരിച്ചു. വൈറസ്​ പൊട്ടിപ്പുറപ്പെട്ട ചൈനീസ്​ നഗരമായ വുഹാനിൽനിന്നെത്തിയ 50കാരിക്കാണ്​ രോഗം സ്ഥിരീകരിച്ചത്​. വൈറസ്​ ബാധയുടെ പശ്ചാത്തലത്തിൽ വുഹാനിലേക്ക്​ യാത്ര ചെയ്യുന്നതിനെതിരെ അധികൃതർ മുന്നറയിപ്പ്​ നൽകി. 

കടുത്തപനിയും ചുമയുമായി ടവോയുവൻ വിമാനത്താവളത്തിലിറങ്ങിയ സ്​ത്രീയെ ഉടൻതന്നെ അധികൃതർ ആശുപത്രിയിലെത്തിച്ചു. വുഹാനിലെ കച്ചവട കേന്ദ്രങ്ങൾ സന്ദർശിക്കുകയോ പക്ഷികളും മറ്റു ജന്തുക്കളുമായി അടുത്തിടപഴകുകയോ ചെയ്​തി​ട്ടില്ലെന്ന്​ അവർ പറഞ്ഞു. അതേസമയം, അവർക്കൊപ്പം വിമാനത്തിലുണ്ടായിരുന്ന 46 യാത്രക്കാ​ർ നിരീക്ഷണത്തിലാണ്​. 

Loading...
COMMENTS