മൊബൈൽ ഫോണിന് അടിമയാണോ? തലയിൽ 'കൊമ്പ്' മുളച്ചേക്കാം

10:38 AM
06/07/2019
mobile-addiction

ക്വീൻസ് ലാൻഡ്: മൊബൈൽ ഫോണിന് അടിമയാണോ നിങ്ങൾ ? എങ്കിൽ തലയിൽ 'കൊമ്പ്' മുളക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ജേർണൽ ഓഫ് അനാട്ടമിയിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. 

നിരന്തരമായി മൊബൈൽ ഫോണിൽ നോക്കിക്കൊണ്ടിരിക്കുന്നവർക്കാണ് കൊമ്പ് മുളക്കാൻ സാധ്യത കൂടുതൽ. തലയുടെ പിൻവശത്തെ അസ്ഥികളാണ് വളഞ്ഞ് പുറത്തേക്ക് തള്ളി കൊമ്പുകളാവുക. ആസ്ട്രേലിയയിലെ ക്വീൻസ് ലാൻഡ് യൂണിവേഴ്സിറ്റി ഓഫ് സൺഷൈൻ കോസ്റ്റിലെ ഗവേഷകരാണ് പഠനത്തിന് നേതൃത്വം നൽകിയത്. 

മൊബൈൽ അടിമകളായ 18 മുതൽ 30 വരെ പ്രായമുള്ളവരിൽ നടത്തിയ എക്സ് റേ പരിശോധനയിൽ 41 ശതമാനം പേർക്കും അസ്ഥികളുടെ ഈ അസാധാരണ വളർച്ചയുള്ളതായി കണ്ടെത്തി. സാധാരണയായി പ്രായമേറിയവരിലാണ് തലയിലെ അസ്ഥിവളർച്ച കാണപ്പെടേണ്ടത്. എന്നാൽ, ചെറുപ്പക്കാരിൽ ഇത് കണ്ടെത്തിയതാണ് ഗവേഷകരെ അത്ഭുതപ്പെടുത്തിയത്. 

ഏറെ നേരം മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ തലയുടെ ഭാരം നട്ടെല്ലിലെ അസ്ഥികളിൽനിന്നും കഴുത്തിലെ പേശികളിലേക്ക് മാറുന്നു. തുടർന്ന് തലയിലെ അസ്ഥികൾ ബന്ധിപ്പിക്കുന്നിടത്ത് ചെറിയ പുറത്തേക്കുള്ള വളർച്ച രൂപപ്പെടുന്നു. ഇതാണ് തലക്ക് പിന്നിൽ 'കൊമ്പ്' വളരാനുള്ള കാരണം. 

മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ ശരീരത്തിന്‍റെയും തലയുടെയും തുലനാവസ്ഥ നിലനിർത്തണമെന്നാണ് ഗവേഷകർ നിർദേശിക്കുന്നത്. ഏറെ നേരം മുന്നോട്ട് ആഞ്ഞിരുന്ന് ഫോണിൽ നോക്കുന്നത് ഒഴിവാക്കണമെന്നും പഠനങ്ങൾ നിർദേശിക്കുന്നു. 

Loading...
COMMENTS