കേരളത്തിലെ സ്ത്രീകളില്‍ കാന്‍സര്‍ വര്‍ധിക്കുന്നതായി പഠനം
text_fieldsകൊച്ചി: കേരളത്തിലെ സ്ത്രീകളില്‍ തൈറോയ്ഡ്, സ്തന, ഗര്‍ഭപാത്ര കാന്‍സര്‍ വര്‍ധിക്കുന്നതായി പഠനം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ദേശീയതലത്തില്‍ തൈറോയ്ഡ് ബാധിതരുടെ എണ്ണത്തില്‍ തിരുവനന്തപുരം ജില്ല രണ്ടാം സ്ഥാനത്തും കൊല്ലം ജില്ല മൂന്നാം സ്ഥാനത്തുമാണ്. തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്‍ററിന്‍െറ (ആര്‍.സി.സി) റിപ്പോര്‍ട്ട് പ്രകാരം 2013-14 വര്‍ഷത്തില്‍ 15.2 ശതമാനമാണ് ഈ കാന്‍സറിന്‍െറ വളര്‍ച്ച. സ്തനാര്‍ബുദമാണ് സ്ത്രീകളില്‍ കൂടുതലായി കാണുന്നത്. സ്തനാര്‍ബുദ ബാധിതരുടെ എണ്ണത്തില്‍ തിരുവനന്തപുരം ജില്ല രാജ്യത്ത് നാലാം സ്ഥാനത്താണ്. 33.7 ശതമാനമാണ് കേരളത്തില്‍ സ്തനാര്‍ബുദം വര്‍ധിച്ചതിന്‍െറ തോത്. 41 ശതമാനത്തോടെ ഡല്‍ഹിയാണ് മുന്നില്‍. ഗര്‍ഭപാത്രത്തെ ബാധിക്കുന്ന കാന്‍സറിലും തിരുവനന്തപുരം മൂന്നാം സ്ഥാനത്തുണ്ട്. ഗര്‍ഭാശയ കാന്‍സറില്‍ 5.1 ശതമാനമാണ് തിരുവനന്തപുരം ജില്ലയുടെ വളര്‍ച്ച. ചെന്നൈയും ഡല്‍ഹിയുമാണ് തിരുവനന്തപുരത്തിന് മുന്നിലുള്ളത്.
കാന്‍സര്‍ ചികിത്സാസൗകര്യമുള്ള ആശുപത്രികളില്‍ എത്തുന്ന രോഗികളിലും വര്‍ധനയുണ്ട്. തിരുവനന്തപുരം ആര്‍.സി.സിയില്‍ 2013-14 വര്‍ഷത്തില്‍ 216889 പേരാണ് ചികിത്സതേടിയത്. ഇവരില്‍ 75 ശതമാനം പേരും താഴ്ന്ന വരുമാനക്കാരാണ്.
