Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Articlechevron_rightഎന്നു വരും, എല്ലാ...

എന്നു വരും, എല്ലാ ആശുപത്രികളിലും ക്ലിനിക്കൽ ഫാർമസിസ്റ്റുകൾ

text_fields
bookmark_border
എന്നു വരും, എല്ലാ ആശുപത്രികളിലും ക്ലിനിക്കൽ ഫാർമസിസ്റ്റുകൾ
cancel

കഴിഞ്ഞ വർഷം ജൂലൈയിൽ ഡൽഹിയിലെ ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യയുടെ മുന്നിൽ അധികമാരും ശ്രദ്ധിക്കാതിരുന്ന ഒരു അനശ്ചിതകാല നിരാഹാര സമരം നടന്നിരുന്നു. 2008ൽ ഇന്ത്യയിൽ ആരംഭിച്ച ഫാംഡി കോഴ്സ് പാസായവർക്ക് രാജ്യത്തെ എല്ലാ ക്ലിനിക്കൽ ഫാർമസിസ്റ്റ് തസ്തികകളിലും നിയമനം നൽകണമെന്നാവശ്യപ്പെട്ട് ഒരു മലയാളിയാണ് സമരരംഗത്തുണ്ടായിരുന്നത്. എല്ലാ ആശുപത്രികളിലും ഡ്രഗ് ഇൻഫർമേഷൻ ഓഫിസർ തസ്തിക സൃഷ്ടിക്കണമെന്ന ആവശ്യവും കൂടി ഉന്നയിച്ച് തൃശൂർ പൂമല പറമ്പായി ഗ്രാമത്തിലെ സാധാരണക്കാരനായ ജോഷ്വാ എന്നയാൾ നടത്തിയ ആ സമരം സ്വന്തം മകന് വേണ്ടി മാത്രമായിരുന്നില്ല. കാൽ കോടിയോളം രൂപ ചെലവഴിച്ച്, ആറ് വർഷം പഠിച്ച് ഫാം ഡി പാസായ അര ലക്ഷത്തിലേറെ പേർക്ക് വേണ്ടിയായിരുന്നു.

വിദേശത്ത് മികച്ച തൊഴിലവസരമൊരുക്കുന്ന ഫാംഡി കോഴ്സ് ആരംഭിച്ചത് മുതൽ ഇത് പൂർത്തിയാക്കുന്നവർക്ക് ഇന്ത്യയിൽ പ്രത്യേക തൊഴിൽ മേഖലയില്ലായിരുന്നു എന്നതാണ് ജോഷ്വായെ പോലുള്ളവരെ സമര രംഗത്തേക്ക് നയിച്ചത്. ആറ് വർഷം ഇത് പഠിച്ചവർ രണ്ട് വർഷ ഡി.ഫാം കോഴ്സിന് തുല്യരാണെന്ന ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യയുടെ നിലപാടും ഇതിന് ആക്കം കൂട്ടി.


രാജ്യത്തെ എല്ലാ ക്ലിനിക്കൽ ഫാർമസിസ്റ്റ് തസ്തികകളിലേക്കും എല്ലാ ആശുപത്രികളിലും ഡ്രഗ് ഇൻഫർമേഷൻ ഓഫിസർ തസ്തിക സൃഷ്ടിച്ച് അതിലേക്കും ഫാംഡിക്കാരെ മാത്രം നിയമിക്കാനുള്ള ശിപാർശ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് നൽകാൻ ഫാർമസി കൗൺസിൽ തീരുമാനിച്ചതോടെ കഴിഞ്ഞ വർഷം ആഗസ്റ്റിൽ 51 ദിവസത്തെ നിരാഹാരം ജോഷ്വാ അവസാനിപ്പിച്ചിരുന്നു. എന്നാൽ, ഇതിനായുള്ള സംസ്ഥാനങ്ങളുടെ നിർദേശങ്ങൾ ആരാഞ്ഞതിൽ മാത്രം നടപടികൾ ഒതുങ്ങിയതിനാൽ ഡിസംബറിലെ തണുപ്പിൽ ജോഷ്വാക്ക് വീണ്ടും സമരച്ചൂടിലേക്ക് ഇറങ്ങേണ്ടി വന്നു. ജോഷ്വായുടെ മകനുൾപ്പെടെ രാജ്യത്ത് ഇൗ കോഴ്സ് പൂർത്തിയാക്കിയവർ 67,000 പേരുണ്ടെന്നാണ് കണക്ക്. പഠിച്ച് കൊണ്ടിരിക്കുന്നവർ 35,000 ഉം. തിരുവനന്തപുരം മെഡിക്കല്‍ കോളജിലടക്കം രോഗിക്ക് മരുന്നുമാറി നൽകിയതൊക്കെ നടക്കുന്ന ഈ നാട്ടിൽ ആരോഗ്യ സേവനത്തി​െൻറ സുഗമമായ നടത്തിപ്പിന് എല്ലാ ആശുപത്രികളിലും ക്ലിനിക്കല്‍ ഫാർമസിസ്റ്റുകൾ ആവശ്യമായ സാഹചര്യത്തിലാണ് ഇവരിൽ ഭൂരിഭാഗവും തൊഴിലില്ലാതെ നിൽക്കുന്നത്. ഇവരുടെ ആശങ്ക തന്നെയാണ് ആരോഗ്യരംഗത്തെ വിദഗ്ധരുടെ ചോദ്യത്തിലുള്ളത് -എന്നു വരും, എല്ലാ ആശുപത്രികളിലും ക്ലിനിക്കൽ ഫാർമസിസ്റ്റുകൾ ?

'മരുന്നിനെങ്കിലും അറിയണം', മരുന്നിനെ കുറിച്ചുള്ള വിവരം

തെറ്റായ മരുന്നുപയോഗം ഏറെ ദോഷം ചെയ്യാറുണ്ട്. അതി​െൻറ നിരവധി ഉദാഹരണങ്ങളും നമുക്ക് മുന്നിലുണ്ട്. ആശുപത്രിയിൽ ചികിൽസയിലുള്ള രോഗികൾക്ക് നഴ്സുമാർ മരുന്ന് നൽകുന്ന രീതിയാണ് നിലവിലുള്ളത്. മരുന്നുകളുടെ പ്രവർത്തന രീതിയെ കുറിച്ച് അറിവില്ലാത്ത നഴ്സുമാർ ഇത് ചെയ്യുന്നത് അശാസ്ത്രീയ നടപടിയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടാറുമുണ്ട്. മരുന്നുകൾ മാറി നൽകുന്നത് പോലുള്ള സംഭവങ്ങൾ ഇതുമൂലമാണ് ഉണ്ടാകുന്നതെന്നും ഇതൊഴിവാക്കാൻ വിദേശ രാജ്യങ്ങളിലേത് പോലെ ക്ലിനിക്കൽ ഫാർമസിസ്റ്റുകളെ ഇതിനായി നിയമിക്കുകയാണ് വേണ്ടതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.


മരുന്നുകൾ നിർമ്മിക്കുകയും അവയുടെ സുരക്ഷാ പരിശോധനകൾ നിർവഹിക്കുകയും രോഗികൾക്ക് കൃത്യമായ അളവിൽ വിതരണം ചെയ്യുകയും ഉപയോഗക്രമം ശാസ്ത്രീയമായി പറഞ്ഞു കൊടുക്കുകയും പാർശ്വഫലങ്ങൾ വിലയിരുത്തുകയും ചെയ്യാൻ ക്ലിനിക്കൽ ഫാർമസിസ്റ്റുകളുടെ സേവനം അനിവാര്യമാണ്. പരിശോധനാവേളയിൽ ഒപ്പമുള്ള ക്ലിനിക്കൽ ഫാർമസിസ്റ്റിന് അനുയോജ്യമായ മരുന്ന് ഏതെന്ന നിർദേശം ഡോക്ടർമാർക്ക് നൽകാനാകും. ഇവ ഉപയോഗിക്കേണ്ടവിധവും അതി​െൻറ പ്രത്യേകതകളും രോഗികൾക്ക് വിവരിച്ചു കൊടുക്കാനുമാകും.

മരുന്നുകളുടെ ചേരുവകൾ ശരീരത്തിൽ പ്രവർത്തിക്കുന്നതെങ്ങനെയെന്ന് പഠിക്കുന്ന ഫാംഡി ബിരുദം നേടുന്നവർക്ക് വിദേശങ്ങളിൽ മികച്ച അവസരമാണുള്ളത്. ഇന്ത്യയിൽ എല്ലാ ആശുപത്രികളിലും ക്ലിനിക്കൽ ഫാർമസിസ്റ്റ് തസ്തിക നിർബന്ധമാക്കണമെന്ന മുറവിളി അധികാര കേന്ദ്രങ്ങൾ കേട്ടിട്ടുമില്ല. ഫാർമസി വിദ്യാഭ്യാസത്തിലെ ഉന്നത ബിരുദമായ ഫാംഡിക്കാർക്കും സർക്കാർ വകുപ്പിലെ ഫാർമസിസ്റ്റാകാൻ അവസരം ലഭിക്കുന്നവിധത്തിൽ ഫാർമസി നിയമത്തിൽ കേന്ദ്രസർക്കാർ ഭേദഗതി വരുത്തിയത് മാത്രമാണ് ഇവർക്ക് ആശ്വാസകരമായത്. കേന്ദ്രത്തിന്റെ അംഗീകാരമില്ലാതിരുന്നതിനാൽ സർക്കാർ തസ്തികകളിലേക്ക് ഇവരെ പരിഗണിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ ഉള്ളതിനാൽ ഇവർക്ക് സ്വകാര്യ ആശുപത്രികളിലും കമ്പനികളിലും ജോലി കിട്ടിയിരുന്നു.



സർക്കാർ ജോലി ലഭിക്കുന്ന വിധത്തിൽ നിയമനിർമാണം വേണമെന്ന് ഈ യോഗ്യത നേടിയവരുടെ നിരന്തര ആവശ്യമായിരുന്നു. ഫാർമസി ഡിപ്ലോമ, ബിരുദം, ബിരുദാനന്തരബിരുദം എന്നിവയുള്ളവർക്ക് കിട്ടുന്ന നിയമനങ്ങൾക്ക് ഇവർക്കും അർഹതയുണ്ടായിരിക്കുമെന്ന നിയമം കൊണ്ടുവരാൻ കഴിഞ്ഞത് ഫാംഡിക്കാർക്ക് ആശ്വാസമായിട്ടുണ്ട്. ഇതോടെ തൊഴിൽസാധ്യതയിൽ ഉന്നതയോഗ്യതയുള്ളവരുമായി മത്സരിക്കേണ്ട സ്ഥിതിവന്നത് മറ്റുള്ളവരെ ആശങ്കയിലാക്കിയെന്നതും മറ്റൊരു സത്യം.

പൊതുജനങ്ങൾക്ക് ഏറ്റവും എളുപ്പം പ്രാപ്യരായ ഔഷധ വിദഗ്ദ്ധരെന്ന് ക്ലിനിക്കൽ ഫാർമസിസ്റ്റുകളെ വിശേഷിപ്പിക്കാം. സുരക്ഷിതമായ ഔഷധോപയോഗത്തിനു ഫാർമസിസ്റ്റി​െൻറ നിർദേശം കൃത്യമായി പാലിക്കേണ്ടത് അനിവാര്യമാണ്. പല രാജ്യങ്ങളിലും ഫാർമസി പ്രാക്ടീസ്, ക്ലിനിക്കൽ ഫാർമസി, ഡ്രഗ് തെറാപ്പി എന്നിവ ഏറെ വികസിതമാണ്. ഇവിടങ്ങളിൽ രോഗികൾ കഴിക്കേണ്ട മരുന്നുകളുടെ ബ്രാൻഡും അളവും നിശ്ചയിക്കുന്നതും അവയുടെ പാർശ്വഫലങ്ങൾ തിട്ടപ്പെടുത്തുന്നതും ക്ലിനിക്കൽ ഫാർമസിസ്റ്റുകളാണ്. എന്നാൽ ഇന്ത്യയിൽ ക്ലിനിക്കൽ ഫാർമസി സേവനങ്ങൾ അത്ര വളർച്ച പ്രാപിച്ചിട്ടില്ലെന്നത് ചികിത്സയുടെ ഗുണനിലവാരത്തെയും രോഗികളുടെ ആരോഗ്യത്തെയും പലപ്പോഴും മോശമായി ബാധിക്കാറുണ്ട്.


ഇന്ത്യയിൽ ഫാർമസിസ്റ്റ് ആകാൻ വേണ്ടുന്ന ഏറ്റവും കുറഞ്ഞ യോഗ്യത രണ്ട് വർഷ കോഴ്‌സായ 'ഡിഫാം അഥവാ ഡിപ്ലോമാ ഇൻ ഫാർമസി' പാസാവുക എന്നതാണ്. ഇത്തരമൊരു കോഴ്സ് ഇന്ന് മിക്ക രാജ്യങ്ങളിലും ലഭ്യമല്ല. നാല് വർഷ ബിരുദ കോഴ്‌സായ 'ബിഫാം അഥവാ ബാച്ച്ലർ ഓഫ് ഫാർമസി', ആറു വർഷത്തെ ക്ലിനിക്കൽ പരിശീലനത്തോട് കൂടിയ 'ഫാംഡി അഥവാ ഡോക്ടർ ഓഫ് ഫാർമസി' മുതലായ പ്രഫഷണൽ കോഴ്സുകളാണ് ഇന്ന് മിക്ക രാജ്യങ്ങളിലും അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ആറ് വർഷ ഫാംഡി കോഴ്സിൽ അവസാനവർഷം ഇ​േൻറൺഷിപ്പ്​, ആറുമാസം പ്രൊജക്റ്റ്‌ എന്നിവ ചെയ്യേണ്ടതുണ്ട്. ഇത് പാസായവർക്ക് പേരിന് മുമ്പിൽ 'ഡോക്ടർ ' എന്ന്‌ ചേർക്കാനും കഴിയും.

ഇന്ത്യയിൽ മാസ്റ്റർ തലത്തിലുള്ള ആശുപത്രി പരിശീലനത്തോട് കൂടിയ ഒരു പ്രൊഫഷണൽ കോഴ്‌സാണ് ഫാംഡി. ഇതിന്‌ ശേഷം നേരിട്ട് പിഎച്ച്.ഡി ചെയ്യാനുള്ള അവസരവുമുണ്ട്. കൂടാതെ ഫാർമക്കോളജി ആൻഡ്‌ ടോക്സിക്കോളജി, മെഡിസിനൽ കെമിസ്ട്രി, ഫാർമകോഗ്‌നോസി ആൻഡ്‌ ഫൈറ്റോഫാർമസ്യുട്ടിക്സ്, അനാലിസിസ് ആൻഡ് ക്വാളിറ്റി അഷ്വറൻസ് തുടങ്ങി വിവിധ സ്പെഷ്യാലിറ്റികളിൽ ബിരുദാനന്തര ബിരുദ കോഴ്‌സായ എംഫാം എന്നിവയും നടത്തി വരുന്നു.


ഗ്രാമീണ മേഖലയിൽ നിന്നൊരു മാതൃക

കേരളത്തിൽ ആസ്റ്റർ, അമൃത, ലേക് ഷോർ, രാജഗിരി തുടങ്ങിയ വൻകിട ആശുപത്രികളിൽ ക്ലിനിക്കൽ ഫാർമസിസ്റ്റിൻ്റെ സേവനം ലഭ്യമാണെന്നത് വലിയ അത്ഭുതമുള്ള കാര്യമല്ല. എന്നാൽ, ഗ്രാമീണ മേഖലയിലുള്ള കാഞ്ഞിരപ്പള്ളി 26ാം മൈൽ മേരി ക്യൂൻസ് മിഷൻ ഹോസ്പിറ്റൽ പോലുള്ള അപൂർവം ആശുപത്രികൾ ഈ സംവിധാനം നടപ്പിലാക്കിയത് കേരളത്തി​െൻറ ആരോഗ്യ സേവന മേഖലയിലെ സുപ്രധാന വഴിത്തിരിവുകളിലൊന്നായി അടയാളപ്പെടുത്താം. അടുത്തിടെ ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ ഇൻറർനാഷണൽ സൊസൈറ്റി ഓഫ് ഫാർമകോ വിജിലൻസ് (ഐസോപ്) നടത്തിയ ദ്വിദിന അന്താരാഷ്ട്ര വെർച്വൽ കോൺഫറൻസിൽ അവതരിപ്പിച്ചവയിൽ നിന്ന് ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ച പത്ത് പ്രബന്ധങ്ങളിൽ രണ്ടെണ്ണം മേരി ക്യൂൻസിലെ ഡിപാർട്ട്മെൻ്റ് ഓഫ് സർവിസ് എക്സലൻസ് ആൻഡ് ക്വാളിറ്റി സമർപ്പിച്ചവയാണ്. ഇതിലൊന്നായ വാട്സ്ആപ്പ് അധിഷ്ഠിത മെഡിക്കേഷൻ ചാറ്റ് സപ്പോർട്ട് സിസ്റ്റം ആശുപത്രിയിൽ ലോക ഫാർമസിസ്റ്റ് ദിനമായ ഇന്ന് മുതൽ നടപ്പാക്കി തുടങ്ങും.

മരുന്ന് ഉപയോഗം സംബന്ധിച്ച രോഗികളുടെ സംശയങ്ങൾക്ക് വാട്സ്ആപ്പിലൂടെ വ്യക്തവും കൃത്യവുമായ മറുപടി നൽകുന്ന സംവിധാനം ആവിഷ്കരിച്ചിരിക്കുന്നത് ജോസ് ജെ. കൊച്ചുപറമ്പിൽ, ഡോ. അഭിരാമി ജയചന്ദ്രൻ, ഡോ. മെറീന ടോം എന്നിവരാണ്. ഫാർമസിയിലെ മരുന്ന് വിതരണത്തിൻ്റെ കൃത്യത സംബന്ധിച്ച ഫാർമസി ഓഡിറ്റുമായി ബന്ധപ്പെട്ട രണ്ടാമത്തെ പ്രബന്ധത്തിലെ നിർദേശങ്ങൾ ആശുപത്രിയിൽ ഇതിനകം നടപ്പാക്കി തുടങ്ങിയിട്ടുണ്ട്. നൂതന സാങ്കേതിക വിദ്യയുടെയും ഗവേഷണങ്ങളുടെയും സഹായത്തോടെ വ്യത്യസ്തവും അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ടതുമായ ആശയങ്ങൾ നടപ്പാക്കി ആരോഗ്യ സേവന മേഖലയുടെ കാര്യക്ഷമത മെച്ചപ്പെടുത്താൻ സഹായിക്കുന്ന ക്ലിനിക്കൽ ഫാർമസിസ്റ്റുകളുടെ സേവനം എല്ലാ ആശുപത്രികളിലും നടപ്പാക്കണമെന്ന ആവശ്യമാണ് ഈ ഫാർമസിസ്റ്റ് ദിനത്തിലും വിദഗ്ധരിൽ നിന്നുയരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#World Pharmacist Day#Clinical Pharmacist#Pharm D
Next Story