Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Articlechevron_rightകഠിനമായി...

കഠിനമായി പണിയെടുക്കുന്ന വൃക്കകൾ, പാതിയിലേറെ പ്രവർത്തനം നിലച്ചാലും പുറത്ത് കാണിക്കില്ല; കരുതിയിരിക്കാം വൃക്ക രോഗങ്ങളെ

text_fields
bookmark_border
kidney
cancel

തിസങ്കീര്‍ണ്ണമായ നിരവധി ധര്‍മ്മങ്ങള്‍ ശരീരത്തില്‍ നിര്‍വഹിക്കുന്ന ആന്തരാവയവമാണ് വൃക്കകള്‍. നട്ടെല്ലിനിരുവശത്തുമായി പയറുമണിയുടെ ആകൃതിയിലാണ് വൃക്കകള്‍ കാണപ്പെടുന്നത്. ഏകദേശം 140 ഗ്രാം ഭാരമുണ്ടാകും ഓരോ വൃക്കകള്‍ക്കും. സൂക്ഷ്മരക്തക്കുഴലുകളുടെ ഒരു കൂട്ടമാണ് വൃക്കകള്‍ എന്നു പറയാം. രക്തത്തിലെ മാലിന്യങ്ങളെ നിരന്തരം വേര്‍തിരിച്ചെടുത്ത് ശുദ്ധീകരിക്കുന്നതാണ് വൃക്കകളുടെ പ്രധാന ധര്‍മ്മം. ഒപ്പം ആവശ്യമുള്ള വെള്ളവും ലവണങ്ങളും ആഗീരണം ചെയ്യുകയും അനാവശ്യമായവയെ മൂത്രമായി പുറന്തള്ളുകയും ചെയ്യും.

രക്തം വൃക്കകളിലെ സൂക്ഷ്മ രക്തക്കുഴലുകളിലൂടെ കടന്നുപോകുമ്പോഴാണ് അരിച്ചെടുക്കല്‍ പ്രക്രിയ നടക്കുന്നത്. ശരീരത്തിലെ ജലാംശത്തിന്‍െറ അളവ് ക്രമീകരിക്കുന്നതും വൃക്കകളാണ്. കുടിക്കുന്ന വെള്ളത്തിന്‍െറ അളവിനനുസരിച്ച് മൂത്രം നേര്‍പ്പിക്കാനും കട്ടി കൂട്ടാനും വൃക്കകള്‍ക്കാകും. ശരീരത്തിലെ ലവണങ്ങളുടെ അളവ് ക്രമീകരിക്കുന്നതിലും വൃക്കകള്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ആഹാരത്തിലെ മാംസ്യത്തിന്‍െറ രാസപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന യൂറിയ, ക്രിയറ്റിനിന്‍ തുടങ്ങിയവയെ ശരീരത്തില്‍നിന്ന് നീക്കം ചെയ്യുന്നതും വൃക്കകളാണ്. അമ്ള-ക്ഷാരങ്ങളുടെ അളവ് ക്രമീകരിക്കുന്നതും വൃക്കകളുടെ ജോലിയാണ്. രക്ത സമ്മര്‍ദം നിയന്ത്രിക്കുന്നതിനാവശ്യമായ ഹോര്‍മോണുകള്‍, ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനും വളര്‍ച്ചക്കും ആവശ്യമുള്ള ഹോര്‍മോണുകള്‍ തുടങ്ങിയവയുടെ ഉല്‍പാദനത്തിനും വൃക്കകള്‍ കൂടിയേ തീരൂ. എല്ലിന്‍െറയും പല്ലിന്‍െറയും വളര്‍ച്ചക്ക് ആവശ്യമായ വിറ്റാമിന്‍ ഡി വൃക്കയില്‍ വെച്ചാണ് കാര്യക്ഷമമാകുന്നത്.

വൃക്കരോഗങ്ങള്‍ സങ്കീര്‍ണ്ണമാകുന്നതെങ്ങനെ?

ചെറിയ പ്രശ്നങ്ങളും പ്രയാസങ്ങളും വൃക്കകള്‍ കാര്യമാക്കാറില്ല. തകരാറുകള്‍ പരിഹരിക്കാന്‍ വൃക്കകള്‍ കഠിന ശ്രമം നടത്തും. അതിനാല്‍ തുടക്കത്തില്‍ കാര്യമായ ലക്ഷണങ്ങള്‍ കാണാറില്ല. വൃക്കകളുടെ പ്രവര്‍ത്തനം 30 ശതമാനം മാത്രമുള്ളപ്പോള്‍ പോലും ബാഹ്യമായ ലക്ഷണങ്ങള്‍ കാണണമെന്നില്ല. വൃക്കകളുടെ പ്രവര്‍ത്തനക്ഷമത വീണ്ടും കുറയുമ്പോളാണ് പ്രത്യക്ഷമായ രോഗ ലക്ഷണങ്ങള്‍ ഉണ്ടാകുന്നത്. ഇത്തരം അവസ്ഥയെ വൃക്ക പരാജയം എന്ന് പറയുന്നു.

പ്രധാനമായും രണ്ട് തരത്തില്‍ വൃക്ക പരാജയം ഉണ്ടാകാം.

1) പെട്ടെന്നുണ്ടാകുന്ന വൃക്ക പരാജയം.

2) സ്ഥായിയായ വൃക്ക പരാജയം.

ഡെങ്കിപ്പനി, എലിപ്പനി, മലമ്പനി, വൃക്കയിലുണ്ടാകുന്ന അണുബാധ, പാമ്പുകടി, തേനീച്ചക്കുത്ത്, വിഷമദ്യം തുടങ്ങിയ കാരണങ്ങളാല്‍ വൃക്കകളുടെ പ്രവര്‍ത്തനക്ഷമത പൊടുന്നനെ കുറയുന്ന അവസ്ഥയാണ് പെട്ടെന്നുണ്ടാകുന്ന വൃക്ക പരാജയം. അമിത രക്ത സമ്മര്‍ദം, അനിയന്ത്രിതമായ പ്രമേഹം, കൊളസ്ട്രോള്‍, മദ്യപാനം, മാംസാഹാരത്തിന്‍െറ അമിതോപയോഗം, ചിലയിനം മരുന്നുകളുടെ തുടര്‍ച്ചയായ ഉപയോഗം തുടങ്ങിയ ഘടകങ്ങളാല്‍ കാലക്രമേണ വൃക്കകള്‍ പ്രവര്‍ത്തനയോഗ്യമല്ലാതെ ആയിത്തീരുന്ന അവസ്ഥയാണ് സ്ഥായിയായ വൃക്കപരാജയം.

ജനിതകപരമായ പ്രശ്നങ്ങള്‍ ഉള്ളവര്‍, വൃക്കകളിലെ മുഴകളുള്ളവർ, വലുപ്പമേറിയ ഗര്‍ഭാശയ മുഴകളുള്ളവർ, പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വളര്‍ച്ചമൂലം ഉണ്ടാകുന്ന വൃക്കകളിലെ പ്രവര്‍ത്തന തടസ്സങ്ങളുള്ളവർ, തുടര്‍ച്ചയായ കരപ്പന്‍ അസുഖമുള്ള കുട്ടികൾ, തുടര്‍ച്ചയായ അണുബാധകളുള്ളവർ തുടങ്ങിയവർ വൃക്കകളുടെ കാര്യത്തിൽ ശ്രദ്ധചെലുത്തണം. ആ അസുഖങ്ങൾ വൃക്കകളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തി വൃക്ക പരാജയത്തിനിടയാക്കുമെന്നതിനാല്‍ പ്രത്യേക ശ്രദ്ധയോടെ കാണേണ്ടതാണ്.

പ്രാരംഭലക്ഷണങ്ങള്‍

ശരീരത്തിലെ ജലാംശം നമ്മുടെ ആവശ്യമനുസരിച്ച് ക്രമപ്പെടുത്താനുള്ള വൃക്കകളുടെ കഴിവ് നഷ്ടമാകുന്നതോടുകൂടി രാത്രികാലങ്ങളില്‍ കൂടെകൂടെ മൂത്രമൊഴിക്കാനുള്ള പ്രവണത ഉണ്ടാകാറുണ്ട്. കൂടാതെ മൂത്രം കൂടുതലായി പതയുക, വായും നാവും വരളുക, വിളര്‍ച്ച, ക്ഷീണം, ഛര്‍ദ്ദി ഇവയും ആരംഭത്തില്‍ ഉണ്ടാകാം.

ശരീരത്തിലെ നീര്‍ക്കെട്ട്

അടുത്ത ഘട്ടത്തില്‍ ലവണങ്ങളെ ക്രമപ്പെടുത്താനുള്ള കഴിവുകളും ജലാംശം പുറന്തള്ളാനുള്ള കഴിവും വൃക്കകള്‍ക്ക് നഷ്ടമാകും. ഉപ്പ് ശരീരത്തില്‍ തങ്ങി നില്‍ക്കാനും മൂത്രത്തിന്‍െറ അളവ് കുറയാനും ഇതിനിടയാക്കും. തുടര്‍ന്ന് ശരീരത്തില്‍ കണ്ണിന് ചുറ്റും കണങ്കാലുകളിലും ദേഹത്ത് പല ഭാഗങ്ങളിലുമായി നീര്‍ക്കെട്ടുണ്ടാകും.

ശ്വാസം മുട്ടല്‍

വൃക്കത്തകരാറുകള്‍ ശ്വാസകോശത്തില്‍ ദ്രാവകം കെട്ടികിടക്കാന്‍ ഇടയാക്കും. ഇത് ശ്വാസകോശത്തിന്‍െറ ഓക്സിജന്‍ സ്വീകരിക്കാന്‍ കാര്‍ബണ്‍ ഡയോക്സൈഡ് പുറത്ത് വിടല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളെ ബാധിക്കും. മൂത്രത്തിലൂടെ മാംസ്യം നഷ്ടപ്പെടുന്നത് കൂടുന്തോറും നീര് കൂടുതലാകും. നീര് ശ്വാസകോശത്തെ ബാധിക്കുന്നതോട് കൂടി ശ്വാസം മുട്ടല്‍ അനുഭവപ്പെടും.

അസ്ഥി രോഗങ്ങള്‍ കൂടുന്നു

വൃക്കത്തകരാര്‍ മൂലം ശരീരത്തിലെ കാത്സ്യം ധാരാളമായി മൂത്രത്തിലൂടെ നഷ്ടപ്പെടുന്നു. എല്ലുകള്‍ പൊള്ളയാവുക, അസ്ഥികള്‍ക്ക് വേദന, തരിപ്പ്, പേശികളുടെ ബലക്ഷയം തുടങ്ങിയവയ്ക്കിത് വഴിവെക്കും.

ഹൃദ്രോഗം

ഹൃദയത്തിലേക്ക് നയിക്കുന്ന വിധത്തില്‍ ഹൃദയധമനികളില്‍ കൊഴുപ്പും മറ്റും അടിയുന്ന അവസ്ഥ വൃക്കരോഗമുള്ളവരില്‍ കൂടുതലായിരിക്കും. വൃക്കരോഗികളില്‍ ധമനികളുടെ ഉള്ളിലെ പാളികള്‍ക്ക് പ്രവര്‍ത്തനത്തകരാറുകള്‍ ഉണ്ടാകുന്നതോടൊപ്പം ധമനികള്‍ക്ക് വഴക്കവും, മൃദുലതയും നഷ്ടമാകുന്നു. ധമനികളുടെ ജരിതാവസ്ഥ ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്നു. ഈ ഘട്ടത്തില്‍ ധമനികള്‍ കൂടുതല്‍ ഇടുങ്ങിയതും കട്ടിയുള്ളതുമായി മാറിയിട്ടുണ്ടാകും.

ചര്‍മ്മം വരളുന്നു

വിളറിയ വരണ്ട ചര്‍മ്മം, ചാരനിറം, രക്തം കെട്ടി നില്‍ക്കുന്ന പാടുകള്‍, ചൊറിയുമ്പോള്‍ പാടുകള്‍ ഇവ വൃക്കത്തകരാറുകള്‍ ഉള്ളവരില്‍ കാണാറുണ്ട്. കൈകള്‍, നാക്ക്, കണ്‍പോളകളുടെ ഉള്‍വശം തുടങ്ങിയ ഭാഗങ്ങളില്‍ കൂടുതല്‍ വിളര്‍ച്ച കാണപ്പെടും. വിയര്‍പ്പിന് ദുര്‍ഗന്ധം ഉണ്ടാകാറുമുണ്ട്.

വൃക്കരോഗങ്ങള്‍ പ്രതിരോധിക്കാം

  • രക്ത സമ്മര്‍ദം, പ്രമേഹം ഇവ കര്‍ശനമായും നിയന്ത്രിച്ച് നിര്‍ത്തുക.
  • പാരമ്പര്യവും വൃക്ക രോഗവും തമ്മില്‍ അടുത്ത ബന്ധമുണ്ട്. രക്ത ബന്ധമുള്ളവര്‍ക്ക് വൃക്ക രോഗമുണ്ടെങ്കില്‍ വൃക്ക പരിശോധന അനിവാര്യമാണ്.
  • കൊഴുപ്പ്, ഉപ്പ്, ഫാസ്റ്റ് ഫുഡുകള്‍ ഇവ പരമാവധി കുറയ്ക്കുക.
  • പുകവലി, മദ്യം, ലഹരി വസ്തുക്കള്‍ ഇവ പൂര്‍ണ്ണമായും ഒഴിവാക്കുക.

ഭക്ഷണത്തിലും ജീവിതശൈലിയിലും ശരിയായ ക്രമീകരണങ്ങള്‍ വരുത്തുന്നതിലൂടെ വൃക്കരോഗങ്ങളില്‍ നല്ലൊരു പങ്ക് തടയാനാവും. പച്ചക്കറികളും പഴങ്ങളും ധാരാളമായി കഴിക്കാവുന്നതാണ്. എന്നാല്‍, വൃക്കരോഗമുള്ളവര്‍ ഇവ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധ വേണം. പൊട്ടാസ്യത്തിന്റെയും മാംസ്യത്തിന്റെയും അളവ് കൂടുന്നത് വൃക്കകള്‍ക്ക് കൂടുതല്‍ അധ്വാനം വരുത്തിവെക്കും.

ധാരാളം വെള്ളം കുടിക്കുന്നതും വൃക്കരോഗങ്ങളെ അകറ്റിനിര്‍ത്താന്‍ സഹായിക്കും. കായികാധ്വാനമുള്ള ജോലികള്‍ ചെയ്യുന്നവരും അമിതവണ്ണമുള്ളവരും കൂടുതല്‍ വെള്ളം കുടിക്കണം. അതേസമയം വൃക്കരോഗമുള്ളവര്‍ വളരെ നിയന്ത്രിതമായ അളവിലെ വെള്ളം കുടിക്കാന്‍ പാടുള്ളു.

ശരീരത്തിലെ ലവണാംശം നിയന്ത്രിക്കുന്നതില്‍ വൃക്കകള്‍ക്ക് സുപ്രധാന പങ്കാണുള്ളത്. അതിനാല്‍ പ്രമേഹവും രക്താതിമര്‍ദവും ഉള്ളവര്‍ ഉപ്പിന്റെ ഉപയോഗം നിയന്ത്രിക്കണം.

മദ്യമാണ് മറ്റൊരു വില്ലന്‍. മദ്യം വൃക്കകള്‍ക്ക് കാര്യമായ തകരാറുണ്ടാക്കും. അതുപോലെത്തന്നെ പുകവലിയും.

അനുബന്ധ രോഗങ്ങളായ ഹൃദ്രോഗവും പ്രമേഹവും രക്താതിമര്‍ദവും തടയുക എന്നതാണ് മറ്റൊരു കാര്യം. ഇവ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിഞ്ഞാല്‍ വൃക്കകളും സുരക്ഷിതമായിരിക്കും. ഇതിനാവശ്യമായ ജീവിതശൈലീ ക്രമീകരണങ്ങള്‍ സ്വീകരിക്കുന്നത് വൃക്കകളെയും രക്ഷിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kidney diseaseKidney Failureworld kidney day
News Summary - World Kidney Day 2025: tips to keep your kidneys healthy
Next Story