സന്ധിവാത ചികിത്സയിൽ വേദനസംഹാരികൾ വില്ലനാകുമ്പോൾ; സ്വയംചികിത്സ അപകടം കൂട്ടുന്നു
text_fieldsഇന്നത്തെ തലമുറ അഭിമുഖീകരിക്കുന്ന ഗുരുതരമായ ആരോഗ്യപ്രതിസന്ധികളിലൊന്ന് സന്ധിവാതത്തിന്റെ ആധിക്യമാണ്. മുൻകാലങ്ങളിൽ വാർദ്ധക്യസഹജമായ രോഗമായി കണക്കാക്കപ്പെട്ടിരുന്ന സന്ധിവാതം ഇന്ന് യുവാക്കളെയും പ്രൊഫഷണലുകളെയും ഒരുപോലെ കീഴ്പ്പെടുത്തുന്നു. എന്നാൽ ഇതിനേക്കാൾ ആശങ്കാജനകം, ഈ വേദനകളെ നേരിടാൻ മലയാളി അവലംബിക്കുന്ന 'സ്വയംചികിത്സാ' രീതികളാണ്. സന്ധികളിലെ വേദനക്ക് ഡോക്ടറുടെ നിർദേശമില്ലാതെ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് വാങ്ങി കഴിക്കുന്ന വേദനസംഹാരികൾ താൽക്കാലിക ആശ്വാസം നൽകുമെങ്കിലും അവ ശരീരത്തിനുള്ളിൽ വരുത്തിവെക്കുന്ന വിന ചെറുതല്ല. നാം മനസിലാക്കേണ്ടത് എന്തെന്നാൽ വേദനസംഹാരികൾ രോഗത്തിനുള്ള ചികിത്സയല്ല, മറിച്ച് രോഗലക്ഷണത്തെ താൽക്കാലികമായി നിയന്ത്രിക്കാൻ മാത്രമാണെന്ന തിരിച്ചറിവാണ് ഉണ്ടാകേണ്ടത്.
പ്രാരംഭ ലക്ഷണങ്ങൾ
സന്ധിവാതത്തിന്റെ ലക്ഷണങ്ങൾ പ്രകടമാകുമ്പോൾ തന്നെ ഉചിതമായ ചികിത്സ തേടുകയാണ് വേണ്ടത്. താഴെ പറയുന്ന ലക്ഷണങ്ങൾ അവഗണിക്കരുത്:
♦ചലിക്കുമ്പോഴോ അല്ലാതെയോ കൈകാലുകളിലെ സന്ധികളിൽ ഉണ്ടാകുന്ന കഠിനമായ വേദന.
♦ഉറക്കമുണരുമ്പോൾ സന്ധികൾ ചലിപ്പിക്കാൻ സാധിക്കാത്ത വിധം അനുഭവപ്പെടുന്ന കടുപ്പവും അസ്വസ്ഥതയും.
♦സന്ധികൾക്ക് ചുറ്റും നീർക്കെട്ട് ഉണ്ടാകുകയും ആ ഭാഗത്ത് തൊടുമ്പോൾ ചൂടും ചുവപ്പും അനുഭവപ്പെടുകയും ചെയ്യുക.
♦കൈകൾ മടക്കാനോ, നടക്കാനോ, പടികൾ കയറാനോ മുൻപത്തെപ്പോലെ സാധിക്കാതെ വരിക.
♦സന്ധി വേദനയോടൊപ്പം ശരീരത്തിന് പൊതുവായി അനുഭവപ്പെടുന്ന അമിത ക്ഷീണവും നേരിയ പനിയും.
കാരണങ്ങളും സാധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങളും
സന്ധിവാതം പലതരത്തിലുണ്ടെങ്കിലും അവയുടെ പ്രധാന കാരണങ്ങൾ താഴെ പറയുന്നവയാണ്:
♦തരുണാസ്ഥികളുടെ തേയ്മാനം: സന്ധികൾക്കിടയിലെ സുഗമമായ ചലനത്തിന് സഹായിക്കുന്ന തരുണാസ്ഥികൾ പ്രായമേറുന്തോറും തേഞ്ഞുതീരുന്ന അവസ്ഥ.
♦പ്രതിരോധ സംവിധാനത്തിലെ വ്യതിയാനം: റൂമറ്റോയ്ഡ് അർത്രൈറ്റിസ് പോലുള്ള അവസ്ഥകളിൽ ശരീരത്തിന്റെ രോഗപ്രതിരോധ വ്യവസ്ഥ തന്നെ സന്ധികളിലെ കോശങ്ങളെ ശത്രുവായി കരുതി ആക്രമിക്കുന്നു.
♦ആധുനിക ജീവിതശൈലി: വ്യായാമമില്ലായ്മ, അമിതമായ ശരീരഭാരം, സന്ധികൾക്ക് ഏൽക്കുന്ന പരിക്കുകൾ, കമ്പ്യൂട്ടറിന് മുന്നിൽ മണിക്കൂറുകളോളം ഒരേ ഇരിപ്പ് ഇരിക്കുന്നത് എന്നിവ രോഗസാധ്യത ഇരട്ടിയാക്കുന്നു.
♦ജനിതക ഘടന: കുടുംബത്തിൽ ആർക്കെങ്കിലും സന്ധിവാതത്തിന്റെ പശ്ചാത്തലമുണ്ടെങ്കിൽ അടുത്ത തലമുറക്കും ഇത് വരാൻ സാധ്യതയുണ്ട്.
സന്ധിവാത രോഗികളിൽ പ്രത്യേകിച്ച് വേദനസംഹാരികൾ പതിവായി ഉപയോഗിക്കുന്നവരിൽ ലക്ഷണങ്ങൾ പരസ്പരം മനസ്സിലാകാതെ പോകുന്ന ഒരു അവസ്ഥയുണ്ടാകാറുണ്ട്. ഇവിടെ ശരീരത്തിലുണ്ടാകുന്ന തീവ്രമായ നീർക്കെട്ടും വേദനസംഹാരികൾ മൂലമുണ്ടാകുന്ന ആമാശയ അസ്വസ്ഥതകളും തമ്മിൽ വേർതിരിച്ചറിയേണ്ടത് അത്യന്താപേക്ഷിതമാണ്.
♦ആക്ടീവ് ഇൻഫ്ലമേഷൻ: ഇത് രോഗത്തിന്റെ തീവ്രാവസ്ഥയെ കാണിക്കുന്നു. പ്രതിരോധ സംവിധാനത്തിന്റെ തകരാറുകൾ മൂലം സന്ധികളിലും ചിലപ്പോൾ ആന്തരികാവയവങ്ങളിലും ഉണ്ടാകുന്ന കടുത്ത നീർക്കെട്ടാണിത്. സന്ധികളിൽ വിട്ടുമാറാത്ത ചൂടും വീക്കവും, രാത്രികാലങ്ങളിൽ വർധിക്കുന്ന വേദന, രക്തപരിശോധനയിൽ കാണുന്ന ഉയർന്ന ഇൻഫ്ലമേറ്ററി മാർക്കറുകളായ സി.ആർ.പി, ഇ.എസ്.ആർ എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. ഇതിന് കൃത്യമായ ഇമ്മ്യൂണോ സപ്രസന്റ് മരുന്നുകളാണ് വേണ്ടത്, അല്ലാതെ വേദനസംഹാരികളല്ല.
നേരത്തെയുള്ള രോഗനിർണ്ണയത്തിന്റെ പ്രാധാന്യം
വേദന വരുമ്പോൾ സ്വയം ഗുളികകൾ കഴിച്ച് രോഗത്തെ മൂടിവെക്കുന്നത് ഭാവിയിൽ സന്ധികളുടെ ഘടന പൂർണ്ണമായി തകർക്കാനും വൈകല്യങ്ങളിലേക്ക് നയിക്കാനും കാരണമാകും. തുടക്കത്തിലേ തന്നെ കൃത്യമായ രക്തപരിശോധനകളായ റൂമറ്റോയ്ഡ് ഫാക്ടർ, ആന്റി -സിസിപി, എക്സ്-റേ എന്നിവയിലൂടെ സന്ധിവാതം ഏത് തരത്തിലുള്ളതാണെന്ന് കണ്ടെത്താൻ കഴിയും. സന്ധികൾക്ക് കേടുപാടുകൾ സംഭവിക്കുന്നതിന് മുമ്പ് തന്നെ രോഗം നിർണയിക്കാൻ സാധിച്ചാൽ കൃത്യമായ ചികിത്സയിലൂടെ രോഗത്തെ പൂർണ്ണമായും നിയന്ത്രണവിധേയമാക്കാൻ സാധിക്കും.
ആരോഗ്യകരമായ ജീവിതശൈലി നിർദ്ദേശങ്ങൾ
♦വേദനസംഹാരികൾ താൽക്കാലിക ശമനം മാത്രമാണ് നൽകുന്നത്. ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങളാണ് സന്ധിവാതത്തെ പ്രതിരോധിക്കാനുള്ള യഥാർത്ഥ മരുന്ന്.
♦ശരീരഭാരം ഒരോ കിലോ കൂടുമ്പോഴും അത് കാൽമുട്ടുകളിലെ സന്ധികളിൽ ഏൽപ്പിക്കുന്ന സമ്മർദ്ദം നാലിരട്ടിയാണ്. അതിനാൽ കൃത്യമായ ഭാരം നിലനിർത്തുക.
♦സന്ധികൾക്ക് അമിത ആയാസം നൽകാത്ത നടത്തം, നീന്തൽ, സൈക്ലിങ് എന്നിവ ശീലമാക്കുക. ഇത് സന്ധികൾക്ക് ചുറ്റുമുള്ള പേശികളെ ശക്തമാക്കും.
♦ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങൾ, ഇഞ്ചി, മഞ്ഞൾ, പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. സംസ്കരിച്ച ഭക്ഷണങ്ങളും അമിത മധുരവും ഒഴിവാക്കുക.
♦ഡോക്ടറുടെ കൃത്യമായ മേൽനോട്ടത്തിൽ മാത്രം സന്ധിവാതത്തിനുള്ള മരുന്നുകൾ കഴിക്കുക. ദീർഘകാല അടിസ്ഥാനത്തിലുള്ള വേദനസംഹാരികളുടെ ഉപയോഗം വൃക്കകളെയും കരളിലിനെയും ബാധിക്കുമെന്ന കാര്യം മറക്കരുത്.
തയാറാക്കിയത്-ഡോ. മുഹമ്മദ് മൻസൂഫ്. കെ, സീനിയർ സ്പെഷ്യലിസ്ററ് ഓർത്തോപീഡിക്സ്, ആസ്റ്റർ മിംസ് മദർ ഹോസ്പിറ്റൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

