Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Articlechevron_rightഅൾസർ ശ്ര​ദ്ധി​ക്ക​ണം,...

അൾസർ ശ്ര​ദ്ധി​ക്ക​ണം, നി​സ്സാ​ര​മാ​ക്ക​രു​ത്

text_fields
bookmark_border
അൾസർ ശ്ര​ദ്ധി​ക്ക​ണം, നി​സ്സാ​ര​മാ​ക്ക​രു​ത്
cancel

ജീവിതശൈലിയിലെ മാറ്റവും തെറ്റായ ഭക്ഷണരീതിയുമുള്ളവരിൽ സാധാരണമായി കണ്ടുവരുന്ന ഒന്നാണ് അൾസർ. മുൻകാലങ്ങളിൽ ചുരുക്കം ചിലരിൽ മാത്രമുണ്ടായിരുന്ന കുടൽപ്പുണ്ണ് എന്നറിയപ്പെടുന്ന അൾസർ ഇന്ന് മിക്കവരിലും കണ്ടുവരുന്നു. അശ്രദ്ധമായ ജീവിതശൈലിയും തെറ്റായ ഭക്ഷണക്രമവുമാണ് അൾസർ ബാധിക്കുന്നവരുടെ നിരക്ക് കുത്തനെ ഉയരാൻ കാരണം. കുടലിന്റെ ഭിത്തിയും ഉൾവശവും തമ്മിൽ വേർതിരിക്കുന്ന മ്യൂക്കോസ എന്ന ആവരണത്തിൽ ആസിഡ് അമിതമായി ഉൽപാദിപ്പിക്കപ്പെടുന്നതിനാൽ ഉണ്ടാകുന്ന ചെറിയ വിള്ളലുകളാണ് അൾസർ. ദഹനവ്യവസ്ഥയുടെ ഏതുഭാഗത്ത് വേണമെങ്കിലും അൾസർ ബാധിക്കാം. ആമാശയത്തിൽ കണ്ടുവരുന്ന ആമാശയ അൾസർ (Peptic ulcer), ചെറുകുടലിന്റെ ആരംഭ ഭാഗത്ത് കണ്ടുവരുന്ന അൾസർ (Duodenal ulcer) എന്നിവയാണ് സാധാരണ കണ്ടുവരുന്നത്.

ഇവയിൽ ശ്രദ്ധവേണം

കഴിക്കുന്ന ഭക്ഷണം, വെള്ളം എന്നിവയിലൂടെയെത്തുന്ന അണുബാധ (ഹെലിക്കോ ബാക്ടർ പൈലോറി) അൾസർ രൂപപ്പെടാനുള്ള ഒരു കാരണമാണ്. എന്നാൽ, ഇത് എല്ലാവരിലും അൾസറിന് കാരണമാകണമെന്നില്ല. തെറ്റായ ഭക്ഷണ രീതിയാണ് കൂടുതൽപേരിലും അൾസറിന് കാരണമാകുന്നത്. സമയക്രമം പാലിക്കാതെ ഭക്ഷണം കഴിക്കുന്നത് വലിയ കാരണമാണ്. അതുപോലെതന്നെ അമിതമായ എരിവ്, മസാല എന്നിവയടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നവരിലും അൾസർ ബാധിക്കും. അസിഡിക് സ്വഭാവമുള്ള ആഹാര സാധനങ്ങളുടെ അമിത ഉപയോഗം ഇതിന് വഴിയൊരുക്കും. ചിലരിൽ ഏതെങ്കിലും ചികിത്സയുടെ ഭാഗമായുള്ള മരുന്നുകൾ കഴിക്കുന്നത് അൾസറിന് കാരണമാകാറുണ്ട്. സന്ധിവേദന, ഹൃദ്രോഗം, സ്‌ട്രോക്ക് തുടങ്ങിയ രോഗാവസ്ഥകൾ അനുഭവിക്കുന്നവർ കഴിക്കുന്ന മരുന്നുകൾ, മറ്റ് വേദനസംഹാരികൾ എന്നിവയുടെ ദീർഘനാളത്തെ ഉപയോഗവും ഈ അവസ്ഥക്ക് വഴിയൊരുക്കും. മദ്യപാനം, പുകവലി തുടങ്ങിയ ലഹരിവസ്തുക്കളുടെ ഉപഭോഗവും കാരണമാണ്. കൂടാതെ, ജോലി അല്ലെങ്കിൽ വ്യക്തിപരമായ കാരണങ്ങൾ എന്നിവയാൽ മാനസിക സമ്മർദം അനുഭവിക്കുന്നതും അൾസറിന് കാരണമാകാറുണ്ട്.

ലക്ഷണങ്ങൾ

വയറിന്റെ മുകൾഭാഗത്തോ നെഞ്ചിന്റെ താഴ് ഭാഗത്തോ അനുഭവപ്പെടുന്ന വേദനയാണ് അൾസറിന്റെ പ്രധാന ലക്ഷണം. ആമാശയ അൾസർ ആണെങ്കിൽ ഭക്ഷണം കഴിച്ചയുടൻ ആണ് വേദന അനുഭവപ്പെടാറുള്ളത്. എന്നാൽ, ഭക്ഷണം കഴിക്കാൻ വൈകുന്ന സമയത്ത് അനുഭവപ്പെടുന്ന വേദന ചെറുകുടലിന്റെ ഭാഗത്ത് അൾസർ ബാധിച്ചതിന്റെ ലക്ഷണമാണ്. തുടർച്ചയായ ഏമ്പക്കം, വയർ സ്തംഭനം, നെഞ്ചെരിച്ചിൽ, പുളിച്ചുതികട്ടൽ, വയർ വീർത്തുവരുക, ഭക്ഷണം കഴിച്ച ഉടൻ മലവിസർജനം നടത്തേണ്ടതായി വരുക തുടങ്ങിയവയെല്ലാം അൾസറിന്റെ ലക്ഷണമായി കണക്കാക്കാം.

പേടിവേണ്ട, ജാഗ്രത മതി

ചുരുക്കം ചിലരിൽ അൾസർ ഗുരുതരമാകുകയും കൃത്യമായ ചികിത്സ സ്വീകരിക്കാതിരിക്കുന്നത് ഈ ഭാഗത്ത് ട്യൂമർ അല്ലെങ്കിൽ അർബുദ സാധ്യതയിലേക്ക് വഴിമാറുകയും ചെയ്യും. എന്നാൽ, അൾസർ ബാധിക്കുന്നവരിൽ ഒരു ചെറിയ ശതമാനം ആളുകളിൽ മാത്രമേ അർബുദം കണ്ടുവരാറുള്ളൂ. എന്നാൽ, ഈ അവസ്ഥയിലെത്തിക്കഴിഞ്ഞാൽ ശരീരം പ്രത്യേക ലക്ഷണങ്ങൾതന്നെ പ്രകടിപ്പിക്കാറുണ്ട്.

അൾസർ കണ്ടെത്തിക്കഴിഞ്ഞാൽ രണ്ടോ മൂന്നോ മാസം തുടർച്ചയായി മരുന്ന് കഴിക്കുന്നതോടെതന്നെ വ്യത്യാസം കണ്ടുവരും. എന്നാൽ, ഗുരുതരാവസ്ഥയിലേക്ക് കടന്നവരിൽ പ്രതീക്ഷിച്ച ഫലം ലഭിക്കാതെ വരുകയോ മരുന്നുകൾ കഴിക്കുന്നത് അവസാനിപ്പിക്കുന്ന സമയത്ത് വീണ്ടും വലിയ പ്രയാസങ്ങൾ അനുഭവപ്പെടുകയോ ചെയ്യുന്നത് രോഗാവസ്ഥ ഗുരുതരമാണെന്ന സൂചനയാണ് നൽകുന്നത്.

നടക്കുകയോ അല്ലെങ്കിൽ ചെറിയ ജോലികൾ ചെയ്യുന്ന സമയത്ത് അമിതമായ ക്ഷീണം അനുഭവപ്പെടുന്ന അവസ്ഥയോ ഉണ്ടെങ്കിൽ ശ്രദ്ധിക്കണം. ഭക്ഷണത്തോട് മുമ്പുള്ള താൽപര്യം അനുഭവപ്പെടാതിരിക്കുക, വിശപ്പില്ലായ്മ, അൽപഭക്ഷണം കഴിക്കുമ്പോൾതന്നെ വയർ നിറഞ്ഞതായി അനുഭവപ്പെടുക തുടങ്ങിയവയും ലക്ഷണങ്ങളാണ്. ഭക്ഷണം കഴിക്കുന്ന സമയത്ത് അന്നനാളത്തിൽ തടസ്സം അനുഭവപ്പെടുക, ഭക്ഷണം കഴിച്ച ഉടൻ ഛർദി അനുഭവപ്പെടുക തുടങ്ങിയവയും അൾസർ അപകടാവസ്ഥയിലേക്ക് നീങ്ങി എന്നതിന്റെ ലക്ഷണമാണ്. മലവിസർജനം നടത്തുമ്പോൾ രക്തം പുറത്തുവരുകയോ കറുത്ത നിറം കാണപ്പെടുകയോ ചെയ്താൽ അൾസർ ഗുരുതരമായതിന്റെയോ അർബുദം രൂപപ്പെട്ടതിന്റെയോ സൂചനയാണ്. കൂടാതെ, കുറഞ്ഞ കാലയളവിനുള്ളിൽ അകാരണമായി വലിയ അളവിൽ ഭാരം കുറയുകയാണെങ്കിൽ ശ്രദ്ധിക്കണം.

കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും ആമാശയ അർബുദം, വൻകുടലിലെ അർബുദം എന്നിവയുണ്ടെങ്കിൽ തീർച്ചയായും രോഗസാധ്യത മുൻനിർത്തി നേരത്തേതന്നെ പരിശോധനകൾ നടത്തേണ്ടതും ചികിത്സ ആരംഭിക്കേണ്ടതും അത്യാവശ്യമാണ്.

ആമാശയം, അന്നനാളം എന്നിവയുമായി നേരിട്ട് ബന്ധമില്ലാത്തതും എന്നാൽ, ദഹനവ്യവസ്ഥയിൽ പിന്തുണക്കുന്നതുമായ അവയവങ്ങളായ കരൾ, പാൻക്രിയാസ് പോലുള്ളവയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങൾ അനുഭവപ്പെടുകയാണെങ്കിലും പ്രത്യേകം ശ്രദ്ധിക്കണം. അൾസർ ലക്ഷണങ്ങൾ കണ്ടുവരുന്നവരിൽ എൻഡോസ്‌കോപ്പി പരിശോധന നടത്തിയ ശേഷം ചികിത്സ ആരംഭിക്കുന്നതോടെ നല്ല മാറ്റം കണ്ടുവരാറുണ്ട്. ഗുരുതര ലക്ഷണങ്ങൾ കാണുന്നവരിൽ ബയോപ്‌സി പരിശോധന നടത്തി അർബുദ സാന്നിധ്യം തിരിച്ചറിയാൻ സാധിക്കും.

പ്രതിരോധിക്കാം എളുപ്പത്തിൽ

ഭക്ഷണരീതിയിൽ ആരോഗ്യകരമായ മാറ്റംവരുത്തിക്കൊണ്ട് അൾസർ പ്രതിരോധിക്കാൻ സാധിക്കും. ഭക്ഷണം കഴിക്കുന്ന സമയം, ഉൾപ്പെടുത്തുന്ന ആഹാര സാധനങ്ങൾ എന്നിവ അനുയോജ്യമായ രീതിയിൽ മാറ്റണം. രാവിലെ എട്ടിന് പ്രഭാതഭക്ഷണം കഴിക്കുന്നതാണ് നല്ലത്. ഇത് കൂടുതൽ പോഷകങ്ങൾ അടങ്ങിയതായാൽ നല്ലത്. രാത്രി വളരെക്കുറച്ച് ഭക്ഷണം മാത്രമാക്കി ചുരുക്കണം. രാത്രി ഭക്ഷണം എട്ടിനു മുമ്പുതന്നെ കഴിക്കാനും ശ്രമിക്കാം. എരിവ്, മസാല, എണ്ണ തുടങ്ങിയവയുടെ അമിത ഉപയോഗവും ജങ്ക് ഫുഡ് ഇനങ്ങളും ഒഴിവാക്കുന്നത് നല്ല മാറ്റം കൊണ്ടുവരും. ഇതോടൊപ്പം മാനസിക സമ്മർദം കുറക്കാനും ശ്രദ്ധിക്കണം. മാനസിക സമ്മർദം ശരീരത്തിൽ ആസിഡ് ഉൽപാദനം വർധിപ്പിക്കുന്നതിനാൽ അസിഡിറ്റി കൂടുകയും ക്രമേണ അൾസറിന്റെ ഗുരുതരാവസ്ഥകളിലേക്ക് വഴിമാറുകയും ചെയ്യാം. ഇതോടൊപ്പം ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുന്നത് നല്ലതാണ്.

ഡോ. പ്രദീപ് കുമാർ പി (MD, DM Gastroenterologist)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:healthcarepreventionsuggestionvaradhya madhyamamHealth Expertsulcer
News Summary - Ulcers should be treated, not ignored
Next Story