പ്രമേഹ രോഗികൾ നോമ്പെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
text_fieldsലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് വിശ്വാസികൾ പ്രഭാതം മുതൽ സൂര്യാസ്തമയം വരെയുള്ള ഉപവാസം അനുഷ്ഠിക്കുന്ന പുണ്യമാസം ആരംഭിച്ചുകഴിഞ്ഞു. കേരളത്തിലുൾപ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിലും ഇക്കുറി വേനൽച്ചൂട് അതികഠിനമാണ്. അതുകൊണ്ടുതന്നെ പ്രായമുള്ളവരും വെയിലിൽ ജോലിചെയ്യുന്നവരും വൃക്ക തകരാറുള്ളവരും പ്രമേഹരോഗമുള്ളവരുമെല്ലാം ശ്രദ്ധാപൂർവമായ ആസൂത്രണത്തോടെ വേണം ഉപവാസം അനുഷ്ഠിക്കാൻ.
പ്രമേഹരോഗക്കാരിലെ അപകട സാധ്യതകളും അവയുടെ
പ്രതിരോധ മാർഗങ്ങളും പരിശോധിക്കാം.
1 ഹൈപ്പോഗ്ലൈസീമിയ
പ്രമേഹത്തിന് മരുന്നുകൾ കഴിക്കുന്നവരിലും ദീർഘനേരം ശരീരത്തിൽ തങ്ങിനിൽക്കുന്ന ഇൻസുലിനുകൾ എടുക്കുന്നവരിലും ദീർഘനേരത്തെ ഉപവാസം ശരീരത്തിലെ ഷുഗർനില അപകടകരമായ നിലയിലേക്ക് താഴുന്നതിന് കാരണമായേക്കാം. ഉപവാസമെടുത്തുകൊണ്ടുള്ള ശാരീരിക അധ്വാനവും ഷുഗർനില കുറയുന്നതിന് കാരണമാകാം.
2 ഹൈപ്പർ ഗ്ലൈസീമിയ
ശരീരത്തിൽ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥയാണിത്. പ്രമേഹ മരുന്നുകൾ കുറക്കുന്നതിനാലും നിർത്തുന്നതിനാലും ഇത് സംഭവിക്കാം. കൂടാതെ അധികം മധുരമുള്ള പലഹാരങ്ങളും പഴച്ചാറുകളും കഴിക്കുന്നതും ഷുഗർനില വളരെ ഉയരുന്നതിന് കാരണമാകാം.
3 നിർജലീകരണം
കഠിനമായ ചൂടും നീണ്ടുനിൽക്കുന്ന ഉപവാസവും പ്രായമുള്ളവരിൽ ചിലപ്പോൾ ശരീരത്തിലെ ജലാംശം വളരെ കുറഞ്ഞ് നിർജലീകരണത്തിന് കാരണമായേക്കാം. ചിലപ്പോൾ ശരീരത്തിൽ ലവണങ്ങളുടെ (ഇലക്ട്രോലൈറ്റ്) ഏറ്റക്കുറച്ചിലുമുണ്ടാവാം. വൃക്ക തകരാറുള്ളവരിലും ഹൃദയ തകരാറുള്ളവരിലും ഇതിന്റെ സാധ്യത കൂടുതലാണ്.
4 ഡയബറ്റിക് കിറ്റോ
അസിഡോനിസ് (DKA)
ടൈപ്പ് 1 പ്രമേഹരോഗികളിലാണ് ഈ അസുഖസാധ്യത കൂടുതൽ. ഇൻസുലിന്റെ അളവ് കുറക്കുന്നതും നിർത്തുന്നതും ശരീരത്തിൽ ചില അണുബാധകൾ ഉണ്ടാകുന്നതുമാണ് പ്രധാനമായും ഗുരുതരമായ ഈ അവസ്ഥയിലേക്ക് നയിക്കുന്നത്. വിദഗ്ധ ചികിത്സ ലഭിച്ചില്ലെങ്കിൽ ചിലപ്പോൾ മരണം പോലും സംഭവിക്കാം.
ശരീരത്തിൽ പഞ്ചസാരയുടെ അളവ് വർധിച്ച് നിർജലീകരണം നടക്കുകയും ഒപ്പം ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥയും രക്തം കൂടുതൽ അമ്ലസ്വഭാവം കൈവരുകയും ചെയ്യുന്നു. ചിലപ്പോൾ അണുബാധയും കണ്ടേക്കാം.
5 ത്രോംബോസിസ്
(രക്തധമനികളിൽ രക്തം
കട്ടപിടിക്കുന്ന അവസ്ഥ)
ശരീരത്തിലുണ്ടാകുന്ന നിർജലീകരണം, രക്തം കട്ടിയാകുന്നതിന് ചിലപ്പോൾ കാരണമായേക്കാം. ഹൃദ്രോഗികളിലും മറ്റും ഇത് ഹൃദയാഘാതം, പക്ഷാഘാതം മുതലായവക്കും കാരണമാകാം.
ചൂടുള്ള കാലാവസ്ഥയിൽ സുര ക്ഷിതമായി നോമ്പെടുക്കാൻ ചിലമുൻകരുതലുകൾ നല്ലതാണ്.
ഉപവാസം അനുഷ്ഠിക്കാനുള്ള ആരോഗ്യസ്ഥിതിയുണ്ടോ എന്നത് ചികിത്സിക്കുന്ന ഡോക്ടറുമായി കൂടിയാലോചിച്ച് ഉറപ്പുവരുത്തുക. വൃക്കരോഗങ്ങൾ, ഹൃദ്രോഗങ്ങൾ മുതലായവയുടെ നിജസ്ഥിതി തിട്ടപ്പെടുത്തുക. ഒപ്പം ഇലക്ട്രോലൈറ്റ്സ്, ഷുഗർനിലയിലെ ചാഞ്ചാട്ടങ്ങൾ മുതലായവയും കൃത്യമായി പരിശോധിക്കണം.
നോമ്പ് തുറക്കുന്ന സമയത്തും (ഇഫ്താറിലും) അത്താഴസമയത്തും പെട്ടെന്ന് ദഹിക്കാത്ത, അധികം നാരുകളുള്ള ഭക്ഷണപദാർഥങ്ങൾ ഉൾപ്പെടുത്തുക. ധാന്യങ്ങൾ, ഓട്സ്, തവിട് കളയാത്ത അരി, പയറുവർഗങ്ങൾ മുതലായവ ഉൾപ്പെടുത്തുക. ഊർജം നിലനിർത്താനായി അവക്കാഡോ, ഒലിവെണ്ണ, നട്സ് തുടങ്ങിയ ആരോഗ്യകരമായ കൊഴുപ്പുകൾ കഴിക്കുക.
വിശപ്പ് കുറക്കാൻ മുട്ട, തൈര്, കൊഴുപ്പ് കുറഞ്ഞ മാംസങ്ങൾ തുടങ്ങിയ പ്രോട്ടീൻ സ്രോതസ്സുകൾ ഉൾപ്പെടുത്തുക.
ഉപ്പിലിട്ടതും എരിവ് അധികമുള്ളതുമായ ഭക്ഷണവസ്തുക്കൾ ഒഴിവാക്കുക. രാത്രിസമയങ്ങളിൽ 2-3 ലിറ്റർ വെള്ളം കുടിക്കുക. വെള്ളരിക്ക പോലുള്ള ജലാംശം കൂടിയ പച്ചക്കറികളും നല്ലതാണ്.
ആഹാരത്തിൽ കാർബോ ഹൈഡ്രേറ്റുകൾ (അന്നജം അടങ്ങിയവ) കുറക്കുകയും പ്രോട്ടീന്റെ അളവ് കൂട്ടുകയും ചെയ്യുക. ആഹാരത്തിന്റെ പകുതിയും പച്ചക്കറികളാകുന്നത് ആരോഗ്യ സംരക്ഷണത്തിനും ഷുഗർനില ഉയരാതിരിക്കുന്നതിനും സഹായിക്കും.
പഞ്ചസാര ചേർത്ത പാനീയങ്ങൾ, ജ്യൂസുകൾ, ഷേക്കുകൾ മുതലായവ പൂർണമായും ഒഴിവാക്കുക. പഴങ്ങൾ നേരിട്ടു കഴിക്കുന്നതാണ് ഉത്തമം. കഫീൻ അടങ്ങിയ പാനീയങ്ങൾ (കാപ്പി മുതലായവ) ഒഴിവാക്കുന്നത് നിർജലീകരണം കുറക്കുന്നതിന് സഹായിക്കും.
വാഴപ്പഴം, തൈര്, നട്സ് തുടങ്ങിയവ ലവണങ്ങളുടെ സ്വാഭാവിക ഉറവിടങ്ങളാണ്. ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
ശരീരത്തിൽ ജലാംശം കുറഞ്ഞ് തലകറക്കം, ക്ഷീണം, വായ് വരൾച്ച, മനോവിഭ്രമം (Confusion) മുതലായ രോഗലക്ഷണങ്ങൾ ഉണ്ടായാലുടൻ വൈദ്യസഹായം തേടുക.
ഇടക്കിടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കുക. ഷുഗർ നോക്കുന്നതുകൊണ്ട് നോമ്പ് മുറിയില്ല. രക്തത്തിലെ പഞ്ചസാരയുടെ അളവ് 75ന് താഴെയാണെങ്കിലും 300 mg/dlന് മുകളിലാണെങ്കിലും ഉപവാസം നിർത്തണം.
ദീർഘനേരം പ്രവർത്തിക്കുന്ന മരുന്നുകൾ, മൂത്രം ധാരാളം ഉണ്ടാകുന്ന മരുന്നുകൾ മുതലായവ മാറ്റി ഹൈപ്പോഗ്ലൈസീമിയ ഉണ്ടാകാത്ത മരുന്നുകളിലേക്ക് മാറാവുന്നതാണ്.
അമിത കായികാധ്വാനം ഒഴിവാക്കുക
കടുത്ത ക്ഷീണം, ബോധക്ഷയം, നെഞ്ചുവേദന, ഛർദി, വയറിളക്കം മുതലായവയുണ്ടായാൽ ഉടൻ വൈദ്യസഹായം തേടുക.
പ്രായാധിക്യമുള്ളവരും ഒന്നിലധികം രോഗസങ്കീർണതകളുള്ള രോഗികളും ഉപവസിക്കുന്നുവെങ്കിൽ കർശനമായ മെഡിക്കൽ മേൽനോട്ടത്തിലായിരിക്കണം. കാരണം, നിർജലീകരണം വൃക്കരോഗങ്ങളെ വഷളാക്കും.
രോഗാവസ്ഥയിലുള്ളവർക്കുമേൽ നോമ്പ് നിർബന്ധമാക്കപ്പെട്ടിട്ടില്ല. വ്രതമെടുക്കുന്നതുമൂലം ആരോഗ്യത്തിന് ക്ഷയം സംഭവിച്ചേക്കാവുന്നവർക്കുള്ള ഇളവുകൾ നബി തിരുമേനിയുടെ അധ്യാപനങ്ങളിലുണ്ട്. പണ്ഡിതരോട് അതേക്കുറിച്ച് ചോദിച്ചു മനസ്സിലാക്കി ബദൽമാർഗങ്ങൾ സ്വീകരിക്കുക.
മരുന്നുകളിൽ മാറ്റം അനിവാര്യം
സ്ഥിരമായി കഴിക്കുന്ന മരുന്നുകളുടെ സമയങ്ങളിൽ ചില മാറ്റങ്ങൾ അനിവാര്യമായി വന്നേക്കാം. രാവിലെ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകളും ഇൻസുലിനും ചിലപ്പോൾ നോമ്പു തുറക്കുന്ന സമയത്തേക്കും രാത്രി കഴിക്കുന്ന ചില മരുന്നുകൾ രാവിലെ അത്താഴ സമയത്തുമായി ക്രമീകരിക്കാൻ കഴിയും.
ഉച്ച സമയത്ത് കഴിച്ചുകൊണ്ടിരുന്ന മരുന്നുകൾ രാത്രി ഉറങ്ങാൻ നേരത്തേക്കും മാറ്റി ക്രമീകരിക്കാം. എന്നാൽ, ഇതെല്ലാം ചികിത്സിക്കുന്ന ഡോക്ടറുടെ അറിവോടെയും സമ്മതത്തോടെയും മാത്രമേ ചെയ്യാവൂ.
അവരെയും പരിഗണിക്കണം
വിശ്വാസികളുടെ ഒരു വികാരമാണ് വർഷത്തിലൊരിക്കൽ വരുന്ന റമദാൻ വ്രതം. എന്നാൽ, മധുരപലഹാരങ്ങൾക്ക് അമിതപ്രാധാന്യം നൽകാവുന്നതല്ല, പകൽ മുഴുവൻ നീണ്ടുനിൽക്കുന്ന വ്രതാനുഷ്ഠാനത്തിൽ, പ്രത്യേകിച്ച് വേനൽക്കാലത്ത്. പ്രമേഹം പോലെയുള്ള രോഗങ്ങളുള്ളവർ വീട്ടിലുണ്ടെങ്കിൽ അവർക്കുകൂടി കഴിക്കാവുന്ന ഭക്ഷണസാധനങ്ങൾക്ക് പ്രാധാന്യം നൽകുന്നതാവും ഉത്തമം. മറ്റുള്ളവർക്കും ആരോഗ്യദായകം തന്നെയാണ് പ്രമേഹരോഗികൾ കഴിക്കേണ്ട ഭക്ഷണം. ഇഫ്താർ പാർട്ടികൾ ഒരുക്കുമ്പോഴും പ്രമേഹ രോഗികൾക്കുവേണ്ടി ഭക്ഷണസാധനങ്ങൾ പ്രത്യേകം കരുതാൻ മറക്കരുത്.
(കോഴിക്കോട് കേന്ദ്രീകരിച്ച്
പ്രവർത്തിക്കുന്ന പ്രമുഖ
ഡയബറ്റോളജിസ്റ്റാണ് ലേഖകൻ)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.