Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശ്വാസംമുട്ടുന്ന ഭൂമി, തളരുന്ന ലോകാരോഗ്യം

text_fields
bookmark_border
ശ്വാസംമുട്ടുന്ന ഭൂമി, തളരുന്ന ലോകാരോഗ്യം
cancel

ലോകം ഇന്ന് സമാനതകളില്ലാത്ത ആരോഗ്യ-പരിസ്ഥിതി പ്രതിസന്ധികളുടെ ചുഴിയിലാണ്. ലോകാരോഗ്യസംഘടനയുടെ 2026-ലെ സ്ഥിതിവിവരക്കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നതുപോലെ, പകർച്ചവ്യാധികളും സാംക്രമികേതര രോഗങ്ങളും സാമ്പത്തിക അസമത്വങ്ങളും ഒരുവശത്ത് നിലനിൽക്കുമ്പോൾ, മാരകമായ പരിസ്ഥിതിപ്രശ്നങ്ങളും കാലാവസ്ഥാവ്യതിയാനവും ഭൂമിയുടെ ആരോഗ്യത്തെ ശ്വാസംമുട്ടിക്കുകയാണ്.

കോവിഡ് മഹാമാരിയുടെ തീവ്രത ആഗോളതലത്തിൽ ചരിത്രത്തിന്റെ ദുരന്തമുദ്രയായി അവശേഷിക്കുന്നു. 2020-നും 2023-നും ഇടയിൽ ഏകദേശം 2.21 കോടി അധികമരണങ്ങളാണ് ലോകമെമ്പാടും ഉണ്ടായത്. മനുഷ്യന്റെ ആയുർദൈർഘ്യത്തിലെ ഒരു ദശാബ്ദത്തിന്റെ മുന്നേറ്റമാണ് ഈ മഹാമാരി ഒറ്റയടിക്ക് ഇല്ലാതാക്കിയത്. ആഗോളതലത്തിൽ പ്രതിവർഷം 6.1 കോടി മരണങ്ങൾ സംഭവിക്കുന്നുണ്ടെങ്കിലും, ലോകാരോഗ്യസംഘടന നിഷ്കർഷിക്കുന്ന കൃത്യമായ മാനദണ്ഡങ്ങളോടെയും കാരണങ്ങളോടെയും റിപ്പോർട്ട് ചെയ്യപ്പെടുന്നത് വെറും 1.2 കോടി മരണങ്ങൾ മാത്രമാണ്.

2024-ലെ കണക്കുപ്രകാരം അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ മരണനിരക്ക് ജീവനുള്ള ആയിരം പേരിൽ 37.4 ആണ്. ആകെ 49 ലക്ഷം കുരുന്നുകളാണ് മരണത്തിന് കീഴടങ്ങിയത്. ഇതിൽ 47 ശതമാനവും (23 ലക്ഷം) ജീവിതത്തിന്റെ ആദ്യമാസത്തിൽത്തന്നെ പൊലിഞ്ഞുപോയ നവജാതശിശുക്കളാണ്. മരണകാരണങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ലോകാരോഗ്യസംഘടനയ്ക്ക് സമർപ്പിക്കുന്നത് വെറും 32 ശതമാനം രാജ്യങ്ങൾ മാത്രം. 2025 അവസാനത്തോടെ 18 ശതമാനം രാജ്യങ്ങൾ മാത്രമാണ് യഥാസമയം മരണനിരക്കുകൾ കൃത്യമായി റിപ്പോർട്ട് ചെയ്തത്.

മഹാമാരിക്ക് മുൻപ് 73 വയസ്സായിരുന്ന ആഗോള ആയുർദൈർഘ്യം 2023-ൽ എത്തിയപ്പോൾ 71-നും 73-നും ഇടയിലായി കുറഞ്ഞു (സ്ത്രീകളിൽ 76, പുരുഷന്മാരിൽ 71). ഹൃദ്രോഗങ്ങൾ, അർബുദം, പ്രമേഹം, ശ്വാസകോശസംബന്ധമായ അസുഖങ്ങൾ തുടങ്ങിയ സാംക്രമികേതര രോഗങ്ങളാണ് ഇപ്പോഴും ലോകത്ത് ഏറ്റവും കൂടുതൽ ജീവനപഹരിക്കുന്നത്.

2010-നും 2024-നും ഇടയിൽ പുതിയ എച്ച്.ഐ.വി. ബാധകളിൽ 40 ശതമാനവും ക്ഷയരോഗബാധാനിരക്കിൽ 12 ശതമാനവും കുറവുണ്ടായത് ആശ്വാസകരമാണ്. എന്നാൽ 2015-നെ അപേക്ഷിച്ച് മലേറിയബാധ 8.5 ശതമാനം വർധിച്ചത് വലിയൊരു അപായസൂചനയാണ്. നിർമാർജനം ചെയ്തെന്നു കരുതിയ രോഗം പുതുരൂപത്തിൽ തിരികെവരുന്നത് ലോകാരോഗ്യം വെന്റിലേറ്ററിലാണെന്നതിന്റെ നേർസാക്ഷ്യമാണ്.

സ്ത്രീകളിൽ വിളർച്ചബാധ 30.7 ശതമാനമായി വർധിച്ചിരിക്കുന്നു. അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളിൽ അമിതവണ്ണം 5.5 ശതമാനമായും വളർച്ചക്കുറവ് 23.2 ശതമാനമായും ഉയർന്നു. മരുന്നുകളോട് പ്രതിരോധശേഷി ആർജിക്കുന്ന സൂക്ഷ്മാണുക്കൾ ആരോഗ്യമേഖലയിലെ നിശ്ശബ്ദകൊലയാളിയാണ്.

ആഗോളജനസംഖ്യയുടെ 99 ശതമാനവും ശ്വാസകോശത്തിന് ഹാനികരമായ മലിനവായു ശ്വസിക്കാൻ വിധിക്കപ്പെട്ടവരാണ്. 2021-ൽ മാത്രം വായുമലിനീകരണം കാരണം 66 ലക്ഷം മനുഷ്യരാണ് അകാലമരണത്തിന് ഇരയായത്. സാമ്പത്തിക അസമത്വങ്ങളുടെ ഭീകരതയാണ് മറ്റൊരു വശം. ആഗോളതലത്തിൽ ഏകദേശം 210 കോടി ജനങ്ങൾ സ്വന്തം കൈയിൽനിന്ന് പണം ചെലവഴിച്ച് ചികിത്സ തേടേണ്ടിവരുന്നതിനാൽ കടുത്ത സാമ്പത്തികഞെരുക്കത്തിലാണ്. ഇതിൽ 160 കോടി ആളുകൾ ചികിത്സാച്ചെലവുകൾ കാരണംമാത്രം കടുത്ത ദാരിദ്ര്യത്തിലേക്ക് വീണുപോയിരിക്കുന്നു.

കാലാവസ്ഥാവ്യതിയാനവും പരിസ്ഥിതിനാശവും മനുഷ്യന്റെ ആരോഗ്യത്തെ നേരിട്ട് വേട്ടയാടുകയാണ്. കൊടുംചൂടും ഉഷ്ണതരംഗങ്ങളും വെള്ളപ്പൊക്കവും കാട്ടുതീയും ഭൂമിയിൽ ആവർത്തിച്ചുകൊണ്ടിരിക്കുന്നു. അന്തരീക്ഷതാപനിലയിലെ വ്യതിയാനങ്ങളും മഴയുടെ ക്രമക്കേടുകളും കൊതുകുകളുടെ ആവാസവ്യവസ്ഥയെ മാറ്റിമറിച്ചു. മലേറിയ, ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ പകർച്ചവ്യാധികൾ പുതിയ പ്രദേശങ്ങളിലേക്ക് പടർന്നുപിടിക്കുകയാണ്. വരൾച്ചയും കൃഷിനാശവും കോടിക്കണക്കിന് ജനങ്ങളെ പട്ടിണിയിലേക്കും പോഷകാഹാരക്കുറവിലേക്കും തള്ളിവിടുന്നു. മലിനമായ ജലസ്രോതസ്സുകൾ ജലജന്യരോഗങ്ങളുടെ പെരുമഴ തീർക്കുന്നു. പ്രകൃതിയെ ചൂഷണം ചെയ്ത് മനുഷ്യൻ നടത്തുന്ന മുന്നേറ്റങ്ങൾക്ക് കനത്ത വിലയാണ് ലോകം നൽകേണ്ടിവരുന്നത്.

വിവിധ രാജ്യങ്ങളിലെ സാഹചര്യം

എച്ച്.ഐ.വി., മലേറിയ, മാതൃ-ശിശു മരണങ്ങൾ എന്നിവയുടെ ഭാരം ഏറ്റവും കൂടുതൽ പേറുന്നത് ആഫ്രിക്കൻ രാജ്യങ്ങളാണ്. ആഗോളതലത്തിൽ എച്ച്.ഐ.വി. ബാധിതരുടെ 65 ശതമാനവും ആഫ്രിക്കൻ മണ്ണിലാണ്. കോംഗോ പോലുള്ള രാജ്യങ്ങളിൽ ആരോഗ്യസംവിധാനങ്ങളും വിവരശേഖരണവും ദയനീയമായി തകർന്നിരിക്കുന്നു.

അമേരിക്കൻ, യൂറോപ്യൻ മേഖലകളിൽ ആരോഗ്യസേവന ലഭ്യത ഉയർന്നതാണെങ്കിലും കോവിഡ് കാലത്ത് വലിയതോതിലുള്ള അധികമരണങ്ങളും ആയുർദൈർഘ്യത്തിൽ ഇടിവും സംഭവിച്ചു. യൂറോപ്പിൽ പുകയിലയുടെയും മദ്യത്തിന്റെയും ഉപയോഗം ഇപ്പോഴും കടുത്ത വെല്ലുവിളിയാണ്. ഭൂട്ടാൻ, കസാഖിസ്താൻ, മലേഷ്യ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ മലേറിയയും തുടർന്നുള്ള പ്രതിസന്ധികളും കനത്ത ഭീഷണി ഉയർത്തുന്നുണ്ട്.

മുന്നോട്ടുള്ള വഴികൾ

* പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുമാത്രമേ മനുഷ്യന്റെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പാക്കാൻ സാധിക്കൂ.

* പ്രാഥമികാരോഗ്യസംരക്ഷണം ശക്തിപ്പെടുത്തുകയും പൊതുമേഖലയിൽ ആരോഗ്യനിക്ഷേപം ഗണ്യമായി വർധിപ്പിക്കുകയും വേണം. എല്ലാ സാധാരണക്കാർക്കും സൗജന്യമായോ മിതമായ നിരക്കിലോ ഗുണനിലവാരമുള്ള ചികിത്സ ലഭ്യമാക്കണം.

* കുട്ടികളുടെ പ്രതിരോധകുത്തിവെപ്പുകൾ നൂറുശതമാനവും ഉറപ്പാക്കണം.

* ഭാവിയിലെ ആരോഗ്യ അടിയന്തരാവസ്ഥകളെയും കാലാവസ്ഥാവ്യതിയാന ദുരന്തങ്ങളെയും നേരിടാൻ രാജ്യങ്ങൾ തമ്മിലുള്ള കൂട്ടായ്മയും ശക്തമായ പ്രതിരോധസംവിധാനങ്ങളും അടിയന്തരമായി രൂപവത്കരിക്കണം.

കാർബൺ പുറന്തള്ളൽ കർശനമായി നിയന്ത്രിക്കാനും വായു-ജല മലിനീകരണം തടയാനുമുള്ള ആഗോളനിയമങ്ങൾ നടപ്പിലാക്കണം.

* മരണങ്ങളും രോഗകാരണങ്ങളും കൃത്യമായി രേഖപ്പെടുത്തുന്ന ഡിജിറ്റൽ സിവിൽ രജിസ്ട്രേഷൻ സംവിധാനങ്ങൾ എല്ലാ രാജ്യങ്ങളും നടപ്പിലാക്കണം. വികസ്വരരാജ്യങ്ങളിലെ ആരോഗ്യമേഖലയ്ക്ക് ആവശ്യമായ സാമ്പത്തികപിന്തുണയും വിഭവങ്ങളും ഉറപ്പാക്കാൻ സമ്പന്നരാജ്യങ്ങൾ മുന്നോട്ടുവരണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Suffocating Earth, failing global health
Next Story