മഴക്കാലം ഒളിപ്പിച്ചുവെക്കുന്ന അദൃശ്യ ശത്രുക്കൾ: ജന്തുജന്യ രോഗങ്ങളെ നിസ്സാരമാക്കരുത്
text_fieldsപ്രതീകാത്മക ചിത്രം
മഴയുടെ കുളിർമയിൽ പ്രകൃതി ഉണരുമ്പോൾ, നമ്മൾ മലയാളികൾക്ക് അതൊരു ആഘോഷമാണ്. എന്നാൽ, ഒരു ഡോക്ടർ എന്ന നിലയിൽ ഓരോ മഴക്കാലവും എനിക്ക് നൽകുന്നത് കടുത്ത ആശങ്കകളാണ്. പനിച്ചൂടുമായി ആശുപത്രി വരാന്തകളിൽ കാത്തിരിക്കുന്ന രോഗികളുടെ നീണ്ട നിര വെറുമൊരു കാലാവസ്ഥാ മാറ്റത്തിന്റെ മാത്രം ലക്ഷണമായി തള്ളിക്കളയാനാവില്ല. മഴയുടെ സൗന്ദര്യത്തിനും കുളിർമക്കും ഒപ്പം സൂക്ഷിച്ചില്ലെങ്കിൽ നമ്മുടെ ആരോഗ്യം കാർന്നു തിന്നുന്ന രോഗങ്ങൾ വ്യാപകമാകുന്ന സമയമാണിത്.
മഴവെള്ളത്തിനൊപ്പം മൃഗങ്ങളുടെ വാസസ്ഥലങ്ങളിൽ നിന്ന് ഒഴുകിയെത്തുന്ന മലിനജലം നമ്മുടെ തൊടിയിലും മുറ്റത്തും എത്തുമ്പോൾ, നമ്മളറിയാതെ തന്നെ പല അദൃശ്യ രോഗാണുക്കൾക്കും നാം വാതിൽ തുറന്നുകൊടുക്കുകയാണ്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന 'ജന്തുജന്യ രോഗങ്ങൾ' അഥവാ സൂനോട്ടിക് ഡിസീസസ് കേരളത്തിന്റെ ആരോഗ്യമേഖലക്ക് എന്നും ഒരു വലിയ വെല്ലുവിളിയാണ്. കോവിഡിന് ശേഷം ലോകം ഏറ്റവും കൂടുതൽ ഭയക്കുന്നതും ഇത്തരം രോഗങ്ങളെ തന്നെയാണ്.
ജർമ്മൻ ഡോക്ടറും ശാസ്ത്രജ്ഞനുമായ റുഡോൾഫ് വിർഷോ ആണ് 'സൂണോസിസ്' എന്ന പദം ആദ്യമായി വൈദ്യശാസ്ത്രത്തിൽ ഉപയോഗിക്കുന്നത്. 'മൃഗം' എന്നർത്ഥം വരുന്ന 'Zoon' (സൂൺ), 'രോഗം' എന്നർത്ഥമുള്ള 'Noses' (നോസസ്) എന്നീ ഗ്രീക്ക് പദങ്ങളിൽ നിന്നാണ് ഈ വാക്കിന്റെ ജനനം. ഈ രോഗങ്ങളെക്കുറിച്ച് നാം തിരിച്ചറിയേണ്ട ചില നിർണ്ണായക യാഥാർത്ഥ്യങ്ങളുണ്ട്.
എന്തുകൊണ്ട് കേരളം ഭയക്കണം
ഉയർന്ന ജനസാന്ദ്രത, വനപ്രദേശങ്ങളോടുള്ള സാമീപ്യം, മാറുന്ന ഭൂപ്രകൃതി എന്നിവയെല്ലാം കേരളത്തെ ജന്തുജന്യ രോഗങ്ങളുടെ കാര്യത്തിൽ അതീവ ദുർബലമാക്കുന്നുണ്ട്. കോവിഡ് മഹാമാരിക്ക് ശേഷം, മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങളുടെ പ്രഹരശേഷി ലോകം മുഴുവൻ തിരിച്ചറിഞ്ഞതാണ്. കേരളത്തിൽ ഓരോ വർഷവും ഭീതി വിതക്കുന്ന നിപയും , കുരങ്ങുപനിയും, പേവിഷബാധയുമെല്ലാം ഈ ഗണത്തിൽപ്പെടുന്നവയാണ്. എന്നാൽ മഴക്കാലത്ത് ഇവയെക്കാളെല്ലാം വില്ലനായി മാറുന്നത് മറ്റു ചില അസുഖങ്ങളാണ്.
മഴക്കാലത്തെ പ്രധാന വില്ലന്മാർ
♦ മലിനജലത്തിലൂടെ പകരുന്നവ
എലിപ്പനി: മഴക്കാലത്തെ ഏറ്റവും വലിയ ജീവഹാനിയുണ്ടാക്കുന്ന 'നിശബ്ദ കൊലയാളി'. എലി, പട്ടി, പശു തുടങ്ങിയവയുടെ മൂത്രത്തിലൂടെ പുറത്തെത്തുന്ന ലെപ്റ്റോസ്പൈറ ബാക്ടീരിയകളാണ് വില്ലന്മാർ. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങുമ്പോൾ കാലിലെ ചെറിയ മുറിവുകളിലൂടെയോ കണ്ണിലൂടെയോ ഇവ ശരീരത്തിൽ കടക്കുന്നു. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ വൃക്കകളുടെയും കരളിന്റെയും പ്രവർത്തനം സ്തംഭിക്കും.
ബ്രൂസല്ലോസിസ്: ക്ഷീരകർഷകർ മഴക്കാലത്ത് ഏറ്റവും കൂടുതൽ ഭയക്കേണ്ട രോഗം. രോഗബാധയുള്ള പശുക്കൾ, ആടുകൾ എന്നിവയുടെ പാൽ, മൂത്രം, ഗർഭപാത്ര സ്രവങ്ങൾ എന്നിവയുമായുള്ള സമ്പർക്കത്തിലൂടെയാണ് ഇത് മനുഷ്യരിലെത്തുന്നത്. മഴക്കാലത്ത് തൊഴുത്തുകളിൽ ഈർപ്പം നിലനിൽക്കുന്നത് രോഗാണുക്കൾ അതിവേഗം പടരാൻ കാരണമാകുന്നു.
♦പ്രാണികളിലൂടെയും കൊതുകിലൂടെയും പകരുന്നവ
ചെള്ള് പനി : എലികളിലും കാട്ടുചെടികളിലും കാണപ്പെടുന്ന പ്രത്യേകതരം ചെള്ളുകൾ കടിക്കുന്നതിലൂടെ പകരുന്ന രോഗം. കടുത്ത പനിയും ചെള്ള് കടിച്ച ഭാഗത്ത് കാണപ്പെടുന്ന കരിഞ്ഞ പാടും ലക്ഷണങ്ങളാണ്. തൊഴിലുറപ്പ് തൊഴിലാളികൾ, കർഷകർ എന്നിവരാണ് പ്രധാന ഇരകൾ.
ജാപ്പനീസ് എൻസെഫലൈറ്റിസ് : പന്നികളിലും നീർപ്പക്ഷികളിലും കാണപ്പെടുന്ന വൈറസുകളെ ക്യൂലക്സ് (Culex) കൊതുകുകൾ മനുഷ്യരിലേക്ക് എത്തിക്കുമ്പോഴാണ് ഈ മസ്തിഷ്ക ജ്വരം ഉണ്ടാകുന്നത്. മഴക്കാലത്തെ വെള്ളക്കെട്ടുകൾ കൊതുക് പെരുകാൻ കാരണമാകുന്നു.
വെസ്റ്റ് നൈൽ പനി: പക്ഷികളിൽ നിന്ന് കൊതുകുകൾ വഴി മനുഷ്യരിലേക്ക് എത്തുന്ന മറ്റൊരു അസുഖം. നാഡീവ്യൂഹത്തെ ബാധിക്കുന്ന ഈ രോഗവും മഴക്കാലത്താണ് കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
കുരങ്ങുപനി : വയനാട് പോലുള്ള വനപ്രദേശങ്ങളോട് ചേർന്നുള്ള മേഖലകളിൽ കണ്ടുവരുന്ന രോഗം. കുരങ്ങുകളിൽ കാണപ്പെടുന്ന പ്രത്യേകതരം ഉണ്ണികൾ കടിക്കുന്നതിലൂടെ മനുഷ്യരിലേക്ക് പകരുന്നു.
♦മറ്റ് സമ്പർക്കങ്ങളിലൂടെ പകരുന്നവ
പേവിഷബാധ : മഴക്കാലത്ത് തെരുവുനായ്ക്കൾ വീടുകളുടെ വരാന്തകളിലും മറ്റും അഭയം പ്രാപിക്കാറുണ്ട്. തണുപ്പുകാലത്ത് മൃഗങ്ങളിൽ ആക്രമണോത്സുകത കൂടുന്നതും മഴക്കാലത്തെ പേവിഷബാധയുടെ നിരക്ക് വർധിപ്പിക്കുന്നു.
പക്ഷിപ്പനി: മഴക്കാലത്തെ താപനിലയിലുണ്ടാകുന്ന വ്യതിയാനങ്ങൾ ദേശാടനപ്പക്ഷികളിലും വവ്വാലുകളിലും വൈറസ് പെരുകാൻ കാരണമാകുന്നുണ്ട്. കുട്ടനാട് പോലുള്ള മേഖലകളിൽ താറാവുകളിൽ നിന്ന് മനുഷ്യരിലേക്ക് പക്ഷിപ്പനി പകരാനുള്ള സാധ്യത മഴക്കാലത്ത് കൂടുതലാണ്.
♦സാമ്പത്തിക തകർച്ച
ജന്തുജന്യ രോഗങ്ങൾ മനുഷ്യന്റെ ജീവന് മാത്രമല്ല ഭീഷണി ഉയർത്തുന്നത്. രോഗം ബാധിച്ച മൃഗങ്ങളെ കൊന്നൊടുക്കേണ്ടി വരുന്നത് കർഷകർക്കിടയിൽ വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നു. പാൽ, മാംസം എന്നിവയുടെ ഉൽപ്പാദനത്തെയും വിപണനത്തെയും ഇത് കാര്യമായി ബാധിക്കും. ഇതിനുപുറമെ മനുഷ്യർക്കും മൃഗങ്ങൾക്കും വേണ്ടി വരുന്ന ചികിത്സാച്ചെലവുകളും സമൂഹത്തിന്റെ സാമ്പത്തിക ഭാരം വർദ്ധിപ്പിക്കുന്നു.
സ്വയം ചികിത്സ ജീവനെടുക്കും
മേൽപ്പറഞ്ഞ മിക്ക രോഗങ്ങളുടെയും പ്രാരംഭ ലക്ഷണം കേവലമൊരു പനിയോ തലവേദനയോ ആയിരിക്കും. മെഡിക്കൽ ഷോപ്പിൽ പോയി പനിക്കുള്ള ഗുളിക വാങ്ങി കഴിച്ച് അസുഖം മൂർച്ഛിക്കുമ്പോൾ മാത്രം ആശുപത്രിയിൽ എത്തുന്നതാണ് മരണനിരക്ക് വർധിപ്പിക്കുന്നത്. ഓർക്കുക, മഴക്കാലത്തെ പനി വെറുമൊരു പനിയല്ല.
ഏകാരോഗ്യം എന്ന ശാശ്വത പരിഹാരം
മനുഷ്യന്റെ ആരോഗ്യം മൃഗങ്ങളുടെയും പ്രകൃതിയുടെയും ആരോഗ്യത്തിൽ നിന്ന് ഒരിക്കലും വേർതിരിച്ച് കാണാനാകില്ല എന്ന തിരിച്ചറിവാണ് വൺ ഹെൽത്ത് അഥവാ ഏകാരോഗ്യം എന്ന ആശയം മുന്നോട്ടുവെക്കുന്നത്. മനുഷ്യരിലുണ്ടാകുന്ന സാംക്രമിക രോഗങ്ങളിൽ ബഹുഭൂരിപക്ഷവും, പുതുതായി ഉണ്ടാകുന്ന മാരകരോഗങ്ങളിൽ 75 ശതമാനത്തോളവും മൃഗങ്ങളിൽ നിന്നാണ് വരുന്നത് എന്ന യാഥാർത്ഥ്യം നാം ഉൾക്കൊള്ളണം. അതുകൊണ്ട് തന്നെ മൃഗങ്ങളുടെയും പരിസ്ഥിതിയുടെയും ആരോഗ്യം സംരക്ഷിക്കാതെ മനുഷ്യന്റെ ആരോഗ്യം മാത്രം സുരക്ഷിതമാക്കാം എന്നത് വെറുമൊരു മിഥ്യയാണ്.
രോഗസംക്രമണത്തിന്റെ ഈ ശൃംഖല പൂർണ്ണമായും തകർക്കാൻ ആരോഗ്യ പ്രവർത്തകർക്ക് മാത്രം ഒറ്റയ്ക്ക് സാധിക്കില്ല. ആരോഗ്യ മേഖലയിലുള്ളവരും, മൃഗസംരക്ഷണ വകുപ്പും, വനം-പരിസ്ഥിതി വകുപ്പുകളും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഒരേ മനസ്സോടെ കൈകോർക്കേണ്ടതുണ്ട്. കാട്ടിലോ നാട്ടിലോ മൃഗങ്ങൾക്കും പക്ഷികൾക്കുമിടയിൽ അസാധാരണമായി രോഗങ്ങളോ മരണങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ, അത് മനുഷ്യരിലേക്ക് രോഗം എത്തുന്നതിന്റെ ആദ്യ മുന്നറിയിപ്പായി കണ്ട് മുൻകരുതലുകൾ എടുക്കാൻ ഇത്തരം സംയുക്ത ഇടപെടലുകളിലൂടെ മാത്രമേ സാധിക്കൂ. പ്രകൃതിയിലെ മാറ്റങ്ങളെയും മൃഗങ്ങളിലെ രോഗബാധകളെയും തുടക്കത്തിലേ കണ്ടെത്തുക എന്നതാണ് ഏറ്റവും പ്രധാനം. ഇതിനൊപ്പം ഈ മഴക്കാലത്ത് നാം ഓരോരുത്തരും താഴെ പറയുന്ന മുൻകരുതലുകൾ കൂടി വ്യക്തിപരമായി എടുക്കേണ്ടത് അനിവാര്യമാണ്:
ഭക്ഷണ സുരക്ഷ: മത്സ്യം, മാംസം, പാൽ, മുട്ട എന്നിവ ശരിയായ രീതിയിൽ മാത്രം പാകം ചെയ്ത് കഴിക്കുക. പാകം ചെയ്ത ഭക്ഷണത്തിൽ പിന്നീട് അണുബാധ ഉണ്ടാകാതെ സൂക്ഷിക്കണം.
പ്രതിരോധ മരുന്ന്: മലിനജലവുമായി സമ്പർക്കത്തിൽ വരുന്നവർ, കർഷകർ, സന്നദ്ധ പ്രവർത്തകർ എന്നിവർ ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശപ്രകാരം നിർബന്ധമായും 'ഡോക്സിസൈക്ലിൻ' (Doxycycline) കഴിക്കുക.
സുരക്ഷാ ഉപകരണങ്ങൾ: തൊഴിലിടങ്ങളിൽ ഇറങ്ങുമ്പോൾ ഗം ബൂട്ടുകളും കയ്യുറകളും ധരിക്കുക.
ഉറവിട നശീകരണം: വീടിനും പരിസരത്തും വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. കൊതുകിന്റെയും മറ്റു പ്രാണികളുടെയും ഉറവിട നശീകരണം തന്നെയാണ് പ്രധാന പോംവഴി.
മൃഗസംരക്ഷണം: വളർത്തുമൃഗങ്ങൾക്ക് കൃത്യമായ പ്രതിരോധ കുത്തിവെപ്പുകൾ നൽകുകയും അവയുടെ വാസസ്ഥലം വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുക.
മനുഷ്യന്റെ ആരോഗ്യം മൃഗങ്ങളുടെയും പ്രകൃതിയുടെയും ആരോഗ്യവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ പ്രകൃതിയോടുള്ള നമ്മുടെ ഓരോ ഇടപെടലുകളും കൂടുതൽ കരുതലോടെയാകണം. ഭയമല്ല, മറിച്ച് കൃത്യമായ അവബോധവും ജാഗ്രതയുമാണ് നമുക്ക് വേണ്ടത്. സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചാൽ രോഗഭീതികളില്ലാതെ ഈ മഴക്കാലവും നമുക്ക് സുരക്ഷിതമായി അതിജീവിക്കാം.
തയാറാക്കിയത്-ഡോ. സബ്ന പി.പി, സീനിയർ കൺസൾട്ടന്റ് ഇന്റെർണൽ മെഡിസിൻ, ആസ്റ്റർ മിംസ് കണ്ണൂർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

