പ്രീ ഡയബറ്റിസ് പിടിമുറുക്കുമ്പോൾ
text_fieldsപ്രമേഹത്തിനു മുമ്പുള്ള അവസ്ഥയായ പ്രീഡയബറ്റിസ് നമ്മുടെ യുവജനങ്ങളിൽ ആശങ്കജനകമായി വർധിക്കുകയാണ്. ജിമ്മും നീന്തലും കളിയും നടത്തവുമൊക്കെയായി പുതിയ തലമുറ ആരോഗ്യകാര്യങ്ങളിൽ കുറച്ചുകൂടി ശ്രദ്ധിക്കുന്നുണ്ടെങ്കിലും ജോലിയുടെ സ്വഭാവവും മാറുന്ന ഭക്ഷണ സംസ്കാരവുമെല്ലാം പ്രശ്നകരമാണ്.
എന്താണ് പ്രീ ഡയബറ്റിസ്?
രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണയേക്കാൾ കൂടുന്ന, പ്രമേഹം വരുന്നതിനു മുമ്പുള്ള വാണിങ് സിഗ്നൽ ആണ് പ്രീഡയബറ്റിസ്. ഇത് ഒരു രോഗാവസ്ഥയല്ല മറിച്ച് ഈ നില തുടരുകയാണെങ്കിൽ കുറച്ച് വർഷങ്ങൾകൊണ്ട് പൂർണ പ്രമേഹരോഗിയായി മാറും എന്ന ഗുരുതരമായ മുന്നറിയിപ്പാണ്.
ജീവിതശൈലിയിൽ മാറ്റം വരുത്തുകയാണെങ്കിൽ ഒരു പരിധിവരെ പ്രമേഹമായി മാറുന്നത് തടയാൻ പറ്റും. നന്നേ ചുരുങ്ങിയത് പ്രമേഹം വരുന്നത് നീട്ടിക്കൊണ്ട് പോവാൻ പറ്റും. പ്രമേഹം മൂലമുള്ള സങ്കീർണതകളായ ഹൃദയസ്തംഭനം, വൃക്കരോഗം, സ്ട്രോക്ക്, കണ്ണ്, ഞരമ്പ് എന്നിവയിലെ പ്രശ്നങ്ങൾ, കാലിലെ വ്രണവും അതിനോട് അനുബന്ധിച്ച് വരുന്ന സങ്കീർണതകളും എല്ലാം വർധിച്ചുവരുന്ന നമ്മുടെ നാട്ടിൽ ഇതിനെ പ്രതിരോധിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
എന്തൊക്കെയാണ് ലക്ഷണങ്ങൾ?
സാധാരണ പ്രീഡയബറ്റിസില് ലക്ഷണങ്ങൾ ഉണ്ടാവാറില്ല. എന്നാലും ചിലരിൽ അമിതമായ ക്ഷീണം, ദാഹം കൈകാലിലെ മരവിപ്പ് എന്നിവ ഉണ്ടാവാറുണ്ട്.
- അമിതവണ്ണം ഉള്ളവർ
- മാതാപിതാക്കൾക്ക് പ്രമേഹരോഗം ഉണ്ടെങ്കിൽ
- ദീർഘനേരം ഇരുന്ന് ജോലിയിൽ ഏർപ്പെടുന്നവർ (sedentary work)
- വ്യായാമക്കുറവുള്ളവർ
- ഗർഭിണിയായപ്പോൾ പ്രമേഹം ഉള്ളവർ
- പി.സി.ഒ.എസ് ഉള്ളവർ
- അമിതരക്തസമ്മർദം, ഹൃദ്രോഗം എന്നിവ ഉള്ളവർ
- ശരീരത്തിൽ, പ്രത്യേകിച്ച് കഴുത്തിലും കക്ഷത്തിലും കറുത്ത പാടുള്ളവർ (acanthosis nigricans)- ഇവർ ഇടക്ക് രക്ത പരിശോധന നടത്തുന്നത് പ്രീഡയബറ്റിസ് കണ്ടുപിടിക്കാൻ സഹായിക്കും.
ഭക്ഷണശീലത്തിൽ ശ്രദ്ധിക്കേണ്ടത്
- കൃത്യസമയത്തുള്ള ഭക്ഷണം. പ്രാതൽ, ഉച്ചഭക്ഷണം, അത്താഴം എന്നിവ സമയത്ത് കഴിക്കുക. ഒരു കാരണവശാലും പ്രാതൽ ഒഴിവാക്കരുത്.
- ഈ പ്രധാന ഭക്ഷണത്തിനു പുറമേ, മധ്യാഹ്നത്തിലും വൈകീട്ടും ചെറിയ രീതിയിൽ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് രക്തത്തിലെ പഞ്ചസാര ബാലൻസ് ചെയ്ത് അമിത വിശപ്പ് ഒഴിവാക്കാൻ ഇവ സഹായിക്കുന്നു.
- ബേക്കറി പലഹാരങ്ങളും, പാക്കറ്റ് ഫുഡുകളും പൂർണമായും ഒഴിവാക്കേണ്ടതാണ്.
- അത്താഴം ലളിതമാക്കുക, രാത്രി എട്ടിനു മുമ്പേ കഴിക്കുക.
- മധുരം, ഫാസ്റ്റ് ഫുഡ്, മധുരപാനീയങ്ങൾ എന്നിവ കഴിവതും ഒഴിവാക്കുക.
- നാരുകൾ അടങ്ങിയ പച്ചക്കറികളും പഴങ്ങളും നമ്മുടെ പ്ലേറ്റിലെ പ്രധാന ഭക്ഷണ ഘടകമായി മാറ്റണം.
- മീൻ, ഇറച്ചി, മുട്ട, പഴവർഗങ്ങൾ എന്നീ മാംസ്യം അടങ്ങിയ ഭക്ഷണവും ഉൾപ്പെടുത്തണം.
- മലയാളിയുടെ പ്രധാന ആഹാരമായ ചോറ്, ചപ്പാത്തി, കിഴങ്ങ് വർഗങ്ങൾ (അന്നജങ്ങൾ അടങ്ങിയത്) പരിമിതപ്പെടുത്തുക.
ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ
ഉറക്കം ● ആറു മുതൽ എട്ടു മണിക്കൂർ വരെ ഉറക്കം നിർബന്ധമാണ്. ജോലിയുടെയും മറ്റും സ്വഭാവം കാരണം അല്ലെങ്കിൽ അമിത സ്ക്രീൻ ടൈം കാരണം ഉറക്കം നഷ്ടപ്പെടാറുണ്ട് പലർക്കും. കൃത്യമായ ഉറക്കം ഷുഗർ ലെവൽ നിയന്ത്രിക്കാൻ വളരെ പ്രധാനപ്പെട്ട ഘടകമാണ്.
വ്യായാമം ● ചിട്ടയായ വ്യായാമം ഇൻസുലിന്റെ പ്രവർത്തനത്തെ കാര്യക്ഷമമാക്കുന്നു. ആഴ്ചയിൽ 150 മിനിറ്റ് എങ്കിലും മിതമായ വ്യായാമങ്ങളിൽ (ഉദാഹരണം നടത്തം) ഏർപ്പെടുക. കുറച്ച് ആയാസം ഉണ്ടാക്കുന്ന രീതിയിൽ (brisk walking) നടക്കാൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ ആഴ്ചയിൽ 75 മിനിറ്റ് സ്ട്രെങ്ത് ട്രെയിനിങ് എക്സർസൈസും ചെയ്യാം.
ശരീരഭാരം കുറക്കുക ● ശരീരഭാരത്തിന്റെ ഏഴു ശതമാനം എങ്കിലും കുറക്കാൻ ശ്രമിക്കണം. ആഴ്ചയിൽ അര മുതൽ ഒരു കിലോഗ്രാം വരെ തൂക്കം കുറക്കാം. പട്ടിണി കിടന്ന് അല്ലെങ്കിൽ ശാസ്ത്രീയമല്ലാത്ത ഭക്ഷണരീതി പാലിച്ച് പെട്ടെന്ന് ഭാരം കുറക്കുന്നത് അനാരോഗ്യത്തിലേക്കാണ് നയിക്കുക. മനോസമ്മർദങ്ങൾ ഒഴിവാക്കുക.
ബ്ലഡ് ടെസ്റ്റിലൂടെ പ്രീഡയബറ്റിസ് ആണെന്ന് തെളിഞ്ഞാൽ ഒരു ഡോക്ടറെ കണ്ട് അഭിപ്രായം തേടുന്നതാണ് നല്ലത്. കൃത്യമായ ഫോളോ അപ് ടെസ്റ്റുകളും മറ്റും നടത്തി പ്രീഡയബറ്റിസ് അവസ്ഥയിൽനിന്ന് മാറി എന്ന് ഉറപ്പുവരുത്തണം.
നവമാധ്യമങ്ങളിലൂടെ ലഭിക്കുന്ന ഹെൽത്ത് ടിപ്സ്, ഭാരം കുറയാനുള്ള ഡയറ്റ്, വ്യായാമമുറകൾ എന്നിവ ശാസ്ത്രീയമാണ് എന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം സ്വീകരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

