കോവിഡാനന്തര കാൻസറുകൾ
text_fieldsകൊറോണാനന്തരം വാക്സിൻ മൂലവും മറ്റും കാൻസർ വർധിച്ചു എന്ന് ഇതുവരെ തെളിയിക്കാനായിട്ടില്ല. അത് പഠനങ്ങളിലൂടെ കണ്ടെത്തേണ്ട സമയം ആയിട്ടില്ല. അഞ്ചുവർഷത്തിലധികമൊക്കെ അതിനെടുക്കും. അതിനാൽ കൊറോണ കാലഘട്ടത്തിനുശേഷം കാൻസറും വർധിച്ചു എന്ന പ്രചാരണം ശരിയല്ല. പുകവലിക്കുന്ന ഒരാൾക്ക് ക്രമേണയേ അതിന്റെ ദോഷങ്ങൾ അറിയാനാകൂ എന്നതുപോലെയാണ് ഇതും.
ഒരു രണ്ടര മൂന്നര വർഷം ഒക്കെ കഴിയുമ്പോഴേ എന്തെങ്കിലും അറിഞ്ഞു തുടങ്ങൂ. അപ്പോഴേ നമുക്ക് അതിനെ കുറിച്ച് ആധികാരികമായി പറയാൻ പറ്റൂ. കൊറോണ വാക്സിനും അതുകൊണ്ട് തന്നെ കാൻസർ വർധനക്ക് കാരണമായിട്ടുണ്ടെന്ന് പറഞ്ഞു കൂടാ.
അതേസമയം ഹൃദയം പോലുള്ളതിന്റെ അസുഖകാര്യങ്ങളിൽ പെട്ടെന്ന് അറിയാൻ കഴിയും. അതുപോലെ ന്യൂറോ പോലുള്ളതിൽ വാക്സിൻ മൂലം കുറച്ച് പ്രശ്നങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ കാൻസറിന് പ്രശ്നമുണ്ടായത് ആൻറിബോഡി പോലത്തെ പല മരുന്നുകളും കൊടുക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു എന്നതാണ്. അങ്ങനെ ആൻറിബോഡി എടുത്തവർക്ക് എപ്പോഴും കോവിഡ് പോസിറ്റിവ് ആണ്. അവർക്ക് കോവിഡിന്റെ വൈറസ് വിട്ട് പോകില്ല.
അവർക്ക് വൈറസിനെ നശിപ്പിക്കാനുള്ള സെല്ലുകൾ ഇല്ല എന്നതാണ് കാരണം. അതിനാൽ വാക്സിനേഷൻ എടുത്താലും അവർക്ക് പ്രൊട്ടക്ഷൻ കിട്ടില്ല. അവർക്ക് അതിന്റെ ഗുണമൊന്നും ലഭിച്ചിരുന്നില്ല. അതായിരുന്നു പ്രശ്നം. അപ്പോൾ അവർക്ക് കോവിഡ് വരുമ്പോൾ അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൂടുതലായിരുന്നു. അവർക്ക് ഇടക്കിടക്ക് ന്യുമോണിയ വരുന്ന പോലെ, ഇൻഫെക്ഷൻ വരുന്ന പോലെ ഭയങ്കര ക്ഷീണം ഒക്കെയുണ്ടാകും. കോവിഡ് നിലനിൽക്കുന്നപോലെയൊക്കെയുണ്ടായിക്കൊണ്ടേയിരിക്കും. എന്നാൽ, വകഭേദങ്ങൾ ആണെങ്കിലും ഇന്ത്യയിൽ അതിന്റെ എല്ലാ ശക്തിയോടെയും കൂടി വന്നുപോയതിനാൽ പ്രശ്നമുണ്ടാക്കില്ല.
വിദേശങ്ങളിൽ സംഭവിച്ചത്
എന്നാൽ ചൈനയിലും മറ്റും അങ്ങനെയല്ല. അവരുടെ പോളിസി തന്നെ തെറ്റായിരുന്നു. ചൈനയെ അപേക്ഷിച്ച് ഇവിടെ വലിയ വേവ് വന്നു പോയതുകൊണ്ട് ഇവിടെ വകഭേദങ്ങൾ വന്നാലും പ്രശ്നമില്ല. നമ്മൾ ചെയ്തതിന്റെ നേരെ വിപരീതമായിരുന്നു അവർ ചെയ്തിരുന്നത്. അവർ തീരെ പുറത്തിറങ്ങാതെ കഴിച്ചുകൂട്ടി. പ്രായമായവർക്ക് വാക്സിൻ നൽകിയില്ല. ചെറുപ്പക്കാർക്ക് മാത്രം നൽകി. അതുകൊണ്ട് കുറെ പ്രശ്നങ്ങൾ അവിടെയുണ്ടായി. നമുക്ക് എല്ലാവർക്കും വാക്സിൻ കിട്ടി. അതിന്റെ ഗുണമുണ്ടായി. പിന്നീട് വന്ന തരംഗങ്ങൾ ഒന്നും ഏശാതെ പോയി. അതു കൊണ്ട് നമുക്ക് കമ്യൂണിറ്റി പ്രൊട്ടക്ഷൻ കിട്ടി.
അതേസമയം അമേരിക്കയിലും മറ്റും ഇതിന്റെ തുടക്കത്തിൽ അവർക്ക് എന്തെന്നറിയാതെ പതറി. സ്റ്റിറോയ്ഡ് ഉപയോഗിച്ചില്ല. അപ്പോൾ മരണങ്ങൾ കൂടി. എന്നാൽ, ഇവിടെ അങ്ങനെയല്ല. നമുക്ക് കുറച്ച് സമയം കിട്ടി. അവർ സ്റ്റിറോയ്ഡ് പ്രധാനമെന്ന് കണ്ടെത്തിയപ്പോഴേക്കും നമ്മൾ ഇത്തരം സാഹചര്യങ്ങളിൽ സ്റ്റിറോയ്ഡ് സ്ഥിരമായി ഉപയോഗിക്കുന്നുണ്ടായിരുന്നു. അതൊക്കെ നമുക്ക് അഡ്വാന്റേജായി. അവർ അതിന് കൂടുതൽ സമയമെടുത്തു. അവർ പഠനം നടത്തി സ്റ്റിറോയ്ഡ് കൊടുക്കാമെന്ന് കണ്ടെത്തിയപ്പോഴേക്കും കുറെ പേർ മരിച്ചിരുന്നു.
ചികിത്സക്ക് വിദേശങ്ങളിൽ പോകുന്നവരോട്
എന്നിട്ടും കാൻസർ ചികിത്സകൾക്കും മറ്റും ഇപ്പോഴും പ്രമുഖർ ചികിത്സാർഥം വിദേശത്തൊക്കെ പോകുന്നു. അതിലർഥമില്ല. നമുക്ക് ലോക നിലവാരത്തിൽ എല്ലാ ചികിത്സയും ഇവിടത്തെ മികച്ച ഹോസ്പിറ്റലുകളിൽ ലഭിക്കും. അപ്പോൾ അതിനായി പുറത്തു പോകേണ്ട ആവശ്യമില്ല. ചെലവേറുന്നു എന്നല്ലാതെ ഒന്നുമില്ല. ഇവിടെ 1000 രൂപയെങ്കിൽ അവിടെ 1000 ഡോളർ ആയിരിക്കും.
സ്ത്രീകളിലെ കാൻസറുകൾ
സ്ത്രീകളിൽ ബ്രസ്റ്റ് കാൻസറാണ് ഇപ്പോൾ ഏറ്റവും കൂടുതൽ കണ്ടുവരുന്നത്. അതിൽ തന്നെ പണ്ട് കാണാത്ത വിധം ചെറുപ്പക്കാരികളിലാണ് അധികം. 20-25 വയസ്സ് ആകുമ്പോഴേക്കും ബ്രസ്റ്റ് കാൻസർ കണ്ടു വരുന്നു. പ്രധാന കാരണം ലൈഫ് സ്റ്റൈൽ തന്നെ.
ഹെയർ ഡൈ
പണ്ടത്തെ ഹെയർ ഡൈ കാൻസറിന് കാരണമായിരുന്നു. ഇപ്പോഴത്തെ ഹെയർ ഡൈ കാൻസറിന് കാരണമാകുന്നത് കുറവാണ്.
പുതുരീതികൾ
കാൻസർ ചികിത്സയിൽ ഇപ്പോൾ അവയവം മുഴുവനായി മുറിച്ചുകളയേണ്ട ആവശ്യം വരുന്നില്ല. എന്നാൽ രോഗം പ്രാരംഭ ദിശയിൽ കണ്ടെത്തണമെന്ന് മാത്രം. അതിന് ഷുഗറും പ്രഷറും ഒക്കെ നോക്കുമ്പോലെ കാൻസർ സ്ക്രീനിങ്ങും നടത്തണം.
പണ്ട് കോബാൾട്ട് മിഷ്യനിൽ ഒക്കെ നടത്തിയിരുന്ന റേഡിയേഷൻ ഇന്ന് ഐ.എം.ആർ പോലുള്ളതിൽ നടത്തുന്ന അഡ്വാന്റേജിലേക്ക് മാറിയിട്ടുണ്ട്. അതുകൊണ്ട് പഴയ പൊള്ളലുകളില്ല. അസുഖബാധിത പ്രദേശം മാത്രം കേന്ദ്രീകരിച്ച് റേഡിയേഷൻ എടുക്കാനും സാധിക്കും. കമ്പ്യൂട്ടറുകളുടെ സഹായത്തോടെ പാർശ്വഫലങ്ങൾ ഇല്ലാതെ കാൻസർ ബാധിക്കാത്ത കോശങ്ങൾക്ക് നഷ്ടം സംഭവിക്കാത്ത രീതിയിൽ റേഡിയേഷൻ എടുക്കാമെന്നും വന്നു. മറ്റൊരു മാറ്റം ഇമ്യൂണോ തെറപ്പിയിലാണ്. അതായത് കാൻസർ രോഗിയുടെ ശരീരത്തിൽ തന്നെ ഉറങ്ങിക്കിടക്കുന്ന കോശങ്ങളെ ഉണർത്തി ചികിത്സിക്കുന്ന രീതിയാണിത്. നേരത്തെ നമ്മൾ കരുതിയിരുന്നത് ബ്ലഡ് കാൻസറിന് ഒരു ചികിത്സ, ബ്രസ്റ്റ് കാൻസറിന് മറ്റൊരു ട്രീറ്റ്മെൻറ് എന്നിങ്ങനെയായിരുന്നു. എന്നാൽ ഇപ്പോൾ കോമൺ ആയിട്ടുള്ള ട്രീറ്റ്മെൻറ് ഉണ്ട്.
ബിസിനസാക്കുന്നവർ
അലോപ്പതിയിൽ കാൻസറിനെ ചികിത്സാ ബിസിനസാക്കുന്നവർ ഒരു ചെറിയ ശതമാനമേ ഉള്ളൂ. എല്ലാ രംഗത്തുമുള്ളതുപോലെ തന്നെയാണത്. എന്നാൽ ഭൂരിഭാഗവും അങ്ങനെയല്ല.
വ്യാജ പ്രചാരണങ്ങൾ
കാൻസറിനെ സംബന്ധിച്ച വ്യാജ പ്രചാരണങ്ങളും വ്യാജ ചികിത്സയും കാൻസറിനേക്കാൾ അപകടകരമാണ്. അങ്ങനെ പ്രചാരണം നടത്തുന്നവർക്ക് കടുത്ത ശിക്ഷ നൽകേണ്ടതാണ്.
രോഗികളല്ലാത്തവർ ശ്രദ്ധിക്കേണ്ടത്
പുതിയകാലത്ത് കാൻസർ രോഗം നേരത്തെ കണ്ടെത്തുക. വഴിമാറി വ്യാജ ചികിത്സ രീതികളിലേക്ക് പോകാതിരിക്കുക. അതൊക്കെ കുഴപ്പത്തിലാക്കും. അത് സങ്കടകരമാണ്. അങ്ങനെയുള്ള വ്യാജ ചികിത്സകൾ ചെയ്യുന്ന ചികിത്സകരെ അത് ഏതു മേഖലയിലായാലും സർക്കാർ ശിക്ഷിക്കണം.
(കൊച്ചി മരട് വി.പി.എസ് ലേക് ഷോർ ഹോസ്പിറ്റലിലെ അർബുദ ചികിത്സ വിദഗ്ധനാണ് ലേഖകൻ -തയാറാക്കിയത്: സിദ്ദീഖ്)