ഭക്ഷണ പാക്കറ്റിന് മുന്നിൽതന്നെ വേണം നൂട്രീഷണൽ ലേബൽ; അതും വ്യക്തമായി വായിക്കാവുന്ന തരത്തിൽ-പാർലമെന്റ് കമ്മിറ്റി
text_fieldsന്യൂഡൽഹി: ഭക്ഷ്യവസ്തുക്കൾ പാക്കറ്റുകളിൽ വിൽക്കുമ്പോൾ അതിന്റെ ന്യൂട്രീഷൻ റിപ്പോർട്ട് കവറിന് മുന്നിൽ വ്യക്തമായി വായിക്കാൻ കഴിയുന്ന തരത്തിൽ പ്രിന്റ് ചെയ്യണമെന്ന ‘ഫ്രണ്ട് ഓഫ് പാക്ക് ലേബലിങ്’ നടപ്പാക്കണമെന്ന് പാർലമെൻറിന്റെ സബോർഡിനേറ്റ് ലെജിസ്‍ലേഷൻ കമ്മിറ്റി നിർദ്ദേശിച്ചു.
ആഹാര വസ്തുക്കളും ഡയബറ്റിക്, കുടവയർ തുടങ്ങിയവക്കെതിരായ മരുന്നുകളും മറ്റും വാങ്ങുമ്പോൾ സാധാരണക്കാർക്ക് വേഗം തന്നെ അതിലടങ്ങിയിരിക്കുന്ന വസ്തുക്കളെ സംബന്ധിച്ച് വ്യക്തമായ ധാരണ ലഭിക്കേണ്ടതുണ്ട്, പ്രത്യേകിച്ചും വലിയ വിദ്യാഭ്യാസമില്ലാത്ത ആളുകളെ സംബന്ധിച്ച്. നിലവിൽ ഇത് പാക്കറ്റിന് പുറകിൽ പെട്ടെന്ന് വായിക്കാൻ കഴിയാത്ത തരത്തിൽ വളരെ ചെറിയ അക്ഷരങ്ങളിലാണ് കമ്പനികൾ രേഖപ്പെടുത്താറുള്ളത്.
സബോർഡിനേറ്റ് ലെജിസ്‍ലേഷൻ കമ്മിറ്റി ഇതു സംബന്ധിച്ച നിർദ്ദേശങ്ങൾ പാർലമെന്റിന്റെ മേശപ്പുറത്തുവെച്ചു. ഭക്ഷ്യസുരക്ഷ അതോറിറ്റി ഇതു സംബന്ധിച്ച നിർദ്ദേശം എല്ലാ സ്ഥാപനങ്ങൾക്കും നൽകണമെന്നും അതുവഴി ജനങ്ങൾക്ക് ആരോഗ്യകരമായ ഭക്ഷ്യവസ്തുക്കളും നൂട്രീഷൻ ഉത്പന്നങ്ങളും ലഭ്യമാക്കാൻ അവസരം നൽകണമെന്നും ശിവസേന എം.പി മലിന്ദ് ദിയോറ ചെയർമാനായ കമ്മിറ്റി നിർദ്ദേശിച്ചു.
2022 മുതൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ഫ്രണ്ട് ഓഫ് പാക്ക് ലേബലിങ് നടപ്പാക്കാനുള്ള ഡ്രാഫ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ ഇതുവരെ നടപ്പായിട്ടില്ല. സുപ്രീം കോടതിയിൽ ഇതു സംബന്ധിച്ച് പൊതുതാത്പര്യ ഹർജിയും ലഭിച്ചിട്ടുണ്ട്.
നിലവിൽ ആൽക്കഹോൾ, മധുരപലഹാരങ്ങൾ, ച്യൂവിങ് ഗം തുടങ്ങിയവയെ ഇതിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ഇതെല്ലാം അപകടകാരികളായതിനാൽ അവയെയും ഇതിന്റെ പരിധിയിൽ ഉൾപ്പെടുത്തണമെന്നും കമ്മിറ്റി നിർദ്ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

