Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Articlechevron_rightകിഡ്‌നി ശസ്ത്രക്രിയ...

കിഡ്‌നി ശസ്ത്രക്രിയ കഴിഞ്ഞാലും കരുതൽ വേണം; ജീവിതശൈലിയിൽ വരുത്താം ഈ മാറ്റങ്ങൾ...

text_fields
bookmark_border
കിഡ്‌നി ശസ്ത്രക്രിയ കഴിഞ്ഞാലും കരുതൽ വേണം;   ജീവിതശൈലിയിൽ വരുത്താം ഈ മാറ്റങ്ങൾ...
cancel
camera_alt

പ്രതീകാത്മ ചിത്രം

വൃക്കയിലെ അർബുദം അതായത് കിഡ്നി കാൻസർ ഇന്ന് വർധിച്ചുവരുന്ന ആരോഗ്യപ്രശ്നമാണ്. എന്നാൽ കൃത്യമായ സമയത്ത് രോഗനിർണ്ണയം നടത്തുകയും ശസ്ത്രക്രിയയിലൂടെ ട്യൂമർ നീക്കം ചെയ്യുകയും ചെയ്താൽ പൂർണ്ണ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് മടങ്ങിവരാൻ സാധിക്കും. വൃക്ക പൂർണ്ണമായോ ഭാഗികമായോ നീക്കം ചെയ്താലും (Nephrectomy) കൃത്യമായ പരിചരണവും ജീവിതശൈലി ക്രമീകരണങ്ങളും വഴി സാധാരണ ജീവിതം നയിക്കാൻ രോഗിക്ക് സാധിക്കും. ശസ്ത്രക്രിയക്ക് ശേഷമുള്ള സുഖപ്രാപ്തി, തുടർപരിശോധനകൾ, സ്വീകരിക്കേണ്ട ജീവിതശൈലി എന്നിവയെക്കുറിച്ച് വിശദമായി മനസ്സിലാക്കാം.

കിഡ്നി കാൻസർ: ലക്ഷണങ്ങൾ തിരിച്ചറിയാം

തുടക്കത്തിൽ പ്രകടമായ ലക്ഷണങ്ങൾ കാണിക്കാത്ത ഒന്നാണ് കിഡ്നി കാൻസർ. പലപ്പോഴും മറ്റ് രോഗങ്ങൾക്കായി നടത്തുന്ന അൾട്രാസൗണ്ട് സ്കാനിങ്ങിലൂടെയാണ് ഇത് യാദൃശ്ചികമായി കണ്ടെത്തുന്നത് (Incidental detection). എങ്കിലും രോഗം വളരുന്നതിനനുസരിച്ച് ചില ലക്ഷണങ്ങൾ പ്രകടമായേക്കാം:

മൂത്രത്തിൽ രക്തത്തിന്റെ അംശം കാണപ്പെടുക (Hematuria): വേദനയില്ലാതെ മൂത്രത്തിലൂടെ രക്തം പോകുന്ന അവസ്ഥയാണ് ഇത്. പ്രധാനപ്പെട്ട ലക്ഷണങ്ങളിൽ ഒന്നാണ് ഇത്.

തുടർച്ചയായ നടുവേദന: പുറംഭാഗത്തോ നട്ടെല്ലിന്റെ ഇരുവശങ്ങളിലോ ആയി വിട്ടുമാറാത്ത വേദന അനുഭവപ്പെടുക.

വയറ്റിൽ മുഴ: വയറിന്റെ വശങ്ങളിലോ അടിവയറ്റിലോ അനുഭവപ്പെടുന്ന മുഴ.

കാരണമില്ലാതെ ഭാരം കുറയുക: പെട്ടെന്ന് ശരീരഭാരം കുറയുകയും വിശപ്പില്ലായ്മ അനുഭവപ്പെടുകയും ചെയ്യുക.

വിട്ടുമാറാത്ത ക്ഷീണവും വിളർച്ച ഉള്ളതും അധികനാൾ നീണ്ടുനിൽക്കുന്ന പനിയും.

രോഗസാധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങൾ

വൃക്കയിലെ കോശങ്ങളുടെ ഡി.എൻ.എയിൽ ഉണ്ടാകുന്ന ജനിതക വ്യതിയാനങ്ങളാണ് അർബുദത്തിന് കാരണമാകുന്നത്. രോഗസാധ്യത വർധിപ്പിക്കുന്ന ചില ഘടകങ്ങൾ ഇവയാണ്.

പുകവലി: പുകവലിക്കാത്തവരെ അപേക്ഷിച്ച് പുകവലിക്കുന്നവരിൽ വൃക്കയിലെ അർബുദ സാധ്യത ഇരട്ടിയാണ്.

അമിതവണ്ണവും പ്രമേഹവും: ശരീരഭാരം കൂടുന്നത് ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങൾക്ക് കാരണമാകുകയും ഇത് കാൻസർ സാധ്യത ഉയർത്തുന്നു.

ഉയർന്ന രക്തസമ്മർദം (Hypertension): ദീർഘകാലമായി രക്തസമ്മർദം നിയന്ത്രിക്കാതിരിക്കുന്നത് വൃക്കകളെ ബാധിക്കാം.

രാസവസ്തുക്കളുമായുള്ള സമ്പർക്കം: ജോലിസ്ഥലങ്ങളിൽ ആസ്ബറ്റോസ്, കാഡ്മിയം തുടങ്ങിയ രാസവസ്തുക്കളുമായി നിരന്തരം സമ്പർക്കത്തിൽ വരുന്നത്.

വിട്ടുമാറാത്ത വൃക്കരോഗങ്ങൾ: ദീർഘകാലമായി ഡയാലിസിസ് ചെയ്യുന്നവർക്കു രോഗസാധ്യത കൂടുതലാണ്.

നേരത്തെയുള്ള രോഗനിർണ്ണയത്തിന്റെ പ്രാധാന്യം

കിഡ്നി കാൻസർ ചികിത്സയുടെ വിജയം പൂർണ്ണമായും ഏത് ഘട്ടത്തിൽ രോഗം കണ്ടെത്തുന്നു എന്നതിനെ ആശ്രയിച്ചാണ്. ആദ്യ ഘട്ടങ്ങളിൽ രോഗം വൃക്കക്കുള്ളിൽ മാത്രമായി ഒതുങ്ങിനിൽക്കുമ്പോൾ അത് ശസ്ത്രക്രിയയിലൂടെ പൂർണ്ണമായി മാറ്റാൻ സാധിക്കും. കാൻസർ മറ്റ് അവയവങ്ങളിലേക്കു പടരുന്നതിനു മുൻപ് കണ്ടെത്തിയാൽ കീമോതെറാപ്പിയോ റേഡിയേഷനോ പോലുമില്ലാതെ സർജറി കൊണ്ടുമാത്രം രോഗമുക്തി നേടാൻ സാധിക്കും.

ശ്രദ്ധിക്കുക: നാൽപത് വയസ്സ് കഴിഞ്ഞവർ പ്രത്യേകിച്ചു പുകവലിക്കുന്നവരും ഉയർന്ന രക്തസമ്മർദമുള്ളവരും വർഷത്തിലൊരിക്കൽ ഹെൽത്ത് ചെക്കപ്പിന്റെ ഭാഗമായി അൾട്രാസൗണ്ട് സ്കാനിങ് നടത്തുന്നത് രോഗം നേരത്തെ കണ്ടുപിടിക്കാൻ സഹായിക്കും.

ശസ്ത്രക്രിയക്ക് ശേഷമുള്ള പരിചരണവും നിരീക്ഷണവും

ശസ്ത്രക്രിയ കഴിഞ്ഞതിനു ശേഷം രോഗം പൂർണ്ണമായി മാറി എന്നു കരുതി തുടർപരിശോധനകൾ മുടക്കരുത്. എന്തെന്നാൽ വൃക്കയുടെ ആരോഗ്യം നിലനിർത്തേണ്ടത് ജീവൻ നിലനിർത്താൻ അനിവാര്യമാണ്.

1. കൃത്യമായ തുടർപരിശോധനകൾ

സർജറിക്കു ശേഷം ആദ്യത്തെ കുറച്ച് വർഷങ്ങളിൽ ഓരോ 3 മുതൽ 6 മാസം കൂടുമ്പോഴും ഡോക്ടറെ കണ്ടു പരിശോധനകൾ നടത്തണം. വൃക്കയുടെ പ്രവർത്തനം കൃത്യമാണെന്ന് ഉറപ്പാക്കാൻ ആർ.എഫ്.ടി പരിശോധന (RFT - Kidney Function Test), കാൻസർ വീണ്ടും വരാനുള്ള സാധ്യത തടയാൻ CT Scan അല്ലെങ്കിൽ അൾട്രാസൗണ്ട് സ്കാനിങ്, എക്സ്-റേ എന്നിവ കൃത്യമായ ഇടവേളകളിൽ ചെയ്യേണ്ടതുണ്ട്.

2. രക്തസമ്മർദവും പ്രമേഹവും നിയന്ത്രിക്കുക

അവശേഷിക്കുന്ന ഒരു വൃക്കക്ക് അമിത ജോലിഭാരം നൽകാതിരിക്കാൻ രക്തസമ്മർദവും പ്രമേഹവും കൃത്യമായ പരിധിക്കുള്ളിൽ നിലനിർത്താൻ സൂക്ഷിക്കണം. ഉയർന്ന ബി.പി വൃക്കയുടെ ഫിൽട്ടറേഷൻ സംവിധാനത്തെ തകരാറിലാക്കും.

3. മരുന്നുകളുടെ ഉപയോഗത്തിൽ ശ്രദ്ധ

ഡോക്ടറുടെ നിർദേശമില്ലാതെ ഒരു മരുന്നും കഴിക്കരുത്. പ്രത്യേകിച്ചു വേദനസംഹാരികൾ മറ്റ് ആൻറിബയോട്ടിക്കുകൾ എന്നിവ സ്വയം വാങ്ങി കഴിക്കുന്നത് വൃക്കയുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കാം.

ശേഷിക്കുന്ന വൃക്കയുടെ ആരോഗ്യം ദീർഘകാലം നിലനിർത്താൻ

ഒരു വൃക്ക മാത്രമുള്ളവർക്ക് ആരോഗ്യകരമായ ജീവിതം നയിക്കാൻ സാധിക്കുമെങ്കിലും, ആ ഒറ്റ വൃക്കയുടെ കാര്യക്ഷമതയും ആരോഗ്യവും കാത്തുസൂക്ഷിക്കാൻ ജീവിതശൈലിയിൽ ചില നിർണ്ണായകമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. അതിനായി താഴെ പറയുന്ന വഴികൾ ശീലമാക്കുക:

സോഡിയത്തിന്റെ അളവ് പരിമിതപ്പെടുത്തുക: ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് പരമാവധി കുറക്കുന്നത് രക്തസമ്മർദം കൃത്യമായി നിലനിർത്താൻ സഹായിക്കും. ഇത് വൃക്കയിലേക്കുള്ള രക്തക്കുഴലുകളുടെ ആയാസം കുറക്കുകയും ഫിൽട്ടറേഷൻ സുഗമമാക്കുകയും ചെയ്യുന്നു.

പ്രോട്ടീൻ നിയന്ത്രണം (മിതമായ പ്രോട്ടീൻ): അമിതമായി പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ (ഉദാഹരണത്തിനു ചുവന്ന ഇറച്ചി, കൃത്രിമ പ്രോട്ടീൻ സപ്ലിമെന്റുകൾ) പൂർണ്ണമായും ഒഴിവാക്കുക. പ്രോട്ടീൻ ദഹന പ്രക്രിയയിലൂടെ ഉണ്ടാകുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാൻ വൃക്കക്ക് കൂടുതൽ ജോലി ചെയ്യേണ്ടി വരുന്നത് തടയാൻ ഇത് അത്യാവശ്യമാണ്.

കൃത്യമായ ജലാംശം നിലനിർത്തുക: ശരീരത്തിൽ നിർജ്ജലീകരണം ഉണ്ടാകാതെ സൂക്ഷിക്കുക എന്നത് വൃക്കയുടെ ആരോഗ്യത്തിന് പ്രധാനമാണ്. മറ്റ് ഹൃദ്രോഗങ്ങളോ ഡോക്ടറുടെ പ്രത്യേക നിയന്ത്രണങ്ങളോ ഇല്ലെങ്കിൽ ദിവസവും 2-3 ലിറ്റർ വെള്ളം കുടിക്കുന്നത് പതിവാക്കുക. ഇത് വിഷാംശങ്ങൾ എളുപ്പത്തിൽ പുറന്തള്ളാൻ സഹായിക്കും.

ടോക്സിനുകൾ ഒഴിവാക്കുക: പുകവലിയും മദ്യപാനവും പൂർണ്ണമായും ഒഴിവാക്കണം. പുകവലി വൃക്കകളിലേക്കുള്ള രക്തപ്രവാഹം കുറക്കുമ്പോൾ, മദ്യപാനം ശരീരത്തിലെ ദ്രാവകങ്ങളുടെ സന്തുലിതാവസ്ഥ തെറ്റിക്കുകയും വൃക്കക്ക് ദോഷം ചെയ്യുകയും ചെയ്യും.

സുരക്ഷിതമായ ശാരീരികക്ഷമത: ശരീരഭാരവും രക്തസമ്മർദവും നിയന്ത്രിക്കാൻ ദിവസവും 30 മിനിറ്റ് ലഘുവായ നടത്തം, യോഗ പോലുള്ളവ ശീലമാക്കുക. എന്നാൽ അവശേഷിക്കുന്ന വൃക്കക്ക് പരിക്കേൽക്കാൻ സാധ്യതയുള്ള കഠിനമായ വെയ്റ്റ് ലിഫ്റ്റിങ്, കോൺടാക്റ്റ് സ്പോർട്സ് (Contact Sports) എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്.

(തയാറാക്കിയത്-ഡോ. മുഹമ്മദ് അബ്ദുൽ മാലിക് മൻസാർ, സീനിയർ കൺസൾട്ടന്റ് റേഡിയോളജി ഓങ്കോളജി,ആസ്റ്റർ മിംസ് മദർ ഹോസ്പിറ്റൽ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:treatmentSurgeryHealth Alertkidney cancerHealth News
News Summary - Kidney Cancer: Things to consider and lifestyle adjustments after surgery
Next Story