Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഇന്ന് ലോകാരോഗ്യദിനം; കേരളവും ആരോഗ്യമേഖലയും
cancel

ലോകം ഒന്നിച്ചൊന്നായി കഴിഞ്ഞ രണ്ടുവർഷക്കാലം ആശങ്കയോടെ സംസാരിച്ചും ചർച്ചചെയ്‌തും പഠിച്ചും പരീക്ഷിച്ചും കോവിഡ് മഹാമാരിയെ ചെറുത്ത് വാക്സിനേഷൻ ഏതാണ്ട് പൂർത്തീകരണവേളയിലാണ് ഇക്കുറി ലോകാരോഗ്യ ദിനം.

ലോകാരോഗ്യ സംഘടന (WHO) 1948 ൽ ആദ്യത്തെ ആരോഗ്യ അസംബ്ലിയിൽ ലോകാരോഗ്യ ദിന പ്രചാരണം ആരംഭിക്കുകയും 1950 ൽ ആചരിക്കുകയും ചെയ്തു. സാർവത്രിക ആരോഗ്യ പരിരക്ഷയുടെ പ്രാധാന്യം പൊതു സമൂഹത്തിന് മനസ്സിലാക്കുക എന്നതായിരുന്നു ദിനാചരണ ലക്ഷ്യം. 'നമ്മുടെ ഗ്രഹം നമ്മുടെ ആരോഗ്യം'(Our Planet Our Health)എന്നതാണ് ഈ വർഷത്തെ പ്രമേയം.

പുതിയ വൈറസ് നിശ്ചലമാക്കിയ ലോകത്തെ, ഭരണാധികാരികൾ പലഘട്ടത്തിലും നേരിട്ടത് അധികാരത്തിന്റെ ദണ്ഡ് പൊതുസമൂഹത്തിന്റെ വീടിന്റെ വാതിൽവരെ പ്രയോഗിക്കാനുള്ള ഉപകരണമായിട്ടായിരുന്നു. ആരോഗ്യമേഖലയിലെ വിദഗ്ധർക്ക് പങ്കില്ലാത്ത കോവിഡ് പ്രതിരോധ തന്ത്രം ഒരു ഘട്ടത്തിൽ കൈവിട്ടുപോയ സാഹചര്യം നമ്മുടെ കേരളത്തിൽപോലും ഉണ്ടായി. മുമ്പും ഇപ്പോഴും വന്നുപെട്ട മഹാമാരികളെ മറികടന്ന് കേരളം രാജ്യത്തെ കൊട്ടിഘോഷിക്കപ്പെടുന്ന സംസ്ഥാനങ്ങളെക്കാൾ ആരോഗ്യസൂചികയിൽ മുൻനിരയിൽ നിൽക്കുന്നുവെങ്കിൽ അതിന്റെ അടിത്തറ എങ്ങനെയായിരുന്നുവെന്ന ആലോചനയും ഓർമപ്പെടുത്തലുകളും ഈ ദിനത്തിൽ ആവശ്യമാണ്.

ആധുനിക ചികിത്സാരംഗം കേരളത്തിൽ

ബ്രിട്ടീഷുകാരുടെ ആവശ്യങ്ങൾ നിറവേറ്റാനായിരുന്നു ആധുനിക ചികിത്സ തിരുവിതാംകൂറിൽ തുടക്കം കുറിച്ചത്. തുടർന്ന് കേരളത്തിലെ മറ്റു നാട്ടുരാജ്യങ്ങളിലും ഇത് പ്രയോഗിച്ചു. നാട്ടുചികിത്സയിൽ പരിഹാരമില്ലാത്ത കോളറ,വസൂരി, അതിസാരം,മലേറിയ രോഗങ്ങൾ മൂലമുള്ള കൂട്ട മരണങ്ങൾ കൂടിക്കൊണ്ടിരുന്നു.1813-ൽ വസൂരി പടർന്നുപിടിച്ചപ്പോൾ റെസിഡന്റും ദിവാൻ പദവിയും ഒരുമിച്ചു വഹിച്ച മൺറോയുടെ നിർദേശപ്രകാരം റാണി ഗൗരി ലക്ഷ്മി ബായി ചെറിയൊരു വാക്‌സിനേഷൻ ഗ്രൂപ്പിന് രൂപം നൽകി. 1819-ൽ ഡോ. പ്രോവാൻ കൊട്ടാരം വൈദ്യൻ(Durbar Physician)ആയി നിയോഗിച്ചു. കൊട്ടാരം ജോലിക്കാർക്കും തിരുവിതാംകൂർ പട്ടാളമായ നായർ ബ്രിഗേഡിനുമായി തിരുവനന്തപുരത്ത് കോട്ടക്കകത്തും(ഇന്നത്തെ Fort Hospital) മറ്റൊന്ന് പട്ടാളത്തിന്റെ പാളയത്തും ആരംഭിച്ചു.

സ്വാതി തിരുനാൾ 1837-ൽ തൈക്കാട് കിടക്കകളോടെ ധർമാശുപത്രിയും സ്ഥാപിച്ചിരുന്നു. 1905-ൽ ഈ ആശുപത്രി ഡോ. മേരി പുന്നൻ ലൂക്കോസിന്റെ നേതൃത്വത്തിൽ പ്രസവാശുപത്രിയായും പിന്നീട് കുട്ടികളുടെയും സ്ത്രീകളുടെയും പ്രത്യേക ആശുപത്രിയായി. ഇന്നും ഏറ്റവും കൂടുതൽ പ്രസവം ഒരു പക്ഷേ ഈ ആശുപത്രിയിലാണ്.

1870-ൽ പേരൂർക്കട മാനസികരോഗ ആശുപത്രി, പിന്നാലെ ജനറൽ ആശുപത്രി എന്നിങ്ങനെ സർക്കാർ ആശുപത്രികളുണ്ടായി. പുലയനാർകോട്ട ക്ഷയരോഗ ആശുപത്രിയും ഇക്കൂട്ടത്തിലുള്ളതാണ്. ഇതുപോലെ നിരവധി ആതുരാലയങ്ങൾ കേരളത്തിൽ വ്യാപകമായി ഉണ്ടായി.

എന്നാൽ ഇതിനൊക്കെ മുമ്പേ ജാതിഭേദമില്ലാതെ എൽ.എം.എസ്(London Mission Society) ആധുനിക വൈദ്യ സ്ഥാപനങ്ങൾ ആരംഭിച്ചു.1838-ൽ നെയ്യൂർ മെഡിക്കൽ മിഷൻ ആശുപത്രി തുടങ്ങി. 1923-ൽ ഡോ. സോമർവെൽ ആദ്യ എക്സ്റേ സ്ഥാപിച്ചു ശസ്ത്രക്രിയയും തുടങ്ങിയിരുന്നു. 1951-ൽ തിരുവനന്തപുരത്ത് മെഡിക്കൽ കോളജിനു തുടക്കമിടുമ്പോൾ സോമർവെൽ അതിൽ ഉപദേശകാംഗമായിരുന്നു.

ആരോഗ്യമേഖല സ്വാതന്ത്ര്യത്തിനുശേഷം

1949-ൽ പറവൂർ ടി.കെ. നാരായണപിള്ള തിരുവിതാംകൂർ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് 1950 ജനുവരി 26ന് ബാലരാമവർമ തിരുവനന്തപുരം മെഡിക്കൽ കോളജിന് തറക്കല്ലിടുന്നത്. സി.ഒ. കരുണാകരനായിരുന്നു സ്പെഷൽ ഓഫിസർ. മെഡിക്കൽ കോളജ് ആദ്യ ബാച്ച് എം.ബി.ബി.എസ് പ്രവേശന തുടക്കം, ഉദ്ഘാടനം എന്നിവ നിർവഹിച്ചത് പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവായിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി അമൃത കൗളും പങ്കെടുത്തിരുന്നു. സംസ്ഥാന രൂപവത്കരണ ശേഷം 1957-ൽ ഇ.എം.എസ് സർക്കാർ കോഴിക്കോട് മെഡിക്കൽ കോളജിനു തുടക്കമിട്ടു.

നാല് മെഡിക്കൽ കോളജുകൾ,ഒമ്പത് ജില്ല ആശുപത്രികൾ, 61 താലൂക്ക് ആശുപത്രികൾ,ഏതാനും സ്വകാര്യ ആശുപത്രികളും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും മാത്രമെ ആദ്യ ഘട്ടത്തിലുണ്ടായിരുന്നുള്ളൂ. 926 പഞ്ചായത്തുകളിൽ 826 എണ്ണത്തിലും ചികിത്സ സൗകര്യം ഇല്ലായിരുന്നു.അവിടെ നിന്നാണ് ഒരു പഞ്ചായത്തിന്‌ ഒരാശുപത്രി എന്ന പരിപാടി ആവിഷ്കരിച്ച് നടപ്പാക്കിയത്. 1973-76 കാലത്ത് 600 കേരളീയ ഗ്രാമങ്ങളിൽ കൂടി സർക്കാർ ആതുരാലയങ്ങൾ തുറക്കപ്പെട്ടു.

.താലൂക്ക് ആശുപത്രികളിൽ സ്പെഷാലിറ്റികൾ തുടങ്ങിയതും അക്കാലത്തായിരുന്നു.ശ്രീ ചിത്രാ മെഡിക്കൽ സെന്റർ ,ഔഷധി,ആലപ്പുഴയിലെ ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽ, സർക്കാർ ആശുപത്രികളിൽ സൊസൈറ്റി പേവാർഡുകൾ,എല്ലാ േബ്ലാക്കിലും മെഡിക്കൽ കോളജിലെ സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ മെഡിക്കൽ ക്യാമ്പുകൾ ഇങ്ങനെ വൈവിധ്യമായ പരിപാടികൾ ആവിഷ്കരിച്ചു.സഹകരണ ആശുപത്രികളും അക്കാലത്ത് ആരംഭിച്ചു.

2001-ൽ എ.കെ. ആന്റണി മുഖ്യമന്ത്രിയായിരിക്കെ നിരവധി സ്വാശ്രയ മെഡിക്കൽ കോളജുകൾക്ക് അംഗീകാരം നൽകി. എല്ലാ ജില്ലയിലും ഒരു മെഡിക്കൽ കോളജ് എന്ന പ്രഖ്യാപിത ലക്ഷ്യം പൂർണമാക്കാൻ നമുക്കായിട്ടില്ല

ദേശീയ ആരോഗ്യദൗത്യം

ആദ്യ യു.പി.എ സർക്കാറിന്റെ 2005ലെ അഭിമാനപദ്ധതിയായിരുന്ന നാഷനൽ റൂറൽ ഹെൽത്ത് മിഷൻ (എൻ.ആർ.എച്ച്.എം) 2007-08ൽ കേരളത്തിലും ആരംഭിച്ചു. കഴിഞ്ഞ 14വർഷത്തിനിടയിൽ പ്രാഥമിക, ദ്വിതീയ ആരോഗ്യ കേന്ദ്രങ്ങളിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ധനസഹായത്തോടെ നടന്ന ശാക്തീകരണം കേരളത്തിന്റെ ആരോഗ്യ സുരക്ഷയിൽ കാര്യമായ കരുത്തുപകർന്നു.

1000 ജനങ്ങൾക്ക് ഒരു ആശ വർക്കർ (Accredited Social Health Activist) എന്ന നിലയിൽ 25,000ത്തോളം പേർ ഒരു വ്യാഴവട്ടക്കാലമായി കേരളത്തിലെ മുക്കിലും മൂലയിലും പ്രവർത്തിക്കുന്നു. ഘട്ടം-ഘട്ടമായി പരിശീലനത്തിലൂടെ ആർജിച്ച ആരോഗ്യ ആശയ വിനിമയം കേരളത്തിന്റെ ഉൾപ്രദേശങ്ങളിൽപോലും ഗുണപരവുമായ മാറ്റം വരുത്തി. അതുകൊണ്ട് തന്നെ ഇതര സംസ്ഥാനങ്ങളേക്കാൾ ഒന്നല്ല ഒരു നാലഞ്ച് പടി മുന്നിലാകും ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങൾ. ആശ മാത്രമല്ല ഡോക്ടർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, ലാബ് ടെക്നീഷ്യൻ തുടങ്ങി എല്ലാവിധ ആരോഗ്യ സേവകരെയും പ്രാഥമികാരോഗ്യ കേന്ദ്ര തലം മുതൽ വിന്യസിച്ചിട്ടുണ്ട്. ആരോഗ്യപദ്ധതികൾ പഞ്ചായത്തീരാജ് സ്ഥാപനങ്ങൾ മുഖേന സംയോജിപ്പിച്ച് ഗുണഭോക്താക്കളിൽ എത്തിക്കാനും നാം ശ്രമിക്കുന്നു. ഈ സംവിധാനം കാലാകാലങ്ങളായി വരുന്ന സർക്കാറുകൾക്ക് വളരെ കൃത്യമായി ചലിപ്പിക്കുവാൻ കഴിയുന്നുണ്ട്.

ആരോഗ്യരംഗത്ത് അടിയന്തരാവസ്ഥ ഏത് അപ്രതീക്ഷിത സമയത്തും സംജാതമായേക്കാം. എല്ലാവരും സുരക്ഷിതരാവും വരെ നാം ആരും സുരക്ഷിതരല്ല എന്ന തത്ത്വം മറക്കാതെ ഭരണകൂടവും ആരോഗ്യപ്രവർത്തകരും പൊതുസമൂഹവും ഒരുമിച്ചു മുന്നോട്ടു നീങ്ങിയാൽ മാത്രമെ അവയെ മറികടക്കാനാവൂ.

(അര നൂറ്റാണ്ട് സേവന പരിചയമുള്ള ശിശുരോഗ വിദഗ്ധയും സാമൂഹിക-രാഷ്ട്രീയ പ്രവർത്തകയുമാണ് ലേഖിക)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world health day
News Summary - Kerala and the health sector
Next Story