Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കോവിഡ്: വേണ്ട, ആവശ്യത്തിലേറെ ഉത്കണ്ഠ
cancel

ആഗോളതലത്തിൽ തന്നെ 'കോവിഡ്​-19' എന്ന മഹാമാരി മനുഷ്യരാശിക്ക്​ ഭീഷണിയാവുകയും അത്​ പൊടുന്നനെ നമ്മുടെ ജീവിതത്തെ പിടിച്ചുകുലുക്കുകയും ചെയ്​ത സാഹചര്യത്തിൽ സമൂഹത്തിൽ ഭീതിയും ആശങ്കയും ഉത്​കണ്​ഠയും ഉയരുന്നത്​ തികച്ചും സ്വാഭാവികമാണ്​. എന്നാൽ, ഇത്തരം മനുഷ്യസഹജമായ വികാരങ്ങളും ചിന്തകളും അതിരുകടക്കു​േമ്പാൾ അത്​ ജീവിതത്തെ പ്രതികൂലമായി ബാധിച്ചേക്കും. കോവിഡ്​ ഇതര രോഗങ്ങൾ സമൂഹത്തിൽ താരതമ്യേന കുറഞ്ഞുവെങ്കിലും മഹാമാരിയും ലോക്​ഡൗണും സൃഷ്​ടിച്ച പ്രതിസന്ധികൾ മാനസിക പ്രശ്​നങ്ങളുടെ തോതിൽ വലിയ വർധനയാണ്​ സൃഷ്​ടിച്ചിരിക്കുന്നത്​. ഇതുമായി ബന്ധപ്പെട്ട്​ വിവിധ തരത്തിലുള്ള പ്രശ്​നങ്ങളാണ്​ ഇന്ന്​ വ്യക്തികൾ അഭിമുഖീകരിക്കുന്നത്​.

നീണ്ടുപോകുന്ന ലോക്​ഡൗൺ നൽകുന്ന ഏകാന്തത, തൊഴിൽപരമായ പ്രതിസന്ധി, സാമ്പത്തിക അരക്ഷിതാവസ്​ഥ, ചുറ്റിലും ഉയരുന്ന ആശങ്കജനകമായ വാർത്തകൾ, ജീവിതം എന്നാണ്​ പഴയനിലയിലാവുക എന്നകാര്യത്തിലുള്ള അനിശ്ചിതാവസ്​ഥ തുടങ്ങിയ നിരവധി ഘടകങ്ങളാണ്​ ഒരാളെ മാനസികമായി തളർത്തുന്നത്​. നിലവിൽ ​മാനസികപ്രശ്നങ്ങൾക്ക്​ ചികിത്സയെടുക്കുന്നവരിൽ ഇത്​ രോഗം സങ്കീർണമാക്കാനും സാധ്യതയുണ്ട്​​. കൂടാതെ, സമൂഹത്തിലെ മനോബലം കുറഞ്ഞ ഒരു വിഭാഗം വ്യക്തികൾ കടുത്ത മാനസിക സമ്മർദവും ഭാവിയെക്കുറിച്ചുള്ള ആശങ്കയും താങ്ങാനാവാതെ വൈദ്യസഹായം തേടുന്നുമുണ്ട്​. മറ്റു ചിലരാവ​ട്ടെ ഡോക്​ടർമാരെ സമീപിക്കാൻപോലും ഭയന്ന്​ പുറത്തിറങ്ങാതെ കഠിനമായ സംഘർഷങ്ങൾ സഹിച്ചുകൊണ്ട്​ കഴിയുന്നു.

സമൂഹമാധ്യമങ്ങളുടെ കുത്തൊഴുക്കിൽ വേണ്ടതും വേണ്ടാത്തതും ശാസ്​ത്രീയവും അശാസ്​ത്രീയവുമായ വാർത്തകളും സംഭവങ്ങളുമാണ്​ വ്യക്തികളുടെ കൈകളിലേക്ക്​ ദിനംപ്രതി എത്തിക്കൊണ്ടിരിക്കുന്നത്​. ഇതിലെ ശരിയും തെറ്റും തിരിച്ചറിയാനാവാതെ പലരും വ്യാജവാർത്തകളിലെ ഇല്ലാക്കഥകളെ ഭയന്ന്​ അനാവശ്യമായി തളർന്നുപോകുന്നു. ഉത്തരവാദപ്പെട്ട പത്രങ്ങൾ, ചാനലുകൾ എന്നിവപോലും പലപ്പോഴും ഭീതിയുണർത്തുന്ന വാർത്തകളും ചിത്രങ്ങളും പൊതുസമൂഹത്തിനു​ മുന്നിലേക്ക്​ എത്തിച്ചുനൽകുന്നു. ഒരുപക്ഷേ, വാർത്താപ്രാധാന്യമുള്ള സംഭവങ്ങളാണെങ്കിൽ​പോലും അത്​ വായനക്കാരിലും പ്രേക്ഷകരിലും ഉൾപ്പെട്ട ദുർബലമനസ്​കരായ വ്യക്തികളെ ഒ​ട്ടൊന്നുമല്ല പ്രതികൂലമായി ബാധിക്കുന്നത്​.

സദാസമയവും തനിക്കോ വീട്ടിലുള്ളവർക്കോ കോവിഡ്​ വരും എന്ന ഭീതിയും ഉത്​കണ്​ഠയും, കോവിഡ്​ ഭീതിമൂലം ഉറക്കത്തിൽ ഞെട്ടിയുണരുക, പിന്നീട്​ ഉറങ്ങാൻ കഴിയാതിരിക്കുക, വീടിന്​ മുറ്റത്തേക്കുപോലും ഇറങ്ങാൻ ഭയക്കുക, സമീപത്തുള്ള ആരെങ്കിലും തുമ്മുകയോ ചുമയ്​ക്കുകയോ ചെയ്​താൽ ഞെട്ടിവിറക്കുക, പുറത്തുനിന്നുള്ള വസ്​തുക്കളെ അതിരുകവിഞ്ഞ്​ ഭയപ്പെടുകയും കൊറിയറായി എത്തുന്ന വസ്​തുക്കളെ ദിവസങ്ങളോളം സ്​പർശിക്കാതെ വീടിന്​ പുറത്ത്​ സൂക്ഷിക്കുകയും ചെയ്യുക, വീട്ടിൽ ആർക്കും രോഗമൊന്നും ഇല്ലെങ്കിൽപോലും വീട്ടിനകത്തുപോലും മാസ്​ക്​ ധരിക്കുക, മുറിയിൽ നിന്ന്​ പുറത്തിറങ്ങിയാൽപോലും കൈകൾ സാനിറ്റൈസ്​ ചെയ്യുക, വാങ്ങിക്കൊണ്ടുവരുന്ന പച്ചക്കറികൾപോലും അണുവിമുക്​തമാക്കാൻ ​ശ്രമിക്കുക തുടങ്ങി അസ്വാഭാവികം എന്നു തോന്നിക്കുന്ന നിരവധി സ്വഭാവവിശേഷങ്ങളുമായാണ്​ പലരും ജീവിതം തള്ളിനീക്കുന്നത്​.

ഇതിനുപുറമെയാണ്​ നിലവിൽ ചികിത്സയിലുള്ള പല രോഗികളും പണമില്ലാത്തതിനാലും യാത്രചെയ്യാൻ കഴിയാത്തതിനാലും തുടർച്ചയായി കഴിക്കേണ്ട മരുന്നുകൾ കഴിക്കാതിരിക്കുന്നത്​. സ്വാഭാവികമായും ഇക്കൂട്ടരിൽ അസുഖത്തി​െൻറ തീവ്രത വർധിക്കാനാണ്​ സാധ്യത.

ഉത്​കണ്​ഠ രോഗാവസ്​ഥയാകുന്നത്​

ചെറിയ ഉത്​കണ്​ഠ വ്യക്തികളുടെ സുഗമമായ ജീവിതത്തിന്​ നല്ലതാണ്​. അപകടങ്ങളോടും രോഗങ്ങളോടും അനിഷ്​ടസംഭവങ്ങളോടുമുള്ള ഇത്തരം മിതമായ ഉത്​കണ്​ഠയുള്ളതുകൊണ്ടാണ്​ വ്യക്​തികൾക്ക്​ അത്തരം അവസ്​ഥകളെ അപകടങ്ങളില്ലാതെ അതിജീവിക്കാൻ കഴിയുന്നത്​. പരീക്ഷയെക്കുറിച്ച്​ ഉത്​കണ്​ഠയുള്ളതുകൊണ്ടാണ്​ വിദ്യാർഥികൾ നന്നായി പഠിക്കുന്നത്​​. വാഹനമിടിക്കു​മോ എന്ന ഉത്​കണ്​ഠ മൂലമാണ്​ റോഡ്​ മുറിച്ചുകടക്കു​േമ്പാൾ നാം ഇരുവശവും നോക്കി ശ്രദ്ധിച്ച്​ നടക്കുന്നത്​. എന്നാൽ, ഈ ഉത്​കണ്​ഠ അതിരുകവിഞ്ഞ്​ വ്യക്തിത്വത്തെ പ്രതികൂലമായി ബാധിച്ചുതുടങ്ങിയാൽ അത്​ ചികിത്സിച്ച്​ മാറ്റേണ്ട രോഗാവസ്​ഥയാണെന്നു പറയേണ്ടിവരും.

പലരിലും പലരീതികളിലാണ്​ ഉത്​കണ്​ഠയുടെ ലക്ഷണങ്ങൾ ഏറിയും കുറഞ്ഞും പ്രത്യക്ഷപ്പെടുക. ചിലർക്ക്​ എന്തുകാര്യം ചെയ്യാനും പരിഭ്രമം ആയിരിക്കും. മറ്റുചിലർക്ക്​ അനാവശ്യചിന്തകൾ മൂലം ഒന്നും ചെയ്യാൻ കഴിയാത്ത അവസ്​ഥയുണ്ടാവും. പൊതുവിൽ ഉത്​കണ്​ഠ അധികരിക്കു​േമ്പാൾ വ്യക്തിയുടെ ഹൃദയമിടിപ്പ്​ വർധിക്കുക, വയറ്റിൽ കാളുക, ശരീരം തളരുക, അമിതമായി വിയർക്കുക, തനിക്ക്​ എന്തോ അപകടം സംഭവിക്കാൻ പോകുന്നു എന്ന ശക്തമായ തോന്നൽ അനുഭവപ്പെടുക തുടങ്ങി പലതരം ലക്ഷണങ്ങളും പ്രകടമാകും. ഈ സമയം ശ്വാസതടസ്സം, നെഞ്ച്​വേദന തുടങ്ങി ഹൃദയാഘാതത്തിന്​ സമാനമായ ലക്ഷണങ്ങളും ഉണ്ടാവാറുണ്ട്​. മറ്റുചിലരാവ​െട്ട ഇനിയുള്ള ജീവിതം എക്കാലത്തും ദുസ്സഹമായിത്തീരും എന്ന്​ ഭയന്ന്​ ആത്​മഹത്യ​യെക്കുറിച്ച്​ പോലും ചിന്തിച്ചുതുടങ്ങുന്നു.

കാലം സൃഷ്​ടിക്കുന്ന ഉത്​കണ്​ഠകൾ

കോവിഡ്​ കാലം നീണ്ടുനിൽക്കുകയും തുടർച്ചയായി ലോക്​ഡൗണുകൾ അഭിമുഖീകരിക്കേണ്ടിവരുകയും ചെയ്യു​ന്ന പുതിയ സാഹചര്യത്തിൽ ഇത്തരം പ്രശ്​നങ്ങൾ അനുഭവിക്കുന്നവരുടെ എണ്ണം കൂടിവരുകയാണ്​. പൊതുവിൽ മനുഷ്യരിൽ ചെറിയ ശതമാനം മരണഭയം ഉണ്ടായിരിക്കും. പ്രായംകൂടുംതോറും അതി​െൻറ തോത്​ കൂടിവരുമെങ്കിലും സമീപകാലത്ത്​ പലരിലും മരണത്തെക്കുറിച്ച്​ അമിതമായ ഉത്​കണ്​ഠയാണ്​ കണ്ടുവരുന്നത്​​.

വിദേശങ്ങളിൽ ജോലിയെടുക്കുന്നവരിലും നാട്ടിലുള്ള അവരുടെ ബന്ധുക്കളിലും ഉത്​കണ്​ഠ ഉയർന്നുനിൽക്കുന്ന ഒരു കാലം കൂടിയാണിത്​. വിദേശത്തുള്ളവർക്ക്​ രോഗം വരുമോ? രോഗം വന്നാൽ നല്ല ചികിത്സ ലഭിക്കു​മോ? അവരെ ശുശ്രൂഷിക്കാൻ ആരെങ്കിലും ഉണ്ടാവുമോ? എന്നു തുടങ്ങിയ കാര്യങ്ങൾ ആലോചിച്ച്​ വീട്ടുകാർ ഉത്​കണ്​ഠപ്പെടു​േമ്പാൾ നാട്ടിലെ വാർത്തകൾ വായിച്ച്​ പ്രവാസികൾ മനസ്സുകൊണ്ട്​ ഉരുകുകയാണ്​. ബന്ധുക്കൾക്ക്​ എന്തെങ്കിലും സംഭവിക്കു​മോ? പെ​ട്ടെന്ന്​ നാട്ടിലേക്ക്​ മടങ്ങേണ്ടിവന്നാൽ എന്തുചെയ്യും? നാട്ടിലേക്ക്​ വിമാനം കിട്ടുമോ... തുടങ്ങിയ ഉത്​കണ്​ഠകളാണ്​ അവരെ വേട്ടയാടുന്നത്​. മക്കളുടെ പഠനം, ഭാവി, വിവാഹം, കൃഷി, ബിസിനസ്​ എന്നിവയുടെ കര്യത്തിലും എല്ലാവരിലും പതിവില്ലാത്ത ഉത്​കണ്​ഠതന്നെ.

ശുഭാപ്​തിവിശ്വാസം കൊണ്ട്​ നേരിടാം

എല്ലാത്തരം ഉത്​കണ്​ഠ രോഗങ്ങൾക്കും നിലവിൽ വളരെ ഫലപ്രദമായ ചികിത്സ ലഭ്യമാണ്. എങ്കിൽകൂടിയും ഉത്​കണ്​ഠ അധികരിക്കാതിരിക്കാൻ സ്വയം ശ്രമിക്കാവുന്നതാണ്​. അതിനായി ആദ്യം ചെയ്യേണ്ടത്​ മനസ്സിൽ ശുഭാപ്​തി നിറയ്​ക്കുക എന്നതാണ്​. 1000 പേർക്ക്​ കോവിഡ്​ വന്നു എന്ന്​ കേൾക്കു​േമ്പാൾ കോവിഡ്​ ബാധിക്കാത്ത കോടിക്കണക്കിന്​ ആളുകൾ നമ്മുടെ നാട്ടിലുണ്ടെന്ന്​ തിരിച്ചറിയാൻ ശ്രമിക്കണം. ലോകമെമ്പാടുമുള്ള ശാസ്​ത്രജ്ഞരും വിദഗ്​ധരും മെച്ചപ്പെട്ട മരുന്നുകൾ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്​ എന്ന യാഥാർഥ്യം ഉൾക്കൊള്ളണം.

ശാസ്​ത്രീയമായി മാസ്​ക്​ ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും സ്​പർശനമുണ്ടായാൽ കൈകളും ശരീരഭാഗങ്ങളും അണുവിമുക്​തമാക്കുകയും ചെയ്​താൽ ഈ രോഗത്തിന്​ വ്യക്തികളെ പിടികൂടാൻ കഴിയില്ലെന്ന്​ തെളിയിക്കപ്പെട്ട വസ്​തുതയാണ്​. അതുകൊണ്ടുതന്നെ ശാസ്​ത്രീയമായ രീതികൾ അവലംബിക്കുകയും വിദഗ്​ധരുടെ മാത്രം ഉപദേശങ്ങൾ പിന്തുടരുകയും ചെയ്യുക. സമൂഹമാധ്യമങ്ങളിൽ വരുന്ന വ്യാജവാർത്തകളിൽ നിന്ന്​ അകന്നുനിൽക്കുകയുംവേണം. പ്രതിരോധശക്തി വർധിപ്പിക്കാനെന്നപേരിൽ പ്രചരിക്കുന്ന വ്യാജമരുന്നുകളുടെ പിറകെ പോകാതെ ഡോക്​ടർമാരുടെ നിർദേശങ്ങൾ മാത്രം അനുസരിക്കുക.

പ്രതിരോധശേഷി നമുക്ക്​ സൃഷ്​ടിക്കാം

പോഷകങ്ങൾ അടങ്ങിയ സന്തുലിതമായ ആഹാരം, വ്യായാമം, ആവശ്യത്തിന്​ ഉറക്കം, മാനസികമായ ഉല്ലാസം, യോഗ, പ്രാർഥന തുടങ്ങിയ കാര്യങ്ങളെല്ലാം ശരീരത്തി​െൻറ പ്രതിരോധശേഷി വർധിപ്പിക്കും. അതോടൊപ്പം മദ്യപാനം, പുകവലി, മറ്റു ലഹരി ഉപയോഗങ്ങൾ, ഫാസ്​റ്റ്​ ഫുഡ്​​, കോളകൾ തുടങ്ങിയവ ഒഴിവാക്കുകയും വേണം. നിലവിൽ ലഭ്യമായിരിക്കുന്ന വാക്​സിനുകൾ മികച്ച ഫലംതരുന്നവയായതിനാൽ കഴിയുന്നത്ര വേഗത്തിൽ പ്രതിരോധ കുത്തിവെപ്പുകൾക്ക്​ വിധേയമാകുകയും വേണം.

(ലേഖകൻ കോഴിക്കോ​ട്ടെ ​പ്രമുഖ മാനസികാരോഗ്യ വിദഗ്​ധനും മനോരോഗ സംബന്ധമായ നിരവധി കൃതികളുടെ കർത്താവുമാണ്)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mental health​Covid 19
Next Story