Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊതുകുതിരിയും ചന്ദനത്തിരിയും കാൻസറിന് കാരണമാകുമോ?; ഡോക്ടർമാർ പറയുന്നത് എന്ത്?

text_fields
bookmark_border
കൊതുകുതിരിയും ചന്ദനത്തിരിയും കാൻസറിന് കാരണമാകുമോ?; ഡോക്ടർമാർ പറയുന്നത് എന്ത്?
cancel

നമ്മുടെ രാജ്യത്ത് വീടുകളിൽ, പ്രത്യേകിച്ച് പ്രാർഥനകൾ, ഉത്സവങ്ങൾ, മതപരമായ ചടങ്ങുകൾ എന്നിവയിലൊക്കെ ചന്ദനത്തിരി കത്തിക്കൽ സാധാരണമാണ്. കൊതുകുശല്യം വർധിക്കുമ്പോൾ കൊതുകുതിരികളും ഇതുപോലെ വ്യാപകമായി ഉപയോഗിക്കാറുണ്ട്. ഇവയിൽ നിന്നുള്ള പുക കാൻസറിന് കാരണമാകുമെന്ന വാദവും ശക്തമാണ്. അതിൽ എന്തെങ്കിലും അടിസ്ഥാനമുണ്ടോ? ഇവ കത്തിക്കുമ്പോൾ വായുവിലേക്ക് പുറന്തള്ളുന്ന പുകയിൽ സൂക്ഷ്മകണികകളും രാസവസ്തുക്കളും ഉണ്ടാകും. ഇത് ആളുകൾ ശ്വസിക്കേണ്ടിവരുമെന്നതും യാഥാർത്ഥ്യമാണ്.

എന്നാൽ വീടുകളിൽ വല്ലപ്പോഴും കത്തിക്കുന്ന ചന്ദനത്തിരിയോ കൊതുകുതിരിയോ നേരിട്ട് കാൻസറിന് കാരണമാകുമെന്ന അവകാശവാദത്തിന് നിലവിൽ യാതൊരു അടിസ്ഥാനവുമില്ലെന്ന് എച്ച്.ഒ.സി വേദാന്തയിലെ മെഡിക്കൽ ഓങ്കോളജിസ്റ്റായ ഡോ. ചിന്തൻ ഷാ പറഞ്ഞു. എങ്കിലും കാറ്റും വെളിച്ചവും കടക്കാത്ത മുറികളിൽ ഇവ കത്തിക്കുന്നത് വീടിനുള്ളിലെ വായുവിന്റെ ഗുണനിലവാരത്തെ ബാധിക്കും. കാൻസർ രൂപപ്പെടുന്നത് വിവിധ ഘടകങ്ങളെ ആശ്രയിച്ചാണെന്നും കൊതുകുതിരിയും ചന്ദനത്തിരിയും കാൻസറിലേക്ക് നയിക്കുന്നുവെന്ന് തെളിയിക്കാൻ പര്യാപ്തമായ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ചന്ദനത്തിരി

ചന്ദനത്തിരി കത്തുമ്പോൾ അത് നല്ല സുഗന്ധത്തോടൊപ്പം സൂക്ഷ്മമായ കണികകളും വോളറ്റൈൽ ഓർഗാനിക് സംയുക്തങ്ങളും (VOCs), പോളിസൈക്ലിക് അരോമാറ്റിക് ഹൈഡ്രോകാർബണുകളും (PAHs) ഉൾപ്പെടെയുള്ള വാതക പദാർത്ഥങ്ങളും പുറംതള്ളുന്നു. മതിയായ വായുസഞ്ചാരമില്ലെങ്കിൽ ഈ സൂക്ഷ്മകണങ്ങൾ മുറിക്കുള്ളിലെ വായുവിൽ തങ്ങിനിൽക്കുകയും ശ്വസനവ്യവസ്ഥയിലേക്ക് കടക്കുകയും ചെയ്യും.

കൊതുകുതിരി

കൊതുകുതിരികൾ വളരെ സാവധാനത്തിൽ കത്തി കൊതുകുകളെ അകറ്റുന്ന പദാർത്ഥങ്ങൾ പുറത്തുവിടുന്നു. എന്നാൽ ഈ പുകയും സൂക്ഷ്മകണങ്ങൾ അടങ്ങിയതാണ്. ഈ പുക ശ്വസിക്കുന്നതിന്റെ അളവ് തിരിയുടെ നിർമ്മാണ രീതി, എത്രത്തോളം ഉപയോഗിക്കുന്നു, മുറിയുടെ വലുപ്പം, വായുസഞ്ചാരത്തിന്റെ അളവ് എന്നിങ്ങനെ പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുമെന്ന് ഡോ. ഷാ അഭിപ്രായപ്പെട്ടു. അതിനാൽ, വായുസഞ്ചാരമുള്ള വലിയ മുറിയെ അപേക്ഷിച്ച് ചെറിയ, അടച്ചിട്ട കിടപ്പുമുറിയിൽ കൊതുകുതിരി ഉപയോഗിക്കുന്നത് കൂടുതൽ പുക ശ്വസിക്കാൻ ഇടയാക്കും. ആളുകൾ ഒരേ മുറിയിൽ മണിക്കൂറുകളോളം ഉറങ്ങുമ്പോൾ അത്രയും സമയം ഈ പുക ഉള്ളിലെത്തും.

കാൻസറിന് കാരണമാകുമോ?

വല്ലപ്പോഴും ഉപയോഗിക്കുന്ന ചന്ദനത്തിരിയോ കൊതുകുതിരിയോ കാൻസറിന് കാരണമാകുമെന്ന് പറയാൻ നിലവിൽ അടിസ്ഥാനമില്ല. ജനിതക ഘടകങ്ങൾ, പുകയിലയുടെയും മദ്യത്തിന്റെയും ഉപയോഗം, ചില രോഗാണുബാധകൾ, അമിതവണ്ണം, പരിസ്ഥിതി ആഘാതങ്ങൾ, മറ്റ് ജീവിതശൈലി ഘടകങ്ങൾ എന്നിങ്ങനെ പലതും കാൻസർ സാധ്യതയെ സ്വാധീനിക്കുന്നുണ്ട്.

എന്നിരുന്നാലും, തുടർച്ചയായി പുക ശ്വസിക്കുന്നത് കാൻസർ സാധ്യത വർദ്ധിപ്പിക്കുമെന്ന് ചില ലബോറട്ടറി പഠനങ്ങളും പഠന റിപ്പോർട്ടുകളും ആശങ്ക ഉയർത്തിയിട്ടുണ്ട്. ചന്ദനത്തിരി പുക സ്ഥിരമായി ശ്വസിക്കുന്നത് ശ്വാസകോശ കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും കൊതുകുതിരി പുക ശ്വസനവ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നും ചില പഠനങ്ങൾ അവകാശപ്പെടുന്നുണ്ടെന്നും ഡോ. ഷാ എൻ.ഡി.ടി.വിയോട് പറഞ്ഞു. വീടുകളിൽ ഇവയുടെ തുടർച്ചയായ ഉപയോഗം ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമോ എന്ന കാര്യത്തിൽ കൂടുതൽ ഗവേഷണങ്ങൾ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ചന്ദനത്തിരി ശ്രദ്ധയോടെ കൈകാര്യം ചെയ്യാം

പാരമ്പര്യങ്ങൾ നിലനിർത്തുമ്പോൾ തന്നെ പുക ശ്വസിക്കുന്നത് പരമാവധി കുറക്കുക എന്ന സമീപനമാണ് ഡോ. ഷാ നിർദേശിക്കുന്നത്. നല്ല വായുസഞ്ചാരമുള്ള സ്ഥലങ്ങളിൽ മാത്രം ചന്ദനത്തിരി കത്തിക്കുക. പുക പുറത്തുപോകാൻ അനുയോജ്യമായ രീതിയിൽ ജനലുകളോ വാതിലുകളോ തുറന്നിടണം. ഒന്നിലധികം തിരികൾ ഒരുമിച്ച് കത്തിക്കുന്നതും ആവശ്യമില്ലാതെ ദീർഘനേരം കത്തിച്ചുവെക്കുന്നതും ഒഴിവാക്കുക. അടച്ചിട്ട മുറികളിൽ തിരികൾ കത്തിക്കുന്നത് ഒഴിവാക്കുക. പ്രത്യേകിച്ച് ആളുകൾ ദീർഘനേരം ചെലവഴിക്കുന്ന മുറികളിൽ പുക നിറയാൻ അനുവദിക്കരുത്.

അടച്ചിട്ട മുറിയിൽ കൊതുകുതിരി വേണ്ട

ഉറങ്ങുന്ന അടച്ചിട്ട മുറികളിൽ കൊതുകുതിരി ഉപയോഗിക്കുന്നത് ഒഴിവാക്കുക. കൊതുകുവലകൾ ഉപയോഗിക്കുന്നത് ഇതിനു പകരമായി പരിഗണിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - doincensestick and mosquito coil smoke cause cancer
Next Story