Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Articlechevron_rightകാൻസർ പരിചരണം......

കാൻസർ പരിചരണം... നികത്തപ്പെടേണ്ട വിടവുകൾ

text_fields
bookmark_border
കാൻസർ പരിചരണം... നികത്തപ്പെടേണ്ട വിടവുകൾ
cancel

ഫെബ്രുവരി നാലിന് വീണ്ടുമൊരു ലോക അർബുദ ദിനാചരണം കൂടി കടന്നുപോയിരിക്കുകയാണ്​. ‘close the care gap’ (പരിചരണത്തിലെ വിടവുകൾ കണ്ടെത്തി നികത്തുക) എന്നതായിരുന്നു​ ദിനാചരണ പ്രമേയം. ഇന്ത്യയിൽ ഒരുവർഷം ഏകദേശം 14 ലക്ഷം പുതിയ അർബുദ ബാധിതർ ഉണ്ടാകുന്നെന്നാണ്​ കണക്കുകൾ. അപകടങ്ങളും ഹൃദയാഘാതവും കഴിഞ്ഞാൽ രാജ്യത്ത്​ കൂടുതൽ ആളുകളുടെ മരണകാരണവും ഈ മഹാമാരിതന്നെ.

എന്തൊക്കെയാണ്​ കാൻസർ പരിചരണത്തിലെ വിടവുകൾ?

സൂക്ഷ്മമായി പരിശോധിച്ചാൽ വ്യക്തിതലം, കുടുംബതലം, സാമൂഹിക-രാഷ്ട്രീയതലം എന്നിങ്ങനെ സമൂഹത്തിന്റെ പല തലങ്ങളിൽ വിടവുകൾ ദൃശ്യമാകും. ഇതുകൂടാതെ രോഗപ്രതിരോധം, രോഗനിർണയം, ചികിത്സ, സാന്ത്വനചികിത്സ തുടങ്ങിയ മേഖലകളിലുമുണ്ട്​ വിടവുകൾ.

രോഗപ്രതിരോധം

ചികിത്സയേക്കാൾ നല്ലത് പ്രതിരോധമാണ് എന്നകാര്യത്തിൽ ആർക്കുമുണ്ടാവില്ല എതിരഭിപ്രായം. രോഗംവരാതെ നോക്കുന്നതും വന്നാൽ നേരത്തേ കണ്ടെത്തി ചികിത്സ തുടങ്ങുന്നതും രോഗപ്രതിരോധത്തിന്റെ രണ്ട് തലങ്ങളാണ്. രോഗം വരാതെ നോക്കാൻ രോഗത്തിന് കാരണഹേതു ആകുന്ന ഘടകങ്ങളെ (റിസ്​ക്​ ഫാക്​ടറുകളെ) ദൈനംദിന ജീവിതത്തിൽനിന്ന്​ അകറ്റിനിർത്തണം. അത് രോഗത്തെപ്പറ്റിയും രോഗകാരണങ്ങളെപ്പറ്റിയും സമൂഹത്തിൽ വ്യക്തമായ ധാരണ വളർത്തൽ അത്യാവശ്യമാണ്. ശരീരംനൽകുന്ന അപകടസൂചനകളെ നേരത്തേ തിരിച്ചറിയാൻ സാധിച്ചാൽ നേരത്തേ അസുഖം കണ്ടുപിടിക്കാനും പരിപൂർണമായി രോഗത്തെ തുടച്ചുനീക്കാനും കഴിയും. കാൻസർ സ്ക്രീനിങ് ടെസ്റ്റുകൾ പല രാജ്യങ്ങളിലും സാർവത്രികമാണ്. എന്നാൽ, നമ്മുടെ രാജ്യത്ത്​ സാധാരണയായി കാണപ്പെടുന്ന കാൻസറുകൾക്ക്​ സർക്കാർ തലത്തിൽ സ്ക്രീനിങ് സംവിധാനം ഇല്ല. ഈ ദുരവസ്ഥ കാരണം പലപ്പോഴും മിക്ക അർബുദവും രോഗബാധയുടെ അഡ്വാൻസ്ഡ് സ്റ്റേജിലാണ്​ കണ്ടെത്താനാവാറ്​. തൽഫലമായി കാൻസർ മൂലമുള്ള ദുരിതങ്ങൾ നമ്മുടെ ആളുകൾ വലിയ തോതിൽ അനുഭവിക്കേണ്ടി വരുന്നു.

2- രോഗനിർണയം

ആധുനിക കാലത്ത്​ രോഗനിർണയത്തിൽ ടീം വർക്കിന്​ വലിയ പ്രാധാന്യമുണ്ട്​. വിദഗ്ധ ഡോക്ടർമാർ, നഴ്‌സ്, ലബോറട്ടറി ടെക്‌നിഷ്യൻ, ടെസ്റ്റുകൾ നടത്താനുള്ള സൗകര്യം, റേഡിയോളജി അനുബന്ധ സേവനങ്ങൾ, പാതോളജി സംവിധാനം ഇവയെല്ലാം സംയോജിച്ച് പ്രവർത്തിച്ചാലേ നിശ്ചിതസമയത്തിനുള്ളിൽ സുവ്യക്തമായ രോഗനിർണയവും നേരത്തേയുള്ള ചികിത്സയും സാധ്യമാകൂ. ഇതിനുള്ള സൗകര്യങ്ങളും ​നമ്മുടെ രാജ്യത്ത്​ പൊതുമേഖലയിൽ അപര്യാപ്​തമാണ്​. ഒരുരോഗിക്ക് അർബുദം സ്ഥിരീകരിച്ച്​, സ്റ്റേജ് കണ്ടുപിടിച്ച്​ ചികിത്സ ആരംഭിക്കുമ്പോഴേക്ക്​ തന്നെ ഭീമമായ തുക ചെലവായിട്ടുണ്ടാകും. പരിശോധനകൾക്ക് ഇൻഷുറൻസ്​ പരിരക്ഷ ലഭിക്കാറുമില്ല.

3- ചികിത്സ

കീമോതെറപ്പി, റേഡിയേഷൻ ചികിത്സ, സർജറി -ഈ മൂന്നു രീതികളാണ് അർബുദ ചികിത്സയുടെ നട്ടെല്ല്. ഇതുകൂടാതെ ടാർഗറ്റഡ് തെറപ്പി, ഇമ്യൂണോ തെറപ്പി, മജ്ജ മാറ്റിവെക്കൽ തുടങ്ങി ചെലവേറിയ ചികിത്സകളുമുണ്ട്​. ഇവയുടെ ചെലവ്​ മെഡിസെപ്​ ഉൾപ്പെടെയുള്ള ഇൻഷുറൻസ് കൊണ്ട്​ സാധ്യമാവില്ല.

അർബുദ ചികിത്സക്ക് ചെലവാകുന്ന പരോക്ഷ ചെലവുകൾ പലപ്പോഴും കണക്കുപുസ്തകത്തിൽ രേഖപ്പെടുത്താത്തവ ആണ്. ഓരോ തവണയും രോഗിയുടെയും ബന്ധുവിന്റെയും ചികിത്സക്കായുള്ള യാത്ര ചെലവ്, ദൂരസ്ഥലങ്ങളിൽപോയി ചികിത്സിക്കു​േമ്പാൾ താമസം, ഭക്ഷണം ഇവക്കെല്ലാം ചെലവാകുന്ന പണം, രോഗിയും ബന്ധുവും ജോലിയിൽനിന്ന്​ വിട്ടുനിൽക്കുമ്പോഴുണ്ടാകുന്ന സാമ്പത്തികനഷ്ടം... ഇങ്ങനെ പോവുന്നു പരോക്ഷ ചെലവുകളുടെ ലിസ്റ്റ്. സർക്കാർ ട്രെയിൻ യാത്രയിൽ ഇളവും സന്നദ്ധസംഘടനകൾ കാൻസർ ആശുപത്രിക്കടുത്തായി താമസ-ഭക്ഷണ സൗകര്യങ്ങൾ ഒരുക്കുന്നതും ഒരുപരിധിവരെ ആശ്വാസം നൽകുന്നുവെങ്കിലും ഇവയൊന്നും ശാശ്വതപരിഹാരമല്ല. പരോക്ഷ ചെലവുകൾ നേരിടാൻ രോഗികൾക്ക്​ വീടിനടുത്ത് ചികിത്സ ഒരുക്കുകയാണ്​ ഏക മാർഗം. എന്നാൽ, കേരളത്തിലെ 14 ജില്ലകളിൽ പകുതിയിൽ മാത്രമേയുള്ളൂ സൗകര്യം. അർബുദ ചികിത്സയുടെ നട്ടെല്ലായ റേഡിയേഷൻ സംവിധാനം. മലപ്പുറംപോലെ ജനസാന്ദ്രത കൂടിയ ജില്ല മൊത്തമായും കോഴിക്കോട് അല്ലെങ്കിൽ എറണാകുളം പോലുള്ള ജില്ലകളെയാണ് റേഡിയേഷൻ, ന്യൂക്ലിയർ മെഡിസിൻ ചികിത്സകൾക്ക് ആശ്രയിക്കാറ്​.

4- സാന്ത്വനചികിത്സ

കേരളത്തിലെ സാന്ത്വനചികിത്സ മോഡൽ വിശ്വപ്രസിദ്ധമാണ്. പക്ഷേ പല തെറ്റിദ്ധാരണകളും സാന്ത്വന ചികിത്സയെപ്പറ്റി പൊതുസമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. അർബുദ ബാധിതർക്ക്​ അവസാനകാലഘട്ടത്തിൽ മാത്രമേ സാന്ത്വനചികിത്സ നൽകേണ്ടതുള്ളൂ എന്നതാണ് അതിലൊന്ന്​. സത്യത്തിൽ സാന്ത്വനചികിത്സ രോഗികളിൽ അസുഖം കണ്ടുപിടിക്കപ്പെട്ട അന്നുതൊട്ട് തുടങ്ങേണ്ടതാണ്​. പലരുടെയും ധാരണ സാന്ത്വനചികിത്സ തുടങ്ങിയാൽ അതൊരു മരണവാറന്റ് ആണെന്നാണ്. യഥാർഥത്തിൽ പല രോഗികളിലും ഇനിയും ആരോഗ്യത്തോടെ ജീവിക്കാനാകുമെന്ന പ്രതീക്ഷ നാമ്പിടീക്കാൻ സാന്ത്വന ചികിത്സ വഹിച്ചുപോരുന്ന പങ്ക്​ വളരെ വലുതാണ്​.

പ്രതിവിധികൾ എന്തൊക്കെ?

അർബുദ കാരണങ്ങൾ, രോഗലക്ഷണങ്ങൾ, ശരിയായ ചികിത്സരീതികൾ ഇവയെപ്പറ്റി സമൂഹത്തിൽ അവബോധം സൃഷ്ടിക്കുക. അർബുദ​ കാരണഹേതു ആയ വസ്​തുക്കളെയും രീതികളെയും ജീവിതത്തിൽനിന്ന്​ മാറ്റിനിർത്താനും എന്തെങ്കിലും അപായസൂചന കണ്ടാൽ നേരത്തേ വൈദ്യസഹായം തേടാനും ഇതുപകരിക്കും. ട്രേഡ്​ യൂനിയനുകൾ, റെസിഡന്റ്​സ്​ അസോസിയേഷനുകൾ, പി.ടി.എ കമ്മിറ്റികൾ, പള്ളി, അമ്പലം കമ്മിറ്റികൾ, കരയോഗങ്ങൾ, ക്ലബുകൾ, സ്​റ്റുഡന്റ്സ്​ കൗൺസിലുകൾ എന്നിവക്കെല്ലാം അതിൽ വലിയ റോൾ നിർവഹിക്കാനാവും. രോഗനിർണയത്തിനും ചികിത്സക്കും വിദഗ്ധ ഡോക്ടർമാരുടെ സേവനം ഉപയോഗപ്പെടുത്തുക. ചതിക്കുഴികളിൽചെന്ന് ചാടാതിരിക്കുക. എടുത്തു പറയേണ്ട ഒരു ചതിക്കുഴി നവയുഗ മാധ്യമങ്ങളിൽ പലപ്പോഴും കാണുന്ന കാൻസർ ലേഖനങ്ങളും വിഡിയോകളുമാണ്​. ക​ൃത്യമായ ചികിത്സ നടത്തി വന്നിരുന്ന പലരും ഇത്തരം ക്ഷുദ്രലേഖനങ്ങൾ വായിച്ചും വിഡിയോകളിൽ പറയുന്ന പരമാബദ്ധങ്ങൾ വിശ്വസിച്ചും പാതിവഴിയിൽ ചികിത്സ നിർത്തി അതീവ ദുരിതതരമായ അവസ്ഥകളിൽ എത്തിപ്പെട്ടിട്ടുണ്ട്​. ആകയാൽ, അത്തരം അറിവുകൾ സത്യമാണോയെന്ന് പരിശോധിച്ചശേഷം മാത്രം ജീവിതത്തിൽ പ്രാവർത്തികമാക്കുക.

(കൺസൾട്ടൻറ്​ മെഡിക്കൽ ഓ​ങ്കോളജിസ്​റ്റാണ്​ ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cancer careworld cancer dayclose the care gap
News Summary - Cancer care...close the care gap
Next Story