അലർജി അത്ര ചില്ലറക്കാരനല്ല
text_fieldsഏതെങ്കിലും സമയത്ത് ശരീരത്തിൽ ചെറിയ തോതിലുള്ള ചൊറിച്ചിൽ, തടിപ്പ് എന്നിവയോ തുമ്മൽ, മൂക്കടപ്പ്, കണ്ണുകളിൽ ചുവപ്പ് എന്നിവയോ അനുഭവപ്പെടാത്തവർ ചുരുക്കമായിരിക്കും. നീണ്ടുനിൽക്കുന്ന കരപ്പൻപോലുള്ള ത്വക്ക് രോഗങ്ങളും, വലിവ് അഥവാ ആസ്ത്മയും കുട്ടികളിൽ സാധാരണമാണ്. അലർജിയുടെ ലക്ഷണങ്ങളാണിവ. അതായത് ചുറ്റുപാടുമുള്ള ഒരു വസ്തുവിനോട് ശരീരം അമിതമായി പ്രതികരിക്കുന്ന അവസ്ഥ. ഇത് ജീവനുതന്നെ ഭീക്ഷണിയാവുന്ന തരത്തിൽ മാരകമായി മാറുമ്പോഴാണ് അതിനെ അനാഫിലാക്സിസ് (ANAPHYLAXIS) എന്ന് പറയുന്നത്. പ്രതിവർഷം ലക്ഷത്തിൽ നൂറിൽ താഴെ ആളുകൾക്ക് അനാഫിലാക്സിസ് പിടിപെടുന്നു എന്ന് കണക്കാക്കപ്പെടുന്നു. അതിൽതന്നെ പലരിലും പ്രത്യേകിച്ച് യുവാക്കളിലും സ്ത്രീകളിലും ഇത് അപകട സാധ്യതയുമുണ്ടാക്കുന്നു. സൂര്യനടിയിലുള്ള ഏതു വസ്തുവും, സൂര്യപ്രകാശംപോലും പലർക്കും അലർജിയുണ്ടാക്കാം
എങ്ങനെ?
നമ്മുടെ ശരീരത്തിന് അതിന്റേതായ പ്രതിരോധ സംവിധാനമുണ്ട്. ഓരോ വ്യക്തിക്കും പ്രതിരോധശേഷി വ്യത്യസ്തമായിരിക്കും. അത് നിരവധി ഘടകങ്ങളുടെ കൂട്ടായ പ്രവർത്തനത്തിന് വിധേയമാണ്. ശരീരത്തിലെ ഏറ്റവും വലിയ അവയവമായ ത്വക്ക്, രക്തത്തിലെ വെളുത്ത രക്താണുക്കളിൽപെട്ട ആ സെല്ലുകൾ ഉൽപാദിപ്പിക്കുന്ന ഇമ്യൂണോ ഗ്ലോബുലിനുകൾ (IMMUNO GLOBULINS), ഫാഗോസൈറ്റുകൾ, സ്രവങ്ങൾ, കരൾ, വൃക്കകൾ, പ്ലീഹ, ലിംഫ്നോഡുകൾ എല്ലാം നമ്മുടെ പ്രതിരോധനിരയുടെ കണ്ണികളാണ്. പല വിപരീത അവസ്ഥകളെയും നമുക്ക് അതിജീവിക്കാൻ സാധിക്കുന്നത് ഈ പ്രതിരോധ സംവിധാനത്തിന്റെ സംരക്ഷണമുള്ളതുകൊണ്ടാണ്. എന്നാൽ ചില വസ്തുക്കളോട് ശരീരം അമിതമായി പ്രതികരിക്കുമ്പോഴാണ് അത് അനാഫിലാക്സിസ് എന്ന അപകടഘട്ടത്തിലേക്ക് മാറുന്നത്.
പൊതുവെ ശരീരം അന്യമായി കണക്കാക്കുന്ന ഒരു ഉത്തേജനവസ്തുവാണ് ആന്റിജൻ. അവയെ തിരിച്ചറിഞ്ഞ്, അതിനെതിരെ പ്രത്യേകമായി ശരീരം ഉൽപാദിപ്പിക്കുന്ന പ്രതിദ്രവ്യങ്ങളാണ് ആന്റിബോഡികൾ. ഈ ആന്റിജൻ-ആന്റിബോഡി സംയുക്തം, ശരീരത്തിലെ മാസ്റ്റ് സെൽ, ബോസോഫിൽ എന്നീ കോശങ്ങളിലെ റിസപ്റ്ററുകളെ ഉത്തേജിപ്പിക്കുകയും, ഹിസ്റ്റമിൻപോലുള്ള രാസവസ്തുക്കളുടെ ഉൽപാദനത്തിന് കാരണമാകുകയും ചെയ്യുന്നു. ഇത് ശരീരത്തിലെ ശ്വാസനാളികളെ സങ്കോചിപ്പിക്കുകയും, രക്തക്കുഴലുകൾ വികസിപ്പിച്ച് രക്തസമ്മർദം കുറക്കുകയും, രോഗിയെ ആസന്നനിലയിലേക്ക് എത്തിക്കുകയും ചെയ്യുന്നു.
അനാഫിലാക്സിസിന് വിവിധ ഘട്ടങ്ങൾ ഉണ്ടെങ്കിലും ചിലപ്പോൾ അത് ഏതാനും മിനിറ്റുകൾക്കുള്ളിലോ, മണിക്കൂറുകൾക്കുള്ളിലോ അപകടനിലയിലേക്ക് നയിച്ചേക്കാം. ചെറിയ തടിപ്പ്, ചൊറിച്ചിൽ എന്നിവയിൽ തുടങ്ങി, ഛർദി, ശ്വാസംമുട്ട്, നെഞ്ചുവേദന, തലകറക്കം, ഹൃദയാഘാതം, അവ്യക്തമായ സംസാരം, ബോധക്ഷയം, വൃക്ക തകരാർ എന്നിവയിലേക്ക് നയിക്കുകയും അവസാനം മരണം വരെ സംഭവിക്കാവുന്ന അവസ്ഥയിലേക്കും എത്തിച്ചേർന്നേക്കാം.
കാരണങ്ങൾ
പൊടിപടലങ്ങൾ, പുക, പൂപ്പൽ, വളർത്തു മൃഗങ്ങൾ, കാലാവസ്ഥാ വ്യതിയാനം, അന്തരീക്ഷ മലിനീകരണം ഇവ സാധാരണ കാരണങ്ങളാണ്. എന്നാൽ, ചില കടൽ വിഭവങ്ങൾ, ബേക്കറി സാധനങ്ങൾ, മുട്ട, പാൽ, പാലുൽപന്നങ്ങൽ തുടങ്ങിയ ഭക്ഷണവസ്തുക്കൾ, തേനീച്ച, തേൻ, പ്രാണികൾ, കടന്നലുകൾ ഇവയുടെ കുത്ത് ഏൽക്കുന്നവർ, വിവിധ ഇനം മരുന്നുകൾ, വീടിനകത്തുള്ള അലങ്കാരച്ചെടികൾ സുഗന്ധ വസ്തുക്കൾ തുടങ്ങി ചിലർക്ക് വ്യായാമംപോലും അലർജിയും ആസ്ത്മ പോലുള്ള ശ്വാസംമുട്ടലിനും കാരണമായേക്കാം.
ചിലപ്പോൾ അലർജിയുടെ കാരണംതന്നെ എന്താണെന്ന് അറിയാൻ സാധിക്കാതെയും വരാം. അതിനെ IDIOPATHIC ALLERGY എന്ന് പറയുന്നു. ചിലപ്പോൾ അലർജിയുടെ ലക്ഷണങ്ങൾ കാണിക്കുകയും അവ സമാധാനമായി ഏതാനും മണിക്കൂറുകൾക്ക് ശേഷം വീണ്ടും അതേ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടുവെന്നും വരാം. അതുപോലെ മരുന്നുകൾ ഫലിക്കാൻ താമസം വരുകയോ അപകടാവസ്ഥയിലേക്ക് നീങ്ങുകയോ ചെയ്യാം. ഇതൊക്കെ എന്ന്, എപ്പോൾ ഉണ്ടാകുമെന്ന് മുൻകൂട്ടി പ്രവചിക്കാൻ സാധിച്ചെന്ന് വരില്ല.
തടയാൻ സാധിക്കുമോ?
അലർജിയുണ്ടാക്കുന്ന വസ്തുക്കൾ ഒഴിവാക്കുകതന്നെയാണ് ഏറ്റവും പ്രധാനം. എന്നാൽ, ഇത് നൂറു ശതമാനം പ്രായോഗികമല്ല. അറിയപ്പെടാത്തതോ കണ്ടുപിടിക്കാൻ കഴിയാത്തതോ ആയ അലർജനുകളുണ്ട്. അന്തരീക്ഷ വായുവിൽ തന്നെ ഒളിഞ്ഞു കിടക്കുന്ന നിരവധി വസ്തുക്കളുണ്ട്. എന്നാൽ അലർജി ഉണ്ടാക്കുന്ന വസ്തു ഏതെന്ന് അറിയാവുന്നവർ, അത് രേഖപ്പെടുത്തിയ ഒരു കാർഡ് കൈവശം സൂക്ഷിക്കേണ്ടതാണ്.
- പുറമേനിന്ന് ഭക്ഷണം കഴിക്കുമ്പോൾ, തനിക്ക് അലർജിയുണ്ടാകുന്ന ഘടകങ്ങൾ ഒന്നും അതിൽ അടങ്ങിയിട്ടില്ല എന്ന് ഉറപ്പുവരുത്തണം.
- മാസ്ക്, Air Purifier എന്നിവ ഒരു പരിധിവരെ വായുവിലുള്ള അലർജനുകളെ പ്രതിരോധിക്കാൻ ഉപകാരപ്പെടും.
- ഏതെങ്കിലും അസുഖത്തിന് കുത്തിവെപ്പെടുത്ത ശേഷം 15-30 മിനിറ്റുവരെ ആശുപത്രിയിൽ തന്നെ തങ്ങണം.
- തീവ്രമായ അലർജി ഉണ്ടാകുന്നവക്ക് അടിയന്തര ഘട്ടങ്ങളിൽ സ്വയം ഉപയോഗിക്കാവുന്ന എപിപെൻ (Epipen) ഇഞ്ചക്ഷൻ മാർക്കറ്റിൽ ലഭ്യമാണ്. കൂടെയുള്ളവർ ആവശ്യമെങ്കിൽ സി.പി.ആർ കൊടുത്ത് രോഗിയെ അടുത്ത ആശുപത്രിയിൽ എത്തിക്കണം.
അനാഫിലാക്സിസ് പോലെ അടിയന്തര ചികിത്സവേണ്ട ഘട്ടങ്ങളിൽ രോഗി മരുന്നിനോട് പ്രതികരിക്കാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്. ജീവൻരക്ഷാ മാർഗങ്ങൾ ടീം വർക്കിലൂടെ നൽകുമ്പോഴും രോഗിയുടെ അവസ്ഥ വഷളാകുന്നത് അപൂർവമല്ല. ആശുപത്രിയിൽ കുത്തിവെപ്പിനെ തുടർന്ന് രോഗിയുടെ സ്ഥിതി വഷളായി, രോഗി മരിച്ചു എന്ന വാർത്തകൾ നാം ഇടക്കൊക്കെ കേൾക്കാറുണ്ട്. ഇതിനുപിന്നിൽ ഒരുപക്ഷേ അലർജിയുമുണ്ടായേക്കാം.
അനാഫിലാക്സിസ് സാധ്യത ആർക്ക്?
- പാരമ്പര്യമായി അലർജിയുടെ ചരിത്രമുള്ളവർ
- ഒരു പ്രത്യേക വസ്തുവിനോട്, അലർജിയുള്ളവർ
- വിട്ടുമാറാത്ത ജലദോഷം, തുമ്മൽ, തൊലിപ്പുറത്ത് തടിപ്പ്, ചൊറിഞ്ഞു പൊട്ടൽ, എടോപിക്ഡെർമറ്റൈറ്റിസ് ഉള്ളവർ
- ഹൃദ്രോഗികൾ, അനുബന്ധ രോഗങ്ങൾകൊണ്ട് ബുദ്ധിമുട്ടുന്നവർ ഗർഭിണികൾ
പരിശോധനക്ക് വരുമ്പോൾ, ഇവ ഡോക്ടറുടെ ശ്രദ്ധയിൽപെടുത്തേണ്ടതാണ്. പ്രതിരോധ കുത്തിവെപ്പുകൾ പൊതുവെ സുരക്ഷിതമാണെങ്കിലും കോഴിമുട്ട, ജെലാറ്റിൻ ഇവയോട് അലർജിയുള്ളവർ അതും ഡോക്ടറോട് പറയണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.