Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Articlechevron_rightഇന്ന് ഓട്ടിസം അവബോധ...

ഇന്ന് ഓട്ടിസം അവബോധ ദിനം; അറിവ് വേണ്ടത് നമുക്കാണ്!

text_fields
bookmark_border
ഇന്ന് ഓട്ടിസം അവബോധ ദിനം; അറിവ് വേണ്ടത് നമുക്കാണ്!
cancel

ലോക വ്യാപകമായി ഏപ്രിൽ രണ്ട് ഓട്ടിസം അവബോധ ദിനമായി ആചരിച്ചുവരുന്നു. കുട്ടികളുടെ വളർച്ചയുമായി ബന്ധപെട്ടു നാം കേൾക്കുന്ന വാക്കാണ് ഓട്ടിസം അഥവാ ഓട്ടിസം സ്പെക്ട്രം ഡിസോർഡർ (ASD). സാമൂഹികമായ മുന്നേറ്റക്കുറവ്, രീതികളിൽ ഉണ്ടാകുന്ന ആവർത്തനം, ആശയവിനിമയത്തിലും സംസാരിക്കുന്നതിലും കുറവ്/താമസം എന്നിവയുമായുള്ള ബന്ധപ്പെട്ട വിവിധ അവസ്ഥകളെ സൂചിപ്പിക്കുന്നതിനാണ് ഈ വാക്ക് ഉപയോഗിക്കുന്നത്. ജനിതക സാഹചര്യങ്ങൾ മൂലം തലച്ചോറിലുണ്ടാകുന്ന ന്യൂറോ ഡെവലപ്മെന്‍റൽ ഡിസോർഡർ ആണ് ഓട്ടിസം. തലച്ചോറിലെ മിറർ ന്യൂറോൺസ് (mirror neurons) എന്ന കോശങ്ങളുടെ പ്രവർത്തന തകരാർ മൂലമാണ് പലപ്പോഴും ഇത് ഉണ്ടാകുന്നത്.

ഓട്ടിസം എങ്ങനെ നേരത്തെ മനസ്സിലാക്കാം?

പ്രധാനമായും മൂന്നു കാര്യങ്ങളിലൂടെ കുട്ടികളിലെ ഓട്ടിസത്തെ തിരിച്ചറിയാം. ഒന്നാമതായി ആശയ വിനിമയത്തിൽ ഉണ്ടാകുന്ന താമസം (language delay). അതായത് കുട്ടി വാക്കുകൾ ഉപയോഗിക്കുന്നതിനും സംസാരിക്കുന്നതിലും കാലതാമസം നേരിടുക. കുട്ടിയുടെ പേര് വിളിച്ചാലും ശ്രദ്ധിക്കാതിരിക്കുക, മുഖഭാവങ്ങളിൽ യാതൊരുവിധ മാറ്റവും ഉണ്ടാകാതിരിക്കുക എന്നിവയാണ്.

രണ്ടാമതായി സാമൂഹിക വളർച്ചാ ഘട്ടങ്ങളിൽ ഉണ്ടാകുന്ന താമസം (delay in social milestones) അതായത് മറ്റുള്ള കുട്ടികളുമായോ മുതിർന്നവരുമായോ ഇടപഴകുന്നതിന് വിമുഖത കാണിക്കുകയും എപ്പോഴും ഒറ്റയ്ക്ക് സമയം ചെലവഴിക്കുന്നതിനും കളിക്കുന്നതിനും താത്പര്യം കാണിക്കുകയും ചെയ്യുക. ദിനചര്യയിലെ ചെറിയ മാറ്റങ്ങളിൽ പോലും വളരെ അസ്വസ്ഥരാക്കുക, വെളിച്ചം, ശബ്ദം, വസ്ത്രം, കാലാവസ്ഥ എന്നിവയോട് കൂടുതൽ സെൻസിറ്റീവ് ആയിരിക്കുക എന്നിവയാണവ.

അടുത്തതായി മിക്ക കുട്ടികളും കാണുന്ന ഒരു ലക്ഷണമാണ് അവർ ചെയ്യുന്ന പ്രവർത്തികൾ ആവർത്തിച്ച് ചെയ്തുകൊണ്ടിരിക്കുക എന്നുള്ളത് (repetitive behaviours). ഉദാഹരണത്തിന് കളിപ്പാട്ടങ്ങൾ ഒരേ രീതിയിൽ അടക്കിവെക്കുന്നത് പോലെയുള്ള പ്രവർത്തികൾ ആവർത്തിച്ച് ചെയ്തുകൊണ്ടിരിക്കുക. വസ്തുക്കൾ നിരനിരയായി അടുക്കി വെക്കുക മുതലായവ. ഓട്ടിസം തിരിച്ചറിയുന്നതിനായി ഒരു പ്രത്യേക പരിശോധന മാർഗം ഇല്ലാത്തതിനാൽ ഈ കാര്യങ്ങളിലൂടെ ഒരു നിഗമനത്തിലേക്ക് നാം എത്തിച്ചേരുകയാണ് ചെയ്യുന്നത്.

എന്തുകൊണ്ടാണ് ഓട്ടിസം ഉണ്ടാവുന്നത്?

തലച്ചോറിനെ ബാധിക്കുന്ന എല്ലാ രോഗങ്ങളും ഓട്ടിസത്തിന് കാരണമാവാം, എന്നാൽ കണ്ടുപിടിക്കാൻ പറ്റാത്ത (idiopathic) കാരണങ്ങളാണ് സാധാരണയായി ഉണ്ടാകുന്നത്. എന്നിരുന്നാലും, ഗർഭാവസ്ഥയിലെ പോഷകാഹാരക്കുറവ്, മാതാപിതാക്കളുടെ പ്രായം, ഗർഭ സമയത്തുണ്ടാകുന്ന അണുബാധകൾ, ചില മരുന്നുകളുടെ ഉപയോഗം, മുതലായവ ഇതിൽ ചിലതാണ്. എന്നാൽ എന്തുകൊണ്ടാണ് ഇത് സംഭവിച്ചത് എന്നത് പലപ്പോഴും കണ്ടുപിടിക്കാൻ സാധിക്കില്ല.

ഓട്ടിസത്തിന്റെ ചികിത്സാരീതി

ഓട്ടസത്തിന്റെ ചികിത്സാരീതികളെ പ്രധാനമായി രണ്ടായി വേർതിരിക്കാം. ഒന്നാമതായി ഓട്ടിസം ബാധിച്ച കുട്ടികളുടെ ജീവിത നിലവാരം ഉയർത്തുന്നതിനുള്ള പ്രത്യേക ട്രെയിനിങ്ങുകൾ നൽകുക. ഓട്ടിസം നേരത്തേ തിരിച്ചറിയുകയും സൈക്കോളജിക്കൽ ആയുള്ള ടെസ്റ്റുകളിലൂടെ ബുദ്ധിവളർച്ചയുടെ തലങ്ങളെ അറിയുകയും അവരുടെ കഴിവുകളെയും കുറവുകളെയും തിരിച്ചറിയുകയും, കഴിവുകളെ തിരിച്ചറിഞ്ഞ് വീട്ടിൽ വച്ചുതന്നെ നൽകാവുന്ന ചികിത്സകൾ (Home based behavioural Therapy) ഒരുക്കുക എന്നതാണ്.

ഇതിന് ട്രെയിനിങ് ലഭിക്കുന്നതിനായി നല്ല സെന്ററുകളിൽ ബന്ധപ്പെടാവുന്നതാണ്. ഓട്ടിസം ബാധിച്ച കുട്ടികൾക്ക് പരിചരണം നൽകുന്നതിനായി പ്രത്യേക ടീം തന്നെ നിലവിലുണ്ടാവും. അതിൽ പീഡിയാട്രിക് ന്യൂറോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്, സൈക്കോളജിസ്റ്റ് ബിഹേവിയറൽ തെറാപ്പിസ്റ്റ്, ഒക്യുപേഷണൽ തെറാപ്പിസ്റ്റ് എന്നിവരുൾപ്പെടുന്ന ടീം ഉണ്ടാവും. എല്ലാവരും ചേർന്ന് ട്രീറ്റ്മെൻറ് പ്ലാൻ ഉണ്ടാക്കിയതിനുശേഷം ആണ് ട്രെയിനിങ് ആരംഭിക്കുക.

രണ്ടാമതായി അനുബന്ധ ന്യൂറോളജിക്കൽ പ്രശ്നം ഉണ്ടെങ്കിൽ (autistic spectrum disorder) അതിന് ആവശ്യമായ ചികിത്സയും തേടേണ്ടതുണ്ട്. ഓരോ കുട്ടികളെയും ബാധിക്കുന്ന രോഗത്തിൻറെ അവസ്ഥ വ്യത്യാസപ്പെട്ടിരിക്കുന്നു, അതുകൊണ്ടുതന്നെ അവർക്ക് ലഭിക്കേണ്ട ചികിത്സയും വ്യത്യാസപ്പെട്ടിരിക്കുന്നു. ചിലർ ചെറിയ പിന്തുണകൊണ്ട് തന്നെ വലിയ മാറ്റങ്ങൾ വരുത്തുന്നതിനു സാധിക്കുമ്പോൾ, മറ്റു ചിലർക്ക് എല്ലാ സപ്പോർട്ടും നൽകിക്കൊണ്ടുതന്നെ ചികിത്സ മുന്നോട്ടു പോകേണ്ടതുണ്ട്. ഉദാഹരണത്തിന് ഓട്ടിസത്തോടൊപ്പം അപസ്മാര രോഗവും (പലപ്പോഴും ചെറിയ രീതിയിലുള്ള അപസ്മാര ബാധ ആയിരിക്കാം - കണ്ണുകളുടെ ചലനം, ഞെട്ടൽ പോലെയുള്ളവ) ഉള്ള കുട്ടികൾക്ക് ഈ ഈ ജി പോലുള്ള പരിശോധനകൾ ചെയ്ത് ചികിത്സ നടത്തേണ്ടതാണ്.

ഓട്ടിസം ബാധയുള്ള ഓരോ കുട്ടിക്കും പേഴ്സണലൈസെഡ് അതായത് വ്യക്തിഗത പരിചരണം നൽകേണ്ടത് വളരെ അത്യാവശ്യമാണ്. അവരുടെ സ്വന്തം കാര്യങ്ങൾ അവരവർ തന്നെ ചെയ്യത്തക്ക രീതിയിൽ അവരെ പരിശീലിപ്പിച്ചെടുക്കുക എന്നതാണ് ഏറ്റവും പ്രധാനം അർഹിക്കുന്നത്. ഓട്ടിസം ബാധിച്ച കുട്ടികൾക്ക് എല്ലാവർക്കും ബുദ്ധി വളർച്ച കുറവാണ് എന്ന് വിചാരിക്കരുത്. നമ്മൾ തിരിച്ചറിയുന്ന, അവരിൽ ഉറങ്ങിക്കിടക്കുന്ന കഴിവിനെ പുറത്തെടുത്താൽ ഒരുപക്ഷേ സാധാരണ കുട്ടികൾ ചചെയ്യുന്നതിൽ ഉപരിയായി മികവുറ്റ രീതിയിൽ പ്രതിഭ തെളിയിക്കാവുന്നതുമാണ്.

ചുരുക്കി പറഞ്ഞാൽ ഓട്ടിസം ബാധിതർക്ക് നൽകേണ്ട പിന്തുണ അവരുടെ ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്നതായതിനാൽ, അവരെ പരിശീലിപ്പിക്കുന്ന സെൻറർ തിരഞ്ഞെടുക്കുന്നതിലും ഏറ്റവും അധികം നിഷ്കർഷത പുലർത്തേണ്ടത് വളരെ അത്യാവശ്യമാണ്. ഏറ്റവും ക്ഷമയോടെയും ദീർഘകാല അടിസ്ഥാനത്തിലുമുള്ളതുമായ ഒരു പദ്ധതി തയ്യാറാക്കി വേണം അവരുടെ ചികിത്സ ആരംഭിക്കാൻ. സാമൂഹിക കഴിവുകൾക്കുള്ള പരിശീലനം: ഇത് ഗ്രൂപ്പുകളായി നടത്തുകയും ഓട്ടിസം ബാധിച്ച കുട്ടികളെ സാമൂഹിക സാഹചര്യങ്ങളിലൂടെ സഞ്ചരിക്കാൻ പഠിപ്പിക്കുകയും ചെയ്യുന്നു. ഓട്ടിസം ചികിത്സയിൽ രക്ഷിതാക്കൾക്കുള്ള പരിശീലനമാണ് ഏറ്റവും പ്രാധാന്യമർഹിക്കുന്നത്. ഓട്ടിസത്തെക്കുറിച്ച് എല്ലാം പഠിക്കുക, സ്ഥിരമായ ഒരു ഷെഡ്യൂളും ദിനചര്യയും ഉണ്ടാക്കുക, നിങ്ങളുടെ കുട്ടിയുടെ ഭാഷ മനസ്സിലാക്കുകയും ബുദ്ദിമുട്ടുകൾ ഒഴിവാക്കാൻ ശ്രമിക്കുകയും ചെയ്യുക. അവരെ കൈയിലെടുക്കാൻ എല്ലായിപ്പോഴും പോസിറ്റീവ് തന്ത്രങ്ങൾ പ്രയോഗിക്കുക. മനസ്സിലാക്കുക, നിങ്ങൾ ഒറ്റക്കല്ല നിങ്ങളെപ്പോലെയോ അതിലും ബുദ്ദിമുട്ടേറിയതോ ആയ മാതാപിതാക്കൾ ഉണ്ട്, അവരുടെ സഹായം തേടുകയും, ആവശ്യമെങ്കിൽ പ്രൊഫഷണൽ സഹായം തേടുകയും ചെയ്യുക.

(Pediatric Neurology, Aster Mims Kozhikode)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:autismAutism Awareness Day
News Summary - April 2, Autism Awareness Day
Next Story