അറിവിലൂടെ അവബോധത്തിലേക്ക്, അവബോധത്തിലൂടെ കരുതലിലേക്ക്; ഇന്ന് ലോക എയ്ഡ്‌സ് ദിനം
text_fieldsഡിസംബർ 1 ലോകം മുഴുവൻ ലോക എയ്ഡ്‌സ് ദിനം ആചരിക്കുന്നു. എച്ച്.ഐ.വി / എയ്ഡ്‌സ് എന്ന രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ ഇല്ലാതാക്കി, രോഗബാധിതരെ പിന്തുണക്കുകയും രോഗ പ്രതിരോധം ശക്തിപ്പെടുത്തുക എന്നതാണ് ഈ ദിനത്തിന്‍റെ മുഖ്യ ലക്ഷ്യം. എയ്ഡ്‌സ് (AIDS – Acquired Immunodeficiency Syndrome) സാധാരണ ഒരു രോഗമല്ല; ശരീരത്തിലെ പ്രതിരോധ സംവിധാനം തകരാറിലാവുന്ന അവസ്ഥയാണ്. മനുഷ്യന്റെ പ്രതിരോധ കോശങ്ങളെ ആക്രമിക്കുന്ന വൈറസാണ് എച്ച്.ഐ.വി (HIV – Human Immunodeficiency Virus). വൈറസ് ശരീരത്തിലേക്ക് കടന്നതിനുശേഷം വർഷങ്ങളോളം ലക്ഷണങ്ങളൊന്നുമില്ലാതെ നിശബ്ദമായി പ്രവർത്തിച്ചേക്കാം. എന്നാൽ പ്രതിരോധ ശേഷി നഷ്ടമാകുമ്പോൾ ശരീരത്തിന് സാധാരണ രോഗങ്ങളെപോലും നേരിടാനാകാതെ വരുന്നു. അതാണ് എയ്ഡ്‌സ് എന്ന അന്തിമഘട്ടം.
എച്ച്.ഐ.വി പകരുന്നത് എങ്ങനെ?
അറിവില്ലായ്മയും മിത്തുകളും ഏറെയുള്ള വിഷയമാണിത്. സുരക്ഷിതമല്ലാത്ത ശാരീരിക ബന്ധം, രോഗബാധിതരുടെ രക്തം, സൂചികൾ തുടങ്ങിയവ പങ്കിടുന്നത്, രോഗബാധിത മാതാവിൽ നിന്ന് കുഞ്ഞിലേക്കുള്ള രോഗവ്യാപനം (ഗർഭകാലത്ത്, പ്രസവത്തിൽ, മുലയൂട്ടൽ വഴി) എന്നിവയിലൂടെ എച്ച്.ഐ.വി പകരാം. അതോടൊപ്പം എച്ച്.ഐ.വി പകരാത്ത സാഹചര്യങ്ങളും പൊതുജനങ്ങൾ മനസിലാക്കേണ്ടതാണ്. ഹസ്ത ദാനം, ഒരുമിച്ച് ഭക്ഷണം കഴിക്കൽ, ചുമ, തുമ്മൽ,പൊതുപരിസരങ്ങൾ, ബാത്ത്റൂം, സ്വിമ്മിംങ് പൂൾ തുടങ്ങിയവയുടെ ഉപയോഗത്തിലൂടെ, കൊതുക് കടിയിലൂടെ എച്ച്.ഐ.വി പകരില്ല.
എച്ച്.ഐ.വി രോഗികളിൽ സാധാരണ കണ്ടുവരുന്ന അണുബാധകൾ
പ്ന്യുമോകിസ്റ്റിസ് ന്യുമോണിയ: ശ്വാസകോശത്തെ ബാധിക്കുന്ന ഗുരുതരമായ ഫംഗൽ ഇൻഫെക്ഷൻ. ലോകത്തെ പല ഭാഗങ്ങളിലും ഇത് എച്ച്.ഐ.വി രോഗികളിൽ ഏറ്റവും സാധാരണ കണ്ടുവരുന്ന ന്യുമോണിയ ബാധയാണ്.
കാൻഡിഡിയാസിസ്: വായ, നാവ്, അന്നനാളം, യോനിയിൽ എന്നിവിടങ്ങളിൽ കട്ടിയുള്ള വെളുത്ത പാളി രൂപപ്പെടുന്ന ഫംഗസ് അമുബാധ. എച്ച്.ഐ.വിയുമായി ബന്ധപ്പെട്ട ഏറ്റവും സാധാരണ രോഗങ്ങളിലൊന്നാണ് ഇത്.
ക്ഷയരോഗം: എച്ച്.ഐ.വി രോഗികളിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒഅണുബാധ. ലോകത്തിൽ എയ്ഡ്‌സ് മൂലമുള്ള മരണങ്ങളുടെ പ്രധാന കാരണങ്ങളിൽ ഒന്നാണ് ടി.ബി, പ്രത്യേകിച്ചും ആന്റിരെട്രോവൈറൽ മരുന്നുകൾ ലഭ്യമല്ലാത്ത പ്രദേശങ്ങളിൽ.
സൈറ്റോമെഗലോവൈറസ്: ഈ വൈറസ് ആരോഗ്യമുള്ളവരിൽ നിശ്ചലാവസ്ഥയിൽ തുടരും. എച്ച്.ഐ.വി മൂലം പ്രതിരോധശേഷി കുറഞ്ഞാൽ വൈറസ് സജീവമാകുകയും കണ്ണുകൾ, ശ്വാസകോശം എന്നിവയെ മാരകമായി ബാധിക്കുകയും ചെയ്യും.
ക്രിപ്റ്റോകോക്കൽ മെനിംജൈറ്റിസ്: മസ്തിഷ്കത്തെയും നാഡീമണ്ഡലത്തെയും ചുറ്റിപ്പറ്റിയ മെനിംജൈറ്റിസ് എന്ന പാളിയിൽ വീക്കം സൃഷ്ടിക്കുന്ന ഫംഗൽ ഇൻഫെക്ഷൻ. എച്ച്.ഐ.വി രോഗികളിൽ കൂടുതലായും കാണപ്പെടുന്ന കേന്ദ്രനാഡീവ്യവസ്ഥയിലെ ഗുരുതര അണുബാധയാണിത്.
ടോക്സോപ്ലാസ്മോസിസ്: പൂച്ചകളിൽ നിന്ന് പകരുന്ന പരാസൈറ്റ് മൂലമുള്ള അണുബാധ. ഇത് ഹൃദയത്തെ ബാധിക്കുകയും, മസ്തിഷ്കത്തിലേക്കു പടർന്നാൽ അപസ്മാരം ഉണ്ടാക്കുകയും ചെയ്യാം. സമയത്ത് ചികിത്സ ലഭ്യമാകാതിരുന്നാൽ മരണകാരണമായേക്കും.
ചികിത്സയും പ്രതിരോധവും
എച്ച്.ഐ.വിക്കെതിരെ ഇപ്പോഴും സമ്പൂർണ്ണ ചികിത്സ കണ്ടെത്താനായിട്ടില്ലെങ്കിലും, നിലവിൽ ART (Antiretroviral Therapy) വഴി രോഗബാധിതർ ആരോഗ്യകരമായ ജീവിതം നയിക്കുന്നുണ്ട്. അതിനാൽ രോഗം സ്ഥിരീകരിക്കപ്പെടുമ്പോൾ തന്നെ ചികിത്സ ആരംഭിക്കുക എന്നതും അത്യാവശ്യമാണ്. പ്രതിരോധം എപ്പോഴും ചികിത്സയെക്കാൾ ശക്തമാണ്. അതിനായി സുരക്ഷിത ശാരീരിക ബന്ധത്തിന് മുൻഗണന നൽകുക, മറ്റുള്ളവർ ഉപയോഗിച്ച സൂചികളും ഉപകരണങ്ങളും പങ്കിടാതിരിക്കുക, രക്ത ദാനത്തിന് മുമ്പ് രക്തം പരിശോധന ചെയ്തതാണെന്ന് ഉറപ്പാക്കുക, ഗർഭധാരണത്തിനിടെ മാതാവിന് മുൻകരുതൽ പരിശോധനയും ചികിത്സയും നൽകുക
സമൂഹത്തിന്റെ കർത്തവ്യം
രോഗബാധിതരോടുള്ള ഭയവും അവരെ ഒറ്റപ്പെടുത്തുകയും ചെയ്യുന്ന സമീപനം സമൂഹത്തിൻ്റെ പരാജയമാണ്. എയ്ഡ്‌സിനെതിരായ യഥാർത്ഥ പോരാട്ടം വൈറസിനെതിരെ മാത്രമല്ല, മാനസിക, സാമൂഹിക വേർതിരിവിനെതിരെയും കൂടിയാണ്. ആരെയും അവഗണിക്കരുത്, ആരെയും ഒറ്റപ്പെടുത്തരുത് എന്നുകൂടി നമ്മെ ഓർമപ്പെടുത്തുന്നതാണ് ഈ ദിനം. രോഗബാധിതരോട് ഭയമല്ല, കരുതലും അവബോധവുമാണ് വേണ്ടത്. അറിവിലൂടെ തെറ്റിദ്ധാരണകൾ മാഞ്ഞുപോകും. കരുതലിലൂടെ ഓരോ ജീവിതവും രക്ഷിക്കപ്പെടും. എയ്ഡ്‌സിനെതിരായ പോരാട്ടം ആരോഗ്യ സംഘടനകളുടേതോ സർക്കാരിന്റേതോ മാത്രമല്ല. അത് നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്വം ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

