Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല ഭീഷണി; 10 ദിവസത്തിനിടെ 16 കേസുകൾ

text_fields
bookmark_border
സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല ഭീഷണി; 10 ദിവസത്തിനിടെ 16 കേസുകൾ
cancel

കോഴിക്കോട്: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗം വ്യാപിക്കുന്നു. ഈ മാസം 10 ദിവസത്തിനിടെ രോഗികളുടെ എണ്ണം വർധിച്ചു. ഒക്ടോബർ മാസത്തിൽ 10 ദിവസത്തിനിടെ 16 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇത് കഴിഞ്ഞ മാസത്തെക്കാൾ വളരെ കൂടുതലാണ്. കഴിഞ്ഞമാസം 32 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നത്. സംസ്ഥാനത്ത് ഈ വർഷം 507 പേർക്ക് രോഗം സ്ഥിരീകരിക്കുകയും എട്ട് പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. 113 പേർക്ക് രോഗം സംശയിക്കുകയും ചെയ്യുന്നുണ്ട്.

ഒക്ടോബർ മാസത്തിലെ ആദ്യ ഒമ്പത് ദിവസങ്ങളിൽ ജില്ലയിൽ 10 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുത്ത ആളുകളിലാണ് രോഗം വ്യാപിച്ചത്.

ഷിഗെല്ല (Shigella) ബാക്ടീരിയ മൂലമുണ്ടാകുന്ന ഗുരുതരമായ ഒരു കുടൽ അണുബാധയാണ് ഷിഗെല്ലോസിസ് (Shigellosis). ദഹനവ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്ന ഈ രോഗം, വളരെ പെട്ടെന്ന് മറ്റുള്ളവരിലേക്ക് പകരും. ശുചിത്വമില്ലാത്ത വെള്ളം കുടിക്കുന്നതിലൂടെയോ, മലിനമായ ഭക്ഷണത്തിലൂടെയോ ഈ ബാക്ടീരിയ ശരീരത്തിലെത്താം. ഇത് വയറിളക്കം, രക്തം കലർന്ന മലം, കഠിനമായ വയറുവേദന എന്നിവയ്ക്ക് കാരണമാകുന്നു. ആഗോളതലത്തിൽ പ്രത്യേകിച്ച് ശുചിത്വ സൗകര്യങ്ങൾ കുറഞ്ഞ ഇടങ്ങളിലും കുട്ടികൾക്കിടയിലും ഈ ബാക്ടീരിയ വലിയ ആരോഗ്യപ്രശ്നമാണ് ഉണ്ടാക്കുന്നത്.

രോഗം പകരുന്നതെങ്ങനെ

ഷിഗെല്ല ബാക്ടീരിയ പ്രധാനമായും ഫീക്കൽ-ഓറൽ പാതയിലൂടെയാണ് പടരുന്നത്. അതായത് രോഗബാധിതനായ ഒരാളുടെ മലത്തിലൂടെ പുറത്തുവരുന്ന ബാക്ടീരിയകൾ മറ്റൊരാളുടെ ഉള്ളിലെത്തുമ്പോഴാണ് രോഗമുണ്ടാകുന്നത്. ശരിയായി ക്ലോറിനേറ്റ് ചെയ്യാത്ത വെള്ളം കുടിക്കുന്നതിലൂടെയോ അത്തരം വെള്ളത്തിൽ കുളിക്കുന്നതിലൂടെയോ രോഗം പകരാം.

രോഗബാധിതരായ വ്യക്തികൾ കൈകൾ വൃത്തിയാക്കാതെ ഭക്ഷണം പാകം ചെയ്യുകയോ വിളമ്പുകയോ ചെയ്യുമ്പോൾ ബാക്ടീരിയ ഭക്ഷണത്തിൽ കലരുന്നു. രോഗിയുമായുള്ള അടുത്ത സമ്പർക്കം, ഉദാഹരണത്തിന് കുട്ടികളുടെ ഡയപ്പർ മാറ്റുമ്പോഴോ മറ്റോ കൈകൾ വൃത്തിയാക്കിയില്ലെങ്കിൽ രോഗം പകരാൻ സാധ്യതയുണ്ട്. മലിനമായ വസ്തുക്കളിൽ ഇരിക്കുന്ന ഈച്ചകൾ ഭക്ഷണസാധനങ്ങളിൽ ഇരിക്കുമ്പോഴും രോഗാണുക്കൾ വ്യാപിക്കുന്നു.

ലക്ഷണങ്ങൾ

ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് 1 മുതൽ 3 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. സാധാരണ 5 മുതൽ 7 ദിവസം വരെ ഈ ലക്ഷണങ്ങൾ നീണ്ടുനിൽക്കാം. കുട്ടികളിലും പ്രായമായവരിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും രോഗം വേഗത്തിൽ ഗുരുതരമാകാൻ സാധ്യതയുണ്ട്.

ഷിഗെല്ല അണുബാധയുടെ പ്രധാന ലക്ഷണം നീണ്ടുനിൽക്കുന്ന വയറിളക്കമാണ്. പനി, വയറുവേദന, അടിക്കടി മലശങ്കയുണ്ടാകുക തുടങ്ങിയവയെല്ലാം മറ്റ് പ്രധാന ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. മിക്കപ്പോഴും, ഷിഗെല്ല അണുബാധ ഒരു ആഴ്ചയ്ക്കുള്ളിൽ സ്വയം മാറും. ഗുരുതരമായ രോഗത്തിനുള്ള ചികിത്സയിൽ രോഗാണുക്കളെ നീക്കം ചെയ്യുന്ന ആന്റിബയോട്ടിക്കുകൾ ഉൾപ്പെട്ടേക്കാം.

ചികിത്സ

ഷിഗെല്ല ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധയായതിനാൽ കൃത്യമായ വൈദ്യപരിശോധന അത്യാവശ്യമാണ്. വയറിളക്കം വഴി ശരീരത്തിലെ ജലാംശവും ലവണങ്ങളും നഷ്ടപ്പെടുന്നതാണ് ഏറ്റവും വലിയ അപകടം. അതിനാൽ ഒആർഎസ് (ORS), തിളപ്പിച്ചാറിയ വെള്ളം, കഞ്ഞിവെള്ളം എന്നിവ ധാരാളമായി നൽകണം.

രോഗം കഠിനമാണെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം ആന്റിബയോട്ടിക്കുകൾ കഴിക്കേണ്ടി വരും. ഇത് രോഗത്തിന്റെ തീവ്രത കുറയ്ക്കാനും മറ്റുള്ളവരിലേക്ക് പടരുന്നത് തടയാനും സഹായിക്കും. രക്തം കലർന്ന മലം, കഠിനമായ വയറുവേദന, നിർത്താതെയുള്ള ഛർദ്ദി, അല്ലെങ്കിൽ ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ രോഗിയെ ഉടൻ ആശുപത്രിയിൽ പ്രവേക്ഷിക്കണം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - സംസ്ഥാനത്ത് 10 ദിവസത്തിനിടെ 16 ഷിഗെല്ല കേസുകൾ
Next Story