സഹൃദയരാവൂ, സന്തോഷിക്കൂ

08:18 AM
29/09/2017

താൽപര്യത്തോടെ ഒരു കാര്യം സംസാരിക്കുന്നതിനിടെ ഫോൺ ഒാഫായി പോയാൽ എങ്ങിനെയുണ്ടാവും- അതു പോലെ ജീവിത സംസാരം അതി​​​െൻറ സുപ്രധാന ഘട്ടത്തിൽ നിൽക്കു​േമ്പാഴാണ്​ പലപ്പോഴും ഹൃദയരോഗങ്ങൾ വന്ന്​ വഴി മുടക്കുന്നത്​. ആശുപത്രി സൗകര്യങ്ങൾ ഏറെ വർധിച്ചിട്ടുള്ളതിനാൽ രോഗങ്ങൾക്ക്​ ചികിത്സകളുണ്ട്​, എന്നാലും കേടുപറ്റി നന്നാക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ്​ കേടാവാതെ സൂക്ഷിക്കുന്നത്​. യു.എ.ഇയിൽ ഏറ്റവുമധികം ഹൃദയ സംബന്ധകേസുകൾ എത്തുന്ന, 24 മണിക്കൂറും ശസ്​ത്രക്രിയാ സജ്ജമായി പ്രവർത്തിക്കുന്ന ഞങ്ങളുടെ ആശുപത്രിയിൽ ഒാരോ മാസവും 150 ആൻജിയോപ്ലാസ്​റ്റി ചെയ്യുന്നുണ്ട്​. ഒാരോ വർഷവും വർധിക്കുന്നു. ഇവിടുത്തെ ജനസംഖ്യയിലെ പ്രാതിനിധ്യം പോലെ രോഗികളുടെ എണ്ണത്തിലും മലയാളികൾ തന്നെ കൂടുതൽ. ​ആഗോള ശരാശരി നോക്കിയാലും ഇന്ത്യൻ ഉപഭൂഖണ്​ഡത്തിലെ ആളുകൾക്കാണ്​ ഹൃദയാഘാതം കൂടുതൽ.

പാശ്​ചാത്യ രാജ്യങ്ങളിൽ 60-65 വയസിനു ശേഷമാണ്​ പ്രശ്​നങ്ങൾ തുടങ്ങുന്നതെങ്കിൽ നമ്മുടെ നാടുകളിൽ 45^55 പ്രായക്കാർക്കിടയിൽ ഹൃദയാഘാതം സാധാരണമാവുന്നു. ഇപ്പോൾ വരുന്ന കേസുകളിൽ 35 ശതമാനവും 35-45 വയസുകാർക്കിടയിലാണ്​. ഇതിന്​ പല കാരണങ്ങളുമുണ്ട്​. ജീവിതശൈലി മാറിയിരിക്കുന്നു. പുകവലിയാണ്​ കടുത്ത വില്ലൻ. സിഗററ്റ്​ വലിച്ചാൽ ഒരാളുടെ ടെൻഷനും കുറയുന്നില്ല. പണം നൽകി വിഷം വാങ്ങി കുടിക്കുന്നതിന്​ തുല്യമാണ്​ പുകവലിച്ച്​ ഹൃദയം നശിപ്പിക്കുന്നത്​. സിഗററ്റിന്​ എക്​സൈസ്​ നികുതി ഏർപ്പെടുത്തിയത്​ കുറച്ച്​ ​േ​പരെയെങ്കിലും പുകവലി ശീലത്തിൽ നിന്ന്​ മോചിപ്പിച്ചേക്കും എന്ന്​ ​പ്രതീക്ഷിക്കാം. വ്യായാമമില്ലാത്തതാണ്​ മറ്റൊരു വലിയ പ്രശ്​നം.

അടുത്ത കടയിലേക്ക്​ പോകാൻ പോലും വാഹനമുപയോഗിക്കുന്നവരും ആവതുണ്ടായിട്ടും കോണിപ്പടികളൊഴിവാക്കി ലിഫ്​റ്റ്​ ഉപയോഗിക്കുന്നവരുമാണ്​ പിന്നീട്​ ആംബുലൻസിലും വീൽചെയറിലുമായി ഹൃദയശസ്​ത്രക്രിയാ വാർഡിൽ എത്തുന്നവരിൽ കൂടുതലും. വ്യായാമമില്ലാത്തത്​ പ്രമേഹം പടർത്തുന്നു, അത്​ ഹൃദയത്തെയും ബാധിക്കുന്നു. ദിവസവും അര മണിക്കൂറെങ്കിലും വ്യായാമം വേണം. തിരക്കുകൾക്കിടയിൽ ഇടക്ക്​ മുടങ്ങിപ്പോയേക്കാം. പക്ഷെ അതു തരമാക്കി നിർത്തരുത്​. സമയം കിട്ടുന്ന അന്ന്​ വ്യായാമം പുനരാരംഭിക്കുക. കൈവീശി നടക്കലാണ്​ ഏറ്റവും നല്ലത്​. ജോലി സ്​ഥലത്തിരുന്ന്​ സ്​ട്രെച്ചിങ്​ വ്യായാമങ്ങൾ ചെയ്യാൻ കഴിയുമെങ്കിൽ അതെങ്കിലും തുടരുക. മാനസിക സംഘർഷങ്ങളാണ്​ മറ്റൊരു കാരണം.

പ്രശ്​നങ്ങൾ നിറഞ്ഞ ജീവിതത്തെ നേരിടാൻ യുക്​തിപൂർവമായ തീരുമാനമെടുക്കാനാണ്​ നമ്മുടെ ഹൃദയം. അതിനെ നീറിപ്പുകച്ച്​ നശിപ്പിക്കരുത്​. പ്രതിസന്ധികളെയെല്ലാം അതിജയിച്ച്​ സഹൃദയരായി സന്തോഷത്തോടെ ജീവിക്കാൻ നമ്മുടെ കുട്ടികളെ പഠിപ്പിക്കണം. കൃത്യമായ ഇടവേളയിൽ ആരോഗ്യ പരിശോധന നടത്തുന്നതും വ്യായാമം ശീലമാക്കുന്നതുമാണ്​ ഹൃദയരോഗങ്ങളെ അകറ്റാനുള്ള ഏറ്റവും വലിയ മരുന്ന്​. ഹൃദയാഘാതത്തെ പൂർണമായി തടയാൻ കഴിഞ്ഞില്ലെങ്കിലും വൈകിപ്പിക്കാൻ ഇൗ ശീലം കൊണ്ട്​ സാധിക്കും.

(ദുബൈ അൽ നഹ്​ദ സ്​പെഷ്യാലിറ്റി ഹോസ്​പിറ്റലിൽ സ്​പെഷ്യലിസ്​റ്റ്​ ഇൻറർവെൻഷനൽ കാർഡിയോളജിസ്​റ്റാണ്​ ലേഖകൻ)

COMMENTS