Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightമാതാപിതാക്കളെ...

മാതാപിതാക്കളെ ശാക്തീകരിക്കുക, മുലയൂട്ടൽ സാധ്യമാക്കുക

text_fields
bookmark_border
മാതാപിതാക്കളെ ശാക്തീകരിക്കുക, മുലയൂട്ടൽ സാധ്യമാക്കുക
cancel

മാതാപിതാക്കളെ ശാക്തീകരിക്കുക, മുലയൂട്ടൽ സാധ്യമാക്കുക എന്നതാണ് ലോകാരോഗ്യ സംഘടനയുടെ ഈ വർഷത്തെ സന്ദേശം. ആരോഗ്യ വിദ്യാഭ്യാസ സൂചകങ്ങളിൽ മുൻപിലുള്ള കേരളത്തെ പോലെയുള്ള ഒരു സംസ്​ഥാനത്ത് ഇത്തരമൊരു വാരാചരണത്തി​​​െൻറ പ്രസക്തിയെപറ്റി ചിലർക്കെങ്കിലും സന്ദേഹങ്ങൾ ഉണ്ടാവാം. ഇന്ത്യയിൽ ശിശുമരണനിരക്ക് ഏറ്റവും കുറഞ്ഞ സംസ്​ഥാനമാണ് കേരളം. ആയിരം കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ കേരളത്തിൽ ശരാശരി 10–12 കുഞ്ഞുങ്ങളാണ് ഒരു വയസ്സ് പൂർത്തിയാവുന്നതിനുമുൻപ്​ മരിച്ചുപോവുന്നത്.ഇങ്ങനെ മരിച്ചുപോവുന്ന കുട്ടികളിൽ 50 ശതമാനവും മരിച്ചുപോവുന്നത് 28 ദിവസം പൂർത്തിയാവുന്നതിമുൻപാണ്. ആയതിനാൽ ശിശുമരണനിരക്ക് പറയുമ്പോൾ രോഗാതുരത കൂടുതലുള്ള കുഞ്ഞുങ്ങളുടെ നിരക്ക് സ്വാഭാവികമായും കൂടുന്നതാണ്. മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങൾ, വിവിധ ബാഹ്യ-ആന്തരിക വൈകല്ല്യങ്ങളുമായി ജനിക്കുന്ന കുഞ്ഞുങ്ങൾ, പ്രസവസമയത്തുണ്ടാകുന്ന പലവിധ ബുദ്ധിമുട്ടുകൾ മൂലം തലച്ചോറിനേൽക്കുന്ന ക്ഷതങ്ങൾ കാരണമുണ്ടാവുന്ന സെറിബ്രൽ പാൾസി അടക്കമുള്ള ബുദ്ധിവികാസ വൈകല്യങ്ങളുള്ള കുട്ടികൾ എന്നിവർ ഇത്തരം രോഗാതുരത കൂടിയ കുട്ടികളുടെ ഗണത്തിൽ പെടുന്നു. സ്വാഭാവികമായും ഇവരുടെ പരിചരണത്തിനും മുലയൂട്ടലിനും മാതാപിതാക്കളെ പ്രാപ്തരാക്കണമെങ്കിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരെ പ്രത്യേകം പരിശീലിപ്പിച്ചെടുക്കേണ്ടതുണ്ട്.

കേരളീയ സമൂഹം കൂട്ടുകുടുംബ വ്യവസ്​ഥിതിയിൽ നിന്നും പൂർണ്ണമായിതന്നെ അണുകുടുംബ വ്യവസ്​ഥിതിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. കൂട്ടുകുടുംബ വ്യവസ്​ഥിതിയിൽ മുലയൂട്ടുന്ന അമ്മമാർക്ക് മുതിർന്നവരിൽ നിന്നും, മുത്തശ്ശിമാരിൽ നിന്നും കിട്ടുന്ന പിന്തുണയും, മേൽനോട്ടവും ഇക്കാലത്ത് പ്രതീക്ഷിക്കാനാവില്ല. വിവിധ മേഖലകളിൽ സ്​ത്രീതൊഴിലാളികളുടെ വർദ്ധിച്ചപങ്കാളിത്തം ഇന്ന് കേരളത്തിലെവിടെയും ദൃശ്യമാണ്. തൊഴിലിടങ്ങളിലെ ജോലിയുടെ ഭാരിച്ച ഉത്തരവാദിത്ത്വങ്ങൾ നിർവഹിക്കുന്നതോടൊപ്പം വീട്ടുജോലിയും കുട്ടികളുടെ പരിചരണവും, മുലയൂട്ടലും നടത്തുന്ന ഇന്നത്തെ അമ്മമാർ അനുഭവിക്കുന്ന ശാരീരികമാനസിക സമ്മർദ്ധങ്ങൾ ഏറെയാണ്.

മുലയൂട്ടലിന് ആരോഗ്യപരമായ തലങ്ങൾക്കു പുറമെ സാമൂഹ്യപരവും, സാമ്പത്തികവുമായ മാനങ്ങൾ ഉണ്ട്​. നവജാതശിശുവി​​​െൻറ ശാരീരികവും ബുദ്ധിപരവും, മാനസികവുമായ വികാസത്തിനാവശ്യമായ എല്ലാ ഘടകങ്ങളും അടങ്ങിയിട്ടുള്ളതാണ് മുലപ്പാൽ. ആയതിനാൽ ശരിയായ രീതിയിൽ മുലകുടിച്ച്​ വളരുക എന്നത് ഓരോ കുഞ്ഞി​​​െൻറയും ജന്മാവകാശമാണ്.

മുലപ്പാൽ എപ്പോൾ നൽകണം

സാധാരണപ്രസവമാണെങ്കിൽ പ്രസവിച്ച് അരമണിക്കൂറിനുള്ളിൽ തന്നെ കുഞ്ഞിന് മുലപ്പാൽ നൽകേണ്ടതാണ്. സിസേറിയനാണെങ്കിൽ അമ്മ മുലകൊടുക്കുവാനുള്ള ബോധതലത്തിലേക്ക് വന്നയുടനെതന്നെ മുലപ്പാൽ നൽകണം. ശസ്​ത്രക്രിയക്ക്​ ശേഷം 2–3 മണിക്കൂറിനുള്ളിൽ അമ്മക്ക് മുലയൂട്ടാൻ സാധാരണ കഴിയുന്നതാണ്. പ്രസവിച്ചു ആദ്യ ദിവസം തന്നെ മുലപ്പാൽ ഉണ്ടായിരിക്കും. ആദ്യ ദിവസങ്ങളിലുണ്ടാവുന്ന മുലപ്പാൽ നേർത്തതായിരുക്കും. കൊളസ്ട്രം എന്നാണ് ഈ പാലിന് പറയുക. കുഞ്ഞിനെ രോഗങ്ങളിൽ നിന്ന് രക്ഷിക്കാനുതകുന്ന ധാരാളം ഘടകങ്ങൾ അടങ്ങിയ കൊളസ്ട്രത്തെ ആദ്യത്തെ രോഗപ്രതിരോധം എന്നാണ് ഡോക്ടർമാർ വിശേഷിപ്പിക്കുന്നത്. ഇത് പിഴിഞ്ഞ് കളയണം, കുഞ്ഞിന് നൽകരുത് എന്ന് ഒരു അന്ധവിശ്വാസം നമുക്കിടയിലുണ്ട്​. ഇത് ശരിയല്ല. ഈ ആദ്യ പാൽകുഞ്ഞിന് നിർബന്ധമായും നൽകേണ്ടതാണ്.

ആറ് മാസം വരെ മുലപ്പാൽ മാത്രം നൽകുക. ആറ് മാസം പ്രായമാകുമ്പോൾ പഴവർഗ്ഗങ്ങളും, ധാന്യങ്ങളുമടങ്ങിയ ഭക്ഷണങ്ങൾ ഉടച്ച് കുറുക്കുരൂപത്തിൽ നൽകുക. അതോടൊപ്പം മുലപ്പാലും നൽകുക. ക്രമേണ ഒരുവയസ്സാകുമ്പോൾ വീട്ടിലുണ്ടാക്കുന്ന എല്ലാ ഭക്ഷണങ്ങളും എരിവും, പുളിയും കുറച്ച് കൊടുക്കുക. രണ്ട്​ വയസ് വരെ മുലപ്പാൽ കൊടുക്കുന്നത് തുടരുക. ഇതാണ് ശരിയായ മുലയൂട്ടൽ രീതി.

മുലപ്പാൽ ഇല്ലാത്തത് കൊണ്ട്, അല്ലെങ്കിൽ മുലപ്പാലി​​​െൻറ അളവ് കുറവായത്​ കൊണ്ടാണ് മറ്റ് പാലുകൾ നൽകുന്നത് എന്നാണ് പല അമ്മമാരും പറയാറുള്ളത്. ഗർഭിണിയായ സ്​ത്രീക്ക് മുലപ്പാൽ ഉൽപ്പാദിപ്പിക്കാനുള്ള കഴിവുണ്ടെങ്കിലും ശരിയായ ഉത്തേജനം ലഭിക്കുന്നതുവരെ മുലപ്പാൽ ഉണ്ടാവുകയില്ല.വിശക്കുന്ന കുഞ്ഞ് മുലയിൽ ആർത്തിയോടെ ചപ്പുമ്പോഴാണ് പാൽ ചുരത്താനുള്ള ഉത്തേജനം അമ്മക്കുണ്ടാവുന്നത്. ഓരോ പ്രാവശ്യവും കുഞ്ഞ് മുലകുടിക്കുമ്പോൾ പാൽ കൂടുതൽ ഉണ്ടാവുന്നു. മൂന്നാം ദിവസം ആവുമ്പോഴേക്കും പാൽ കൂടുതൽ ഉണ്ടാവുന്നു.

ആദ്യ ദിവസങ്ങളിൽ മുലപ്പാൽ അല്ലാതെ യാതൊന്നും കൊടുക്കുവാൻ പാടില്ല. നവജാതശിശുക്കൾക്ക് ഗ്ലൂക്കോസ്​ വെള്ളം, തേൻ, മുന്തിരിനീര്, തിളപ്പിച്ചാറ്റിയ വെള്ളം മുതലായവ നൽകുന്ന രീതി നമ്മുടെയിടയിലുണ്ട്. ഇത് ശരിയല്ല. കുഞ്ഞിന് മുലപ്പാലിന് പകരം മറ്റെന്തെങ്കിലും നൽകിയാൽ മുല കുടിക്കാനുള്ള താൽപര്യം കുറയും. കുഞ്ഞ് വലിച്ചുകുടിക്കുന്നില്ലെങ്കിൽ മുലപ്പാൽ ചുരത്താൻ താമസം
ഉണ്ടാവുകയും ചെയ്യും. മറ്റ്​ പാനീയങ്ങൾ നൽകുന്നത് കുഞ്ഞിന് അണുബാധ ഉണ്ടാക്കുവാനും കാരണമാകാറുണ്ട്. ശരിയായ രീതിയിൽ മുലയൂട്ടാത്തുകൊണ്ടാണ് മുലപ്പാൽ വേണ്ടത്രചുരത്താതെ പോവുന്നത് . ശരിയായി മുലയൂട്ടുന്നരീതി അമ്മമാർ അറിഞ്ഞിരിക്കേണ്ടതുണ്ട്.

മുലയൂട്ടുന്ന രീതി

അമ്മ ഇരുന്നുകൊണ്ടാണ് മുലയൂട്ടേണ്ടത്. കഴിയുന്നതും കിടന്ന് മുലയൂട്ടരുത്. മുലയൂട്ടുമ്പോൾ അമ്മ നടു നിവർത്തി കസേരയിലോ ചുവരിലോ ചാരിയിരിക്കുന്നതാണ് ഏറ്റവും നല്ലത്. പല അമ്മമാരും പറയുന്ന നടുവേദന ഒഴിവാക്കാൻ ഇത് സഹായിക്കും.

കുഞ്ഞി​​​െൻറ ശരീരം അമ്മയുടെ ശരീരത്തോട് ചേർത്തുപിടിക്കണം. കുഞ്ഞി​​​െൻറ വായ മുലയുടെ നേരെയും വയർ അമ്മയുടെ വയറിനോട് ചേർത്തും ഇരിക്കണം. കുഞ്ഞി​​​െൻറ തല അമ്മയുടെ കൈമടക്കിൽ ഇരിക്കുന്നതിനാൽ മുലകുടിക്കുന്നതിനിടയിൽ തല പിറകോട്ട് വീണ് പോവുകയില്ല. കുഞ്ഞിനെ സപ്പോർട്ട് ചെയ്ത്പിടിക്കാൻ ബുദ്ധുമുട്ടുണ്ടെങ്കിൽ മടിയിൽ ഒരു തലയിണ വെക്കുന്നത് സഹായകരമായിരിക്കും.
കുഞ്ഞ് മുലഞെട്ടിലാണ് ചപ്പേണ്ടത് എന്നാണ് പല അമ്മമാരുടെയും ധാരണ. അത് ശരിയല്ല. മുലഞെട്ടിൽ കുഞ്ഞ് ചപ്പുമ്പോൾ അമ്മക്ക് ഏറെ വേദനയുണ്ടാവും. കുഞ്ഞിന് പാൽ കിട്ടുകയുമില്ല. മുലഞെട്ടു മാത്രമല്ല ചുറ്റുമുള്ള കറുത്ത ഭാഗവും കുഞ്ഞി​​​െൻറ വായിലായിരിക്കണം. ഏരിയോള എന്ന് പറയുന്ന ഈ കറുത്ത ഭാഗത്താണ് കുഞ്ഞ് ചപ്പേണ്ടത്.

പല അമ്മമാരും കുഞ്ഞിനോട് ചേർന്നിരുന്ന് മുലയൂട്ടുമ്പോൾ മുന്നോട്ട് കുനിയുന്നതായി കാണാം. ഇത് അമ്മമാർക്ക് നടുവേദന ഉണ്ടാക്കാൻ കാരണമാവുന്നു. കുഞ്ഞിനെ മുലയിലേക്ക് അടുപ്പിച്ച് പിടിക്കുകയാണ് വേണ്ടത്. ഇങ്ങനെ ശരിയായ രീതിയിൽ മുലയൂട്ടുമ്പോൾ കുഞ്ഞിന് എളുപ്പത്തിൽ പാൽ കിട്ടുകയും മുലയൂട്ടൽ അമ്മക്കും കുഞ്ഞിനും സംതൃപ്തമായ ഒരനുഭവമായി മാറുകയും ചെയ്യുന്നു. പലപ്പോഴും തെറ്റായ രീതിയിൽ മുലയൂട്ടുന്നതുകൊണ്ടാണ് കുഞ്ഞുങ്ങൾക്ക് പാൽ കിട്ടാതെ വരുന്നതും അവർ മുലകുടിക്കാൻ വിമുഖത കാണിക്കുന്നതും.

കഴുത്ത് മടങ്ങിയിരിക്കാതിരിക്കാൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ കുഞ്ഞിന് പാൽ വേണ്ടതുപോലെ ഇറക്കാൻ കഴിയില്ല. ഏരിയോള ഏതാണ്ട് പൂർണ്ണമായും കുഞ്ഞി​​​െൻറ വായിലായിരിക്കണം. കുഞ്ഞി​​​െൻറ താടിയെല്ല് അമ്മയുടെ മുലയോട് തൊട്ടിരിക്കണം. കുഞ്ഞിെൻ്റ കീഴ്ചുണ്ട് പുറത്തേക്ക് മറിഞ്ഞിരിക്കുകയും, മുലവലിച്ചുകുടിക്കുമ്പോൾ അവരുടെ കവിൾത്തടം പുറത്തേക്ക് വീർത്തുവരുകയും ചെയ്യണം. മേൽ പറഞ്ഞ ലക്ഷണങ്ങൾ എല്ലാം ഉണ്ടെങ്കിൽ കുഞ്ഞ് ശരിയായ രീതിയിൽ ആണ് പാൽകുടിക്കുന്നത് എന്ന് മനസ്സിലാക്കാം. ശരിയായ രീതിയിൽ പാൽ കുടിക്കുമ്പോൾ മുലയിൽ നിന്നുള്ള േപ്രരകങ്ങൾ തലച്ചോറിലെത്തി കൂടുതൽ പാൽ ഉൽപാദിപ്പിക്കാൻ സഹായിക്കുന്നു.

മുലപ്പാലി​​​െൻറ ഗുണങ്ങൾ

ശരിയായി മുലപ്പാൽ നുകരുന്ന കുഞ്ഞി​​​െൻറ തൂക്കം പെട്ടെന്ന് കൂടുന്നതായി കാണാം. പശുവി​​​െൻറ പാൽ പശുക്കിടാവിന് അനുയോജ്യമായിട്ടുള്ളതാണ്.അമ്മയുടെ പാൽ കുഞ്ഞി​​​െൻറ വളർച്ചക്ക് അനുയോജ്യമായിട്ടുള്ളതും.

മുലപ്പാൽ കുടിച്ച് വളരുന്ന കുഞ്ഞുങ്ങൾ കൂടുതൽ ബുദ്ധിശകതിയുള്ളവരായിരിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മനുഷ്യെ​​​െൻറ തലച്ചോർ വളർച്ച ഏറ്റവും ദ്രുതഗതിയിൽ നടക്കുന്നത് ആദ്യത്തെ രണ്ട്​ വർഷമാണ്. ഈ സമയത്ത് മുലപ്പാൽ അത്യന്താപേക്ഷിതമാണ്.

അണുബാധയിൽ നിന്ന് രക്ഷ, കുപ്പിപ്പാൽ കുടിച്ച് വളരുന്ന കുട്ടികളെ അപേക്ഷിച്ച് മുലപ്പാൽ കുടിച്ച് വളരുന്ന കുട്ടികളിൽ വയറിളക്കം, ശ്വാസകോശ രോഗങ്ങൾ എന്നിവ ബാധിക്കാൻ സാധ്യത കുറവാണ്.

മുലപ്പാൽ അലർജിയിൽ നിന്നും ആസ്തമയിൽ നിന്നും സംരക്ഷണം നൽകുന്നു. ചില ഭക്ഷ്യവസ്​തുക്കൾ അലർജിയുണ്ടാക്കാൻ കാരണമാകുന്നു. തീരെ ചെറിയ കുഞ്ഞുങ്ങൾക്ക് ഇവ നൽകുമ്പോൾ ആസ്​ത്മ, കരപ്പൻ എന്നിവ വരാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട്​ ആസ്​ത്മയോ അലർജിയോ ഉള്ള കുടുംബങ്ങളിലെ കുട്ടികൾക്ക് പ്രത്യേകിച്ചും ആദ്യത്തെ ആറു മാസക്കാലം പശുവിൻപാൽ, ഗോതമ്പ്, മുട്ട എന്നിവ കൊടുക്കരുത്.

മുല കുടിച്ച് വളരുന്ന കുഞ്ഞുങ്ങൾ കൂടുതൽ സ്​നേഹമുള്ളവരാകുന്നു. മുലയൂട്ടൽ കുഞ്ഞി​​​െൻറ വിശപ്പടക്കുന്നതോടൊപ്പം കുഞ്ഞും അമ്മയും തമ്മിലുള്ള സുദൃഢമായ മാനസിക ബന്ധം ഉറപ്പുവരുത്തുന്നു.

മുലയൂട്ടൽ അമ്മക്കും ഗുണകരം

ഗർഭകാലത്ത് നഷ്​ടപ്പെട്ട ശരീരവടിവ് തിരിച്ചുകിട്ടാൻ മുലയൂട്ടൽ സഹായിക്കുന്നു. ഗർഭകാലത്ത് ശരീരത്തിൽ ശേഖരിക്കപ്പെടുന്ന കൊഴുപ്പ് കുഞ്ഞ് പാൽ കുടിക്കുമ്പോൾ അൽപാൽപമായി നഷ്​ടപ്പെടുകയും ഏതാനും മാസങ്ങൾകൊണ്ട്​ പഴയ ആകൃതി തിരിച്ചുകിട്ടുകയും ചെയ്യുന്നു. ആദ്യ ആഴ്ചകളിലെ മുലയൂട്ടൽ ഗർഭപാത്രം ചുരുങ്ങാൻ സഹായിക്കുന്നു. അതുമൂലം വയറ്റിലെ പേശികൾ ചുരുങ്ങി വയർ പെട്ടെന്ന് പൂർവ്വസ്​ഥിതി പ്രാപിക്കുന്നു. കൂടാതെ കൃത്യമായി മുലയൂട്ടുന്ന അമ്മമാർക്ക് സ്​തനാർബുദം വരാനുള്ള സാധ്യത വളരെ കുറവാണ്.

കുപ്പിപ്പാൽ നിഷിദ്ധം

കുഞ്ഞിന് ഒരിക്കലും കുപ്പിപ്പാൽ നൽകരുത്. കുപ്പിയിൽ നിന്ന് എളുപ്പത്തിൽ പാൽ വലിച്ചു കുടിക്കാനാവും, ഈ പ്രക്രിയ മുലപ്പാൽ കുടിക്കുന്ന പ്രക്രിയയിൽ നിന്ന് വളരെ വ്യത്യസ്​തമാണ്. ആയതിനാൽ കുപ്പിപ്പാൽ ശീലിച്ച കുട്ടി മുലകുടിക്കാൻ വിമുഖത കാണിക്കുന്നത് സാധാരണമാണ്. ഡോക്ടർമാർ നിർദ്ദേശിക്കുന്ന ചില
പ്രത്യേക സാഹചര്യങ്ങളിലൊഴികെ മൃഗങ്ങളുടെ പാൽ, പൊടിപാൽ എന്നിവ കുട്ടികൾക്ക് നൽകരുത്.

അപൂർവ്വ സാഹചര്യങ്ങളിൽ പൊടിപാൽ നൽകേണ്ടി വരുമ്പോൾ വൃത്തിയുള്ള ഒരു ഗ്ലാസിലോ, കിണ്ണത്തിലോ പാൽ എടുത്ത് സ്​പൂൺ അല്ലെങ്കിൽ ഗോകർണ്ണം ഉപയോഗിച്ച് നൽകുകയാണ് വേണ്ടത്. ഒരു 500 ഗ്രാം പൊടിപ്പാലിന് 400–500 രൂപ വരെ വില വരും. ശരിയായ രീതിയിൽ കൊടുക്കുകയാണെങ്കിൽ ഇത് 4–5 ദിവസത്തേക്ക് മാത്രമാണ് തികയുക. ഇങ്ങനെ വിലയിരുത്തുമ്പോൾ പ്രതിമാസം ഏതാണ്ട് 2000 രൂപയാണ് സാധാരണക്കാരിയായ ഏതൊരമ്മയും മുലയൂട്ടലിലൂടെ കുടുംബ ബജറ്റിൽ മിച്ചമാക്കുന്നത് എന്ന് നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്​. മുലപ്പാൽ നൽകാത്തതുമൂലം ഉണ്ടാകുന്ന വയറിളക്കം, ശ്വാസകോശ രോഗങ്ങൾ എന്നിവ അടക്കമുള്ള അസുഖങ്ങളുടെ ചികിത്സാ ചിലവ് ഇതിന് പുറമെയാണ്.

സാമൂഹ്യപ്രസക്തി

പ്രസവത്തിനും, പ്രസവാനന്തര ശിശുപരിചരണത്തിനുമായി സർക്കാർ ജീവനക്കാർക്ക് ആറ്​ മാസം അവധി നൽകുന്നുണ്ട്​. സ്വകാര്യ മേഖലകളിൽ ജോലിചെയ്യുന്ന ലക്ഷകണക്കിന് സ്​ത്രീ തൊഴിലാളികൾക്ക് ഈ ആനുകൂല്യം ലഭിക്കുന്നില്ല. സ്​ത്രീകൾ ധാരാളമായി ജോലിചെയ്യുന്ന സർക്കാർ ഓഫീസുകളിൽ
പോലും കുഞ്ഞുങ്ങളെ പരിരക്ഷിക്കാനുള്ള ക്രഷുകളോ, മുലയൂട്ടാനുള്ള സൗകര്യമോ ഇല്ല എന്നതാണ് യാഥാർത്ഥ്യം. സർക്കാർ, സ്വകാര്യ തൊഴിലിടങ്ങളിൽ ഇത്തരം സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്​. ഇത് സാധ്യമാവണമെങ്കിൽ സർക്കാറുകളും, ത്രിതലപഞ്ചായത്തുകളും, അക്കാദമിക് ബോഡികളും, സന്നദ്ധസംഘടനകളുംകൈകോർക്കേണ്ടതുണ്ട്​.

2019 ലെ ലോകാരോഗ്യസംഘടനയുടെ മുലയൂട്ടൽ വാര സന്ദേശമായ മാതാപിതാക്കളെ ശാക്തീകരിക്കുക, മുലയൂട്ടൽ സാധ്യമാക്കുക എന്നത് ‘മാതാപിതാക്കളെ ശാക്തീകരിക്കുക, മുലയൂട്ടൽ സാധ്യമാക്കുക സാമൂഹിക ഇടപെടലുകളിലൂടെ’ എന്ന തരത്തിൽ വായിക്കപ്പെടേണ്ടതുണ്ട്. അപ്പോൾ മാത്രമേ
കേരളീയ സമൂഹത്തിന് ഈ രംഗത്ത് മുന്നോട്ട് പോവാൻ സാധ്യമാവുകയുള്ളൂ.

* കോഴിക്കോട് മെഡിക്കൽ കോളേജ് ശിശുരോഗ വിഭാഗം െപ്രാഫസറും, ഇന്ത്യൻ അക്കാഡമി ഓഫ് പീഡിയാട്രിക്​സി​​​െൻറ കോഴിക്കോട് ജില്ലാ പ്രസിഡൻ്റും, സാമൂഹ്യ സുരക്ഷാ മിഷൻ മുൻ ഡയറക്ടറും, മാതൃശിശു സംരക്ഷണ കേന്ദ്രം മുൻ സൂപ്രണ്ടുമാണ് ലേഖകൻ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Breast FeedingWorld Breastfeeding WeekEmpowering parentsHealth News
News Summary - World Breastfeeding Week - Health news
Next Story