എ.സി മുറിയിലെ ജോലി ചർമം നശിപ്പിക്കുമോ? വില്ലനാകുന്നത് 'ഓഫിസ് എയർ', ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
text_fieldsപ്രതീകാത്മക ചിത്രം
രാവിലെ നല്ല ഫ്രഷായിരുന്ന മുഖം, വൈകുന്നേരം ഓഫിസിൽനിന്ന് ഇറങ്ങുമ്പോഴേക്കും കരിവാളിച്ചും ക്ഷീണിച്ചും തോന്നാറുണ്ടോ? ജോലിത്തിരക്കും മാനസിക സമ്മർദവും ടാർഗെറ്റുകൾ പൂർത്തിയാക്കാനുള്ള ഓട്ടവുമാണ് ഇതിന് കാരണമെന്നാണ് പലരും കരുതുന്നത്. എന്നാൽ, യഥാർത്ഥ വില്ലൻ ഇതൊന്നുമല്ല, നിങ്ങൾ ഇരിക്കുന്ന ഓഫിസിലെ എയർകണ്ടീഷണർ (എ.സി) ആണെന്ന് വിദഗ്ദ്ധർ പറയുന്നു. സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാകുന്ന 'ഓഫീസ് എയർ' എന്ന പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രീയ വശങ്ങൾ പ്രമുഖ ഡെർമറ്റോളജിസ്റ്റ് ഡോ. അനിന്ദിത സർക്കാർ വ്യക്തമാക്കുന്നു.
തുടർച്ചയായി എ.സി മുറികളിലിരിക്കുന്നത് ചർമത്തിന്റെ ആരോഗ്യത്തെ നിശബ്ദമായി ബാധിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഓഫിസിലെ തണുത്തതും വരണ്ടതുമായ അന്തരീക്ഷം ചർമത്തിലെ ഈർപ്പം പൂർണമായും വറ്റിച്ചുകളയുന്നു. വെറും ആറ് മണിക്കൂർ എ.സി മുറിയിൽ ഇരുന്നാൽ പോലും ചർമം വരണ്ട്, ചുവപ്പ് നിറമാകാനും, മുഖത്ത് ചുളിവുകളടക്കം പല മാറ്റങ്ങളും കൂടുതൽ വ്യക്തമായി കാണാനും തുടങ്ങും. വായുവിൽ ഈർപ്പം കുറയുന്നതോടെ ചർമത്തിന്റെ സ്വാഭാവിക പ്രതിരോധ ശേഷി തകരുകയും മുഖം മങ്ങാനും തൊലി അടർന്നുപോകാനും ഇത് കാരണമാകുകയും ചെയ്യുന്നു.
ജോലിത്തിരക്കിനിടയിൽ ചായ കുടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ വേണ്ടി പെട്ടെന്ന് തണുത്ത എ.സി മുറിയിൽനിന്ന് ചൂടുള്ള പുറം അന്തരീക്ഷത്തിലേക്കും, തിരിച്ച് എ.സി മുറിയിലേക്കും മാറുന്നത് ചർമത്തിന് ഇരട്ടി ആഘാതമാണ് ഉണ്ടാക്കുന്നത്. ഈ താപനില വ്യത്യാസം ചർമത്തെ കൂടുതൽ വരണ്ടതാക്കും. ഇത്തരം സാഹചര്യങ്ങളിൽ ഓഫിസ് ജീവനക്കാർ ചർമ സംരക്ഷണത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതുണ്ട്.
ഓഫിസിലിരിക്കുമ്പോൾ ചർമം സംരക്ഷിക്കാൻ ചില എളുപ്പവഴികൾ വിദഗ്ദ്ധർ നിർദേശിക്കുന്നുണ്ട്. നിങ്ങൾ ജോലി ചെയ്യുന്ന മേശപ്പുറത്ത് വായുവിൽ ഈർപ്പം നിലനിർത്തുന്ന ചെറിയ ഹ്യുമിഡിഫയറുകൾ ഉപയോഗിക്കുന്നത് എ.സിയുടെ വരൾച്ച കുറയ്ക്കാൻ സഹായിക്കും. ചർമത്തിലെ ഈർപ്പം നിലനിർത്താൻ സഹായിക്കുന്ന 'സെറാമൈഡ്' അടങ്ങിയ മോയ്‌സ്ചറൈസറുകൾ ഉപയോഗിക്കുന്നതും, ചർമത്തിലെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുത്താത്ത തരം മൃദുവായ ഫേസ് വാഷുകൾ മാത്രം തിരഞ്ഞെടുക്കുന്നതും ചർമത്തിന്റെ തിളക്കം നിലനിർത്താൻ സഹായിക്കും. ചർമത്തിന്റെ ഉള്ളിൽ നിന്നുള്ള ആരോഗ്യം നിലനിർത്താൻ ജോലി സമയത്ത് ഇടയ്ക്കിടെ നന്നായി വെള്ളം കുടിക്കുന്നത് ശീലമാക്കണമെന്നും ഡോക്ടർമാർ ഓർമിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

