Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightകുട്ടികളിലെ വാശി...

കുട്ടികളിലെ വാശി എങ്ങനെ പരിഹരിക്കാം?

text_fields
bookmark_border
കുട്ടികളിലെ വാശി എങ്ങനെ പരിഹരിക്കാം?
cancel

ഇഷ്ടമില്ലാത്ത സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ നമ്മുടെ കുട്ടികൾ വാശി പിടിച്ചു കരയുന്നത് കാണാറില്ലേ‍? നമ്മൾ എത്ര പറഞ്ഞാലും ആ നേരത്ത് ചെവിയിൽ കടക്കുക പോലുമില്ല! വല്ലാത്ത വാശി തന്നെ. എന്തൊക്കെ കാരണങ്ങൾ കൊണ്ടായിരിക്കാം ഇങ്ങനെ വാശി പിടിച്ച് കരയുന്നത്? അത് എങ്ങനെ തരണം ചെയ്യാം...?

സാധാരണ ചെറിയ കുട്ടികളിൽ അസുഖം ഉള്ളപ്പോൾ, അസുഖം ഭേദപ്പെട്ടു വരുമ്പോൾ, ക്ഷീണം ഉള്ളപ്പോൾ, വിശന്നിരിക്കുമ്പോൾ ഒക്കെ ഇങ്ങനെ വാശി പിടിച്ച് കരയാം. എന്നാൽ കൂടുതലും വാശി കാണിക്കുന്നത് അവർ വിചാരിച്ച കാര്യങ്ങൾ നടന്നു കിട്ടാനും നിങ്ങളുടെ ശ്രദ്ധ പിടിച്ചെടുക്കാനും അവർക്കിഷ്ടമില്ലാത്ത കാര്യങ്ങളിൽ നിന്ന് രക്ഷപ്പെടാനും വേണ്ടി ആയിരിക്കും. ഇങ്ങനെയുള്ള, വാശിയോടു കൂടിയുള്ള കരച്ചിലിനെയാണ് ടെമ്പർ ടാൻഡ്രം എന്ന് വിളിക്കുന്നത്. രണ്ടു വയസ്സിനു മുമ്പേ ഉള്ള കുട്ടികൾ ഇത്തരത്തിലുള്ള ടെമ്പർ ടാൻഡ്രം (Temper Tandrum) കാണിക്കുന്നത് സാധാരണയാണ്‌. എന്നാൽ വളരുന്നതിനനുസരിച്ചു ഇത് വളരെ പക്വതയോടെ രക്ഷിതാക്കൾ കൈകാര്യം ചെയ്യേണ്ടതുണ്ട്.

കുട്ടി ഒരു കാര്യത്തിന് വല്ലാതെ നിർബന്ധം പിടിക്കുകയാണെങ്കിൽ സ്നേഹനിധിയായ മാതാപിതാക്കൾ അത് കണ്ട് മനസ്സലിഞ്ഞ് കുട്ടിയുടെ കരച്ചിൽ നിർത്താൻ എന്തും ചെയ്തുകൊടുക്കും. തീരെ ചെറിയ കുട്ടികളിൽ ഇത് ഒഴിവാക്കാനാവില്ല. എന്നാൽ അൽപം കൂടി വളരുന്നതോടെ ഇക്കാര്യത്തിൽ സമീപനം മാറ്റേണ്ടതുണ്ട്. വാശിക്ക് കീഴടങ്ങാൻ പാടില്ല. കുട്ടി നിർബന്ധിക്കുന്ന ആവശ്യം അംഗീകരിക്കാവുന്നത് അല്ലെങ്കിൽ അനുവദിച്ചു കൊടുക്കാതെ അവഗണിക്കുക തന്നെ വേണം. അതിനുള്ള ഉറപ്പാണ് മാതാപിതാക്കൾക്ക് വേണ്ടത്. പക്ഷെ അതാകട്ടെ ക്ഷോഭിച്ച് സംസാരിച്ചുകൊണ്ടല്ല എന്നും ഓർക്കുക. കീഴടങ്ങുംതോറും വിചാരിക്കുന്ന കാര്യങ്ങൾ വിചാരിച്ച പോലെത്തന്നെ നടന്നു കിട്ടാൻ തുടരെത്തുടരെ ഇത് ഒരു അടവ് ആക്കും എന്ന് മനസ്സിലാക്കുക.

സമചിത്തതയോടെ നേരിടുക

ഇത്തരം ശീലം അവഗണിച്ചേ തീരൂ. എന്നാൽ, സമചിത്തതയോടെയായിരിക്കണം നേരിടേണ്ടത്. ബുദ്ധിപൂർവ്വം നല്ല ശ്രദ്ധയോടെയായിരിക്കണം ഇത്. കടുത്ത ദുശ്ശാഠ്യം കാട്ടുമ്പോൾ കുട്ടിയെ തനിയെ വിട്ടിട്ട് മാറി പോകുന്നതാണ് നല്ലത്. സൂത്രത്തിൽ ശ്രദ്ധിക്കുന്നുണ്ടെങ്കിലും, കുട്ടിയെ തനിച്ചാക്കി മാറി പോകുമ്പോൾ കുട്ടി സ്വാഭാവികമായും കരച്ചിലും വാശിയും മെല്ലെ മെല്ലെ നിർത്തും. ഇങ്ങനെ ചെയ്യുമ്പോൾ ആദ്യം വാശി കൂടുകയും കരച്ചിൽ ഉറക്കെ ആവുമെങ്കിലും അതിന് രക്ഷിതാവിൻെറ അടുത്ത് നിന്നും പ്രതികരണം കിട്ടുന്നില്ല എന്നു കണ്ടാൽ വാശി നിർത്തും.

നിസ്സംഗഭാവമാണ് നല്ലത്. സന്ദർഭത്തിനനുസരിച്ച് ഇപ്രകാരം പ്രതികരിക്കാനുള്ള മാതാപിതാക്കളുടെ ഉറപ്പും കഴിവും കൊണ്ട് മാത്രമേ അവരുടെ വാശി മാറ്റിയെടുക്കാനാകൂ. അല്ലാത്തപക്ഷം, വിചാരിക്കുന്ന കാര്യം സാധിക്കാൻ വേണ്ടിയുള്ള ഭീഷണിയായി കുട്ടി നിർബന്ധബുദ്ധി/ വാശി ആവർത്തിച്ചുകൊണ്ടിരിക്കും.

എന്നാൽ വാശി മാറി കുട്ടി ശാന്തമാകുമ്പോൾ രക്ഷിതാക്കൾ ചിരിച്ചും സന്തോഷിപ്പിച്ചും എന്തിനാണ് വാശി കാണിച്ചതെന്നും ഇനി അങ്ങനെ കാണിക്കരുതെന്നും സ്നേഹത്തോടെ ഉപദേശിക്കണം.

കുട്ടി വല്ലാത്ത നിർബന്ധം കാട്ടുകയും അനുസരിക്കാതിരിക്കുകയും ചെയ്യുമ്പോൾ നമുക്ക് സ്വാഭാവികമായും ദേഷ്യം വരികയും തിരിച്ച് വാശി കാണിക്കുകയും ചെയ്തേക്കും. എരിതീയിൽ എണ്ണ ഒഴിക്കുമ്പോലെ ഇത് വാശി കൂട്ടാനേ ഉപകരിക്കൂ. കുട്ടിയുടെ വൈകാരിക പിരിമുറുക്കം കഴിയും വരെ ഇടപെടാതിരിക്കലാണ് ഉത്തമം. നിർമ്മമവും നിസ്സംഗതയും ആണ് അഭികാമ്യം. ഈ സമയത്ത് ശാസിക്കുന്നതും ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ, അത് അരുത്.

ഏതെങ്കിലും കാര്യങ്ങളിൽ നിന്നു രക്ഷപ്പെടാനോ അത് ഒഴിവാക്കി കിട്ടാനോ ആണ് വാശി കാണിക്കുന്നതെങ്കിൽ അത് ചെയ്ത് തീർക്കാതെ നമ്മൾ ഒഴിവാക്കികൊടുക്കരുത്. ദേഷ്യം പിടിക്കാതെ തന്നെ മുഴുവൻ ചെയ്തു തീർക്കാൻ അവരെ പ്രോത്സാഹിപ്പിച്ചതിനു ശേഷം അവരോട് അങ്ങനെ വാശി പിടിച്ചത് കൊണ്ട് ആ ടാസ്കിൽ നിന്നും ഒഴിവാക്കുക ഇല്ലെന്നും അത് തീർത്താൽ മാത്രമേ ഒഴിവാകാൻ പറ്റൂ എന്നും പറഞ്ഞു മനസിലാക്കി കൊടുക്കണം. അതു മുഴുവൻ ചെയ്തു തീർത്തതിന് അവർക്ക് പ്രോസാഹന സമ്മാനങ്ങളും നൽകണം.

കൃത്യമായി ഈ രീതിയിൽ കൈകാര്യം ചെയ്തില്ലെങ്കിൽ അഞ്ചു വയസ്സോടെ ഈ വാശിയും നിർബ്ബന്ധ ബുദ്ധിയും ശാരീരിക ഉപദ്രവങ്ങൾ പോലുള്ള മറ്റു സ്വഭാവ വൈകല്യങ്ങളിലേക്ക് വഴിമാറും.

സ്നേഹം പ്രകടിപ്പിക്കാതിരിക്കരുത്

വാശി സമ്മതിച്ച് കൊടുക്കുന്നില്ലെങ്കിലും കുട്ടിയോട് സ്നേഹം നന്നായി പ്രകടിപ്പിക്കുകയും വേണം. കുട്ടിക്ക് വേണ്ട ആഹാരം, വേഷങ്ങൾ ഇവയിലൊക്കെ മാതാപിതാക്കൾക്ക് നിർബന്ധബുദ്ധിയോ വാശിയോ പാടില്ല. പറയുന്നതെല്ലാം അതുപോലെ ചെയ്തു കൊടുക്കുന്ന രീതിയും നന്നല്ല. ലോകത്തു എല്ലാം ഞാൻ വിചാരിക്കുമ്പോൾ ലഭിക്കും/ നടക്കും എന്ന ഒരു തോന്നൽ വരാനും ഭാവിയിൽ അങ്ങനെ ലഭിക്കാത്ത അവസരങ്ങൾ വരുമ്പോൾ അതിനോട് പൊരുത്തപ്പെടാൻ കഴിയാതിരിക്കാനും ഇത് മൂലം സാധ്യത ഉണ്ട്.

കുട്ടി ആവശ്യപ്പെടുന്നത് ഒന്നും തന്നെ ചെയ്തു കൊടുക്കാതിരിക്കുന്നത് ഗുണം ചെയ്യില്ല. എനിക്ക് ആവശ്യമുള്ള, ഗുണമുള്ള കാര്യങ്ങൾ മാത്രം അതാത് സമയത്തു സാധിച്ചു തരും എന്ന വിശ്വാസമാണ് കുട്ടിയിൽ ഉണ്ടാവേണ്ടത്. ചുരുക്കി പറഞ്ഞാൽ നിർബന്ധം കാണിച്ചാൽ കാര്യം നടത്തി എടുക്കാം എന്ന വിചാരം കുട്ടികളിൽ വളരാൻ ഇട കൊടുക്കരുത് എന്നത് തന്നെ പ്രധാനം. പകരം നല്ല പെരുമാറ്റങ്ങൾക്കുള്ള പ്രതിഫലമായാണ് എൻെറ ഇഷ്ടമുള്ള കാര്യങ്ങൾ നടക്കുന്നത് എന്ന ഒരു തോന്നലിലേക്ക് കുട്ടിയെ എത്തിക്കാൻ സാധിക്കണം. എല്ലാ നല്ല പെരുമാറ്റങ്ങളെയും (Skill Behaviours) പ്രോത്സാഹിപ്പിക്കണം, അത് നമുക്ക് എത്ര നിസാരമായി തോന്നിയാൽ പോലും.

തയാറാക്കിയത്: ഷഫീഖ് പാലത്തായി (ഡയറക്ടർ & കൺസൾട്ടൻറ് സൈക്കോളജിസ്റ്റ്, മൈൻഡ്പ്ലസ് സൈക്കോളജിക്കൽ സർവിസസ്)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Temper Tandrum
News Summary - How to solve Temper Tandrum in children?
Next Story