മൈഗ്രേൻ വെറുമൊരു തലവേദനയല്ല; ഇന്ത്യക്ക് നഷ്ടമാകുന്നത് 18,674 കോടി രൂപ!
text_fieldsപ്രതീകാത്മക ചിത്രം
മൈഗ്രേൻ എന്നത് കേവലം ഒരു ശാരീരിക ബുദ്ധിമുട്ട് മാത്രമല്ല, അത് രാജ്യത്തിന്റെ ഉൽപ്പാദനക്ഷമതയെ ബാധിക്കുന്ന വലിയൊരു സാമ്പത്തിക പ്രശ്നം കൂടിയാണെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. മൈഗ്രേൻ അനുഭവിക്കുന്നവർക്ക് ജോലിസ്ഥലത്ത് നിന്ന് അവധിയെടുക്കേണ്ടി വരുന്നത് ഒരു പുതിയ കാര്യമല്ല. എന്നാൽ ലോകമെമ്പാടും തൊഴിൽക്ഷമത നഷ്ടപ്പെടുത്തുന്ന പ്രധാന കാരണങ്ങളിൽ ഒന്നാണ് മൈഗ്രേൻ എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?
പ്രത്യേകിച്ച് 20 മുതൽ 50 വയസ്സ് വരെയുള്ള, ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തൊഴിൽ പ്രായത്തിലുള്ളവരിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. മൈഗ്രേൻ കാരണം ജോലിക്ക് ഹാജരാകാൻ കഴിയാത്തത് വഴിയും, ജോലിയിലായിരിക്കുമ്പോൾ കാര്യക്ഷമത കുറയുന്നത് വഴിയും ഇന്ത്യക്ക് പ്രതിവർഷം 18,674 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നു. മൈഗ്രേൻ ബാധിതരായ വ്യക്തികൾക്ക് ശരാശരി ഒരു വർഷം നിരവധി ജോലിദിവസങ്ങൾ നഷ്ടപ്പെടുന്നുണ്ട്. ഇത് തൊഴിലുടമകളെയും രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തെയും ബാധിക്കുന്നു.
അസമയത്തുള്ള മീറ്റിങ്ങുകൾ, അമിതമായ സ്‌ക്രീൻ ഉപയോഗം, തെറ്റായ ഇരിപ്പിട രീതികൾ, നിരന്തരമായ മാനസിക സമ്മർദം എന്നിവയെല്ലാം ഇതിന് കാരണമാകുന്നുണ്ടെങ്കിലും, ഇതിന് പിന്നിൽ അതിലും വലിയ ചില കാര്യങ്ങളുണ്ട്. ലോകത്ത് നാലിൽ ഒരാൾക്ക് മൈഗ്രേൻ ഉണ്ടെന്നാണ് കണക്ക്. ഇന്ത്യയിലും ഏകദേശം 25 ശതമാനം ആളുകൾ ഈ അവസ്ഥ അനുഭവിക്കുന്നു. 2019ലെ ലാൻസെറ്റ് പഠനമനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതൽ വൈകല്യമുണ്ടാക്കുന്ന രണ്ടാമത്തെ നാഡീസംബന്ധമായ അവസ്ഥയാണ് മൈഗ്രേൻ.
മൈഗ്രേൻ സമയത്ത് മസ്തിഷ്കം അതിന്റെ സംരക്ഷണ പാളികളായ മെനിഞ്ചസിലേക്ക് സിഗ്നലുകൾ അയക്കുന്നു. ഇതിന്റെ ഫലമായി CGRP (Calcitonin Gene-Related Peptide) എന്ന രാസവസ്തു പുറന്തള്ളപ്പെടുന്നു. ഇത് മെനിഞ്ചസിലെ രക്തക്കുഴലുകൾ വികസിക്കാനും വീക്കം ഉണ്ടാകാനും കാരണമാകുന്നു. ഈ വീക്കമാണ് മൈഗ്രേനിന്റെ കഠിനമായ വേദനക്ക് കാരണം. ഇതോടൊപ്പം ഓക്കാനം, വെളിച്ചത്തോടുള്ള അസ്വസ്ഥത, ശബ്ദത്തോടുള്ള ഭയം എന്നിവയും ഉണ്ടാകുന്നു. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് മൈഗ്രേൻ കൂടുതൽ കണ്ടുവരുന്നത്. ജോലിയും വീട്ടുജോലികളും ഒരുപോലെ കൊണ്ടുപോകുന്ന സ്ത്രീകളുടെ കാര്യക്ഷമതയെ ഇത് ഗുരുതരമായി ബാധിക്കുന്നു. ഇന്ത്യയിൽ മൈഗ്രേൻ ഉള്ള പലരും അതിനെ ഒരു സാധാരണ തലവേദനയായി കണ്ട് അവഗണിക്കുകയാണ് പതിവ്. കൃത്യമായ ചികിത്സ തേടാത്തത് പ്രശ്നം വഷളാക്കുന്നു.
ജോലിയെ ബാധിക്കുന്നതെപ്പോൾ
അബ്സെന്റീയിസം (Absenteeism): കഠിനമായ വേദന കാരണം ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥ
പ്രസന്റീയിസം (Presenteeism): ജോലിക്ക് ഹാജരാകുമെങ്കിലും കടുത്ത വേദനയും വെളിച്ചത്തോടുള്ള അസ്വസ്ഥതയും കാരണം ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരുന്നത്
ഏകാഗ്രത: മൈഗ്രേൻ സമയത്തുണ്ടാകുന്ന ഓക്കാനം, ഛർദ്ദി, തലകറക്കം എന്നിവ ജോലിയുടെ ഗുണനിലവാരത്തെ ബാധിക്കുന്നു
ഡോക്ടർ നിർദേശിക്കുന്ന മരുന്നുകൾ കൃത്യസമയത്ത് കഴിക്കുക. തലവേദന തുടങ്ങുമ്പോൾ തന്നെ മരുന്ന് കഴിക്കുന്നത് കൂടുതൽ ഫലപ്രദമാണ്. ജോലിയിൽ കൃത്യമായ ഇടവേളകൾ എടുക്കുക, ധാരാളം വെള്ളം കുടിക്കുക, കൃത്യമായ ഉറക്കം ശീലിക്കുക, ഡിജിറ്റൽ സ്ക്രീനുകളുടെ ഉപയോഗം നിയന്ത്രിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

