Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightഅന്ധത നിങ്ങളിലേക്ക്...

അന്ധത നിങ്ങളിലേക്ക് എത്താതിരിക്കാൻ കണ്ണിന്റെ ആരോഗ്യത്തിന് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ...

text_fields
bookmark_border
അന്ധത നിങ്ങളിലേക്ക് എത്താതിരിക്കാൻ കണ്ണിന്റെ ആരോഗ്യത്തിന് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ...
cancel
camera_alt

പ്രതീകാത്മക ചിത്രം

ഒരു നേത്രരോഗ വിദഗ്ദ്ധൻ എന്ന നിലയിൽ എന്റെ ക്ലിനിക്കിൽ എത്തുന്ന രോഗികളിൽ ഭൂരിഭാഗവും 50 വയസ്സ് പിന്നിട്ടവരാണ്. പലരും കാഴ്ചയിൽ കാര്യമായ തകരാർ സംഭവിച്ച ശേഷമാണ് ചികിത്സ തേടുന്നത്. കാഴ്ചക്കുറവ് എല്ലാ പ്രായത്തിലുമുള്ള ആളുകളെയും ബാധിക്കാം എന്നിരുന്നാലും കാഴ്ച വൈകല്യവും അന്ധതയും ഉള്ളവരിൽ ഭൂരിഭാഗവും 50 വയസ്സിനു മുകളിലുള്ളവരാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് കാഴ്ചവൈകല്യമുള്ളവരിൽ 80 ശതമാനത്തിലധികം പേരും 50 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ്. എന്നാൽ സന്തോഷകരമായ വസ്‌തുത എന്തെന്നാൽ ഇതിൽ നല്ലൊരു ശതമാനം കാഴ്ച വൈകല്യങ്ങളും കൃത്യസമയത്തുള്ള ഇടപെടലിലൂടെ പരിഹരിക്കാവുന്നതാണ്.

കാഴ്ചയെ ബാധിക്കുന്ന പ്രധാന കാരണങ്ങൾ

തിമിരം (Cataract): നമ്മുടെ കണ്ണിനുള്ളിലെ ലെൻസ് പ്രായമാകുന്തോറും അല്ലെങ്കിൽ മറ്റ് കാരണങ്ങളാൽ ഈ ലെൻസിന്റെ സുതാര്യത നഷ്ടപ്പെടുകയും അതുവഴി വെളിച്ചം കടത്തിവിടാൻ പ്രയാസമാവുകയും ചെയ്യും. ഒരു മങ്ങിയ ജനൽ ചില്ലിലൂടെ പുറത്തേക്ക് നോക്കുന്നത് പോലെയാണ് തിമിരബാധിതനായ ഒരാൾക്ക് അനുഭവപ്പെടുക. ലളിതമായ ഒരു ശസ്ത്രക്രിയയിലൂടെ തിമിരം മാറ്റാവുന്നതാണ്.

ഗ്ലോക്കോമ (Glaucoma): കണ്ണിനുള്ളിൽ ഒരു പ്രത്യേക ദ്രാവകം (Aqueous Humor) ഉല്പാദിപ്പിക്കപ്പെടുകയും കൃത്യമായി പുറത്തേക്ക് ഒഴുകിപ്പോകുകയും ചെയ്യുന്നുണ്ട്. ഈ ദ്രാവകത്തിന്റെ ഒഴുക്ക് തടസ്സപ്പെടുമ്പോൾ കണ്ണിനുള്ളിലെ മർദം (Intraocular Pressure) വർധിക്കുന്നു. ഈ അമിത മർദം കണ്ണിനെ തലച്ചോറുമായി ബന്ധിപ്പിക്കുന്ന കാഴ്ച ഞരമ്പിനെ (Optic Nerve) ക്രമേണ നശിപ്പിക്കുന്നു. ഇതിനെയാണ് ഗ്ലോക്കോമ എന്ന് വിളിക്കുന്നത്. പലപ്പോഴും കാഴ്ച നഷ്ടപ്പെട്ട് തുടങ്ങുന്നത് വരെ ലക്ഷണങ്ങൾ പ്രകടമാകില്ല.

ഡയബറ്റിക് റെറ്റിനോപ്പതി (Diabetic Retinopathy): ദീർഘകാലമായുള്ള പ്രമേഹം കണ്ണിന്റെ റെറ്റിനയിലെ രക്തക്കുഴലുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നതിനെയാണ് ഡയബറ്റിക് റെറ്റിനോപ്പതി എന്ന് വിളിക്കുന്നത്. രക്തത്തിലെ അമിതമായ പഞ്ചസാര ഈ രക്തക്കുഴലുകളെ ദുർബലപ്പെടുത്തുകയും, അവയിൽ നിന്ന് രക്തമോ ദ്രാവകമോ പുറത്തേക്ക് ഒഴുകാൻ കാരണമാവുകയും ചെയ്യുന്നു. ഇത് റെറ്റിനയിൽ വീക്കമുണ്ടാക്കുകയും കാഴ്ചയെ പതിയെ മങ്ങലേപ്പിക്കുകയും ചെയ്യുന്നു.

കാഴ്ച നഷ്ടപ്പെടുന്നതിന് മുമ്പുള്ള ലക്ഷണങ്ങൾ

അന്ധത എന്നത് സാധാരണയായി പെട്ടെന്ന് ഒരു ദിവസം സംഭവിക്കുന്ന ഒന്നല്ല. കണ്ണ് നമുക്ക് ചില മുന്നറിയിപ്പുകൾ നൽകിക്കൊണ്ടിരിക്കും. താഴെ പറയുന്ന ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ ചികിത്സ തേടുക.

1. അവ്യക്തമായ കാഴ്ച: വായിക്കുമ്പോഴോ ദൂരെയുള്ള വസ്തുക്കൾ നോക്കുമ്പോഴോ പുകമഞ്ഞിലൂടെ നോക്കുന്നത് പോലെ തോന്നുക.

2. വെളിച്ചത്തിന് ചുറ്റുമുള്ള വലയങ്ങൾ: രാത്രികാലങ്ങളിൽ ലൈറ്റുകൾക്ക് ചുറ്റും മഴവില്ല് പോലെയുള്ള വട്ടങ്ങൾ കാണുന്നത് ഗ്ലോക്കോമയുടെ ലക്ഷണമാകാം.

3. കാഴ്ചയുടെ വ്യാപ്തി കുറയുക: നേരെ മുന്നിലുള്ളത് കാണാൻ സാധിക്കുകയും ഇരുവശങ്ങളിലെ കാഴ്ച മങ്ങുകയും ചെയ്യുന്നത്.

4. കണ്ണിലെ വേദനയും ചുവപ്പും: പെട്ടെന്നുണ്ടാകുന്ന കണ്ണിന്റെ വേദനയും ചുവപ്പും കാഴ്ച മങ്ങുന്നതും ഗൗരവമായി കാണണം.

5. ഇടയ്ക്കിടെ കണ്ണടയുടെ പവർ മാറുന്നത്: പ്രായമായവരിൽ അടിക്കടി പവർ മാറ്റേണ്ടി വരുന്നത് തിമിരത്തിന്റെയോ മറ്റ് രോഗങ്ങളുടെയോ സൂചനയാകാം.

കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാനുള്ള വഴികൾ

കാഴ്ചശക്തിയാണ് പഞ്ചേന്ദ്രിയങ്ങളിൽ പ്രധാനമേറിയത്. ലോകത്തെ അറിയാനും അനുഭവിക്കാനും സ്വതന്ത്രമായി ചലിക്കാനും നമ്മെ സഹായിക്കുന്ന കാഴ്ചശക്തി സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. പ്രായമേറുമ്പോൾ കാഴ്ച മങ്ങുന്നത് സ്വാഭാവികമാണെങ്കിലും, കൃത്യമായ മുൻകരുതലുകളിലൂടെയും ജീവിതശൈലി മാറ്റങ്ങളിലൂടെയും ഒരു പരിധിവരെ ഇത് തടയാനാകും. കാഴ്ചശക്തി വർദ്ധിപ്പിക്കുന്നതിനും കണ്ണുകളുടെ ആരോഗ്യം നിലനിർത്തുന്നതിനുമായി താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:

കൃത്യമായ ഇടവേളകളിൽ നേത്രപരിശോധന നടത്തുക: 40 വയസ്സ് കഴിഞ്ഞവർ വർഷത്തിൽ ഒരിക്കലെങ്കിലും വിശദമായ നേത്രപരിശോധന നടത്തണം. പ്രത്യേകിച്ച് പ്രമേഹം, രക്തസമ്മർദ്ദം എന്നിവയുള്ളവർ ഇത് കർശനമായി പാലിക്കാൻ ശ്രദ്ധിക്കണം.

ഭക്ഷണക്രമീകരണം: വിറ്റാമിൻ എ, സി, ഇ, സിങ്ക്, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവ കാഴ്ചശക്തിക്ക് അത്യന്താപേക്ഷിതമാണ്. കാരറ്റ്, ചീര, ഇലക്കറികൾ, മുട്ട, മത്സ്യം എന്നിവ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുക.

സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷണം: പുറത്തിറങ്ങുമ്പോൾ അൾട്രാവയലറ്റ് (UV) കിരണങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്ന സൺഗ്ലാസുകൾ ഉപയോഗിക്കുന്നത് തിമിരം വരാനുള്ള സാധ്യത കുറയ്ക്കും.

ഡിജിറ്റൽ സ്‌ട്രെയിൻ കുറക്കുക: കമ്പ്യൂട്ടറിലോ മൊബൈലിലോ ദീർഘനേരം നോക്കുന്നവർ '20-20-20' റൂൾ പാലിക്കാൻ ശ്രമിക്കുക. ഓരോ 20 മിനിറ്റിലും ഒരു 20 സെക്കൻഡ് ഇടവേള എടുക്കുകയും അതിനുശേഷം 20 അടി ദൂരെയുള്ള വസ്തുവിലേക്ക് നോക്കുകയും ചെയ്യുന്ന വഴി കണ്ണുകളിലെ പേശികൾക്ക് അനുഭവപ്പെടുന്ന സമ്മർദം കുറയ്ക്കാൻ സഹായിക്കും.

പുകവലി ഉപേക്ഷിക്കുക: പുകവലി കണ്ണിന്റെ ഞരമ്പുകളെ നശിപ്പിക്കുകയും അന്ധതയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

കാഴ്ചശക്തി സംരക്ഷിക്കാൻ സങ്കീർണ്ണമായ ചികിത്സകളോ ചിലവേറിയ മാർഗ്ഗങ്ങളോ അല്ല, മറിച്ച് ദൈനംദിന ജീവിതത്തിലെ ലളിതമായ ശീലങ്ങളാണ് നമ്മെ സഹായിക്കുന്നത്. ആധുനിക ജീവിതശൈലിയിൽ സ്ക്രീനുകൾക്ക് മുന്നിലെ ജോലി ഒഴിവാക്കാനാവാത്തതാണ്. എന്നാൽ, ഇടയ്ക്കിടെ കണ്ണുകൾക്ക് വിശ്രമം നൽകാൻ ശ്രമിക്കുക. നമ്മുടെ കണ്ണുകൾ ഏറ്റവും മൃദുവായതും മുഖ്യമായ അവയവങ്ങളിൽ ഒന്നായതുകൊണ്ട് അവയ്ക്ക് നൽകുന്ന ചെറിയൊരു കരുതൽ പോലും വലിയ ഫലം നൽകും. ഭാവിയിൽ വരാനിരിക്കുന്ന അന്ധതയെയും നേത്രരോഗങ്ങളെയും പ്രതിരോധിക്കാൻ കൃത്യമായ നേത്രപരിശോധന തുടങ്ങിയ കൊച്ചു ശീലങ്ങൾ പ്രതിരോധിക്കും. സ്ഥിരതയോടെ നാം പിന്തുടരുന്ന ഈ ചെറിയ ചുവടുവെപ്പുകളാണ് കാഴ്ചയുടെ വർണ്ണങ്ങൾ ജീവിതകാലം മുഴുവൻ സമ്മാനിക്കുന്നത്.

(ഡോ. സുജിത് .വി. നായർ, ഡയറക്ടർ, സീനിയർ കൺസൾട്ടന്റ് & ആന്റീരിയർ സെഗ്മെന്റ് സർജൻ, ആസ്റ്റർ മിംസ് കോഴിക്കോട്)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world health organizationblindnessHealth Alertvisual impairmenteye health
News Summary - pay attention to these things for eye health
Next Story