കൈക്കരുത്ത് കൂട്ടാം; ഈ 6 ലളിത വ്യായാമങ്ങൾ ചെയ്യൂ
text_fieldsകൈകളുടെ ബലക്കുറവ് അത്ര അവഗണിക്കേണ്ട ഒന്നല്ല. ഭാരമുള്ള വസ്തുക്കൾ എളുപ്പം എടുക്കാനും പൊക്കാനും പിടിക്കാനും കൂടുതൽ നേരം കമ്പ്യൂട്ടറിലും ഫോണിലും കൈ കഴക്കാതെ പണിയെടുക്കാനും അടുക്കളയിൽ ജോലി ചെയ്യാനും കുഞ്ഞുങ്ങളെ എടുക്കാനും ശക്തമായ കൈകൾ അനിവാര്യമാണ്. മാത്രമല്ല, ശക്തമായ കൈകൾ നിലനിർത്തേണ്ടത് മൊത്തത്തിലുള്ള ആരോഗ്യത്തിനും അത്യന്താപേക്ഷിതമാണ്.
ഗ്രിപ്പ് അഥവാ ബലിഷ്ഠമായ പിടുത്തവും ആരോഗ്യവും തമ്മിൽ നിർണായക പങ്കുണ്ടെന്നതറിയാമോ? ബലഹീനമായ പിടി പലപ്പോഴും അനാരോഗ്യത്തിന്റെ ലക്ഷണമാണ്. ഇത് കുറഞ്ഞ അസ്ഥിസാന്ദ്രത, ഓസ്റ്റിയോപൊറോസിസ്, ഒടിവുകൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങളുടെ പിടുത്തത്തിന്റെ ശക്തി മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഫലപ്രദമായ ആറ് വ്യായാമങ്ങൾ ഇതാ.
ഫോം സ്ട്രെസ് ബോൾ ഞെക്കുക: മാനസിക സമ്മർദ്ദം ഒഴിവാക്കുന്നതോടൊപ്പം കൈത്തണ്ടയുടെ പേശികളെ ശക്തിപ്പെടുത്തുന്നതിന് സ്ട്രെസ്സ് ബോളുകൾ മികച്ചതാണ്. ദിവസത്തിൽ രണ്ടുതവണ 10 മിനിറ്റ് വീതം ഇത് ചെയ്യാം. ജിമ്മിൽ പോകാൻ വിമുഖരായ വീട്ടമ്മമാർക്ക് ഏറ്റവും ഫലപ്രദമായി വീട്ടിലിരുന്ന് ഈ വ്യായാമം ചെയ്യാം.
ഹാൻഡ് ഗ്രിപ്പർ ഉപയോഗിച്ച് സ്വയം പരിശീലിക്കുക: കൊണ്ടു നടക്കാവുന്ന ഫലപ്രദമായ ഹാൻഡ് ഗ്രിപ്പറുകൾ നിങ്ങളുടെ വിരലുകൾ, കൈത്തണ്ട എന്നിവയുടെ ബലവും വൈദഗ്ധ്യവും മെച്ചപ്പെടുത്തുന്നു. ഇത് നിങ്ങളുടെ ഗ്രിപ്പിനുള്ള ഒരു മിനി വർക്ക് ഔട്ട് ആണ്. എവിടെവെച്ചും ചെയ്യാനുമാവും.
റിസ്റ്റ് റോളർ ഉപയോഗിക്കുക: ജിമ്മിലുള്ളതിനു പുറെമ, കയർ ഘടിപ്പിച്ച് ഉരുട്ടുന്ന റിസ്റ്റ് റോളർ കൈത്തണ്ടക്ക് കരുത്തേകുന്നതിനുള്ള മികച്ച ഉപകരണമാണ്. ഗ്രിപ്പ് പവർ വർധിപ്പിക്കാൻ ഇത് നിങ്ങളുടെ ദിനചര്യയുടെ ഭാഗമാക്കുക.
നേരെ തൂങ്ങിക്കിടക്കുക: ഉയരം കൂടുമെന്ന പ്രതീക്ഷയിൽ കുട്ടിക്കാലത്ത് ബാറുകളിൽ തൂങ്ങിക്കിടന്നത് എങ്ങനെയെന്ന് ഓർക്കുന്നുണ്ടോ? ഇത് നിങ്ങളുടെ ഉയരത്തിലേക്ക് ഒരു ഇഞ്ച് പോലും അധികമായി ചേർക്കില്ലെങ്കിലും, ഒരു ബാറിൽ തൂങ്ങിക്കിടക്കുന്നത് പിടിയുടെ ശക്തി വർധിപ്പിക്കുന്നതിനുള്ള മികച്ച മാർഗമാണ്.
വർക്ക് ഔട്ട് ദിനചര്യയിലേക്ക് പുൾ അപ്പുകൾ ചേർക്കുക: വ്യായാമത്തിൽ ശരിയായ പുൾ അപ്പിന് ഏറെ പ്രാധാന്യം നൽകൂ. നിങ്ങളുടെ ചുമലുകൾ താഴോട്ടും മേൽപ്പോട്ടും പതിയെ ചലിപ്പിച്ചുകൊണ്ട് ആരംഭിക്കുക. തുടർന്ന് കൈകളും ശരീരത്തിന്റെ മേൽഭാഗവും താടി ഉയർത്തിക്കൊണ്ട് ബാറിന് മുകളിലേക്കു കൊണ്ടുപോവാൻ ശ്രമിക്കുക. ക്രമാനുഗതമായി സ്വയം താഴ്ത്തി പരമാവധി ഗ്രിപ്പിൽ ഇത് ആവർത്തിക്കുക.
ഡംബെൽ റിസ്റ്റ് ഫ്ലെക്‌ഷൻ: ലളിതവും എന്നാൽ ശക്തവുമായ ഈ വ്യായാമം കൈത്തണ്ടയുടെ വഴക്കം, പിടിയുടെ ശക്തി, മൊത്തത്തിലുള്ള കൈത്തണ്ട വികാസം എന്നിവ വർധിപ്പിക്കുന്നു. ശക്തമായ കൈകൾക്കും മികച്ച വഴക്കത്തിനും വേണ്ടി ഇത് നിങ്ങളുടെ ചര്യയുടെ ഭാഗമാക്കുക. വീട്ടിൽ രണ്ട് ഡംബലുകൾ ഉണ്ടെങ്കിൽ വീട്ടമ്മമാരുടെ കൈക്കരുത്ത് എളുപ്പത്തിൽ കൂട്ടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

