പ്രതിരോധ കുത്തിവെപ്പെടുക്കാം... അതിജീവിക്കാം...

Immunization

ഏറ്റവും അനുയോജ്യമായവര്‍ മാത്രം അതിജീവിക്കട്ടെ (Survival of the fittest) എന്നതാണ് പ്രകൃതി നിയമം. ജീവജാലങ്ങളുടെ പരിണാമം ഈ നിയമത്തെ അടിസ്ഥാനമാക്കിയാണ്. ദിനോസോറുകള്‍ പോലും ഈ നിയമത്തിന് മുന്നില്‍ അടിതെറ്റി വംശമറ്റു പോയി. എന്നാല്‍ മനുഷ്യര്‍ മാത്രമാണ് ഈ നിയമത്തെ അതിജീവിക്കാന്‍ ശ്രമിച്ചത്. മനുഷ്യവംശത്തിലെ ദുര്‍ബലരെ രോഗത്തില്‍ നിന്നും ചെറുപ്രായത്തിലുള്ള മരണത്തില്‍ നിന്നും സംരക്ഷിക്കാനുള്ള വഴികള്‍ അവന്‍ എന്നും ആരാഞ്ഞു. ഒരളവുവരെ അതില്‍ വിജയിക്കുകയും ചെയ്തു. 

ചില രോഗങ്ങള്‍ ചില കാലഘട്ടത്തില്‍ ലോകവ്യാപകമായി നാശം വിതക്കുകയും മനുഷ്യകുലത്തിന്റെ 25% വരെ ആള്‍ക്കാരെ കൊന്നൊടുക്കുന്നതില്‍ വിജയിക്കുകയും ചെയ്ത ചരിത്രം നമ്മുടെ മുന്നിലുണ്ട് (ഉദാ. 14ാം നൂറ്റാണ്ടില്‍ വീശിയടിച്ച ബ്ലാക്ക് ഡെത്ത് എന്നറിയപ്പെടുന്ന പ്ലേഗ്). 

മറ്റു ജീവികള്‍ നിരുപാധികമായി പ്രകൃതി ശക്തികള്‍ക്കും രോഗങ്ങള്‍ക്കും കീഴടങ്ങിയപ്പോള്‍ മനുഷ്യന്‍ അതില്‍ നിന്നും രക്ഷപ്പെടുവാനുള്ള വഴികള്‍ അന്വേഷിച്ചു. മനഷ്യനെ മറ്റുള്ള ജീവികളില്‍ നിന്നും വ്യത്യസ്തനാക്കിയതും ഈ അന്വേഷണത്വര തന്നെ.

Patients

ആദ്യം അവന്‍ കരുതിയത് രോഗം വരുത്തുന്നത് പ്രകൃതി ശക്തികളായ സൂര്യന്‍, മഴ, കാറ്റ് എന്നിവയാണ് എന്നായിരുന്നു. അവയെ ദൈവമായി കരുതി ആരാധിച്ചാലോ അവര്‍ക്ക് ബലിയര്‍പ്പിച്ചാലോ രോഗങ്ങള്‍ വഴി മാറിപ്പോകുമെന്ന് അവന്‍ കരുതി. ഈ ജന്‍മത്തിലോ മുജ്ജന്‍മത്തിലോ ചെയ്ത പാപങ്ങളാണ് ചിലര്‍ക്ക് രോഗം വരുത്തുന്നതെന്നും, രോഗികള്‍ ശപിക്കപ്പെട്ടവരാണെന്നും അവരെ സഹായിക്കുന്നതു പോലും ദൈവശാപത്തിന് കാരണമാകുമെന്നും ചില സമൂഹങ്ങള്‍ ചില കാലഘട്ടത്തില്‍ വിശ്വസിച്ചിരുന്നു.

ഏകദേശം 120 വര്‍ഷങ്ങള്‍ മുമ്പ് വരെ മനുഷ്യന്റെ ശരാശരി ആയുസ്സ് വെറും 30 വയസ്സായിരുന്നു. 1000 കുഞ്ഞുങ്ങള്‍ പിറന്നു വീഴുന്നതില്‍ 250 പേരും ഒരു വയസ്സ് തികയുന്നതിന് മുമ്പ് മരിച്ചു പോകുമായിരുന്നു. കഴിഞ്ഞ തലമുറയില്‍ വരെ ഒരു വയസ്സ് തികയുന്നതിന് മുമ്പ് കുഞ്ഞുങ്ങള്‍ക്ക് പേര് വിളിക്കാന്‍ പോലും ആളുകള്‍ ധൈര്യം കാണിച്ചിരുന്നില്ല എന്നും നാമറിയണം. എന്നാല്‍ ഇന്ന് കേരളത്തില്‍ ശരാശരി ആയുര്‍ദൈര്‍ഘ്യം 70 വയസ്സാണ്. 1000 കുട്ടികള്‍ ജനിക്കുന്നതില്‍ പത്തില്‍ താഴെ പേരൊഴികെ മറ്റെല്ലാവരും ഒരു വയസ്സ് പിന്നിടുന്നു. മറ്റേവരെയും പോലെ സന്തോഷത്തോടെ അര്‍ത്ഥപൂര്‍ണ്ണമായ ജീവിതം നയിക്കുന്നു. (ഇതിന്റെയൊന്നും ആവശ്യമില്ല എന്നും അവരൊക്കെ വേഗം വേഗം മരിച്ചോട്ടെ എന്നും, രക്ഷപ്പെടുത്താന്‍ ശ്രമിക്കരുത് എന്നും അഭിപ്രായുളളവരും ഉണ്ട് എന്ന് ഞെട്ടലോടെ ഓര്‍ക്കുന്നു. തനിക്കോ, തന്റെ പ്രിയപ്പെട്ടവര്‍ക്കോ ഈ അവസ്ഥ വരുന്നത് വരെ മാത്രമായിരിക്കും ഈ ചിന്താഗതി)

Vaccination

ദൈവ ശാപം മൂലം എന്നു കരുതിയ രോഗങ്ങള്‍ അങ്ങനെയല്ല ഉണ്ടാകുന്നത് എന്ന് മനസ്സിലാക്കാന്‍ തുടങ്ങിയപ്പോള്‍ മുതലാണ് രോഗ ചികിത്സ, രോഗപ്രതിരോധം എന്നിവയ്ക്കായുള്ള യഥാര്‍ത്ഥ ശ്രമങ്ങള്‍ ആരംഭിക്കുന്നത്. ഇന്ന് നിലവിലുള്ള എല്ലാ വൈദ്യശാസ്ത്ര ശാഖകളും അങ്ങനെ ഉണ്ടായതാണ്. എന്നാല്‍ ആധുനിക വൈദ്യശാസ്ത്രം കൃത്യമായ പരീക്ഷണ നിരീക്ഷണങ്ങളുടെ സഹായത്തോടെ കൂടുതല്‍ കൂടുതല്‍ മികവിലേക്ക് ഉയര്‍ന്നു.

ആദ്യത്തെ പ്രതിരോധ കുത്തിവെപ്പായ വസൂരി (small pox) ക്കെതിരായ കുത്തിവെപ്പ് അങ്ങനെ ഉണ്ടായതാണ്. വസൂരി വന്ന് പതിനായിരങ്ങള്‍ മരണമടയുമ്പോളും ചിലര്‍ക്ക് വസൂരി വരുന്നില്ല എന്ന ഒരു നിരീക്ഷണത്തില്‍ നിന്നാണത്. പശുക്കളില്‍ നിന്നും കറവക്കാര്‍ക്ക് പകരുന്ന ഗോവസൂരി (കൈകളില്‍ ഉണ്ടാകുന്ന വ്രണം) വന്നവര്‍ക്ക് വസൂരി വരുന്നില്ല എന്ന് നിരീക്ഷിച്ച എഡ്വാര്‍ഡ് ജന്നര്‍ ഇത്തരം വ്രണങ്ങളില്‍ നിന്നുള്ള ചലത്തില്‍ നിന്നാണ് വസൂരിക്കെതിരായ വാക്‌സിന്‍ വികസിപ്പിച്ചത്. വസൂരിക്ക് കാരണമായ വൈറസിനെ കണ്ടെത്തുന്നതിലും മുമ്പായിരുന്നു അത്. ഈ വാക്‌സിന്റെ ഉപയോഗം മൂലമാണ് കഴിഞ്ഞ നൂറ്റാണ്ടിൻെറ അവസാന കാലത്ത് വസൂരിയെ ഈ ഭൂമുഖത്തു നിന്നു തന്നെ കെട്ടുകെട്ടിക്കാന്‍ നമുക്കായത്.

വസൂരിക്കെതിരായ കുത്തിവെപ്പിന് ശേഷം കൂടുതല്‍ മാരക രോഗങ്ങള്‍ക്കെതിരെ പ്രതിരോധ മരുന്നുകള്‍ കണ്ടു പിടിക്കപ്പെട്ടു. കൂടുതല്‍ ഫലപ്രദവും കൂടുതല്‍ സുരക്ഷിതവും ആയവ. എല്ലാ രാജ്യങ്ങളും ദേശീയ പ്രതിരോധ ചികില്‍സാ പദ്ധതി പ്രകാരം ഇത്തരം കുത്തിവെപ്പുകള്‍ സൗജന്യമായി കുട്ടികള്‍ക്ക് നല്‍കിത്തുടങ്ങി. രാജ്യത്ത് ചില രോഗങ്ങള്‍ എത്രമാത്രം പ്രശ്‌നമുണ്ടാക്കുന്നു എന്നതും, അതാത് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയും, സര്‍ക്കാരുകളുടെ നിശ്ചയദാര്‍ഢ്യവും അനുസരിച്ച് ഏതൊക്കെ കുത്തിവെപ്പുകള്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നത് വ്യത്യാസപ്പെട്ടിരിക്കുന്നു. 

ഇന്ത്യയില്‍ ഇന്ന് നടപ്പിലാക്കി വരുന്ന പ്രതിരോധ ചികില്‍സാ പദ്ധതി അനുസരിച്ച് ക്ഷയരോഗം, പോളിയോ (പിള്ളവാതം), ടെറ്റനസ് (കുതിര സന്നി), ഡിഫ്തീരിയ (തൊണ്ടമുള്ള്), വില്ലന്‍ ചുമ, ഹെപ്പറ്റൈറ്റിസ് ബി എന്ന മഞ്ഞപ്പിത്തം, ഹീമോഫിലസ് ഇന്‍ഫ്‌ലുവന്‍സെ ടൈപ്പ് ബി (കുട്ടികളില്‍ ന്യൂമോണിയ, മെനിന്‍ജൈറ്റിസ് എന്നിവക്ക് കാരണമായ ബാക്ടീരിയ) അഞ്ചാംപനി, റുബെല്ല എന്നീ രോഗങ്ങള്‍ക്കെതിരായാണ് സാര്‍വത്രിക പ്രതിരോധ ചികില്‍സ നല്‍കി വരുന്നത്.

ബി സി ജി: പ്രസവിച്ച് വീട്ടിലേക്ക് പോകുന്നതിന് മുമ്പ് തന്നെ ഇടതു കയ്യില്‍ മുകള്‍ ഭാഗത്തായി എടുക്കുന്നു. ക്ഷയരോഗത്തെ പൂര്‍ണ്ണമായി തടയാന്‍ പറ്റുന്നില്ല എങ്കിലും ടിബി മൂലമുള്ള ഗുരുതര രോഗങ്ങളായ മിലിയറി ടി ബി, ടിബി മെനിഞ്ചൈറ്റിസ് എന്നിവയെ തടയാന്‍ വളരെയേറെ ഫലപ്രദമാണ്. എടുത്ത സ്ഥലത്ത് ഒരു മാസം കഴിയുമ്പോള്‍ ചെറിയ ഒരു വ്രണം ഉണ്ടാകുന്നു. അത് ഉണങ്ങിയ പാട് ജീവിതാവസാനം വരെ നിലനില്‍ക്കുകയും ചെയ്യും. 
ഹെപ്പറ്റൈറ്റിസ് ബി : കരളിനെ ബാധിക്കുന്ന ഒരു വൈറസാണിത്. രക്തത്തിലൂടെയും, രക്തോല്‍പന്നങ്ങളിലൂടെയും, ലൈംഗികബന്ധത്തിലൂടെയും, അമ്മയില്‍ നിന്നും പ്രസവ സമയത്തോ, മുലയൂട്ടുന്നതിലൂടെയോ കുഞ്ഞിലേക്കും ഈ രോഗം പകരാം. മഞ്ഞപ്പിത്തമാണ് പ്രധാന ലക്ഷണം. കരളിനെ ബാധിക്കുന്ന സിറോസിസ്, കാന്‍സര്‍ എന്നിവക്ക് ഈ വൈറസ് ബാധ കാരണമാകാം. ഹെപ്പറ്റൈറ്റിസ് ബി വൈറസ് ബാധ മൂലമുള്ള ഈ പ്രശ്‌നങ്ങള്‍ പ്രതിരോധ കുത്തിവെപ്പിലൂടെ പൂര്‍ണ്ണമായും തടയാന്‍ പറ്റും.

Polio


പോളിയോ: ഒരു കാലത്ത് ലക്ഷക്കണക്കിന് കുട്ടികളുടെ മരണത്തിനും അതിലേറെപ്പേരുടെ അംഗവൈകല്യത്തിനും കാരണമായ പിള്ള വാതം എന്ന രോഗം ഇന്ന് ഭൂമുഖത്തു നിന്നും തുടച്ചു നീക്കപ്പെടുന്നതിന്റെ വക്കിലാണ്. പോളിയോ തുള്ളിമരുന്നാണ് ഇതിന് നമ്മെ സഹായിച്ചത്. പോളിയോ നിര്‍മ്മാര്‍ജ്ജനം സാധ്യമാകുന്നതോടെ ക്രമേണ പോളിയോ തുള്ളിമരുന്ന് നിര്‍ത്തലാക്കി പോളിയോ കുത്തിവെപ്പിലേക്ക് പോകേണ്ടതുണ്ട്. അതിനാലാണ് ഇപ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് രണ്ടും കൊടുക്കേണ്ടി വരുന്നത്.
ടെറ്റനസ്: പ്രതിരോധ കുത്തിവെപ്പിലൂടെ നൂറ് ശതമാനവും തടയാവുന്ന രോഗം. പക്ഷേ മറ്റു പല കുത്തിവെപ്പുകളില്‍ നിന്നും വിഭിന്നമായി ബഹു ഭൂരിപക്ഷം പേരും കുത്തിവെപ്പെടുത്താലും, ടെറ്റനസിനെതിരായി കുത്തിവെപ്പ് എടുക്കാത്തവര്‍ക്ക് ഒരു തരി പോലും സംരക്ഷണം ലഭിക്കില്ല. രോഗം വന്നയാള്‍ അനുഭവിക്കുന്ന നരകയാതന പറഞ്ഞറിയിക്കാനാകില്ല. രോഗിക്ക് പൂര്‍ണ്ണ ബോധമുണ്ടായിരിക്കുകയും, എല്ലുകള്‍ നുറുങ്ങുന്ന രീതിയില്‍ ശരീരത്തിലെ സകല പേശികളും അസഹ്യമായ വേദനയോടെ വലിഞ്ഞുമുറുകുകയും ചെയ്യുക എന്ന അവസ്ഥ ഒരു ദുരിതം തന്നെയാണ്.

Diphtheria


ഡിഫ്തീരിയ: ഇന്ന് മലയാളിക്ക് സുപരിചിതമായിത്തീര്‍ന്നു ഈ രോഗം. വര്‍ഷങ്ങളോളം നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെട്ടു എന്ന് തോന്നിക്കും വിധം അപൂര്‍വ്വമായി മാറിയിരുന്നു. കുത്തിവെപ്പ് ശതമാനം കുറഞ്ഞു തുടങ്ങിയതിന്റെ ഫലമാണ് ഈ തിരിച്ചുവരവ്. മറ്റു കുത്തിവെപ്പുകള്‍ കൃത്യമായി എടുത്തവരുടെ ഇടയിലും അഞ്ചു വയസ്സില്‍ എടുക്കുന്നDPT ബൂസ്റ്റര്‍ എടുക്കുന്നവര്‍ താരതമ്യേന കുറവായിരുന്നു . എന്നാല്‍ ഇന്ന് ഈ അവസ്ഥക്ക് മാറ്റം വന്നിട്ടുണ്ട്. ഏതാനും കുരുന്ന് ജീവനുകള്‍ ഡിഫ്തീരിയക്ക് ഹോമിക്കേണ്ടി വന്നു ഈ നേട്ടത്തിന് എന്നത് സങ്കടകരമാണ്.
വില്ലന്‍ ചുമ: മാസങ്ങളോളം നീണ്ടു നില്‍ക്കുന്ന ചുമ. ചുമയുടെ ശക്തിയാല്‍ കണ്ണില്‍ ചോര പൊടിയും. നാവ് മുറിഞ്ഞു പോകാം. വാരിയെല്ലുകള്‍ ഒടിയാം. കടുത്ത പോഷകാഹാരക്കുറവിനും വഴിവെക്കാം. ഇന്ന് വളരെ അപൂര്‍വമാണെങ്കിലും കുത്തിവെപ്പ് ശതമാനം കുറഞ്ഞാല്‍ ഏതു സമയത്തും ഒരു തിരിച്ചുവരവ് പ്രതീക്ഷിക്കാം.
HiB: കുഞ്ഞുങ്ങളില്‍ ന്യൂമോണിയ, മെനിഞ്ചൈറ്റിസ് (മസ്തിഷ്‌ക ജ്വരം) തുടങ്ങിയ മാരക രോഗമുണ്ടാക്കുന്ന ഒരു ബാക്ടീരിയ. ഈ കുത്തിവെപ്പ് എടുത്തു തുടങ്ങിയതിനു ശേഷം കേരളത്തില്‍ 5 വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളുടെ മരണസംഖ്യ ഗണ്യമായി കുറഞ്ഞു. ഇന്ന് കേരളത്തിലെ 5 വയസ്സിനു താഴെയുള്ളവരുടെ മരണനിരക്ക് പല വികസിത രാജ്യങ്ങളുമായും താരതമ്യം ചെയ്യാവുന്ന അളവിലാണ്.
അഞ്ചാംപനി: ന്യൂമോണിയ, നീണ്ടു നില്‍ക്കുന്ന വയറിളക്കം, കടുത്ത പോഷകാഹാരക്കുറവ് എന്നിവയിലൂടെ കുഞ്ഞുങ്ങളെ മരണത്തിലേക്ക് നയിക്കുന്ന ഒരു രോഗം. വിറ്റാമിന്‍ എയുടെ കുറവു കാരണം അന്ധതയും ഉണ്ടാകാം. ഈയിടെ അമേരിക്കയില്‍ വാക്‌സിന്‍ വിരുദ്ധരുടെ പ്രവര്‍ത്തന മികവിനാല്‍ അഞ്ചാംപനി പടര്‍ന്നു പിടിക്കുകയുണ്ടായി. കുത്തിവെപ്പ് എടുക്കാത്ത കുട്ടികളെ സ്‌കൂളില്‍ പ്രവേശിപ്പിക്കേണ്ടതില്ല എന്ന രീതിയിലുള്ള കടുത്ത തീരുമാനങ്ങളിലേക്ക് അവിടുത്തെ ഗവര്‍മെന്റിനെ നയിക്കുകയും ചെയ്തു.

Rubella


റുബെല്ല: ശരാശരി മലയാളിക്ക് സുപരിചിതമായിക്കഴിഞ്ഞു ഈ രോഗം. രണ്ടു വര്‍ഷം മുമ്പ് നടന്ന MR Campaign പൊതുജനങ്ങളുടെ അകമഴിഞ്ഞ സഹകരണത്തോടെ വന്‍ വിജയമാക്കാന്‍ നമുക്ക് കഴിഞ്ഞു, ചെറുത്ത് തോല്‍പിക്കാന്‍ പലരും കഴിവത് ശ്രമിച്ചെങ്കിലും. ഗര്‍ഭിണിയായ സ്ത്രീക്ക് ഉണ്ടാകുന്ന ഒരു ചെറിയ പനി ഗര്‍ഭസ്ഥ ശിശുവിന് മാരകമായ വൈകല്യങ്ങള്‍ സമ്മാനിക്കുന്ന അവസ്ഥയാണ് congenital Rubella Syndrome. 2020 ന് ശേഷം ഒരു കുഞ്ഞിനു പോലും ഈ അവസ്ഥ ഉണ്ടാകാതിരിക്കാനായിരുന്നു നാം MRCampaign നടത്തിയത്. ഈ നേട്ടം നാം കൈവരിക്കും എന്നു തന്നെ പ്രത്യാശിക്കാം.
ജാപ്പനീസ് എന്‍സെഫലൈറ്റിസ്: വളരെ മാരകമായ മസ്തിഷ്‌ക ജ്വരം. കൊതുകു പരത്തുന്ന ഒരു വൈറസ് രോഗം. രാജ്യത്തെ ചില തെരഞ്ഞെടുത്ത ജില്ലകളില്‍ മാത്രമേ ഇതിനെതിരായ കുത്തിവെപ്പുള്ളൂ. ഈ രോഗം മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലകളായ തിരുവനന്തപുരം, ആലപ്പുഴ എന്നിവിടങ്ങളില്‍ ഈ വാക്‌സിന്‍ കൊടുത്തു വരുന്നുണ്ട്.അടുത്ത കാലത്ത് കോഴിക്കോടും ഈ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ന്യുമോ കോക്കല്‍ രോഗം ( ന്യൂമോണിയ, മെനിഞ്ചൈറ്റിസ് എന്നിവ), റോട്ടാവൈറല്‍ ഡയറിയ (റോട്ടാവൈറസ് മൂലമുള്ളവയറിളക്കരോഗം), മുണ്ടിനീര്, ഗര്‍ഭാശയഗള കാന്‍സര്‍ ( ഹ്യുമന്‍ പാപില്ലോമ വൈറസ് മൂലമുള്ളത്, സ്ത്രീകള്‍ക്ക് മാത്രം വരുന്ന രോഗം), ടൈഫോയിഡ്, ഹെപ്പറ്റൈറ്റിസ് ഏ(വെള്ളത്തിലൂടെ പകരുന്ന മഞ്ഞപ്പിത്തം), ചിക്കന്‍പോക്‌സ് എന്നീ രോഗങ്ങള്‍ക്കെതിരെയും കുത്തിവെപ്പുകള്‍ നിലവിലുണ്ട്. ഗവണ്മെന്റിന് ഇതുവരെ ഈ കുത്തിവെപ്പുകള്‍ നമ്മുടെ പ്രതിരോധ ചികില്‍സാ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പറ്റിയിട്ടില്ല. എല്ലാ കുട്ടികള്‍ക്കും അഭിലഷണീയമാണ് ഇവയും.

ഇത് കൂടാതെ ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രം ഉപയോഗിക്കുന്ന കുത്തിവെപ്പുകളുണ്ട്. പേവിഷ ബാധക്ക് എതിരായ കുത്തിവെപ്പാണ് അതില്‍ പ്രധാനം. Yellow Fever vaccine, Meningo coccal vaccine, cholera vaccine തുടങ്ങി മറ്റു പല വാക്‌സിനുകളും ഇതില്‍ പെടുന്നു.

Vaccine

ഇതോടൊപ്പം നാം മനസ്സിലാക്കേണ്ട ഒരു കാര്യം, വാക്‌സിനുകള്‍ സര്‍വ്വ രോഗസംഹാരികളല്ല. ഏതു രോഗത്തിനെതിരായാണോ ഒരു വാക്‌സിന്‍ ഉപയോഗിക്കുന്നത്, ആ രോഗത്തിന് എതിരെ മാത്രമേ അതിന് ഫലപ്രാപ്തിയുള്ളൂ. മറ്റു രോഗങ്ങള്‍ വരാന്‍കുത്തിവെപ്പ് എടുത്തവര്‍ക്കും എടുക്കാത്തവര്‍ക്കും ഒരേ സാധ്യതയാണ്. അത് കൊണ്ടു തന്നെ രോഗങ്ങള്‍ തടയാനുള്ള മറ്റ് മാര്‍ഗ്ഗങ്ങളായ പോഷകാഹാരം, ശുചിത്വ ബോധം, ശുദ്ധജലം, വ്യക്തി ശുചിത്വം, വ്യായാമം, പരിസര മലിനീകരണം തടയല്‍, കൊതുക് നിയന്ത്രണം എന്നിവയ്ക്ക് പകരമല്ല ഒരു വാക്‌സിനും.

ഒരു വാക്‌സിനും നൂറ് ശതമാനം ഫലപ്രദമല്ല. ചെറിയ ഒരു ശതമാനം ആള്‍ക്കാരില്‍ വാക്‌സിന്‍ ഉദ്ദേശിച്ച സുരക്ഷിതത്വം പ്രദാനം ചെയ്യണമെന്നില്ല. വാക്‌സിന്റെ Course കൃത്യമായി പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കില്‍ ഈ പ്രശ്‌നം കുറവായിരിക്കും.

മുന്‍കാല വാക്‌സിനുകളെ അപേക്ഷിച്ച് ഇന്നുള്ളവ പതിന്‍മടങ്ങ് സുരക്ഷിതമാണ്. ഏതു രോഗത്തിനെതിരായാണോ വാക്‌സിന്‍ ഉപയോഗിക്കുന്നത്, ആ രോഗത്തിന്റെ കാഠിന്യവും വരാനുള്ള സാധ്യതയും കണക്കിലെടുക്കുമ്പോള്‍ വാക്‌സിന്റെ പാര്‍ശ്വഫലങ്ങള്‍ നിസ്സാരമാണ്.​

വാക്​സിനേഷൻ ചാർട്ട്​:

List

 

 

തയാറാക്കിയത്​: ഡോ. മോഹൻദാസ്​ നായർ കെ
അഡീഷണൽ പ്രഫസർ
ശിശ​ുരോഗ വിഭാഗം
അഡീഷണൽ സൂപ്രണ്ട്​ (ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ മെറ്റേർണൽ ആൻറ്​ ചൈൽഡ്​ ഹെൽത്ത്​)
ഗവ.മെഡിക്കൽ കോളജ്,​ കോഴിക്കോട്​

Loading...
COMMENTS