റോഡപകടം, കുഴഞ്ഞ് വീഴ്ച, പാമ്പ് കടി... പ്രഥമ ശുശ്രൂഷയെക്കുറിച്ച് അറിയേണ്ടതെല്ലാം

  • ഇന്ന് ലോക പ്രഥമ ശുശ്രൂഷാ ദിനം

അത്യാഹിതം എന്നാൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന അപകടം എന്നാണല്ലോ. ഇന്ന് ലോക പ്രാഥമിക ശുശ്രൂഷ ദിനമാണ്. ഏതപകടം നടന്നയിടത്തും ആദ്യമായി അവിടെയെത്തുന്നവർക്ക്‌ ആ രോഗിയുടെ തുടർന്നുള്ള ആരോഗ്യത്തിലും ആയുസ്സിലും ചെറുതല്ലാത്ത പങ്കുണ്ട്‌. ഏങ്ങനെയെന്നല്ലേ? അത്യാഹിതം സംഭവിച്ച ആദ്യ മണിക്കൂർ അക്ഷരാർഥത്തിൽ ഗോൾഡൻ അവർ ആണ്‌. ആ സുവർണ്ണനാഴിക കൃത്യമായി ഉപയോഗിക്കാനായാൽ ഒരുപക്ഷേ, രോഗി പരിപൂർണ്ണ ആരോഗ്യത്തോടെ തിരിച്ച്‌ വന്നേക്കാം. ഇവിടെയാണ്‌ പ്രാഥമികശുശ്രൂഷ പഠിച്ച്‌ വെക്കേണ്ടതിന്‍റെ ആവശ്യകത.

റോഡപകടം
ഏത്‌ അപകടസ്‌ഥലത്തും രക്ഷാപ്രവർത്തനം തുടങ്ങും മുൻപ് സ്വന്തം സുരക്ഷയുടെ കാര്യം ഓർക്കണം. ഒരു പരിചയവും ധാരണയുമില്ലാത്ത സാഹചര്യത്തിലേക്ക് എടുത്ത് ചാടി അപകടത്തിൽപെട്ട ആളുടെ ജീവൻ രക്ഷിക്കാൻ നോക്കി രക്ഷാപ്രവർത്തകർ അപായത്തിൽ പെടരുത്‌. ഇങ്ങനെയൊരവസ്‌ഥ രക്ഷാപ്രവർത്തനത്തിന് എത്തുന്ന ഫയർഫോഴ്സിനും മറ്റും അവരുടെ ജോലി കൂടുതൽ സങ്കീർണ്ണമാക്കുകയും ചെയ്യും.

അപകടം കണ്ടാലുടൻ ഏറ്റവും അടുത്ത ആശുപത്രിയിലേക്ക്‌ വിളിച്ച്‌ ആംബുലൻസ്‌ ആവശ്യപ്പെടുക. പരിക്കേറ്റയാളുടെ ചുറ്റുപാട്‌, അയാളുടെ കിടപ്പ്‌ എന്നിവയെല്ലാം ശ്രദ്ധിക്കുക. റോഡിൽ കിടക്കുന്ന ആളെ പെട്ടെന്ന് പിടിച്ച്‌ എഴുന്നേൽപിക്കരുത്‌, കഴുത്തു പോലുമുയർത്തരുത്‌. സ്‌പൈനൽ കോർഡിന്‌ വരുന്ന കുഞ്ഞു ഡാമേജ്‌ പോലും അയാളെ സ്‌ഥിരമായി കട്ടിലിലാക്കാം. എന്തിന്‍റെയെങ്കിലും അടിയിൽ പെട്ട് കിടക്കുന്ന ആളെ പുറത്തേക്ക് വലിച്ചെടുക്കുന്നതിനു പകരം മുകളിൽ മറിഞ്ഞു കിടക്കുന്ന വസ്തുക്കൾ സൂക്ഷ്മതയോടെ ഉയർത്തി മാറ്റാൻ പറ്റുമോ എന്ന് ആദ്യം ശ്രമിക്കണം.

ആശുപത്രിയിലേക്ക്‌ പോകാനുള്ള വാഹനമെത്തിയതിന്‌ ശേഷം രോഗിയുടെ കഴുത്തുൾപ്പെടെ തല ഒരാൾ അനക്കമേൽക്കാതെ പിടിക്കണം. ആവശ്യത്തിന്‌ രക്ഷാപ്രവർത്തകർ ഉണ്ടെങ്കിൽ, രോഗിയുടെ മുതുകിന്‌ ഇരുവശവും, തുടകൾക്കിരുവശവും മുട്ടിന്‌ കീഴിൽ ചേർത്ത്‌ പിടിക്കാനൊരാളും എന്ന രീതിയിൽ രോഗിയെ വാഹനത്തിലേക്ക്‌ മാറ്റാം. ശ്രദ്ധിക്കേണ്ടത്‌ കഴുത്ത്‌ മുതൽ നടു വരെ അനങ്ങാതെ നേരെ കിടത്തി വേണം രോഗിയെ മാറ്റാൻ. കിടത്തി തന്നെ കൊണ്ടു പോവണം. ഓട്ടോ റിക്ഷയിൽ രോഗിയെ ബലമായി പിടിച്ചിരുത്തി പിന്നേം നാലാള്‌ കയറി വാഗൺ ട്രാജഡി പരുവത്തിൽ ആശുപത്രിയിലേക്ക്‌ പോകരുത്‌. പുറപ്പെടുന്ന സമയത്ത് രോഗിയെ കൊണ്ടു പോകുന്ന ആശുപത്രിയിലേക്ക്‌ ഒന്ന്‌ വിളിച്ച്‌ പറയുക കൂടി ചെയ്‌താൽ അവർക്ക്‌ മുൻകൂട്ടി തയാറായിരിക്കാൻ സാധിക്കും. ആശുപത്രികളുടെ ഫോൺ നമ്പറുകൾക്കായി ഗൂഗിളിനെ ആശ്രയിക്കാം.

രോഗിയുടെ ദേഹത്ത്‌ തുറന്ന മുറിവുണ്ടെങ്കിൽ ഒരു വലിയ തുണി മടക്കി അതിൻമേൽ വെച്ച്‌ മറ്റൊരു തുണി കൊണ്ട്‌ വലിയ മുറുക്കമില്ലാതെ കെട്ടാം. വണ്ടിക്കകത്ത്‌ അകപ്പെട്ട രീതിയിലാണ്‌ രോഗിയെങ്കിൽ വണ്ടി വെട്ടിപ്പൊളിക്കാൻ ഫയർഫോഴ്‌സിനെയോ മറ്റ്‌ ഉത്തരവാദിത്വപ്പെട്ടവരെയോ അറിയിക്കുകയാണ്‌ ആദ്യം വേണ്ടത്‌. ഇത്‌ നമ്മുടെ ചുറ്റുപാടുകളിൽ പലപ്പോഴും സാധ്യമല്ല എന്നത്‌ കൊണ്ട്‌ തന്നെ വാഹനത്തിനകത്ത്‌ കുടുങ്ങിയ രോഗിയെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ രോഗിക്കോ സ്വയമോ പരിക്ക്‌ പറ്റിക്കൂടാ... ശ്രദ്ധിക്കണം.

അപകടം പറ്റിയ രോഗികൾക്ക്‌, പ്രത്യേകിച്ച്‌ വായയുടെ ഭാഗത്ത്‌ പരിക്കേറ്റവർക്കും ബോധം നഷ്‌ടപ്പെട്ടവർക്കും ഒരുകാരണവശാലും വെള്ളം കൊടുക്കാൻ ശ്രമിക്കരുത്‌. വെള്ളം നേരെ ശ്വാസകോശത്തിൽ പ്രവേശിച്ച്‌ ശ്വാസതടസമുണ്ടായി രോഗി മരണപ്പെടാം.

കുഴഞ്ഞ്‌ വീഴൽ
ഹൃദയസ്‌തംഭനം എന്ന കാർഡിയാക്‌ അറസ്‌റ്റ്‌ ഹൃദയത്തിൽ ഒറ്റയടിക്കുണ്ടാകുന്ന പവർകട്ടാണ്‌. മിനിറ്റിൽ ഏകദേശം 72 തവണ (60-100 മിടിപ്പ്‌/മിനിറ്റ്‌ നോർമലാണ്‌) മിടിക്കുന്ന ഹൃദയതാളം ക്രമീകരിക്കുന്നത്‌ ഹൃദയത്തിലെ ഇലക്‌ട്രിക്കൽ സർക്യൂട്ടാണ്‌. ഈ സർക്യൂട്ട്‌ നിലയ്‌ക്കുന്നത്‌ സെക്കൻഡുകളാണെങ്കിൽ പോലും മരണം സുനിശ്‌ചിതം. രോഗി പെട്ടെന്ന്‌ കുഴഞ്ഞ്‌ വീഴും, കുറച്ച്‌ തവണ ശ്വാസമെടുക്കാനുള്ള വളരെ പ്രയത്‌നിച്ചുള്ള ശ്രമമുണ്ടായേക്കും, മരിക്കും. ഈ അവസരത്തിലാണ്‌ CPR- Cardio Pulmonary Resuscitation പ്രസക്‌തമാകുന്നത്‌. രോഗിയെ ആശുപത്രിയിൽ എത്തിക്കുന്നത്‌ വരെയുള്ള സമയത്ത്‌ നെഞ്ചിന്‍റെ മദ്ധ്യഭാഗത്തായി തുടർച്ചയായി മർദ്ദം ഏൽപ്പിക്കുന്നത്‌ വഴി ഹൃദയത്തിന്‍റെ പമ്പിങ് പ്രവർത്തനം തുടരാനായേക്കും.

കുഴഞ്ഞ്‌ വീഴുന്ന ആൾക്ക്‌ പൾസ്‌ ഇല്ല, ശ്വാസമെടുക്കുന്നില്ല എന്ന്‌ തോന്നിയാൽ ഉടനടി സി.പി.ആർ തുടങ്ങണം. ആശുപത്രിയിലേക്കെത്താനുള്ള വാഹനം എത്താൻ വൈകുകയോ മറ്റെന്ത്‌ കാരണമായാലും ഇങ്ങനെ ചെയ്തു കൊണ്ടിരിക്കുന്നത്‌ ജീവൻ രക്ഷിച്ചേക്കാം. കുഴഞ്ഞു വീണ ആളെ ഉറക്കെ തോളിന്‍റെ മുൻവശത്ത്‌ തട്ടി വിളിക്കുക. പ്രതികരണമില്ലെങ്കിൽ മിടിപ്പുണ്ടോ എന്ന്‌ കഴുത്തിൽ വിരൽ വെച്ച്‌ നോക്കുക (കരോട്ടിഡ്‌ പൾസ്‌ എന്ന ഈ പൾസ്‌ എവിടെയാണെന്ന്‌ യൂട്യൂബ്‌ നോക്കിയോ മറ്റോ പഠിച്ച്‌ വെക്കുക. അപകടമുണ്ടാകുമ്പോഴല്ല രക്ഷാപ്രവർത്തനം പഠിക്കേണ്ടത്‌). മൂക്കിന്‌ മുന്നിൽ ചെവി വെച്ച്‌ നെഞ്ചിലേക്ക്‌ നോക്കി രോഗിയുടെ ശ്വാസം കേൾക്കാനോ സ്‌പർശമായോ കാഴ്‌ചയായോ അനുഭവിക്കാനോ സാധിക്കുന്നുണ്ടോ എന്ന്‌ നോക്കുക. മിടിപ്പും ശ്വസനവുമില്ലെങ്കിൽ സി.പി.ആർ തുടങ്ങുക. മിടിപ്പുണ്ട്‌ ശ്വസനമില്ലെങ്കിൽ കൃത്രിമമായി ശ്വാസം നൽകിത്തുടങ്ങുകയാണ്‌ വേണ്ടത്‌. ശ്വാസമുണ്ട്‌ മിടിപ്പില്ല എന്ന സ്‌ഥിതിയിലും സി.പി.ആർ തുടങ്ങണം. പ്രാഥമിക ശുശ്രൂഷ ചെയ്‌ത്‌ കൊണ്ട്‌ തന്നെ ഉടനടി ആശുപത്രിയിലേക്ക്‌ മാറ്റുക.

രോഗിയെ സുരക്ഷിതമായ പരന്ന പ്രതലത്തിൽ കിടത്തി അദ്ദേഹത്തിന്‌ ശ്വാസമെടുക്കുന്ന വഴിയിൽ തടസ്സമായി വായിൽ ഛർദ്ദിലോ മറ്റു സ്രവങ്ങളോ ഉണ്ടെങ്കിൽ ഒരു കർച്ചീഫ്‌ വിരലിൽ ചുറ്റി തുടച്ചെടുക്കുക. ശ്വാസവും മിടിപ്പുമില്ലേ എന്ന്‌ നോക്കി, ഇല്ലെങ്കിൽ ഇനി പറയുന്ന കാര്യങ്ങൾ ചെയ്യുക. ഒന്നിലേറെ പേരുണ്ടെങ്കിൽ ഒരാൾ തലയുടെ ഒരു വശത്തും ഒരാൾ നെഞ്ചിന്‍റെ ഭാഗത്തും ‌നിൽക്കുക. കഴുത്തിന്‌ നടുവിൽ നിന്ന്‌ നേരെ താഴേക്ക്‌ പോകുമ്പോൾ തൊടാൻ സാധിക്കുന്ന പലകയെല്ലിന്‌ (sternum) തൊട്ട്‌ താഴെ, രണ്ട്‌ മുലക്കണ്ണുകൾക്കിടയിലെ ദൂരത്തിന്‍റെ പകുതിയിലാണ്‌ സി.പി.ആർ ചെയ്യേണ്ട സ്‌ഥലം. ആദ്യത്തെയാൾ ഒരു കൈപ്പത്തിയുടെ 'മടമ്പ്‌' ഭാഗം നെഞ്ചിന്‍റെ മധ്യഭാഗത്ത്‌ വെച്ച്‌ അതിന്‌ മീതെ മറുകൈ വെച്ച്‌ കൈമുട്ട്‌ വളയാതെ ഇരുന്ന്‌ 30 തവണ 2 ഇഞ്ച്‌ താഴ്‌ചയിൽ അമർത്തുക.

ശേഷം അടുത്തയാൾ, താടിയെല്ല്‌ മേലേക്ക്‌ ഉയർത്തി, താടിയിലമർത്തി വായ തുറന്ന ശേഷം നെഞ്ചിൽ നോക്കി രണ്ട്‌ തവണ കൃത്രിമശ്വാസം നൽകുക. ഈ നേരത്ത്‌ നെഞ്ചിൽ വായു കയറുന്നുണ്ടോ എന്ന്‌ നോക്കി ഉറപ്പ്‌ വരുത്തണം. ഇങ്ങനെ മൂന്നാവർത്തി (30:2x3) കഴിഞ്ഞ്‌ പൾസ്‌ വന്നോ എന്ന്‌ നോക്കണം. ഇല്ലെങ്കിൽ ഡിഫിബ്രേറ്റർ ഉപയോഗിച്ച്‌ ഷോക്ക്‌ നൽകേണ്ടി വന്നേക്കാം. ഡി ഫിബ്‌ ലഭ്യമാണെങ്കിലും അല്ലെങ്കിലും സി.പി.ആർ തുടർന്ന്‌ കൊണ്ട്‌ തന്നെ രോഗിയെ ആശുപത്രിയിലേക്ക്‌ മാറ്റുക.

ഒരു വയസ്സ്‌ മുതൽ മേലേക്ക്‌ പ്രായമുള്ളവർക്ക്‌ ഇത്‌ തന്നെയാണ്‌ രീതി. അതിന്‌ താഴെയുള്ള കുഞ്ഞിന്‌ ചൂണ്ടുവിരലും നടുവിരലും കൊണ്ട്‌ ഇതേ സ്‌ഥാനത്ത്‌ അമർത്തുന്നതാണ്‌ രീതി. കൃത്യമായ വീഡിയോകൾ ഓൺലൈനിൽ ലഭ്യമാണ്‌. ഏതൊരാളും പഠിച്ചിരിക്കണം. ഒരവസരം വന്ന്‌ ചെയ്യേണ്ടി വന്നാൽ സമചിത്തതയോടെ ചെയ്യുകയും വേണം...
പ്രാഥമികശുശ്രൂഷ അറിയേണ്ടത്‌ നമ്മുടെ ഏവരുടേയും കടമയാണ്‌.

പാമ്പ് കടി
രോഗിയെ ഭയപ്പെടുത്താതെ ധൈര്യം നൽകി എത്രയും പെട്ടെന്ന്‌ ആശുപത്രിയിൽ എത്തിക്കുക. പാമ്പ്‌ കടിച്ചിടത്ത്‌ ചോര വലിച്ചൂറ്റുകയോ മുറിവ്‌ വലുതാക്കുകയോ മരുന്നുകൾ പുരട്ടുകയോ അരുത്‌. മുറിവ്‌ നന്നായി കഴുകി രോഗിയെ അനക്കാതെ ആശുപത്രിയിൽ എത്തിക്കുക.

മുറിവിന്‌ മീതെ വരിഞ്ഞ്‌ കെട്ടേണ്ടതില്ല. പാമ്പിനെ പിടിച്ച്‌ തിരിച്ച്‌ കടിക്കാൻ നോക്കി വീണ്ടും കടിയേൽക്കരുത്. പാമ്പിനെ കൊന്ന്‌ കവറിലിട്ട്‌ കൊണ്ടുവരുന്നതിന്‌ ഒരടിസ്‌ഥാനവുമില്ല. പാമ്പിനെ കാണാതെ തന്നെ കൃത്യമായ ചികിത്സ നൽകാനാവും.

വൈദ്യുതാഘാതം
ഒരു മരത്തടി കൊണ്ടോ വൈദ്യുതി ചാലകമല്ലാത്ത എന്തെങ്കിലും വസ്‌തു കൊണ്ടോ വ്യക്‌തിയെ സ്വിച്ചിൽ നിന്നും അടിച്ച്‌ അകറ്റുക. ആൾ താഴെ വീണ്‌ കഴിഞ്ഞാൽ പൾസുണ്ടോ എന്ന്‌ നോക്കുക. മുകളിൽ പറഞ്ഞ രീതിയിൽ പൾസും ശ്വസനവും നോക്കി സി.പി.ആർ തുടങ്ങുക. ശരീരം അനങ്ങുന്നില്ലെന്ന്‌ കരുതി രോഗി മരിച്ചെന്ന്‌ കരുതരുത്‌. മുങ്ങൽ, വൈദ്യുതാഘാതം തുടങ്ങിയവയിൽ ശരീരം ഒട്ടും അനങ്ങാതെ കിടക്കുന്ന 'ആൾ മരിച്ചോ?' എന്ന്‌ പോലും തോന്നിക്കുന്ന suspended animation എന്ന അവസ്‌ഥയുണ്ടാകാം. ആശുപത്രിയിൽ എത്തിച്ചാൽ ജീവൻ രക്ഷിക്കാൻ സാധിച്ചേക്കാം.

മുങ്ങിയ ശരീരം പുറത്തെടുത്താൽ
വയറിന്‌ പുറത്ത്‌ അമർത്തി വെള്ളം പുറത്ത്‌ വരുത്തുന്നത്‌ അശാസ്‌ത്രീയമാണ്‌. ജലം ശ്വാസകോശത്തിൽ പ്രവേശിച്ച്‌ മരണ സാധ്യതയുണ്ട്‌. Suspended animation, ഹൃദയസ്‌തംഭനം തുടങ്ങിയവക്കും സാധ്യതയുണ്ട്‌. പ്രാഥമികശുശ്രൂഷ നൽകി ഉടനടി ആശുപത്രിയിൽ എത്തിക്കുക.

പൊള്ളലേറ്റാൽ
വസ്ത്രത്തിനു തീ പിടിച്ചാൽ ഉടൻ നിലത്തു കിടന്നുരുണ്ട് തീകെടുത്താൻ ശ്രമിക്കാവുന്നതാണ്. വസ്ത്രത്തിൽ കത്തിയ തീയുമായി ഓടരുത്. ആരുടെയെങ്കിലും വസ്ത്രത്തിനു തീ പിടിച്ചാൽ നിലത്തുരുളാൻ പറഞ്ഞിട്ട് പുതപ്പോ ചാക്കോ പൊതിഞ്ഞോ, വെള്ളമൊഴിച്ചോ തീ കെടുത്താം.
ചെറിയ പൊള്ളലെങ്കിൽ 10 - 20 മിനിറ്റ് സമയത്തേക്ക് തണുത്ത വെള്ളം ഒഴിക്കുക. അതിൽ കൂടുതൽ ഭാഗത്ത് പൊള്ളലുണ്ടെങ്കിൽ വെള്ളമൊഴിക്കാൻ പാടില്ല. ഐസ് വെള്ളം അല്ല ഉപയോഗിക്കേണ്ടത്, തണുത്ത വെള്ളമാണ്‌. കുറച്ചുഭാഗത്ത് മാത്രമേ പൊള്ളലേറ്റുള്ളുവെങ്കിൽ ആ ഭാഗം വെള്ളത്തിൽ മുക്കി വെയ്ക്കുകയും ആകാം.
കരിഞ്ഞ വസ്ത്രങ്ങൾ മുറിച്ചുകളയുക. തീ പിടിച്ചതോ രാസ വസ്തുക്കൾ വീണതോ ആയ വസ്ത്രങ്ങൾ ആളുടെ ശരീരത്തു നിന്ന് മാറ്റുക. മുറിവിൽ ഒട്ടിപ്പിടിച്ച വസ്ത്രങ്ങൾ ബലമായി മാറ്റാൻ ശ്രമിക്കരുത്.

പൊള്ളലേറ്റ വ്യക്തിയെ ആ സ്ഥലത്തുനിന്നും മാറ്റുക, തീ കെടുത്തുക. തീ പിടിച്ച മുറികളിൽ വിഷവായു (Carbon monoxide) തങ്ങി നിൽക്കാൻ സാധ്യത ഉണ്ട്. ഇതുമൂലം ഉള്ള അപകടം ഒഴിവാക്കാനും ഒപ്പം വീണ്ടും പൊള്ളൽ ഏൽക്കാതെ ഇരിക്കാനുമാണിത്.
കുമിളകൾ പൊട്ടിക്കരുത്, ഒപ്പം പൊള്ളലിന് ഉപയോഗിക്കുന്ന മരുന്നുകൾ ഉണ്ടെങ്കിൽ അവിടെ ലേപനം ചെയ്യുകയുമാവാം. പേസ്റ്റ്, തേൻ, ബട്ടർ, തുപ്പൽ തുടങ്ങിയവ യാതൊരു കാരണവശാലും മുറിവിൽ പുരട്ടരുത്. ഇത്‌ മുറിവിൽ അണുബാധയുണ്ടാകുന്നതിന് കാരണമാകും.
ശരീരത്തിൽ ഇറുകി കിടക്കുന്ന ആഭരണങ്ങളും മറ്റും ഊരി മാറ്റുന്നത് ഉചിതമാണ്. പിന്നീട് നീരുണ്ടായാൽ ഇത് മാറ്റാൻ പറ്റാതെയാവുകയും രക്തയോട്ടം കുറയുകയും ചെയ്യും.
 കുട്ടികളിലെ പൊള്ളൽ ചെറിയ ഭാഗത്തു ആണെങ്കിലും കൂടുതൽ ശ്രദ്ധ കൊടുക്കണം. കൈകാലുകൾ, മുഖം, ലൈംഗിക ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഏൽക്കുന്ന പൊള്ളൽ എത്ര ചെറുതാണെങ്കിലും സാരമേറിയതാണ്‌. 
വൃത്തിയായ പുതപ്പിൽ പുതപ്പിച്ച് പൊള്ളലേറ്റ വ്യക്തിയെ എത്രയും പെട്ടന്ന് ആശുപത്രിയിൽ എത്തിക്കുക. വെള്ളവും ഭക്ഷണവും ഉടൻ കൊടുക്കാൻ ശ്രമിക്കരുത്. ചെറിയ പൊള്ളൽ ആണെങ്കിൽ പോലും വൈദ്യസഹായം തേടുന്നത് തന്നെയാണ് ഉചിതം.

ചുരുക്കത്തിൽ, സംഗതി ഇങ്ങനെയൊക്കെ റിസ്‌കാണെങ്കിലും ഒരു ജീവനാണ്‌. അപകടത്തിൽപെട്ട മട്ടിൽ കളഞ്ഞിട്ട്‌ പോകരുതേ... ആർക്കും ഒരു ഗ്യാരന്‍റിയുമില്ല. നാളെ നമുക്കും ഈ ഗതി വന്നു കൂടെന്നില്ലല്ലോ. നിർബന്ധമായും ഇത്തരം സന്ദർഭങ്ങൾ കൈകാര്യം ചെയ്യുന്ന രീതികളും പ്രാഥമികശുശ്രൂഷകളെക്കുറിച്ചും പഠിച്ച് മനസ്സിലാക്കി വെക്കുക. ഇത്തരം കുഞ്ഞറിവുകൾ നേടിയാൽ നമ്മുടെയൊക്കെ ചെറിയ ജീവിതം കൊണ്ട് ഒത്തിരി വലിയ കാര്യങ്ങൾ ചെയ്യാനാവും...

*പൊള്ളൽ പ്രഥമശുശ്രൂഷ കടപ്പാട്‌: ഇൻഫോക്ലിനിക്ക്‌ 

Loading...
COMMENTS