നിങ്ങൾ എയ്ഡ്സ് ബാധിതനാണോ?

HIV-Test

എച്ച്​.​െഎ.വി​ ബാധിതനിൽ നിന്ന്​ രക്​തം സ്വീകരിച്ചതു വഴി ഗർഭിണിക്ക്​ എച്ച്​.​​െഎ.വി ബാധിച്ച വാർത്ത എല്ലാവരും ഉൾക്കിടിലത്തോടെയായിരിക്കും വായിച്ചിട്ടുണ്ടാവുക. രക്​തദാനത്തിനു മുമ്പ്​ എച്ച്​.​െഎ.വിയി​െല്ലന്ന്​ ഉറപ്പാക്കേണ്ടത് സാമൂഹിക ജീവി എന്ന നിലയിൽ ഒാരോരുത്തരുടെയും ഉത്തരവാദിത്തമാണ്​. 

ഓരോ വ്യക്തിയും എയ്ഡ്സ് ബാധിതനാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം എന്ന സന്ദേശമാണ് ഈ വർഷത്തെ എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് ലോക ആരോഗ്യ സംഘടന മുന്നോട്ട് വെച്ചത്. രോഗനിർണയം അതിവേഗത്തിലാക്കുവാനും അതുവഴി പ്രതിരോധ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുവാനും ആണ് ഇത്തവണത്തെ എയ്ഡ്സ് ദിനത്തിൽ "know your status"എന്ന തലക്കെട്ട് ലോകാരോഗ്യസംഘടന നൽകിയത്. 2030 ഓടുകൂടി എയ്ഡ്സ് എന്ന വിപത്തിനെ പൂർണ്ണമായും ലോകത്ത് നിന്ന് കെട്ടു കെട്ടിക്കുക എന്നതാണ് ലക്ഷ്യം. അതിനായി ഓരോ വ്യക്തിയും ജാഗ്രത പുലർത്തുകയും എച്ച്.ഐ.വി നിർണയ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യേണ്ടതുണ്ട്. എച്ച്.ഐ.വി ബാധിതരിൽ എല്ലാവരിലും പ്രത്യക്ഷമായ ലക്ഷണങ്ങളൊന്നും കാണണമെന്നില്ല. എന്നാൽ സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം നയിക്കുന്നവർ, മയക്കുമരുന്ന് സംഘം ചേർന്ന് കുത്തിവെക്കുന്നവർ തുടങ്ങിയവർ രോഗലക്ഷണങ്ങൾക്കായി കാത്തിരിക്കാതെ പരിശോധനകൾക്ക് വിധേയരാകേണ്ടതുണ്ട്. 

എച്ച്.ഐ.വി പരിശോധനകൾ
രക്ത പരിശോധനയിലൂടെയാണ് എയ്ഡ്സ് രോഗം നിർണയിക്കുന്നത്. കേരളത്തിൽ എല്ലാ ജില്ലകളിലും രോഗനിർണയത്തിനും കൗൺസിലിംഗിനും സൗകര്യമുണ്ട്. രോഗം ഉണ്ടെന്ന് സംശയം തോന്നിയാൽ ഉടൻ തന്നെ ടെസ്റ്റുകൾക്ക് വിധേയരാവണം. മൂന്ന് വ്യത്യസ്ത ടെസ്റ്റുകൾ ആവർത്തിച്ചു നടത്തിയാണ് എച്ച്.ഐ.വി അണുബാധ ഉറപ്പിക്കുന്നത്. 

പ്രധാന എച്ച്.ഐ.വി പരിശോധനകൾ

1. ആൻറി ബോഡി പരിശോധനകൾ
2. ആർ.എൻ.എ ടെസ്റ്റ്
3. ആൻ്റിബോഡി- ആൻറിജൻ ടെസ്റ്റ്

എച്ച്.ഐ.വി ആൻറി ബോഡി പരിശോധന
ഒരാൾ എച്ച്.ഐ.വി ബാധിതനാകുമ്പോൾ അയാളുടെ ശരീരത്തിൽ എച്ച്.ഐ.വി പ്രോട്ടീനുകൾ രൂപപ്പെടുന്നു. ഈ പ്രോട്ടീനുകൾ ആൻറി ബോഡികളാണ്. ഇതി​​​െൻറ സാന്നിധ്യം അറിയാനായി എലിസ (ELISA- Enzyme Linked immunosorbent Assay) എന്ന പരിശോധനയാണ് നടത്തുന്നത്. എച്ച്​.​െഎ.വി ബാധിതരിൽ രക്തത്തിലെ സിറം(Serum) എച്ച്.ഐ.വി വൈറസുമായി പ്രവർത്തിക്കും. ഇങ്ങനെ​ സിറത്തിലെ ആൻറി ബോഡിയും എച്ച്.ഐ.വി പ്രോട്ടീനുമായി കൂടിച്ചേരും. ഇതിൻറെ അളവ് പരിശോധിക്കുകയാണ് എലിസ ടെസ്റ്റിലൂടെ ചെയ്യുന്നത്.

സ്വയം പരിശോധന നടത്താം
മാർക്കറ്റിൽ വിവിധതരം എച്ച്.ഐ.വി ടെസ്റ്റ് കിറ്റുകൾ ലഭ്യമാണ്. ടെസ്റ്റ് സ്ട്രിപ്പിൽ ഒരു തുള്ളി രക്തം ഉപയോഗിച്ച് ഏതൊരാൾക്കും പരിശോധന നടത്താം. ഇതിലൂടെ ഉടനടി പരിശോധനാഫലം ലഭിക്കും.

ആർ.എൻ.എ(Ribonucleic Acid) ടെസ്റ്റ്
എച്ച്​.​െഎ.വി ബാധയില്ലാത്ത മനുഷ്യനിലെ ആർ.എൻ.എയും രോഗബാധിതരുടെ ആർ.എൻ.എയും വ്യത്യസ്തമാണ്. എയ്​ഡ്​സ്​ പരിശോധനയ്ക്ക് വിധേയനാകു​േമ്പാൾ വ്യക്തിയുടെ രക്തത്തിലെ എച്ച്.ഐ.വി ആർ.എൻ.എയുടെ അളവ് കണ്ടെത്തുകയാണ് ചെയ്യുന്നത്. ഇതിനായുള്ള പരിശോധനയാണ് പി.സി.ആർ അഥവാ പോളിമറൈസ് ചെയിൻ റിയാക്ഷൻ(Polymerase chain reaction).  എച്ച്.ഐ.വി പോസിറ്റീവ് ആയ മാതാവിൽനിന്ന് കുഞ്ഞിലേക്കു രോഗം പകർന്നിട്ടുണ്ടോ എന്ന്​ ഈ പരിശോധനയിലൂടെ അറിയാം.

എച്ച്.ഐ.വി ആൻറിബോഡി- ആൻറിജൻ ടെസ്റ്റ് (Ab-Ag Test)
എച്ച്.ഐ.വി അണുബാധയുടെ ആദ്യഘട്ട പരിശോധനയാണ് ആൻറി ബോഡി -ആൻറിജൻ ടെസ്റ്റ്. കെമിലൂമിനസൻസ് (Chemiluminescence) എന്ന രാസ പ്രതികരണത്തിലൂടെ എച്ച്.ഐ.വി ബാധിതരിൽ ഉണ്ടാകുന്ന ആൻറി ബോഡികളും P24 പ്രോട്ടീൻ ആൻറിജനും കണ്ടെത്തുകയാണ്​ ഇൗ പരിശോധനയിലൂടെ ചെയ്യുന്നത്​. എച്ച്.ഐ.വി ആൻ്റിജൻ -ആൻ്റി ബോഡി കോമ്പോ അസേ (HIV Antigen Antibody combo assay) എന്ന പരിശോധനയാണ് നിലവിൽ അംഗീകൃതമായ ആൻ്റിബോഡി- ആൻ്റിജൻ ടെസ്റ്റ്. പരിശോധനാഫലം പോസിറ്റീവ് ആണെങ്കിൽ ഫലം ഉറപ്പിക്കാനായി വെസ്റ്റേൺ ബ്ലോട്ട് ടെസ്റ്റിന് വിധേയമാക്കും.

എച്ച്.ഐ.വി എയ്ഡ്സ് മേഖലയിൽ കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി ആണ് ബോധവൽക്കരണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. എച്ച്.ഐ.വി അണുബാധിതർക്ക് കൗൺസിലിംഗ്, ചികിത്സ, ഔഷധം എന്നിവ പ്രദാനം ചെയ്യുന്നതിനൊപ്പം അവരെ പുനരധിവസിപ്പിക്കുകയും പരിശീലനം നൽകുകയും നിയമസഹായം ഉറപ്പു നൽകുകയും ചെയ്യുന്നതിൽ സൊസൈറ്റി മുഖ്യപങ്കുവഹിക്കുന്നു. പുലരി, ഉഷസ്, ജ്യോതിസ്, റെഡ് റിബൺ, സുരക്ഷ എന്നിവ വഴിയുള്ള സേവന കേന്ദ്രങ്ങളിലൂടെയാണ് ഇത്തരം പ്രവർത്തനങ്ങൾ നടത്തി വരുന്നത്. 

സംസ്ഥാനത്ത് 502 ജ്യോതിസ് കേന്ദ്രങ്ങൾ ആണുള്ളത്. ഈ കേന്ദ്രങ്ങൾ വഴി സൗജന്യ പരിശോധന ലഭ്യമാക്കി കൊണ്ടിരിക്കുന്നു. പരിശോധന സംബന്ധിച്ച വിവരങ്ങൾ അതീവ രഹസ്യമായിരിക്കും. ഉഷസ് കേന്ദ്രങ്ങളിൽ എച്ച്.ഐ.വിക്കെതിരെയുള്ള ആൻറി റിട്രോ വൈറൽ ചികിത്സയും കൗൺസലിങ്ങും ലഭ്യമാണ്. പുലരി കേന്ദ്രങ്ങളിലൂടെ ജനനേന്ദ്രിയ രോഗങ്ങൾക്കുള്ള ചികിത്സയും അണുബാധ വ്യാപനം ഇല്ലാതാക്കാനുള്ള പ്രവർത്തനങ്ങളും നടന്നു വരുന്നുണ്ട്.
 

Loading...
COMMENTS