‘പടക്കം ആകാശത്തെ പ്രകാശിപ്പിക്കുക മാത്രമല്ല, ശ്വാസകോശത്തെ വീർപ്പിക്കുകയും ചെയ്യും’: ദീപാവലി വേളയിൽ ജാഗ്രതാ മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ
text_fieldsന്യൂഡൽഹി: ദീപാവലി ഉത്സവ സീസണിന് മുന്നോടിയായി ഡൽഹിയിലെ മലിനീകരണ തോത് ഉയരാൻ തുടങ്ങിയതോടെ അവബോധവും ജാഗ്രതയും പുലർത്തണമെന്ന് മെഡിക്കൽ വിദഗ്ധരുടെ മുന്നറിയിപ്പ്. എല്ലാ വർഷവും ദീപാവലിക്ക് ശേഷം ആശുപത്രികളിൽ ശ്വസിക്കാൻ ബുദ്ധിമുട്ടുന്ന രോഗികളുടെ എണ്ണത്തിൽ വർധനവ് കാണപ്പെടുന്നുവെന്നും പടക്ക ഉപയോഗം മുൻനിർത്തി അവർ മുന്നറിയിപ്പ് നൽകുന്നു.
പടക്കങ്ങൾ പുറത്തുവിടുന്ന വിഷവാതകങ്ങളും സൂക്ഷ്മ കണികകളും ശ്വാസകോശത്തിലേക്ക് ആഴത്തിൽ തുളച്ചുകയറുന്നു. ഇത് ആരോഗ്യമുള്ള വ്യക്തികളിൽ പോലും ആസ്തമ, ബ്രോങ്കൈറ്റിസ്, ന്യുമോണിയ, മറ്റ് ഗുരുതരമായ ശ്വസന പ്രശ്നങ്ങൾ എന്നിവക്ക് വഴിവെക്കുമെന്ന് ഷാലിമാർ ബാഗിലെ ഫോർട്ടിസ് ആശുപത്രിയിലെ റെസ്പിറേറ്ററി മെഡിസിൻ ആൻഡ് ക്രിട്ടിക്കൽ കെയർ യൂനിറ്റ് വിഭാഗം സീനിയർ ഡയറക്ടർ ഡോ. വികാസ് മൗര്യ പറഞ്ഞു. ഉയർന്ന മലിനീകരണമുള്ള ദിവസങ്ങളിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് അദ്ദേഹം കുട്ടികൾ, പ്രായമായവർ, ശ്വസന അല്ലെങ്കിൽ ഹൃദയ സംബന്ധമായ അസുഖങ്ങളുള്ളവർ എന്നിവരോട് അഭ്യർഥിച്ചു.
പുറത്തുപോകേണ്ടിവന്നാൽ എൻ 95 മാസ്ക് ധരിക്കുക. ജനലുകൾ അടച്ചിടുക, എയർ പ്യൂരിഫയറുകൾ ഉപയോഗിക്കുക. ആസ്തമ അല്ലെങ്കിൽ ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ് ഉള്ളവർ അവരുടെ മരുന്നുകൾ ഒഴിവാക്കാതിരിക്കുക. ലക്ഷണങ്ങൾ വഷളാകുകയാണെങ്കിൽ ഡോക്ടർമാരെ സമീപിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദീപാവലി സമയത്ത് ഡൽഹി-എൻ.സി.ആറിൽ പ്രത്യേക വ്യവസ്ഥകൾക്ക് വിധേയമായി ‘പച്ച പടക്ക’ങ്ങൾ വിൽക്കാനും പൊട്ടിക്കാനും സുപ്രീംകോടതി അനുമതി നൽകിയിട്ടുണ്ട്. ദീപാവലിക്ക് മുമ്പുള്ള ദിവസവും ഉത്സവ ദിവസവും രാവിലെ 6 മുതൽ 7 വരെയും രാത്രി 8 മുതൽ രാത്രി 10 വരെയും ഈ പടക്കങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തി.
മലിനീകരണ തോത് വർധിച്ചതിനെത്തുടർന്ന് 2014-15ലാണ് ഡൽഹി-എൻ.സി.ആറിൽ പടക്കങ്ങൾക്ക് സുപ്രീംകോടതി ആദ്യമായി നിരോധനം ഏർപ്പെടുത്തിയത്. പടക്കം കത്തിക്കുന്നത് വിഷവാതകങ്ങളുടെയും സൂക്ഷ്മ കണികാ പദാർഥത്തിന്റെയും ഒരു ‘കോക്ടെയ്ൽ’ പുറത്തുവിടുന്നുവെന്നും ഇത് വായുവിന്റെ ഗുണനിലവാരം ഗുരുതരനിലയിൽ താഴ്ത്തുകയും അപകടകരമായ അന്തരീക്ഷത്തിന് ഗണ്യമായി സംഭാവന നൽകുകയും ചെയ്യുമെന്നും ജി.ടി.ബി ആശുപത്രിയിലെ റെസ്പിറേറ്ററി മെഡിസിൻ വിഭാഗത്തിലെ അസോസിയേറ്റ് പ്രഫസർ ഡോക്ടർ അങ്കിത ഗുപ്ത വിശദീകരിച്ചു.
വാഹനങ്ങളിൽ നിന്നുള്ള ഉദ്‌വമനം, വൈക്കോൽ കത്തുന്ന അവശിഷ്ടങ്ങൾ എന്നിവയാൽ ഇതിനകം തന്നെ മലിനമായ അന്തരീക്ഷത്തിലേക്ക് പടക്കപ്പുക ഘനലോഹങ്ങളും സൾഫർ സംയുക്തങ്ങളും കൂടി ചേർക്കുന്നു.
നേരിയ തോതിലുള്ള തൊണ്ടവേദന, ചുമ എന്നിവ മുതൽ കടുത്ത ആസ്ത്മ പ്രശ്നങ്ങൾ, ഹൃദയ സംബന്ധമായ സമ്മർദ്ദം, ശ്വസന ബുദ്ധിമുട്ട് തുടങ്ങിയ ആരോഗ്യപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് അങ്കിത ഗുപ്ത പറഞ്ഞു. ശിശുക്കൾ, കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ, ആസ്ത്മ, സി.ഒ.പി.ഡി അല്ലെങ്കിൽ ഹൃദ്രോഗമുള്ള വ്യക്തികൾ എന്നിവരുൾപ്പെടെയുള്ള ദുർബലരായ ആളുകൾ ഏറ്റവും മോശം പ്രത്യാഘാതങ്ങൾ നേരിടുമെന്നും അവർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

