സ്ലോ പോയിസൺ ഡിറ്റർജന്റ്; കാൻസറിന് കാരണമാകാം!
text_fieldsനമ്മുടെ വസ്ത്രങ്ങളും വീടും വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ഡിറ്റർജന്റുകളും ക്ലീനറുകളും പൂർണ്ണമായും സുരക്ഷിതമാണെന്നാണ് നമ്മൾ കരുതുന്നത്. എന്നാൽ ഇവയിൽ ഒളിഞ്ഞിരിക്കുന്ന പല രാസവസ്തുക്കളും നമ്മുടെ ആരോഗ്യത്തെ സാവധാനം നശിപ്പിക്കുകയും ഗുരുതരമായ രോഗങ്ങൾക്ക് കാരണമാവുകയും ചെയ്തേക്കാം എന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കാൻസർ ഇമ്മ്യൂണോതെറാപ്പി വിദഗ്ധനും കാൻസർ ഹീലിങ് സെന്റർ മാനേജിങ് ഡയറക്ടറുമായ ഡോ. തരംഗ് കൃഷ്ണ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ഈ കാര്യങ്ങൾ വിശദീകരിക്കുന്നത്.
നമ്മൾ ദിവസവും ഉപയോഗിക്കുന്ന ക്ലീനറുകൾ കാൻസർ ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് ഡോ. തരംഗ് മുന്നറിയിപ്പ് നൽകുന്നു. സോപ്പുകളിലും ക്ലീനറുകളിലും അടങ്ങിയിരിക്കുന്ന സുഗന്ധം പലപ്പോഴും താലേറ്റുകൾ എന്ന ദോഷകരമായ രാസവസ്തുക്കളെ മറച്ചുവെക്കുന്നു. ഇത് ശരീരത്തിലെ ഹോർമോൺ സന്തുലിതാവസ്ഥയെ തെറ്റിച്ചേക്കാം. പല ഡിറ്റർജന്റുകളിലും ഫോർമാൽഡിഹൈഡ്, ബെൻസീൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ശ്വാസകോശത്തെ പ്രകോപിപ്പിക്കുകയും ബ്രോങ്കൈറ്റിസ് പോലുള്ള അസുഖങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത്തരം രാസവസ്തുക്കൾ ശരീരത്തിൽ സാവധാനം പ്രവർത്തിക്കുന്ന വിഷമായി മാറുകയും കാൻസർ വരാനുള്ള സാധ്യത ഗണ്യമായി വർധിപ്പിക്കുകയും ചെയ്യുന്നു.
ഡിറ്റർജന്റുകൾ ശരിയായി കഴുകിക്കളഞ്ഞില്ലെങ്കിൽ വസ്ത്രങ്ങളിൽ അവശേഷിക്കുന്ന രാസവസ്തുക്കൾ ചർമത്തിലൂടെ ശരീരത്തിനുള്ളിലേക്ക് കടക്കാം. വീട് വൃത്തിയാക്കുമ്പോഴും സ്പ്രേകൾ ഉപയോഗിക്കുമ്പോഴും ഈ മണം ശ്വസിക്കുന്നത് വഴി ശ്വാസകോശത്തിലേക്ക് എത്തുന്നു. പാത്രങ്ങൾ കഴുകുന്ന സോപ്പിലെ രാസവസ്തുക്കൾ ശരിയായി നീക്കം ചെയ്തില്ലെങ്കിൽ ഭക്ഷണത്തിനൊപ്പം ശരീരത്തിലെത്താം. രാസവസ്തുക്കൾ കലരാത്ത ഹെർബൽ അല്ലെങ്കിൽ നാച്ചുറൽ ക്ലീനറുകൾ ഉപയോഗിക്കുക. ഇവ വെറും വെള്ളത്തിൽ ചേർത്ത് ഉപയോഗിക്കുന്നത് വഴി വിഷാംശങ്ങളിൽ നിന്ന് സംരക്ഷിക്കാം. വീട്ടിലേക്ക് വാങ്ങുന്ന ഉൽപ്പന്നങ്ങളെക്കുറിച്ച് ബോധവാന്മാരാകുക. സുഗന്ധത്തേക്കാൾ ഉപരിയായി അവയുടെ ഗുണനിലവാരത്തിനും സുരക്ഷിതത്വത്തിനും മുൻഗണന നൽകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

