'ജീവിതം ആ പഴയ ബെഞ്ചിൽ അവസാനിക്കേണ്ടിയിരുന്നതാണ്'; ഹൃദയാഘാതം- ഒരു നടുക്കുന്ന ഓർമ്മ..!
text_fieldsഐ.സി.യുവിൽ ചാമ്പ്യൻസ് ലീഗ് ഫൈനൽ കാണുന്ന ഡോ. മുഹമ്മദ് അഷ്റഫ്
ഇക്കഴിഞ്ഞ ആഗസ്റ്റ 22ാം തിയതി ശനിയാഴ്ച ദിവസം ചികിത്സിക്കുന്ന ഡോക്ടറുടെ കുറിപ്പടി അനുസരിച്ചുള്ള പതിവ് ജോഗിങ്ങിനിടയിൽ ഹൃദയാഘാതം ക്ഷണിക്കാത്ത അതിഥിയായി എന്നെത്തേടി വന്നു....
വാക്കുകൾകൊണ്ട് വിവരിക്കാൻ കഴിയുന്നതല്ല അതിെൻറ വ്യഥയും വിഹ്വലതയും. നെഞ്ചിൻകൂട് തകരുന്ന അനുഭവം. ആയിരക്കണക്കിന് കിലോ ഭാരം നെഞ്ചിൽ കയറ്റി െവച്ചിരിക്കുന്ന അസ്വസ്ഥത. നാവും തൊണ്ടയും വരണ്ടു. അവിടെ തീക്കനലുകളും അഗ്നി ജ്വാലകളും കവർന്നെടുത്ത അവസ്ഥ. ഇതിലും ഭേദം ജീവൻ അങ്ങ് പറന്നു പോകണമേ എന്ന തോന്നൽ.... പ്രാർഥന.... കണ്ണുകൾ അറിയാതെ അടഞ്ഞു പോകും.
മുെമ്പാരിക്കൽ എഴുതിയ നഗര മധ്യത്തിലെ പാർക്കിലെ ആ ബെഞ്ചിൽ, 26 വർഷമായി ആരും കട്ടുകൊണ്ടു പോകാതിരുന്ന ആ ബെഞ്ചിൽ നിസഹായനായി പകുതി അടഞ്ഞ കണ്ണുമായി ഞാൻ വീണു. ഒരുപാട് പേർ ഒന്നും കാണാത്തതുപോലെ എന്നെ അവഗണിച്ച് ആ വഴി കടന്നുപോയി.
നഗര മധ്യത്തിലുള്ള ഒരു സംരക്ഷിത വനമാണത്. ജർമനിയിൽ ഇതു സർവ്വ സാധാരണമാണ്. ഹിംസ്ര ജന്തുക്കളില്ലാത്ത വനം അയതുകൊണ്ട് ഇടയ്ക്കിടെ കുതിര സവാരിക്കാരും നായ്ക്കളെ നടത്താനെത്തുന്നവരും സൈക്കിൾ സവാരിക്കാരും എന്നെപ്പോലുള്ള ജോഗിങ്ങുകാരും അവിടുണ്ടാകും.
ഇങ്ങനെ കടന്നു പോയവരിൽ ആരും എന്നെ തിരിഞ്ഞ് നോക്കിയതേയില്ല. കോവിഡ് പേടി ആയിക്കൂടെന്നില്ല അതിനു കാരണം. എെൻറ ജീവിതം ആ പഴയ ബെഞ്ചിൽ അവസാനിക്കേണ്ടിയിരുന്നതാണ്. അപ്പോഴാണ് ഒരു പെൺകുട്ടി ഞാൻ അവിടെ നടക്കാൻ തുടങ്ങിയതിനു ശേഷം ജനിച്ചവളാകണം അവൾ ഒരു സൈക്കിളിൽ എന്നെയും കടന്നുപോയി.
പകുതിയടഞ്ഞ കണ്ണുകളിൽ എനിക്ക് കാണാനായി അവൾ അതിലും വേഗം തിരിച്ചെത്തി സൈക്കിളിൽ നിന്നൊരു ചാട്ടമായിരുന്നു. അവൾ ഇട്ടിരുന്ന ആകാശ നീലിമയുള്ള കുപ്പായവും വെള്ള പാൻറ്സും അവളുപയോഗിച്ചിരുന്ന അത്തറിെൻറ മണവും അവളെ ഒരു ദേവതയെപ്പോലെ എെൻറ മനസിൽ നിറച്ചു നിർത്തുന്നു.
എന്തോ ചില അറിവുകൾ പ്രാഥമിക ശുശ്രൂഷയിൽ അവൾക്കുണ്ടായിരുന്നിരിക്കണം. എെൻറ കവിളിൽ ആഞ്ഞടിച്ചു. എെൻറ കണ്ണുകൾ അടയാതെ തുറന്നു പിടിച്ചു. 'വേഗം വേഗം ക്ലയിൻ ഗാർട്ടൻ മേഖലയിൽ ഒരു മനുഷ്യൻ പ്രാണന് വേണ്ടി മല്ലിടുന്നു' -മറ്റേ കൈയിൽ മൊബൈൽ എടുത്തവൾ 112 ൽ വിളിച്ചു.
തൊട്ടടുത്തു സ്വന്തം ഗാർഡൻ ഉള്ള മറ്റൊരു സ്ത്രിയെ വിളിച്ചു ഒരു കുപ്പി വെള്ളം കൊണ്ട് വന്നു എെൻറ വായിലേക്കൊഴിച്ചു. എെൻറ കുപ്പായം അഴിച്ചുമാറ്റി അവൾക്കു അറിയാവുന്ന വിധം അവൾ ഹൃദയം പുനർജീവിപ്പിക്കുന്ന മസാജ് നൽകി എമർജൻസി വിഭാഗം എത്തും വരെ അവൾ എെൻറ ജീവൻ പിടിച്ചു നിർത്തി.
പിന്നലെ എന്നെയും കൊണ്ട് ആ വാഹനം സൈറൺ വിളിയോടെ പാഞ്ഞകലുകയായിരുന്നു. ഈ കോവിഡുകാലത്തും കാരുണ്യം വറ്റാത്ത ഒരു ചെറിയ പെൺകുട്ടി അതും മറ്റുപലരും അവഗണിച്ചു പോയപ്പോൾ കാണിച്ച തേൻറടം എന്നെ ഉടനെ ആശുപത്രിയിൽ എത്തിച്ചു.
അടിയന്തിരമായി മൂന്നു സ്റ്റെൻഡുകൾ ധാമനികളിൽ സ്ഥാപിച്ചു. അപകടം ഒഴിവായിട്ടില്ല. തുടർ ചികിത്സയും ചിലപ്പോൾ ഒരു ബൈപാസ് ശസ്ത്രക്രിയ കൂടി വേണം, എന്നാലും പഴയതുപോലെ ആകില്ല ഒരിക്കലും.
ഓപറേഷൻ തിയറ്ററിൽ നിന്ന് പുറത്തിറങ്ങി കണ്ണ് തുറന്ന ഞാൻ ആവശ്യപ്പെട്ടത് എനിക്ക് ബയേൺ മ്യൂണിക് - പി.എസ്.ജി ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ഫൈനൽ കാണണം എന്നു. അതു കേട്ടവർ വിസ്മയിച്ചു. ആദ്യം വിലക്കി ആവേശവും വികാരക്ഷോഭവും ഒഴിവാക്കണം എന്ന് ഉപദേശിച്ചു. എന്നിട്ടും ഞാൻ ഉറച്ചു നിന്നപ്പോൾ അവർ ഹൈ സെക്യുരിറ്റി ഐ.സി.യുവിൽ ഉടനെ എനിക്കായി ഒരു വലിയ ടി.വി കൊണ്ട് വന്നുെവച്ചു. എന്നെ കളി കാണിക്കുവാൻ കാണിച്ച ദയ സായ്വിെൻറ മഹത്വവും കാരുണ്യവും കായിക സ്നേഹവും ആയി എന്നും മനസിലുണ്ടാകും
തുടർന്ന് ശരീരം മുഴുവൻ കേബിളുകളുമായി കാർഡിയോളജി യൂനിറ്റിൽ പത്തു ദിവസം. ശേഷം നാലാഴ്ച റീഹാ ക്ലിനിക്കിൽ. ഇനി എങ്ങനെ ജീവിക്കണമെന്ന് അവിടുന്ന് പഠിക്കണം. എന്തായാലും എല്ലാത്തിനും ഒരു അവസാനമുണ്ടല്ലോ അതു അടുത്തെത്തിയിരിക്കുന്നു.
ഇതൊരു മുന്നറിയിപ്പാണ്. തിരിച്ചറിവിെൻറ തിരിഞ്ഞു നോട്ടമാണ് കരുതലിനുള്ള അപേക്ഷ കൂടിയാണ്.
കാളക്കൂറ്റെൻറ ഹൃദയംഉള്ളവനെന്നു കരുതി അഹങ്കാരിച്ചിരുന്നവനാണ് ഞാൻ. നേരത്തെ രണ്ടു ബ്രയിൻ സ്ട്രോക്കുകൾ കിട്ടിയത് കാരണം ഹൃദയത്തിെൻറ ചലനം അപ്പപ്പോൾ ചികിത്സിക്കുന്ന വൈദ്യനറിയാനുള്ള ഒരു ഹാർട്ട് മോണിറ്റർ യന്ത്രം ഫിറ്റ് ചെയ്തിരുന്നു. നാല് വർഷം കഴിഞ്ഞപ്പോൾ െവച്ചവർ തന്നെ ഇനി അതിെൻറ ആവശ്യം ഇല്ലന്ന് കണ്ടു അത് എടുത്തു മാറ്റിയിരുന്നു.
വീണ്ടും ഒരു നാല് കൊല്ലം കഴിഞ്ഞപ്പോഴാണ് അനിവാര്യമായ ദുരന്തമായി നമ്മുടെ അപ്രിയ മിത്രം ഹൃദയാഘാതം എന്നെ തേടിവന്നത്. ഹൃദയം നമ്മുടെ ഏറ്റവും വലിയ സാമ്പാദ്യമാണ്. അറിഞ്ഞുകൊണ്ടുതന്നെയാണ് നാമതിനെ അൽപ്പാൽപ്പമായി നശിപ്പിക്കുന്നത്. എന്തുമാത്രം സമ്മർദ്ദങ്ങളാണ് നാമതിന് നൽകുന്നത്.
മനുഷ്യ ശരീരം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ചലിക്കാനായിട്ടാണ് അതിനു ആവശ്യമുള്ള കരുത്തും കഴിവും ഉള്ള അവയവങ്ങളാണ് നമുക്കുള്ളത്. ജീവൻ നിലനിർത്താനാണ് നമുക്ക് ഭക്ഷണം ആവശ്യമുള്ളത്. എന്നാൽ നമ്മളിൽ പലരും ഭക്ഷണം കഴിക്കാനായി ജീവിക്കുന്നവരല്ലേ. നോക്കൂ പക്ഷികളെയും മൃഗങ്ങളെയും അവരുടെയും ഭക്ഷണ രീതികളെയും ക്രമീകരണങ്ങളെയും കുറിച്ച് കൂടുതൽ അറിഞ്ഞാൽ നമുക്ക് ലജ്ജിക്കേണ്ടി വരില്ലേ. ജീവൻ നില നിർത്തുവാനായി മാത്രം ആഹാരം കഴിക്കുന്ന അവർക്കു നമ്മുടേത് പോലുള്ള സാമൂഹ്യ രോഗങ്ങളുമില്ല.
ഭക്ഷണം ക്രമീകരിച്ചും സ്ഥിരമായ വ്യായാമ മുറകൾ കൊണ്ടും നമുക്ക് ഹൃദയാഘാതം പോലുള്ള അത്യന്തം അപകടകരമായ അവസ്ഥയിൽ നിന്ന് രക്ഷ തേടാനാകും. കൊളസ്ട്രോൾ, രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധനവ്, വൃക്ക രോഗം, അമിത രക്തസമ്മർദം പോലുള്ള രോഗങ്ങൾ വരാതിരിക്കാൻ ഈ പ്രതിരോധം സഹായിക്കും. അതിനും വേണ്ടത് ഭക്ഷണ നിയന്ത്രണവും വ്യായാമവും തന്നെയാണ്.
ഇനി ശ്രദ്ധിക്കേണ്ടത് എതെങ്കിലും വിധേന ഇത്തരം രോഗങ്ങൾക്ക് അടിമപ്പെട്ടാൽ നിങ്ങളെ ചികിൽസിക്കുന്നവർ നിർദ്ദേശിക്കുന്ന മരുന്നുകൾ അതിനനുസരിച്ചു തന്നെ കഴിക്കുക എന്നതാണ്. ഏതെങ്കിലും ഒരു വൈദ്യസംവിധാനത്തിലെ രീതികൾ ശരിയല്ല എന്ന മറ്റുള്ളവരുടെ അഭിപ്രായങ്ങളും ഉപദേശങ്ങളും കേട്ട് സ്റ്ററ്റിൻ പോലുള്ള മരുന്നുകൾ ഇടയ്ക്ക് െവച്ചു നിർത്തുന്നതും ഹൃദയത്തിനുള്ള ശിക്ഷ വിധിക്കലാണ്. ഡോക്ടർ കൂടിയായ എെൻറ ഒരു സുഹൃത്തിെൻറ ഒരു അഭിപ്രായം കേട്ടു ഞാനും ആ ശിക്ഷ എെൻറ ചങ്കിനു നൽകിയിരുന്നു. അതുകൊണ്ടാണ് ഇതൊരു തിരിച്ചറിവിന് ശേഷമുള്ള മുന്നറിയിപ്പ് എന്ന് തുടക്കത്തിലേ പറഞ്ഞത്.