മൗത്വാഷ് ഉപയോഗിക്കാറുണ്ടോ? എങ്കിൽ സൂക്ഷിക്കുക
text_fieldsമൗത്വാഷ് ഉപയോഗിച്ച് വായ കഴുകുന്നത് രക്തസമ്മർദം വർധിപ്പിക്കാനും ഹൃദയാരോഗ്യം നഷ്ടപ്പെടാനും കാരണമാകുമത്രേ! ഈ അവകാശവാദവുമായി സമൂഹ മാധ്യമങ്ങളിൽ നിരവധി വിഡിയോകളാണുള്ളത്. ഹൃദയത്തിന്റെ ആരോഗ്യത്തിന് പരമപ്രധാനമായ ‘നല്ല’ ബാക്ടീരിയകളെ മൗത്വാഷ് തുടച്ചുനീക്കുമെന്നാണ് വിഡിയോകളിൽ പറയുന്നത്. സംഗതി ഇത്തിരി ഗൗരവമുള്ള കാര്യമാണെങ്കിലും കീശയിലുള്ള മൗത്വാഷ് വലിച്ചെറിയുന്നതിനു മുമ്പ് ഇതിൽ വാസ്തവമുണ്ടോയെന്ന് പരിശോധിക്കാം.
നിരവധി വ്യത്യസ്തമായ ബാക്ടീരിയകളുടെ ആവാസ കേന്ദ്രമാണ് നമ്മുടെ വായ. ഈ ബാക്ടീരിയകൾ ഒരുമിച്ച് സന്തുലിതവും വൈവിധ്യപൂർണവുമായ ഒരു മൈക്രോബയോം രൂപപ്പെടുത്തുന്നുണ്ട്. രോഗങ്ങളുണ്ടാക്കുന്ന ബാക്ടീരിയകളുടെ അമിതവളർച്ച തടയാനും ശരീരത്തിന്റെ മെറ്റബോളിക് സംവിധാനം നല്ല രീതിയിൽ പ്രവർത്തിക്കാനും വായയുടെ അടക്കം മൊത്തം ആരോഗ്യം നിലനിർത്താനും സഹായിക്കുന്നു.
നമ്മുടെ ഭക്ഷണത്തിലെ നൈട്രേറ്റിനെ (സാധാരണയായി ഇലക്കറികൾ പോലുള്ളവയിൽനിന്ന്) നൈട്രൈറ്റാക്കി മാറ്റുന്നതാണ് ഈ ഓറൽ ബാക്ടീരിയകൾക്കുള്ള പ്രധാന പങ്ക്. നമ്മൾ നൈട്രൈറ്റ് ചവച്ചു കഴിക്കുമ്പോൾ ശരീരം അതിനെ നൈട്രിക് ഓക്സൈഡാക്കി മാറ്റുന്നു. നൈട്രേറ്റിനെ നൈട്രൈറ്റും നൈട്രിക് ഓക്സൈഡുമാക്കി മാറ്റുന്ന പ്രവർത്തനത്തെ എന്ററോസാലിവറി പാത എന്നാണ് വിളിക്കുന്നത്. രക്തസമ്മർദം നിയന്ത്രിക്കുന്നതിലും തലച്ചോറിന്റെയും പേശികളുടെയും പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിലും നൈട്രിക് ഓക്സൈഡ് പ്രധാന പങ്കുവഹിക്കുന്നുണ്ട്. എന്നാൽ, മൗത്വാഷ് ഉപയോഗിച്ചാൽ നൈട്രിക് ഓക്സൈഡുകൾ ഉൽപാദിപ്പിക്കുന്ന ആരോഗ്യകരമായ ബാക്ടീരിയകളുടെ വളർച്ചയെ ദോഷകരമായി ബാധിക്കും. ഇതാണ് ഹൃദയാരോഗ്യത്തിന് ഭീഷണിയാണെന്ന് സമൂഹ മാധ്യമ ഇൻഫ്ലുവൻസർമാർ ചൂണ്ടിക്കാണിക്കുന്നത്.
വായയിലെ ബാക്ടീരിയകളുടെ സന്തുലനാവസ്ഥ തകിടംമറിക്കാൻ മൗത്വാഷ് കാരണമാകുമെന്ന് നിരവധി പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്. നൈട്രേറ്റിനെ നൈട്രിക് ഓക്സൈഡ് ഉൽപാദിപ്പിക്കുന്ന നൈട്രൈറ്റാക്കി മാറ്റാനുള്ള ബാക്ടീരിയയുടെ കഴിവ് മൗത്വാഷ് നശിപ്പിക്കും. ആരോഗ്യമുള്ള 19 പേരിൽ നടത്തിയ ഒരു പഠനത്തിൽ, ഏഴ് ദിവസം ക്ലോർഹെക്സിഡൈൻ മൗത്ത് വാഷ് ഉപയോഗിച്ചപ്പോൾ രക്തസമ്മർദത്തിൽ ചെറിയ വർധനയും നൈട്രൈറ്റിന്റെ അളവ് കുറയുകയും ചെയ്തതായി തെളിഞ്ഞു. ഉയർന്ന രക്തസമ്മർദമുള്ള 15 മുതിർന്നവരിൽ നടത്തിയ മറ്റൊരു പരീക്ഷണത്തിൽ, മൂന്ന് ദിവസത്തെ ക്ലോർഹെക്സിഡൈൻ ഉപയോഗിച്ചതിലൂടെ രക്തസമ്മർദം കൂടിയതായും വ്യക്തമായി.
ഇൻഫ്ലുവൻസർമാർ പറയാതെപോയ ഒരു കാര്യം ഇവിടെ സൂചിപ്പിക്കാം. ക്ലോർഹെക്സിഡൈൻ അടങ്ങിയ മൗത്വാഷ് ഉപയോഗിച്ചവരിലാണ് ഈ മാറ്റങ്ങൾ കണ്ടെത്തിയത്. മോണരോഗമുള്ളവരിൽ ഹ്രസ്വകാല ഉപയോഗത്തിന് മാത്രം ശിപാർശ ചെയ്യുന്ന ശക്തമായ അണുബാധ നിയന്ത്രണത്തിനുള്ള മൗത്ത് വാഷാണിത്. അണുബാധ നിയന്ത്രണത്തിന് സഹായിക്കുന്ന ക്ലോർഹെക്സിഡൈൻ നൈട്രേറ്റിനെ നൈട്രൈറ്റാക്കി മാറ്റുന്ന ബാക്ടീരിയയെ നശിപ്പിക്കുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാൽ, മിക്ക ആളുകളും കടകളിൽനിന്ന് വാങ്ങുന്ന മൗത്ത് വാഷുകൾ, നൈട്രേറ്റ്-നൈട്രൈറ്റ് പരിവർത്തനത്തെ തടസ്സപ്പെടുത്തുന്നതിനോ രക്തസമ്മർദം വർധിപ്പിക്കാനോ ഇടവരുത്തില്ലെന്നാണ് തെളിവുകൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

