ബ്ലൂ കട്ട് കണ്ണടകൾ കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണോ?
text_fieldsദീർഘനേരം സ്ക്രീനുകൾ ഉപയോഗിക്കുന്നത് കണ്ണിന് ദോഷമാണെന്ന് നേത്രരോഗ വിദഗ്ധർ മുന്നറിയിപ്പ് നൽകാറുണ്ട്. കമ്പ്യൂട്ടർ, ലാപ്ടോപ്, ഫോൺ തുടങ്ങിയ ഇലക്ട്രിക് ഉപകരണങ്ങൾ കാഴ്ച നഷ്ടപ്പെടുത്തും എന്നാണ് ഇതുവരെ പറഞ്ഞിരുന്നത്. എന്നാൽ കണ്ണിന്റെ ആരോഗ്യവും സ്ക്രീനിന്റെ ഉപയോഗവും തമ്മിൽ നേരിട്ട് ബന്ധമില്ലെന്നാണ് നേത്രരോഗ വിദഗ്ധൻ സുർഭി ജോഷി കപാഡിയ പറയുന്നത്.
സ്ക്രീനിൽ നിന്നുള്ള നീല വെളിച്ചം കണ്ണിന്‍റെ ആരോഗ്യത്തെയും ഉറക്കത്തെയും ബാധിക്കുമെന്ന് പറഞ്ഞാണ് മിക്ക ആളുകളും ബ്ലൂ ലൈറ്റ് കണ്ണടകൾ ഉപയോഗിക്കാറുള്ളത്. കണ്ണിന്റെ സംരക്ഷണം, ദീർഘകാല നേത്ര സംരക്ഷണം തുടങ്ങിയ കാര്യങ്ങളെല്ലാം ബ്ലൂ കട്ട് കണ്ണടകൾ വാഗ്ദാനം ചെയ്യുന്നതാണ്. എന്നാൽ സ്ക്രീനുകൾ കാണുമ്പോൾ ഉപയോഗിക്കുന്ന ബ്ലൂ കട്ട് കണ്ണടകൾ കച്ചവടക്കാരുടെ അടവാണെന്നും സ്ക്രീനിൽ നിന്നുള്ള വെളിച്ചം കണ്ണിന് ദോഷം ചെയ്യില്ല എന്നുമാണ് ഡോക്ടറുടെ വാദം.
എന്താണ് ബ്ലൂ ലൈറ്റ്?
സ്ക്രീനിൽ നിന്നും വരുന്ന വളരെ ദുർബലമായ വെളിച്ചമാണിത്. സൂര്യനിൽ നിന്നും വരുന്ന രശ്മികളേക്കാൾ ദുർബലമാണ് ബ്ലൂ ലൈറ്റ്. എന്നാൽ ധാരാളം ഊർജം അടങ്ങിയ സൂര്യപ്രകാശം നിരന്തരം ഏൽക്കുന്നത് പോലും കണ്ണിന്റെ ആരോഗ്യത്തിന് ദോഷം ചെയ്യില്ല. അതുകൊണ്ട് സ്ക്രീനിൽ നിന്നുള്ള ബ്ലൂ ലൈറ്റ് കണ്ണിന്റെ ആരോഗ്യത്തിനോ കാഴ്ച നഷ്ടപ്പെടുന്നതിനോ കാരണമാകും എന്ന് വ്യക്തമാക്കുന്നതിനുള്ള ശാസ്ത്രീയ തെളിവുകൾ നിലവിൽ ലഭ്യമല്ല.
കണ്ണിന്റെ ആരോഗ്യത്തെ ബാധിക്കുന്നത് വെളിച്ചമല്ല
കണ്ണെരിച്ചിൽ, മങ്ങിയ കാഴ്ച, തലവേദന, വരണ്ട കണ്ണുകൾ തുടങ്ങിയ ലക്ഷണങ്ങൾക്ക് കാരണം ബ്ലൂ ലൈറ്റല്ല. മറിച്ച് ഡിജിറ്റൽ കണ്ണുകളുടെ ആയാസത്തിന്റെ ഭാഗമാണ് ഈ ലക്ഷണങ്ങൾ. ദീർഘ നേരം സ്ക്രീനിൽ നോക്കുന്നത് കണ്ണ് ചിമ്മുന്നത് കുറക്കും. ഇത് കണ്ണിന് ചുറ്റിലുമുള്ള പേശികളിൽ പിരിമുറുക്കം സൃഷ്ടിക്കും. അതോടൊപ്പം തെറ്റായ രീതിയിലുള്ള ഇരുത്തം കഴുത്തിലും തോളിലും സമ്മർദമുണ്ടാക്കുകയും ഇത് തലവേദന അനുഭവപ്പെടുന്നതിന് കാരണമാവുകയും ചെയ്യും. അടിസ്ഥാന കാരണങ്ങൾ അറിയാതെ ബ്ലൂ ലൈറ്റിനെ കുറ്റപ്പെടുത്തുമ്പോൾ യഥാർഥ കാരണം തിരിച്ചറിയാതെ പോവുകയാണെന്ന് ഡോക്ടർ ചൂണ്ടിക്കാട്ടുന്നു.
ബ്ലൂ ലൈറ്റ് കണ്ണട വളരെ ചെറിയ ശതമാനം രശ്മികളെയാണ് തടയുക. ഏകദേശം അഞ്ച് മുതൽ 15 ശതമാനം വരെയുള്ള വെളിച്ചമേ ഇത്തരം കണ്ണടകൾക്ക് തടയാൻ സാധിക്കുകയുള്ളൂ. ഇത്തരം ചെറിയ അളവിലുള്ള വെളിച്ചം കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ആവശ്യമല്ല. കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുന്നതിനും കണ്ണിലെ രോഗങ്ങൾ തടയുന്നതിനും കണ്ണടകൾക്ക് സാധിക്കുമെന്ന് തെളിയിക്കുന്ന പഠനങ്ങൾ നിലവിൽ ലഭ്യമല്ല. പ്രായം കാരണം കണ്ണുകൾക്ക് വരാൻ സാധ്യതയുള്ള അസുഖങ്ങൾ തടയാനും ഇവക്ക് സാധ്യമല്ല.
അതേസമയം, സ്ക്രീൻ ഉപയോഗിക്കുമ്പോഴുള്ള സമ്മർദത്തിൽ നിന്നും കണ്ണിനെ സംരക്ഷിക്കാൻ ചില ചിട്ടകൾ പിന്തുടരാവുന്നതാണ്. ഓരോ 20മിനിറ്റിലും 20 അടി അകലെയുള്ള വസ്തുവിലേക്ക് 20സെക്കന്റ് നോക്കുക. നല്ല വെളിച്ചത്തിൽ നിന്നും സ്ക്രീൻ ഉപയോഗിക്കുക. ഇരുണ്ട മുറിയിലിരുന്ന് വായിക്കുന്നത് ഒഴിവാക്കുക. എപ്പോഴും വരളുന്ന കണ്ണാണെങ്കിൽ നേത്രവിദഗ്ധന്റെ നിർദേശ പ്രകാരം കണ്ണിൽ മരുന്ന് ഒഴിക്കാവുന്നതാണ്.
ദീർഘനേരം സ്ക്രീൻ ഉപയോഗിക്കുന്നതിൽ നിന്നും നേരിയ ആശ്വാസം നൽകാൻ കണ്ണടകൾക്ക് സാധിക്കുമെങ്കിലും കണ്ണിന്റെ ആരോഗ്യം എളുപ്പ വഴികളിലൂടെ പരിഹരിക്കപ്പടില്ല. കണ്ണുകൾ ഇടക്കിടെ ചിമ്മുക, കണ്ണിന് ആവശ്യമായ വിശ്രമം നൽകുക, ശരിയായ രീതിയിലുള്ള ഇരുത്തം തുടങ്ങിയ അടിസ്ഥാന കാര്യങ്ങൾ ശ്രദ്ധിക്കുന്നതോടൊപ്പം കണ്ണുകൾ ഇടക്കിടെ പരിശോധിക്കുന്നത് നല്ലതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

