130 പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി; കൊറോണക്കെതിരെ സംസ്ഥാനത്ത് ജാഗ്രത തുടരുന്നു

21:31 PM
14/02/2020

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ സാഹചര്യത്തിൽ സംസ്ഥാനത്ത് നിരീക്ഷണത്തിൽ കഴിഞ്ഞവരിൽ 130 പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കിയതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 2288 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ല.

സംസ്ഥാനത്ത്  2272 പേര്‍ വീടുകളിലും, 16 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. സംശയാസ്പദമായവരുടെ 408 സാമ്പിളുകള്‍ പുനെ എന്‍.ഐ.വിയില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 379 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. ബാക്കിയുള്ളവരുടെ ഫലം വരാനുണ്ട്. 

രോഗബാധയ്‌ക്കെതിരെ ജാഗ്രത തുടരുകയാണെന്നും രോഗബാധിത പ്രദേശങ്ങളില്‍ നിന്നും മടങ്ങിയെത്തിയവര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം വീടുകളില്‍ തന്നെ തുടരേണ്ടതും പൊതു ഇടങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കേണ്ടതുമാണെന്നും മന്ത്രി അറിയിച്ചു. 

കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ച് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാർഥിയെ ആരോഗ്യനില തൃപ്തികരമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഡിസ്ചാര്‍ജ് ചെയ്തിരുന്നു. സംസ്ഥാനത്ത് മൂന്ന് പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നത്. മൂവരും കൊറോണബാധ പൊട്ടിപ്പുറപ്പെട്ട ചൈനയിൽ നിന്ന് എത്തിയവരാണ്. 

Loading...
COMMENTS